യുവജനകാര്യ, കായിക മന്ത്രാലയം
प्रविष्टि तिथि:
23 AUG 2026 4:22PM by PIB Thiruvananthpuram
പരസ്പര ബഹുമാനം, സംവാദം, ഉൾക്കൊള്ളൽ എന്നിവയിലൂടെ കായിക രംഗത്തെ സഹകരണം ശക്തമാക്കാനുള്ള അംഗരാജ്യങ്ങളുടെ പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട്,വിശാഖപട്ടണത്ത് നടന്ന ബ്രിക്സ് കായിക മന്ത്രിമാരുടെ ഉച്ചകോടിയുടെ (2026)സമാപനത്തിൽ 'ബ്രിക്സ് സംയുക്ത കായിക പ്രഖ്യാപനം' ഏകകണ്ഠേന അംഗീകരിച്ചു .
ഇന്ത്യയുടെ അധ്യക്ഷതയ്ക്ക് കീഴിൽ നടന്ന 2026-ലെ ബ്രിക്സ് കായികയോഗത്തിൽ ബ്രിക്സ് അംഗരാജ്യങ്ങളിൽ നിന്നുള്ള കായികവകുപ്പ് മന്ത്രിമാരും മുതിർന്ന പ്രതിനിധികളും പങ്കെടുത്തു. പരസ്പര സഹകരണത്തിനുള്ള മുൻഗണനകളെക്കുറിച്ചും കായിക വികസനത്തെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
അംഗരാജ്യങ്ങളുടെ പൊതുവായ കാഴ്ചപ്പാടുകളെ യഥാർത്ഥ കായിക സഹകരണമാക്കി മാറ്റുന്ന ഒരു 'ബ്രിക്സ് കായിക സഹകരണ വേദി ' കെട്ടിപ്പടുക്കാൻ കേന്ദ്ര യുവജനകാര്യ കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ആമുഖ പ്രഭാഷണത്തിൽ ആഹ്വാനം ചെയ്തു.
"പ്രഖ്യാപനങ്ങൾക്കുപരിയായി വളരുകയും, അത്‌ലറ്റ്-കോച്ച് കൈമാറ്റം , സംയുക്ത മത്സരങ്ങൾ , സ്പോർട്സ് സയൻസ് ജ്ഞാന വിനിമയം തുടങ്ങി കായിക സഹകരണത്തിനായി യഥാർത്ഥ വേദികൾ സൃഷ്ടിക്കുന്ന ഒരു ബ്രിക്സ് കായിക പങ്കാളിത്തം നാം കെട്ടിപ്പടുക്കണം," ഡോ. മാണ്ഡവ്യ പറഞ്ഞു.
രാഷ്ട്രനിർമ്മാണത്തിൽ കായികരംഗത്തിനുള്ള പങ്ക് അടിവരയിട്ടുകൊണ്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ സ്വന്തം കായിക ആവാസവ്യവസ്ഥയെ മാറ്റിയെഴുതുകയാണെന്നും കളിക്കളത്തിൽ നിന്ന് പോഡിയത്തിലേക്ക് അവസരങ്ങൾ സൃഷ്ടിക്കുകയാണെന്നും ഡോ. മാണ്ഡവ്യ പറഞ്ഞു.
കായിക സാമഗ്രികളുടെ നിർമ്മാണം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു. സ്പോർട്സ് ഉപകരണ നിർമാണ ക്ലസ്റ്ററുകളുടെ പ്രോത്സാഹനത്തിനായി ഉടൻ ആരംഭിക്കാനിരിക്കുന്ന പദ്ധതി, നിക്ഷേപം സുഗമമാക്കുമെന്നും ആഗോള വിപണികൾക്കായി ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"ആഗോള നിർമ്മാതാക്കളെയും സാങ്കേതിക കമ്പനികളെയും നിക്ഷേപകരെയും ' ഇന്ത്യയിൽ നിർമിക്കുക , ഇന്ത്യയിൽ കളിക്കുക , ഇന്ത്യയ്ക്കൊപ്പം വളരുക ' എന്നിവയിലേക്ക് ഞങ്ങൾ ക്ഷണിക്കുന്നു," അദ്ദേഹം പറഞ്ഞു.
പാരാ-സ്പോർട്സ് പ്രോത്സാഹന സംരംഭങ്ങളിലൂടെയും കായികരംഗത്ത് സ്ത്രീകളുടെ വർദ്ധിച്ച പങ്കാളിത്തത്തിനായുള്ള പുതിയ പാതകളിലൂടെയും കായികരംഗത്തെ കൂടുതൽ സമഗ്രമാക്കി മാറ്റാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയും ഡോ. മാണ്ഡവ്യ വ്യക്തമാക്കി.
ബ്രിക്സ് യോഗത്തിൽ ഇന്ത്യയുടെ അധ്യക്ഷതയ്ക്ക് കീഴിലുള്ള മൂന്ന് പ്രധാന സംരംഭങ്ങൾ:
ഇന്ത്യയുടെ അധ്യക്ഷതയിൽ, കായികരംഗത്തെ സഹകരണം ആഴത്തിലാക്കുന്നതിനായി മൂന്ന് മുൻഗണനാ സംരംഭങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്:-
*കായിക സാങ്കേതികവിദ്യയിലെ ബ്രിക്സ് വർക്കിംഗ് ഗ്രൂപ്പ്:
കായിക ശാസ്ത്രം, അത്‌ലറ്റുകളുടെ പ്രകടനം, ഭരണം, നിർമിത ബുദ്ധി (AI), ഡിജിറ്റൽ പരിവർത്തനം, നൂതനാശയം എന്നിവയിലെ ബ്രിക്സ് സഹകരണം ഈ വർക്കിംഗ് ഗ്രൂപ്പ് ശക്തിപ്പെടുത്തും; പ്രധാന കായിക മേഖലകളിൽ നിന്നുള്ള വിദഗ്ധരെ ഇന്ത്യ ഇതിനായി സംഭാവന ചെയ്യും.
* കായിക ഉപകരണ നിർമാണത്തിനായുള്ള ബ്രിക്സ് കോൺക്ലേവ്:
ഒരു 'ബ്രിക്സ് സ്പോർട്സ് മാനുഫാക്ചറിംഗ് കോൺക്ലേവ്' നടത്താനുള്ള ഇന്ത്യയുടെ നിർദ്ദേശത്തിന് വ്യാപകമായ പിന്തുണ ലഭിച്ചു. ഇതിൻ്റെ ഉദ്ഘാടന പതിപ്പ് രാജസ്ഥാനിലെ ഉദയ്പൂരിൽ 2026 നവംബറിൽ നടത്താനും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. നിർമ്മാതാക്കൾ, കയറ്റുമതിക്കാർ, നിക്ഷേപകർ, സാങ്കേതിക ദാതാക്കൾ, എസ്.എം.ഇ. കൾ (SMEs), സ്റ്റാർട്ടപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുമ്പോൾ തന്നെ, മികച്ച രീതികളുടെ കൈമാറ്റം, സാങ്കേതികവിദ്യയും നൂതനാശയവും , ഗുണനിലവാര മാനദണ്ഡങ്ങൾ, ബ്രിക്സ് രാജ്യങ്ങൾക്കിടയിലെ വ്യാപാരം, സുസ്ഥിരമായ വിതരണ ശൃംഖലകൾ എന്നിവയിൽ ഈ കോൺക്ലേവ് ശ്രദ്ധ കേന്ദ്രീകരിക്കും.
*ബ്രിക്സ് പരമ്പരാഗത, തദ്ദേശീയ കായിക പ്രകടന മത്സരങ്ങൾ 2026:
2026 ഒക്ടോബർ 12-13 തീയതികളിൽ ഗുജറാത്തിലെ അഹമ്മദാബാദിൽ നടത്താൻ നിർദ്ദേശിച്ചിരിക്കുന്ന ഈ മത്സരങ്ങൾ, ബ്രിക്സ് രാജ്യങ്ങൾക്ക് വൈവിധ്യമാർന്ന പരമ്പരാഗത, തദ്ദേശീയ കായിക പാരമ്പര്യം പ്രദർശിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ഒരു വേദിയൊരുക്കും. മത്സരരീതിയിൽ അല്ലാതെ സാംസ്കാരിക പ്രാധാന്യമുള്ള ഒരു സംരംഭമായി വിഭാവനം ചെയ്തിട്ടുള്ള ഈ കായിക മേള , സാംസ്കാരിക കൈമാറ്റം, ജനങ്ങൾ തമ്മിലുള്ള ബന്ധം, പരസ്പര ധാരണ എന്നിവ പ്രോത്സാഹിപ്പിക്കും.
പങ്കെടുക്കുന്ന രാജ്യങ്ങളിലുടനീളമുള്ള അത്‌ലറ്റുകളുടെയും പരിശീലകരുടെയും സ്വമേധയാ ഉള്ള പങ്കാളിത്തം സുഗമമാക്കാനും ഈ മത്സരങ്ങൾ സഹായിക്കും. ഓരോ കായിക ഇനവുമായും ബന്ധപ്പെട്ടിരിക്കുന്ന സാംസ്കാരിക പ്രാധാന്യം, ആചാരങ്ങൾ, പരമ്പരാഗത അറിവ് എന്നിവ അംഗീകരിച്ചുകൊണ്ട്, പൊതുവായ സാംസ്കാരിക സംവേദന രീതികളും പരസ്പര ബഹുമാന ചട്ടക്കൂടുകളും പരിപാടിയിൽ ഉണ്ടാകും
ബ്രിക്സ് സൗഹൃദ സൈക്ലിംഗ് പരിപാടി :
ഔദ്യോഗിക നടപടിക്രമങ്ങൾക്ക് മുന്നോടിയായി, വിശാഖപട്ടണത്ത് സംഘടിപ്പിച്ച 'ഫിറ്റ് ഇന്ത്യ സൺഡേസ് ഓൺ സൈക്കിൾ' 87-ാം പതിപ്പിൻ്റെ ഭാഗമായി നടന്ന 'ബ്രിക്സ് സൗഹൃദ സൈക്ലിംഗ് പരിപാടി'യിൽ മന്ത്രിമാരും പ്രമുഖ വ്യക്തികളും പങ്കുചേർന്നു. ഡോ. മൻസുഖ് മാണ്ഡവ്യ, യുവജനകാര്യ കായിക സഹമന്ത്രി ശ്രീമതി രക്ഷാ ഖഡ്സെ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഈ ചടങ്ങിൽ ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, യു.എ.ഇ., ഇറാൻ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള മന്ത്രിമാർ പങ്കെടുത്തു.
കായികരംഗത്തിലൂടെ ഫിറ്റ്നസ്, ആരോഗ്യകരമായ ജീവിതശൈലി, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൊതുവായ ബ്രിക്സ് പ്രതിജ്ഞാബദ്ധതയെ ഈ പരിപാടി പ്രതിഫലിപ്പിച്ചു.
ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷതയിൽ കൈവരിച്ച പുരോഗതിയെ സ്വാഗതം ചെയ്ത പ്രതിനിധിസംഘങ്ങൾ, യുവജന വികസനം, ഉൾക്കൊള്ളൽ, സാംസ്കാരിക വിനിമയം , അന്താരാഷ്ട്ര സഹകരണം എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിൽ കായികരംഗത്തിൻ്റെ പങ്ക് സ്ഥിരീകരിച്ചു.
ബ്രിക്സ് ചട്ടക്കൂടിനുള്ളിൽ കായികരംഗത്തെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നിരന്തര പ്രതിജ്ഞാബദ്ധതയ്ക്ക് എല്ലാ അംഗ രാജ്യങ്ങൾക്കും ഡോ. മാണ്ഡവ്യ നന്ദി അറിയിക്കുകയും, ഈ പങ്കാളിത്തം അംഗരാജ്യങ്ങൾക്കിടയിൽ അർത്ഥവത്തായതും സുസ്ഥിരവുമായ കായിക സഹകരണമായി മാറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
യോഗത്തിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങൾ "പ്രതിരോധശേഷി, നൂതനാശയം , സഹകരണം, സുസ്ഥിരത എന്നിവയ്ക്കായി നിർമിക്കുക " (Building for Resilience, Innovation, Cooperation and Sustainability) എന്ന പ്രമേയത്തിൽ അധിഷ്ഠിതമായി ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന ബ്രിക്സ് കായികയോഗത്തിൻ്റെ ഫലപ്രാപ്തി പ്രതിഫലിപ്പിക്കുന്നു.
****