റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

രാജ്യത്തുടനീളമുള്ള 121 ടോൾ പ്ലാസകളിലേക്ക് NHAI ഡിജിറ്റൽ ഫാസ്‌ടാഗ് ലോക്കൽ പാസ് സൗകര്യം വ്യാപിപ്പിച്ചു

प्रविष्टि तिथि: 18 AUG 2026 4:38PM by PIB Thiruvananthpuram
ഇന്ത്യാ ഗവണ്മെൻ്റിൻ്റെ ഡിജിറ്റൽ ഇന്ത്യ ദർശനത്തിനും പൗരന്മാരുടെ ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയ്ക്കും അനുസൃതമായി, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) രാജ്യത്തുടനീളമുള്ള 121 ടോൾ പ്ലാസകളിലേക്ക് ഓൺലൈൻ ഫാസ്‌ടാഗ് 'ലോക്കൽ പാസ്' സൗകര്യം വ്യാപിപ്പിച്ചു. രാജ്മാർഗ് യാത്ര മൊബൈൽ ആപ്പ് വഴി അർഹരായ യാത്രക്കാർക്ക് പ്രതിമാസ ലോക്കൽ പാസ് ഓൺലൈനായി എടുക്കുന്നതിനുള്ള സൗകര്യം ഇതിലൂടെ ലഭ്യമാകും. ഇതോടെ ടോൾ പ്ലാസകളിൽ നേരിട്ടെത്തേണ്ടതും അനുബന്ധ രേഖകൾ നേരിട്ട് സമർപ്പിക്കേണ്ടതുമായ സാഹചര്യം ഒഴിവാക്കാം. ടോൾ പിരിവ് പ്രവർത്തനങ്ങളുടെ സുതാര്യതയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട്, ദേശീയപാതയിലൂടെയുള്ള യാത്ര കൂടുതൽ സുഗമവും പൗരകേന്ദ്രീകൃതവുമാക്കാനാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.

2026 ജൂലൈയിൽ ഡൽഹിയിലെ അർബൻ എക്സ്റ്റൻഷൻ റോഡ്-II (UER-II)-ലുള്ള മുണ്ട്ക-ബക്കർവാല ടോൾ പ്ലാസയിലാണ് ആദ്യ ഡിജിറ്റൽ ലോക്കൽ പാസ് സൗകര്യം ആരംഭിച്ചത്. വിജയകരമായി നടപ്പാക്കിയതിനെ തുടർന്ന്,  ഈ സൗകര്യം ഇപ്പോൾ രാജ്യത്തുടനീളമുള്ള 120-ലധികം ടോൾ പ്ലാസകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. വരും മാസങ്ങളിൽ രാജ്യത്തെ കൂടുതൽ ടോൾ പ്ലാസകളിലേക്ക് ഈ സൗകര്യം വ്യാപിപ്പിക്കും.

ആർക്കൊക്കെ അപേക്ഷിക്കാം

ഡിജിറ്റൽ ലോക്കൽ പാസ് ചട്ടക്കൂടിന് കീഴിൽ,  ഈ സൗകര്യം ലഭ്യമായ ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന പ്രദേശവാസികൾക്ക് രാജ്മാർഗ് യാത്ര മൊബൈൽ ആപ്പ് വഴി ലോക്കൽ പാസിന് അപേക്ഷിക്കാം. ബാധകമായ വ്യവസ്ഥകൾക്ക് വിധേയമായി, അർഹരായ യാത്രക്കാർക്ക് ഒരു മാസക്കാലയളവിൽ അതത് ടോൾ പ്ലാസയിലൂടെ പരിധിയില്ലാതെ യാത്ര ചെയ്യാൻ ഈ പാസ് സൗകര്യം നൽകുന്നു. മുമ്പ്, ലോക്കൽ പാസിനായി അപേക്ഷിക്കുന്ന യാത്രക്കാർ ബന്ധപ്പെട്ട ടോൾ പ്ലാസയിൽ നേരിട്ടെത്തി, 20 കിലോമീറ്റർ ചുറ്റളവിനുള്ളിലാണ് താമസിക്കുന്നതെന്ന് തെളിയിക്കുന്നതിനുള്ള രേഖകളും മറ്റ് യോഗ്യതാ മാനദണ്ഡങ്ങൾ തെളിയിക്കുന്ന രേഖകളും നേരിട്ട് സമർപ്പിക്കേണ്ടതുണ്ടായിരുന്നു. ദേശീയപാതാ ഉപഭോക്താക്കൾക്ക്   https://rajmargyatra.nhai.gov.in/buy-fastag-local-pass എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഈ സൗകര്യം ലഭ്യമായ ടോൾ പ്ലാസകളുടെ പട്ടിക പരിശോധിക്കാവുന്നതാണ്.


ഡിജിറ്റൽ ലോക്കൽ പാസിന് പിന്നിലെ സാങ്കേതികവിദ്യ

യാത്രക്കാരുടെ മേൽവിലാസം, വാഹന വിവരങ്ങൾ, ലിങ്ക് ചെയ്ത ഫാസ്‌ടാഗ് തുടങ്ങിയ പ്രസക്തമായ വിവരങ്ങൾ വീണ്ടെടുക്കുന്നതിനും പരിശോധിക്കുന്നതിനുമായി ഡിജിലോക്കർ, വാഹൻ എന്നിവ ഉൾപ്പെടെയുള്ള  ഗവണ്മെൻ്റ്  ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുമായി ഉപഭോക്താവിൻ്റെ സമ്മതത്തോടെയുള്ള സംയോജനമാണ് ഡിജിറ്റൽ ലോക്കൽ പാസ് സൗകര്യം പ്രയോജനപ്പെടുത്തുന്നത്. അപേക്ഷകൻ്റെ രജിസ്റ്റർ ചെയ്ത മേൽവിലാസം,   ഈ സൗകര്യം ലഭ്യമായ ടോൾ പ്ലാസയുടെ നിർദ്ദിഷ്ട 20 കിലോമീറ്റർ ചുറ്റളവിനുള്ളിലാണോ എന്ന് ജി.ഐ.എസ്. അധിഷ്ഠിത പരിശോധനയിലൂടെ നിർണ്ണയിച്ചാണ് അർഹത ഉറപ്പാക്കുന്നത്.

പരിശോധിച്ചുറപ്പിച്ച ഡിജിറ്റൽ ഡാറ്റയുടെയും ജി.ഐ.എസ്. അധിഷ്ഠിത മൂല്യനിർണ്ണയത്തിൻ്റെയും സംയോജനം, രേഖകൾ നേരിട്ട് സമർപ്പിക്കേണ്ടതിൻ്റെയും നേരിട്ടുള്ള പരിശോധനയുടെയും ആവശ്യകത ഇല്ലാതാക്കുന്നു. ഒപ്പം, യോഗ്യത നിർണ്ണയിക്കുന്നതിൽ കൂടുതൽ സ്ഥിരതയും സുതാര്യതയും കൃത്യതയും ഉറപ്പാക്കുകയും ചെയ്യുന്നു. ഈ സംവിധാനം  മാനുഷിക ഇടപെടലിനുള്ള സാധ്യത കുറയ്ക്കുകയും അർഹരായ യാത്രക്കാർക്ക് പ്രാദേശിക ടോൾ സേവനങ്ങൾ വേഗത്തിലും സുഗമമായും ലഭ്യമാക്കുകയും ചെയ്യുന്നു.

ലോക്കൽ പാസ് ഡിജിറ്റൈസ് ചെയ്തതിലൂടെ, രാജ്യത്തുടനീളം സുഗമവും സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമായ ദേശീയപാതാ ശൃംഖല സൃഷ്ടിക്കുന്നതിനും പൗരകേന്ദ്രീകൃത സേവനങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള ലക്ഷ്യത്തിലേക്ക് എൻ.എച്ച്.എ.ഐ.  കൂടുതൽ മുന്നേറിയിരിക്കുകയാണ്.

 
 
****
 

(रिलीज़ आईडी: 2301006) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Gujarati , Urdu , Marathi , हिन्दी , Bengali , Tamil , Telugu