വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ-കംബോഡിയ സംയുക്ത വ്യാപാരനിക്ഷേപ പ്രവര്‍ത്തക സമിതിയുടെ മൂന്നാമത് യോഗം കംബോഡിയയിലെ നോംപെന്നില്‍ ചേര്‍ന്നു

प्रविष्टि तिथि: 24 AUG 2026 5:13PM by PIB Thiruvananthpuram

2025-26 കാലയളവില്‍ ഇന്ത്യ-കംബോഡിയ ഉഭയകക്ഷി വ്യാപാരം 36 ശതമാനത്തിലധികം വര്‍ധിച്ച് 406.78 ദശലക്ഷം യുഎസ് ഡോളറിലെത്തി
ഇന്ത്യ-കംബോഡിയ സംയുക്ത വ്യാപാര നിക്ഷേപ പ്രവര്‍ത്തക സമിതിയുടെ മൂന്നാമത് യോഗം 2026 ഓഗസ്റ്റ് 24ന് കംബോഡിയയിലെ നോംപെന്നില്‍ ചേര്‍ന്നു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലെ വാണിജ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീ അമിത് വര്‍മ, കംബോഡിയന്‍ വാണിജ്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര വ്യാപാര ഡയറക്ടര്‍ ജനറല്‍ ശ്രീ ലോങ് കെംവിചെത് എന്നിവരുടെ സംയുക്ത അധ്യക്ഷതയിലായിരുന്നു യോഗം.


ഉഭയകക്ഷി വ്യാപാരത്തിലുണ്ടായ ശ്രദ്ധേയമായ വളര്‍ച്ച ഇരുപക്ഷവും വിലയിരുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ 299 ദശലക്ഷം യുഎസ് ഡോളറില്‍ നിന്ന് 36 ശതമാനത്തിലധികം വര്‍ധിച്ച് 2025-26 സാമ്പത്തിക വര്‍ഷം വ്യാപാരം 406.78 ദശലക്ഷം യുഎസ് ഡോളറിലെത്തി. 2026 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 63.25 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ആസിയാന്‍ കൂട്ടായ്മയില്‍ ഇന്ത്യയുടെ എട്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് നിലവില്‍ കംബോഡിയ. ആസിയാനുമായി ഇന്ത്യ നടത്തുന്ന ആകെ വ്യാപാരത്തിന്റെ 0.31 ശതമാനം കംബോഡിയയുമായാണ്. വിപുലമായ വളര്‍ച്ചാ സാധ്യതകള്‍ മുന്നിലുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.


പാരമ്പര്യ വൈദ്യം, ഡിജിറ്റല്‍ ഭരണനിര്‍വഹണ മൊഡ്യൂളുകള്‍, ഇന്ത്യന്‍ ഔഷധ നിര്‍മാണ ചട്ടങ്ങളുടെ അംഗീകാരം, വ്യാപാര സ്ഥിതിവിവരക്കണക്കുകളുടെ ഏകോപനം, പ്രമുഖ വ്യാപാര മേളകളെയും വ്യാപാര പ്രതിനിധി സംഘങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ പങ്കിടല്‍ എന്നിവയിലൂടെ വ്യാപാരം വൈവിധ്യവല്‍ക്കരിക്കാനും വിപുലീകരിക്കാനുമുള്ള മാര്‍ഗങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.


2026 ജൂണ്‍ 2ന് നോംപെന്നില്‍ കംബോഡിയയിലെ ദേശീയ ഏകീകൃത ക്യുആര്‍ കോഡ് സംവിധാനമായ KHQR ലഭ്യമായ വ്യാപാരികള്‍ക്കിടയില്‍ UPI ഉപയോഗം വിജയകരമായി ആരംഭിച്ചതിനെ യോഗം സ്വാഗതം ചെയ്തു. കംബോഡിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലെ UPI അധിഷ്ഠിത കേന്ദ്രങ്ങളില്‍ തടസ്സമില്ലാതെ പണമിടപാടുകള്‍ നടത്താന്‍ സഹായിക്കുന്നതിന് കംബോഡിയന്‍ പണമിടപാട് ആപ്പുകള്‍ വഴി ഇന്ത്യയിലെ UPI ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യാനാവുന്ന അടുത്ത ഘട്ടത്തെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.


കസ്റ്റംസ് തീരുവ നടപടിക്രമങ്ങളില്‍ ഏകീകരണം കൊണ്ടുവരുന്ന കസ്റ്റംസ് സഹകരണ ധാരണാപത്രം ഇരുപക്ഷവും സ്വാഗതം ചെയ്യുകയും ഇത് എത്രയും വേഗം ഒപ്പുവെക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു.


കൃഷി, വിപണി ലഭ്യത, ചായങ്ങളുടെയും വര്‍ണവസ്തുക്കളുടെയും വ്യാപാര വിപുലീകരണം, ബാങ്കിങ് ഇന്‍ഷുറന്‍സ് മേഖലകളിലെ സഹകരണം എന്നിവയും ചര്‍ച്ചയായി. ഇന്ത്യയും കംബോഡിയയും തമ്മിലെ ഉഭയകക്ഷി നിക്ഷേപ ഉടമ്പടി പൂര്‍ത്തീകരിക്കുന്നതിനുള്ള ചര്‍ച്ചകളെ സ്വാഗതം ചെയ്ത ഇരുപക്ഷവും ഉടമ്പടിയില്‍ വേഗത്തില്‍ ഒപ്പുവെക്കാന്‍ ധാരണയായി.


സംയുക്ത പ്രവര്‍ത്തക സമിതി രൂപീകരിച്ചതിന് ശേഷം ചേരുന്ന മൂന്നാമത്തെ യോഗമാണിത്. ഇന്ത്യ-കംബോഡിയ വ്യാപാരസാമ്പത്തിക പങ്കാളിത്തത്തിന്റെ ആഴവും വര്‍ധിച്ചുവരുന്ന സാധ്യതകളും യോഗം എടുത്തുപറഞ്ഞു. അടുത്ത യോഗം 2027ല്‍ ഇന്ത്യയില്‍ ചേരും.


മൂന്നാമത് ഇന്ത്യ-കംബോഡിയ സംയുക്ത വ്യാപാരനിക്ഷേപ പ്രവര്‍ത്തക സമിതി യോഗത്തിന്റെ ഭാഗമായി കംബോഡിയന്‍ അണ്ടര്‍ സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് തിത് റിതിപോലുമായി ശ്രീ അമിത് വര്‍മ ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തി. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്തല്‍, ഔഷധനിര്‍മാണ മേഖലയിലെ സഹകരണം, വിജയകരമായ UPI-KHQR ഡിജിറ്റല്‍ പണമിടപാട് സംയോജനം എന്നിവ ചര്‍ച്ചയായി. ഇരുരാജ്യങ്ങളും തമ്മിലെ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കുന്നതിന് ഇരുപക്ഷവും പ്രതിബദ്ധത ആവര്‍ത്തിച്ചു.


കംബോഡിയയിലെ ഇന്ത്യന്‍ ബിസിനസ് ചേംബര്‍ അംഗങ്ങളുമായും ശ്രീ അമിത് വര്‍മ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ത്വരിതപ്പെടുത്തുന്നതിലും കംബോഡിയയിലെ ഇന്ത്യന്‍ നിക്ഷേപം സുഗമമാക്കുന്നതിലും വിദ്യാഭ്യാസം, ആരോഗ്യം, ഐടി, കൃഷി, ടൂറിസം എന്നിവയുള്‍പ്പെടെ 5 മുതല്‍ 7 വരെ മുന്‍ഗണനാ മേഖലകള്‍ കണ്ടെത്തുന്നതിലുമാണ് ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.


ഇന്ത്യയില്‍ 'ഇന്‍വെസ്റ്റ് ഇന്‍ കംബോഡിയ' റോഡ്‌ഷോ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും ആസിയാന്‍ വിപണികളിലേക്ക് പ്രവേശനമാഗ്രഹിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് കംബോഡിയയെ ഉല്പാദന കേന്ദ്രമായി മാറ്റുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. കൂടാതെ പ്രവര്‍ത്തക സമിതിയിലേക്ക് സ്വകാര്യ മേഖലയുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കുന്നതിന് IBCC, FICCI, JBC എന്നിവ മുഖേന പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയായി.

 

 

***

 


(रिलीज़ आईडी: 2302904) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Gujarati , Tamil