പരിസ്ഥിതി, വനം മന്ത്രാലയം
ഭൂമിയുടെ പുനഃസ്ഥാപനത്തിനും വരൾച്ചാ പ്രതിരോധത്തിനും വൈവിധ്യപൂർണ്ണവും, പര്യാപ്തവും, പ്രവചനാത്മകവും, സുസ്ഥിരവുമായ അന്താരാഷ്ട്ര ധനസഹായം ആവശ്യമെന്ന് മംഗോളിയയിലെ ഉലാൻബതാറിൽ നടന്ന UNCCD CoP17-ൽ ഇന്ത്യ
प्रविष्टि तिथि:
24 AUG 2026 12:05PM by PIB Thiruvananthpuram
മംഗോളിയയിലെ ഉലാൻബതാറിൽ നടന്ന മരുഭൂവത്ക്കരണത്തെ ചെറുക്കുന്നതിനുള്ള 17-ാമത് ഐക്യരാഷ്ട്രസഭാ കൺവെൻഷന്റെ (UNCCD) കോൺഫറൻസ് ഓഫ് പാർട്ടിസ് (CoP17) സമ്മേളനത്തിനിടെ, 'ആരോഗ്യപൂർണ്ണമായ ഭൂമിക്കും വരൾച്ച പ്രതിരോധത്തിനും വേണ്ടിയുള്ള നൂതന സാമ്പത്തിക സംവിധാനങ്ങൾ' എന്ന വിഷയത്തിലൂന്നി നടന്ന മന്ത്രിതല സംഭാഷണത്തിൽ, ഭൂമി പുനഃസ്ഥാപനത്തിനും വരൾച്ചാ പ്രതിരോധത്തിനുമുള്ള ഇന്ത്യയുടെ നൂതനവും വൈവിധ്യപൂർണ്ണവുമായ ധനസഹായ ഘടന കേന്ദ്ര വനം, പരിസ്ഥിതി,കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് വിശദീകരിച്ചു.

ആരോഗ്യപൂർണ്ണമായ ഭൂമിയെന്നാൽ ഭക്ഷണം, വെള്ളം, ജൈവവൈവിധ്യം, തൊഴിലവസരങ്ങൾ, ഭാവിയിലെ പ്രശ്‌നങ്ങൾക്കെതിരായ സംരക്ഷണം എന്നാണ് അർത്ഥം. ആയതിനാൽ ഭൂമി പുനഃസ്ഥാപിക്കുന്നത് ഭാവിയിലേക്കുള്ള ഒരു നിക്ഷേപമായി കണക്കാക്കണമെന്ന് ശ്രീ യാദവ് നിർദ്ദേശിച്ചു. മരുഭൂവത്ക്കരണം, ഭൂനശീകരണം, വരൾച്ച എന്നിവ പൂർണ്ണതോതിൽ പരിഹരിക്കുന്നതിന് സർക്കാർ ഫണ്ടുകളിൽ നിന്ന് മാത്രമല്ല, വ്യത്യസ്ത സ്രോതസ്സുകളിൽ നിന്ന് പ്രവചനാത്മകവും വിശ്വസനീയവുമായ സാമ്പത്തിക സഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ പണം ലഭ്യമാക്കുന്നതിനും ദീർഘകാല ഗുണഫലങ്ങൾ ഉളവാക്കുന്നതിനും സർക്കാരുകളും സ്വകാര്യ കമ്പനികളും കൂടുതൽ സഹകരിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുന്നതിനും സുസ്ഥിര ഭൂവിനിയോഗത്തിനും വനവത്ക്കരത്തിനും കൃഷിയ്ക്കും മരങ്ങൾ നടുന്നതിനും ജൈവവൈവിധ്യ സംരക്ഷണത്തിനും ധനസഹായം സാധ്യമാക്കുന്ന ഇന്ത്യയുടെ സംയോജിത ഹരിത-ധനകാര്യ ചട്ടക്കൂടിനെക്കുറിച്ച് മന്ത്രി എടുത്തുപറഞ്ഞു. ഭൂമി പുനഃസ്ഥാപനം, വരൾച്ച പ്രതിരോധം, സുസ്ഥിര വനവത്ക്കരണം, മറ്റ് പാരിസ്ഥിതിക, കാലാവസ്ഥാ മുൻഗണനകൾ എന്നിവയ്ക്കായി മൂലധനം സമാഹരിക്കുന്നതിനുള്ള ഒരു മാർഗമായ സോവറിൻ ഗ്രീൻ ബോണ്ടുകളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.
നാശോന്മുഖമായ വനഭൂമിയുടെ പുനഃസ്ഥാപനത്തിന് ധനസഹായം നൽകാൻ പൊതു-സ്വകാര്യ സ്ഥാപനങ്ങളെ പ്രാപ്തരാക്കുന്ന ഇന്ത്യയുടെ ഗ്രീൻ ക്രെഡിറ്റ് പ്രോഗ്രാം ശ്രീ യാദവ് വിശദീകരിച്ചു. ഈ പദ്ധതി പ്രകാരം, അഞ്ച് വർഷത്തെ പുനഃസ്ഥാപനത്തിനും കുറഞ്ഞത് 40% വൃക്ഷ സാന്ദ്രത കൈവരിക്കുന്നതിനുമായി സംഘടനകൾക്ക് ഗ്രീൻ ക്രെഡിറ്റുകൾ ലഭിക്കും. നഷ്ടപരിഹാര വനവത്ക്കരണം, നിയമപരമായ തോട്ടവത്ക്കരണം, സിഎസ്ആർ ഉത്തരവാദിത്തങ്ങളുടെ പൂർത്തീകരണം എന്നിവയ്ക്കായി ഈ ക്രെഡിറ്റുകൾ ഉപയോഗിക്കാം. വനഭൂമി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ, ഈ വഴിതിരിച്ചുവിടലിൽ നിന്ന് ശേഖരിക്കുന്ന പണം മരങ്ങൾ നടുന്നതിനും മറ്റെവിടെയെങ്കിലും ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനും ഉപയോഗിക്കുമെന്നും ശ്രീ യാദവ് വിശദീകരിച്ചു. കൂടാതെ, രാജ്യത്തിന്റെ പരിസ്ഥിതി നിയന്ത്രണ സംവിധാനം മുഖേന കമ്പനികൾക്ക് പരിസ്ഥിതി സംരക്ഷണത്തിനായി ഈ ഫണ്ട് സംഭാവന ചെയ്യാൻ കഴിയും.

പരിസ്ഥിതി സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം ശ്രീ യാദവ് ഊന്നിപ്പറഞ്ഞു. ഗ്രീൻ ക്രെഡിറ്റ് പ്രോഗ്രാം, നഷ്ടപരിഹാര വനവൽക്കരണ ഫണ്ടുകൾ തുടങ്ങിയ പരിപാടികളിലൂടെ സർക്കാർ ഫണ്ടുകൾ, സ്വകാര്യമേഖലയിലെ പണം, പൊതുജന പങ്കാളിത്തം എന്നിവ സമന്വയിപ്പിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. സർക്കാർ മാത്രമല്ല, കമ്പനികളും സാധാരണ പൗരന്മാരും പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളികളാകണം എന്നാണ് ഇതിനർത്ഥം. ധനസഹായം തുടർച്ചയായി നിരീക്ഷിക്കുകയും, അവയെ പ്രാദേശിക സമൂഹങ്ങളുടെ ആവശ്യങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അനുഭവം വ്യക്തമാക്കുന്നത് ആഭ്യന്തര ധനസഹായത്തിന് സദ്ഫലങ്ങൾ ഉളവാക്കാൻ കഴിയുമെന്നാണ്, എന്നാൽ പുനഃസ്ഥാപനത്തിനും വരൾച്ച പ്രതിരോധത്തിനും പര്യാപ്തവും പ്രവചനാത്മകവുമായ അന്താരാഷ്ട്ര ധനസഹായത്തിന് പകരമാവില്ല ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.
അനുഭവങ്ങൾ, വിജയകരമായ രീതികൾ, നിയമങ്ങൾ, പാഠങ്ങൾ, മെച്ചപ്പെടുത്തലാവശ്യമുള്ള മേഖലകൾ അടക്കം ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ മറ്റ് രാജ്യങ്ങളുമായി പങ്കിടാൻ ഇന്ത്യ തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. "ആത്യന്തികമായി, നൂതന ധനകാര്യത്തെ വിലയിരുത്തേണ്ടത് അതിന്റെ രൂപകൽപ്പനയോ സമാഹരിച്ച വിഭവങ്ങളോ വിലയിരുത്തിയല്ല മറിച്ച് അത് ഏറ്റവും ആവശ്യമുള്ള ഭൂമപ്രദേശങ്ങളിലേക്കും ആവാസവ്യവസ്ഥയിലേക്കും സമൂഹങ്ങളിലേക്കും എത്തുന്നുണ്ടോ എന്നതിനെയും ശാശ്വതമായ പുനഃസ്ഥാപനവും പ്രതിരോധശേഷിയും നൽകുന്നുണ്ടോ എന്നതിനെയും അടിസ്ഥാനമാക്കിയാണ്," അദ്ദേഹം വ്യക്തമാക്കി.
****
(रिलीज़ आईडी: 2302668)
आगंतुक पटल : 7