വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയലിൻ്റെ നേതൃത്വത്തില്‍ 200 അംഗ വ്യാപാര പ്രതിനിധി സംഘം ജപ്പാൻ സന്ദർശിക്കും

प्रविष्टि तिथि: 23 AUG 2026 12:46PM by PIB Thiruvananthpuram

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയലിൻ്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍നിന്നുള്ള  ഏറ്റവും വലിയ വ്യാപാര പ്രതിനിധി സംഘം 2026 ഓഗസ്റ്റ് 24 മുതൽ 27 വരെ ജപ്പാനിൽ ഔദ്യോഗിക സന്ദർശനം നടത്തും. നിർമാണം, അർധചാലകങ്ങൾ, ഹരിതോര്‍ജം,  ഉരുക്ക് വ്യവസായം, വാഹന നിര്‍മാണം,  ധനകാര്യ സേവനങ്ങൾ, ആരോഗ്യ സംരക്ഷണം, സ്റ്റാർട്ടപ്പുകൾ തുടങ്ങി വിവിധ മേഖലകളിലെ  200-ലധികം വ്യവസായ പ്രമുഖരടങ്ങുന്ന  സംഘം ടോക്കിയോ, നഗോയ, ഒസാക്ക എന്നീ നഗരങ്ങൾ സന്ദർശിക്കും.  വ്യാപാര-നിക്ഷേപ ബന്ധങ്ങൾ ഗണ്യമായി വിപുലീകരിക്കാൻ ഇന്ത്യയും ജപ്പാനും ലക്ഷ്യമിടുന്ന സമയത്തെ ഈ  സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലെ  പ്രത്യേക തന്ത്രപ്രധാന ആഗോള പങ്കാളിത്തത്തിൻ്റെ  പ്രാധാന്യം പ്രതിഫലിപ്പിക്കുന്നു. 

 

ഇന്ത്യയുടെ വളർച്ചയിൽ ദീർഘകാല പങ്കാളികളായ പ്രമുഖ ജാപ്പനീസ് വ്യവസായ ഗ്രൂപ്പുകളുടെ ഉന്നത നേതൃത്വവുമായി കേന്ദ്രമന്ത്രി ടോക്കിയോയിൽ ചർച്ചകൾ നടത്തും. ഒപ്പം 1,500-ലധികം പ്രമുഖ ജാപ്പനീസ് കമ്പനികളുടെ പരമോന്നത സംഘടനയായ 'കെയ്ദൻറെൻ' (ജപ്പാന്‍ ബിസിനസ് ഫെഡറേഷന്‍)  സംഘടിപ്പിക്കുന്ന വട്ടമേശ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.  ആഗോള നിക്ഷേപ-നൂതനാശയ കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ വളർച്ചയെ അടയാളപ്പെടുത്തി അർധചാലകങ്ങൾ, നിർമിതബുദ്ധി, സ്റ്റാർട്ടപ്പുകൾ, വിദേശ സ്ഥാപന നിക്ഷേപകരുമായി ആശയവിനിമയം എന്നിവയിൽ പ്രത്യേക സെഷനുകളും സംഘടിപ്പിച്ചിട്ടുണ്ട്. ജപ്പാൻ സാമ്പത്തിക-വ്യാപാര-വ്യവസായ മന്ത്രി   അകസാവ റിയോസെയുമായി  ശ്രീ പീയൂഷ് ഗോയൽ ഉഭയകക്ഷി ചർച്ച നടത്തും. കൂടാതെ ജാപ്പനീസ് ഗവണ്‍മെൻ്റിലെയും പാർലമെൻ്റിലെയും മുതിർന്ന അംഗങ്ങളുമായും ജപ്പാനിലെ ഇന്ത്യൻ സമൂഹവുമായും അദ്ദേഹം സംവദിക്കും.

 

മധ്യ ജപ്പാനിലെ പ്രധാന വ്യാവസായിക കേന്ദ്രമായ നഗോയയിൽ, ചുക്കെയ്റെൻ (സെന്‍ട്രല്‍ ജപ്പാന്‍ എക്കണോമിക് ഫെഡറേഷന്‍), നഗോയ ചേംബർ ഓഫ് കൊമേഴ്സ് & ഇൻഡസ്ട്രി എന്നിവരുമായി ചേർന്ന് സംഘടിപ്പിക്കുന്ന റോഡ്‌ഷോയ്ക്ക് കേന്ദ്രമന്ത്രി നേതൃത്വം നൽകും. ഐച്ചി പ്രിഫെക്ചർ  ഭരണനേതൃത്വവുമായും വാഹനനിര്‍മാണ,  ഉരുക്ക് മേഖലകളിലെ പ്രധാന നിർമാണ നിക്ഷേപകരുമായും അദ്ദേഹം ആശയവിനിമയം നടത്തും.

 

ഇലക്ട്രോണിക്സ്, വ്യവസായം, ഉപഭോക്തൃ മേഖലകളിലെ പ്രമുഖ ജാപ്പനീസ് കമ്പനികളുമായി കൂടിക്കാഴ്ചകളും നിക്ഷേപക-വ്യാപാര റോഡ്‌ഷോയും ഉൾപ്പെടുത്തി ഒസാക്കയിലാണ് സന്ദർശനം സമാപിക്കുന്നത്. ഇന്ത്യയുടെ നിർമാണ, ഹരിതോര്‍ജ,  ഉപഭോക്തൃ വിപണികളിലെ വിപുലമായ അവസരങ്ങൾ പരിചയപ്പെടുത്തുകയാണ് ഇതിൻ്റെ ലക്ഷ്യം.  

 

ഇന്ത്യയുടെ വാഹനനിര്‍മാണം, ഉരുക്ക്, ഇലക്ട്രോണിക്സ്, ധനകാര്യ സേവനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ നിർണായക പങ്കുവഹിക്കുന്ന ജപ്പാൻ നിക്ഷേപം, സാങ്കേതികവിദ്യ, വ്യാവസായിക സഹകരണം എന്നിവയിൽ രാജ്യത്തിൻ്റെ ഏറ്റവും വിശ്വസ്ത പങ്കാളികളിലൊന്നാണ്. വിവിധ മേഖലകളിലെ  200-ലധികം വ്യാപാര  പ്രതിനിധികളടങ്ങുന്ന സംഘത്തിൻ്റെ  ചരിത്രപരമായ സന്ദർശനം ഉഭയകക്ഷി വ്യാപാര-നിക്ഷേപ ബന്ധങ്ങൾക്ക് പുതിയ ഊർജം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം 'ആത്മനിർഭർ ഇന്ത്യ', 'വികസിത ഇന്ത്യ@2047' എന്നീ ലക്ഷ്യങ്ങൾക്ക് കരുത്തേകുന്ന അത്യാധുനിക നിർമാണ രംഗത്തും ഭാവി തലമുറ വ്യവസായങ്ങളിലും സഹകരണത്തിൻ്റെ പുതിയ വാതിലുകൾ തുറക്കാനും സന്ദര്‍‌ശനം വഴിയൊരുക്കും.

 

****


(रिलीज़ आईडी: 2302483) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati , Tamil , Telugu