പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കേന്ദ്ര ഗവൺമെന്റ് സെക്രട്ടറിമാരുമായുള്ള മൂന്നാമത് ഉന്നതതല യോഗം ചേർന്നു


രാജ്യത്തിന്റെ ഭാവി എങ്ങനെ രൂപപ്പെടുത്തണമെന്നതിനെക്കുറിച്ച് ദീർഘകാല കാഴ്ചപ്പാടോടെ ചിന്തിക്കാൻ പ്രധാനമന്ത്രി സെക്രട്ടറിമാരോട് അഭ്യർത്ഥിച്ചു

ഡാറ്റ ദേശീയ സമ്പത്തും ഭാവിയിലേക്കുള്ള വിഭവവുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു; ഡാറ്റയുടെ പരസ്പര പ്രവർത്തനക്ഷമതയും ഫലപ്രദമായ ഉപയോഗവും ഉറപ്പാക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു

വേർതിരിവുകൾ കേവലം സംഘടനാ പ്രശ്നം മാത്രമല്ല, മറിച്ച് മനോഭാവത്തിന്റെ കൂടി പ്രശ്നമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു; സ്വന്തമെന്ന ബോധ്യത്തോടെ പ്രവർത്തിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു

ഉദ്യോഗസ്ഥർ തമ്മിലുള്ള അനൗദ്യോഗിക ആശയവിനിമയത്തിന്റെയും ടീം സ്പിരിറ്റ് വളർത്തുന്നതിന്റെയും പ്രാധാന്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി

നയരൂപീകരണത്തിൽ പുതിയ കാഴ്ചപ്പാടുകൾ കൊണ്ടുവരുന്നതിനായി ഗവണ്മെന്റ് വകുപ്പുകളും സർവകലാശാലകളും യുവാക്കളും തമ്മിൽ കൂടുതൽ ഇടപെടലുകൾ നടത്തണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു

മനുഷ്യന്റെ ഇടപെടലും വിവേചനബുദ്ധിയും ഉറപ്പാക്കിക്കൊണ്ട് തന്നെ നിർമ്മിതബുദ്ധി ഫലപ്രദമായി വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു

ഇന്ത്യയുടെ പ്രതിരോധ വ്യവസായത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും ആഗോള തലത്തിൽ കൂടുതൽ മത്സരാധിഷ്ഠിതമാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി എടുത്തുപറഞ്ഞു

പ്രധാന മുൻഗണനകളെക്കുറിച്ചും നടപ്പാക്കലിലെ വെല്ലുവിളികളെക്കുറിച്ചും സെക്രട്ടറിമാർ തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു

प्रविष्टि तिथि: 20 AUG 2026 9:37PM by PIB Thiruvananthpuram


കേന്ദ്ര ഗവൺമെന്റ് സെക്രട്ടറിമാരുടെ മൂന്നാമത് ഉന്നതതല യോഗം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ, 7 ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ ഇന്ന് ചേർന്നു. അടിസ്ഥാന സൗകര്യ വികസനം, കണക്റ്റിവിറ്റി, സുരക്ഷ, വിദേശകാര്യം, ഭരണനിർവഹണം തുടങ്ങിയ മേഖലകൾ കൈകാര്യം ചെയ്യുന്ന മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഭാവി പ്രവർത്തന പരിപാടികൾ അദ്ദേഹം ചർച്ച ചെയ്തു.

സെക്രട്ടറിമാരുടെ രണ്ട് ഗ്രൂപ്പുകളുമായി ഇതിനകം ചർച്ചകൾ പൂർത്തിയായതായി സൂചിപ്പിച്ച പ്രധാനമന്ത്രി, ഉദ്യോഗസ്ഥർ അടിയന്തര പ്രശ്നങ്ങൾക്കും സ്ഥിതിവിവരക്കണക്കുകൾക്കും അപ്പുറം രാജ്യത്തിന്റെ ഭാവി എങ്ങനെ രൂപപ്പെടുത്തണമെന്നതിനെ കുറിച്ച് ദീർഘകാല കാഴ്ചപ്പാടോടെ ചിന്തിക്കണമെന്ന് ആവശ്യപ്പെട്ടു.

വേർതിരിവുകൾ ഇല്ലാതാക്കുന്നതിനെക്കുറിച്ച് പരാമർശിക്കവെ, ഇത്തരം വേർതിരിവുകൾ കേവലം സംഘടനാ പ്രശ്നം മാത്രമല്ല, മറിച്ച് മനോഭാവത്തിന്റെ കൂടി പ്രശ്നമാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. തടസ്സങ്ങൾ തിരശ്ചീനമായും ലംബമായും ആകാം എന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥർ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും സ്വന്തമെന്ന ബോധ്യത്തോടു കൂടി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൂട്ടുത്തരവാദിത്തത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, കോവിഡ്-19 മഹാമാരിയുടെ സമയത്തും പശ്ചിമേഷ്യൻ പ്രതിസന്ധി ഘട്ടത്തിലും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഒത്തൊരുമയോടെ പ്രവർത്തിച്ച അനുഭവം ചൂണ്ടിക്കാട്ടി. ഇത്തരം സഹകരണ സംവിധാനങ്ങൾ ഗവണ്മെന്റിന്റെ പ്രവർത്തനസംസ്കാരത്തിന്റെ സ്വാഭാവിക ഭാഗമായി മാറണമെന്ന് അദ്ദേഹം പറഞ്ഞു.

മനുഷ്യ ഇടപെടലും വിവേകവും ഉറപ്പാക്കിക്കൊണ്ട് തന്നെ നിർമ്മിതബുദ്ധി ഫലപ്രദമായി ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. നിർമ്മിതബുദ്ധിയുടെ ശേഷിയും മനുഷ്യന്റെ വൈദഗ്ധ്യവും സംയോജിപ്പിക്കുന്നതിനുള്ള നൂതന മാർഗങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡാറ്റ ദേശീയ സമ്പത്തും ഭാവിയിലേക്കുള്ള വിഭവവുമാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഡാറ്റ ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി ഗവണ്മെന്റ് വൻതോതിൽ വിഭവങ്ങൾ വിനിയോഗിക്കുന്നുണ്ടെങ്കിലും, വകുപ്പുതല വേർതിരിവുകളും വിഭജിക്കപ്പെട്ട സംവിധാനങ്ങളും കാരണം അതിന്റെ പൂർണ്ണമായ സാധ്യതകൾ പ്രയോജനപ്പെടുത്താൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു. വിവിധ ആവശ്യങ്ങൾക്കായി ഡാറ്റ ശേഖരിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലുമുള്ള വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഡാറ്റയുടെ കൂടുതൽ പരസ്പര പ്രവർത്തനക്ഷമതയും ഫലപ്രദമായ ഉപയോഗവും സാധ്യമാക്കുന്ന പരിഹാരങ്ങൾ കണ്ടെത്താൻ ആഹ്വാനം ചെയ്തു.

നയരൂപീകരണത്തിൽ പുതിയ കാഴ്ചപ്പാടുകൾ കൊണ്ടുവരുന്നതിനായി ഗവണ്മെന്റ് വകുപ്പുകളും സർവകലാശാലകളും യുവാക്കളും തമ്മിൽ കൂടുതൽ ഇടപെടലുകൾ നടത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സർവകലാശാലകളുമായുള്ള വിശാലമായ ഇടപെടലിലൂടെ യുവാക്കൾക്ക് നൂതനവും പാരമ്പര്യേതരവുമായ ആശയങ്ങൾ രൂപീകരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിരോധ മേഖലയിലുൾപ്പെടെ ഗവേഷണത്തിലും നൂതന ആശയങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇന്ത്യയുടെ പ്രതിരോധ വ്യവസായത്തെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെയും ആഗോളതലത്തിൽ അതിനെ കൂടുതൽ മത്സരശേഷിയുള്ളതാക്കി മാറ്റേണ്ടതിന്റെയും ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു. നൂതന പ്രതിരോധ കോഴ്സുകൾ വികസിപ്പിക്കേണ്ടതിന്റെയും പ്രതിരോധ മേഖലയിലെ മനുഷ്യവിഭവശേഷി വികസനം ശക്തിപ്പെടുത്തേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ സമുദ്ര മേഖലയെ ശക്തിപ്പെടുത്തുന്നതിന് സമഗ്രമായ സമീപനത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി ചർച്ച ചെയ്തു. 
കപ്പൽ നിർമ്മാണത്തിന് അടിസ്ഥാന സൗകര്യ പദവി നൽകിയിട്ടുള്ള കാര്യം അനുസ്മരിച്ച അദ്ദേഹം നിശ്ചിത ലക്ഷ്യങ്ങൾ ദൗത്യ രീതിയിൽ കൈവരിക്കുന്നുണ്ടോ എന്ന് വിലയിരുത്തണമെന്നും ആവശ്യപ്പെട്ടു. തുറമുഖ വികസനത്തിൽ നിന്ന് തുറമുഖ അധിഷ്ഠിത വികസനത്തിലേക്ക് ഇന്ത്യ മാറേണ്ടതിന്റെ ആവശ്യകത അദ്ദേഹം ആവർത്തിച്ചു.

ഇന്ത്യയുടെ ഉൽപ്പാദന, കയറ്റുമതി ശേഷികൾക്ക് രാജ്യത്തിന്റെ സമുദ്ര മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളിൽ നിന്ന് പൂർണ്ണമായി പ്രയോജനം ലഭിക്കുന്നതിന് ഉൽപ്പാദന യൂണിറ്റുകളും കയറ്റുമതി അധിഷ്ഠിത യൂണിറ്റുകളും തമ്മിൽ മികച്ച കണക്റ്റിവിറ്റി ആവശ്യമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

സങ്കീർണ്ണമായ വെല്ലുവിളികളെ നേരിടാനും ദീർഘകാല കാഴ്ചപ്പാടോടെ ഇന്ത്യയുടെ ഭാവി രൂപപ്പെടുത്താനും ഗവണ്മെന്റിന്റെ പൂർണ്ണമായ പങ്കാളിത്തം മികച്ച ഏകോപനം, നൂതന ചിന്താഗതി, കൂട്ടായ ഉത്തരവാദിത്തം എന്നിവ ആവശ്യമാണെന്ന് ആവർത്തിച്ചുകൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു.

ഉദ്യോഗസ്ഥർ തമ്മിലുള്ള അനൗദ്യോഗിക ആശയവിനിമയത്തിന്റെയും ടീം സ്പിരിറ്റ് വളർത്തുന്നതിന്റെയും പ്രാധാന്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കീഴ്ജീവനക്കാരുമായി വ്യക്തിപരവും അനൗദ്യോഗികവുമായ ബന്ധം സ്ഥാപിക്കാനും വിവിധ കേഡറുകളിലും വകുപ്പുകളിലും ഉടനീളം ശക്തമായ ശൃംഖലകൾ കെട്ടിപ്പടുക്കാനും അദ്ദേഹം മുതിർന്ന ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിച്ചു.

മേഖലാടിസ്ഥാനത്തിലുള്ള മുൻഗണനകൾ, ഉയർന്നുവരുന്ന വെല്ലുവിളികൾ, നടപ്പാക്കലിലെ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള തങ്ങളുടെ അനുഭവങ്ങൾ സെക്രട്ടറിമാർ പങ്കുവെച്ചു. ക്യാബിനറ്റ് സെക്രട്ടറി, പ്രധാന മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും സെക്രട്ടറിമാർ, പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 

-NK-


(रिलीज़ आईडी: 2302166) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Telugu , Kannada