യുവജനകാര്യ, കായിക മന്ത്രാലയം
ബ്രിക്സ് യുവജനകാര്യ മന്ത്രിമാരുടെ യോഗത്തിന് വിശാഖപട്ടണത്ത് സമാപനം; സംയുക്ത പ്രസ്താവന അംഗീകരിച്ചു
प्रविष्टि तिथि:
22 AUG 2026 6:49PM by PIB Thiruvananthpuram
കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലെ യുവജനകാര്യ വകുപ്പ് സംഘടിപ്പിച്ച ബ്രിക്സ് യുവജനകാര്യ മന്ത്രിമാരുടെ യോഗം 2026 ഓഗസ്റ്റ് 22 ശനിയാഴ്ച വിശാഖപട്ടണത്ത് വിജയകരമായി പൂര്‍ത്തിയായി.
കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലായിരുന്നു യോഗം. കേന്ദ്ര യുവജനകാര്യ-കായിക സഹമന്ത്രി ശ്രീമതി രക്ഷ നിഖിൽ ഖഡ്സെ, യുവജനകാര്യ വകുപ്പ് സെക്രട്ടറി ശ്രീ സുനിൽ പലിവാൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ബ്രിക്സ് യുവജന ഉച്ചകോടിയിലെയും ബ്രിക്സ് യുവസമിതി യോഗത്തിലെയും തീരുമാനങ്ങളെയും ശിപാർശകളെയും അടിസ്ഥാനമാക്കിയായിരുന്നു മന്ത്രിതല ചർച്ചകൾ.
രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 100-ാം വാർഷികം ആഘോഷിക്കുന്ന 2047-ലേക്കുള്ള മാർഗരേഖയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രൂപം നൽകിയിട്ടുണ്ടെന്ന് പ്രതിനിധികളെ അഭിസംബോധന ചെയ്ത കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് രാജ്യത്തെ മുന്നോട്ടു നയിക്കാൻ രാഷ്ട്രീയ പാരമ്പര്യമില്ലാത്ത ഒരു ലക്ഷം യുവ നേതാക്കളെ വളർത്തിയെടുക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ കാഴ്ചപ്പാട് മുൻനിർത്തി നിരവധി പദ്ധതികൾക്ക് കേന്ദ്ര ഗവണ്മെൻ്റ് തുടക്കം കുറിച്ചുകഴിഞ്ഞു. സന്നദ്ധസേവനം, പഠനം, നേതൃത്വം, പൗര പങ്കാളിത്തം എന്നിവയുടെ ഏകജാലക വേദിയായി 'മേരാ യുവ ഭാരത്' (മൈ ഭാരത്) രൂപീകരിച്ചിട്ടുണ്ടെന്നും ഇന്ന് രണ്ടര കോടിയിലധികം യുവാക്കൾ ഇതില്‍ രജിസ്റ്റർ ചെയ്യുകയും സജീവമായി പങ്കാളികളാവുകയും ചെയ്യുന്നുണ്ടെന്നും ഡോ. മാണ്ഡവ്യ പറഞ്ഞു.
ബ്രിക്സ് അംഗരാജ്യങ്ങളിലെയും പങ്കാളിത്ത രാജ്യങ്ങളിലെയും യുവജന പ്രതിനിധികൾ, യുവ നേതാക്കൾ, നയരൂപീകരണ വിദഗ്ധർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരെ ഒന്നിപ്പിച്ച് വിവിധ സംവാദങ്ങൾക്കും അനുഭവങ്ങൾ പങ്കിടുന്നതിനും യുവാക്കൾ നേരിടുന്ന പ്രധാന വിഷയങ്ങളിൽ കൂട്ടായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും സംഗമം വേദിയൊരുക്കി.
മികച്ച ഭാവി രൂപപ്പെടുത്തുന്നതില്‍ യുവജനങ്ങളെ പങ്കാളികളാക്കേണ്ടതിൻ്റെ പ്രാധാന്യം കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷതയിൽ യുവത കേവലം ഗുണഭോക്താക്കള്‍ മാത്രമല്ലെന്നും മറിച്ച് പൊതു ഭാവിയെ രൂപപ്പെടുത്തുന്ന സജീവ പങ്കാളികളാണെന്നുമുള്ള രാജ്യത്തിൻ്റെ നിലപാട് അദ്ദേഹം വ്യക്തമാക്കി. യുവാക്കളുടെ കേവല പങ്കാളിത്തത്തിൽ നിന്ന് പ്രവര്‍ത്തന പങ്കാളിത്തത്തിലേക്കും കൂടിയാലോചനകളിൽ നിന്ന് സഹ-സൃഷ്ടിയിലേക്കും യുവജന പദ്ധതികളിൽ നിന്ന് യുവാക്കള്‍ക്കൊപ്പം വികസിപ്പിക്കുന്ന വേദികളിലേക്കും മുന്നേറാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. യുവത ഭാവിക്കായി തയ്യാറെടുക്കുന്നതിനൊപ്പം ഭാവിയെ സജീവമായി രൂപപ്പെടുത്തുകയും ചെയ്യുന്ന ബ്രിക്സ് കൂട്ടായ്മ ഒരുമിച്ച് കെട്ടിപ്പടുക്കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മന്ത്രിതല യോഗത്തോടനുബന്ധിച്ച് ബ്രിക്സ് അംഗരാജ്യങ്ങളിലെ പ്രതിനിധികൾ ‘ഏക് പേഡ് മാ കേ നാം’ സംരംഭത്തിൻ്റെ ഭാഗമായി പ്രത്യേക വൃക്ഷത്തൈ നടീൽ യജ്ഞത്തിലും പങ്കെടുത്തു. പ്രതിനിധികൾ ഓരോരുത്തരും അവരുടെ അമ്മമാരോട് ആദരസൂചകമായി ഓരോ വൃക്ഷത്തൈ നട്ടു. ഈ ഉദ്യമം സന്ദർശക പ്രതിനിധികളുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി.
തുടര്‍ന്ന് പ്രതിനിധി സംഘം വിശാഖപട്ടണത്തിന് സമീപം ചരിത്രപ്രസിദ്ധമായ തോട്ലകൊണ്ട ബുദ്ധവിഹാരം സന്ദർശിച്ചു. ഇന്ത്യയുടെ സമ്പന്ന പൈതൃകത്തെക്കുറിച്ചും സമാധാനം, ഐക്യം, സാംസ്കാരിക കൈമാറ്റം എന്നിവയിലൂന്നിയ പാരമ്പര്യത്തെക്കുറിച്ചും അടുത്തറിയാൻ സന്ദർശനം പ്രതിനിധികൾക്ക് അവസരമൊരുക്കി. ബ്രിക്സ് രാഷ്ട്രങ്ങളിലെ യുവജനങ്ങള്‍ തമ്മിലെ സൗഹൃദവും പരസ്പര ധാരണയും കൂടുതൽ സുദൃഢമാക്കാന്‍ സന്ദര്‍ശനം വേദിയൊരുക്കി.
2026 ഓഗസ്റ്റ് 19-20 തീയതികളിൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന ബ്രിക്സ് യുവജന ഉച്ചകോടിയ്ക്കും ബ്രിക്സ് യുവസമിതി യോഗത്തിനും പിന്നാലെ ചേര്‍ന്ന ബ്രിക്സ് യുവജനകാര്യ മന്ത്രിമാരുടെ യോഗത്തോടെ യുവജന സംഗമങ്ങൾക്ക് പരിസമാപ്തിയായി. യുവജന സഹകരണത്തിലെ പുരോഗതി വിലയിരുത്താനും നയപരമായ കാഴ്ചപ്പാടുകൾ പങ്കുവെക്കാനും സുസ്ഥിരവും സമഗ്രവുമായ വികസനത്തിൽ യുവാക്കളുടെ പങ്ക് വർധിപ്പിക്കുന്നതിനുള്ള മുൻഗണനകൾ ചർച്ച ചെയ്യാനും ബ്രിക്സ് അംഗരാജ്യങ്ങളിലെ യുവജനകാര്യ മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

യുവജന സഹകരണം ശക്തിപ്പെടുത്താനും വികസന പ്രക്രിയകളിൽ യുവതയുടെ അർത്ഥപൂര്‍ണമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനുമുള്ള ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ പ്രതിബദ്ധത വ്യക്തമാക്കുന്ന 'സംയുക്ത പ്രസ്താവന' അംഗീകരിച്ചതാണ് മന്ത്രിതല യോഗത്തിൻ്റെ പ്രധാന നേട്ടം. വിദ്യാഭ്യാസവും പരിശീലനവും നൈപുണ്യവും, യുവജന സംരംഭകത്വം, ശാസ്ത്രവും സാങ്കേതികവിദ്യയും നൂതനാശയങ്ങളും, സാമൂഹ്യ-സാംസ്കാരിക പങ്കാളിത്തം, സാമൂഹ്യ സേവനവും സന്നദ്ധപ്രവർത്തനവും, ദാരിദ്ര്യത്തിനും പട്ടിണിയ്ക്കും അസമത്വത്തിനുമെതിരായ പോരാട്ടവും വികസനവും, ആരോഗ്യം, യുവജനങ്ങളും കായികമേഖലയും, യുവതയും പരിസ്ഥിതി-സുസ്ഥിരതയും, മതാന്തര യുവജന സംവാദം, യുവജന കൈമാറ്റം, എല്ലാവരെയും ഉൾക്കൊള്ളൽ എന്നിവയുടെ പ്രാധാന്യം സംയുക്ത പ്രസ്താവന എടുത്തുപറയുന്നു.
യുവജനങ്ങള്‍ക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കാനും തീരുമാനമെടുക്കുന്നതില്‍ അർത്ഥപൂര്‍ണമായ രീതിയിൽ പങ്കുചേരാനും സമകാലിക യുവജന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിൻ്റെ പ്രാധാന്യമാണ് മന്ത്രിതല യോഗം പ്രധാനമായും ചർച്ച ചെയ്തത്. യുവജനങ്ങള്‍ നേതൃത്വം നല്‍കുന്ന സംരംഭങ്ങൾ ശക്തിപ്പെടുത്തുക, നൂതനാശയങ്ങളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുക, പൊതു വിഷയങ്ങളിൽ അനുഭവങ്ങളും ആശയങ്ങളും പങ്കുവെച്ച് അതിർത്തികൾക്കപ്പുറം കൂട്ടായ്മകൾക്ക് അവസരങ്ങൾ വിപുലീകരിക്കുക എന്നിവയുടെ പ്രാധാന്യവും യോഗം അടിവരയിട്ടു.
ബ്രിക്സ് യുവജനകാര്യ മന്ത്രിമാരുടെ യോഗത്തിൻ്റെ വിജയകരമായ സമാപനവും സംയുക്ത പ്രസ്താവനയുടെ അംഗീകാരവും ബ്രിക്സ് രാജ്യങ്ങൾ തമ്മിലെ യുവജന സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ സുപ്രധാന നാഴികക്കല്ലാണ്. പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയും പരസ്പര ധാരണ വളർത്തുകയും ചെയ്ത ബ്രിക്സ് യുവജന സംഗമങ്ങൾ അംഗരാജ്യങ്ങളിലെ യുവജനങ്ങള്‍ക്കും സ്ഥാപനങ്ങൾക്കുമിടയിൽ തുടർച്ചയായ സഹകരണത്തിന് പുതുവഴികൾ തുറന്നു.
2026-ലെ ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷതയ്ക്ക് കീഴിൽ "പ്രതിരോധവും നൂതനാശയവും സഹകരണവും സുസ്ഥിരതയും കെട്ടിപ്പടുക്കാം" എന്ന മുഖ്യ പ്രമേയത്തിനനുസൃതമായി മികച്ച മാതൃകകളുടെ കൈമാറ്റം, ദേശീയ മുൻഗണനകൾ, കൂട്ടായ പ്രവർത്തനം എന്നിവയ്ക്ക് പ്രാധാന്യം നൽകി യുവജന സഹകരണം ശക്തിപ്പെടുത്താനാണ് പരിപാടി ലക്ഷ്യമിട്ടത്.
ഇന്ത്യയുടെ 2026-ലെ ബ്രിക്സ് അധ്യക്ഷതയുടെ ഭാഗമായി തയ്യാറാക്കിയ ബ്രിക്സ് യുവജന കര്‍മപദ്ധതിയ്ക്ക് കീഴിലാണ് ബ്രിക്സ് യുവജന ഉച്ചകോടി, ബ്രിക്സ് യുവസമിതി യോഗം, ബ്രിക്സ് യുവജന മന്ത്രിമാരുടെ യോഗം എന്നിവ സംഘടിപ്പിച്ചത്. 2026 ഓഗസ്റ്റ് 22-ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് മന്ത്രിതല യോഗം ചേർന്നത്.
ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷ കാലാവധി പൂർത്തിയാകുന്ന ഘട്ടത്തിൽ ഈ സംഗമങ്ങളുടെ ഫലങ്ങൾ ഭാവി സഹകരണത്തിന് ശക്തമായ അടിത്തറ പാകുകയും കൂടുതൽ കരുത്തുറ്റതും നൂതനവും സമഗ്രവും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിൽ യുവജനങ്ങളുടെ കഴിവുകൾ പ്രയോജനപ്പെടുത്താനുള്ള ബ്രിക്സ് രാജ്യങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്യുന്നു.
മന്ത്രിതല യോഗത്തിൻ്റെ ഭാഗമായി ദക്ഷിണാഫ്രിക്ക, യുഎഇ എന്നിവിടങ്ങളിലെ യുവജനകാര്യ മന്ത്രിമാരുമായി ഡോ. മൻസുഖ് മാണ്ഡവ്യ ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തി. നൈപുണ്യ വികസനം, യുവജന സംരംഭകത്വം, യുവജന പങ്കാളിത്തത്തിനായുള്ള ഡിജിറ്റൽ വേദികള്‍ എന്നിവയ്ക്ക് ഊന്നൽ നൽകി യുവജനകാര്യ-കായിക മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിലാണ് ചർച്ചകൾ ശ്രദ്ധകേന്ദ്രീകരിച്ചത്.
യുവജന-കായിക മേഖലകളിൽ ഇന്ത്യയും ഈ രാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതൽ സുദൃഢമാക്കാന്‍ വിദ്യാർത്ഥി-യുവജന കൈമാറ്റ പരിപാടികൾ, ശേഷി വികസന സംരംഭങ്ങൾ, സ്ഥാപനപരമായ ചട്ടക്കൂടുകൾ എന്നിവയിലൂടെ ആഴമേറിയ സഹകരണ സാധ്യതകളും പരിശോധിച്ചു.
***
(रिलीज़ आईडी: 2302417)
आगंतुक पटल : 4