രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

പെൺകുട്ടികൾക്കായി അഖിലേന്ത്യാതലത്തിൽ എൻസിസി സംഘടിപ്പിക്കുന്ന അതിസങ്കീർണ പർവതപ്രദേശങ്ങളിലേക്കുള്ള ദീർഘദൂര ട്രക്കിങ് പരിപാടി ‘അപരാജിത - പരങ് ലാ 2026’ രാജ്യരക്ഷ മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

प्रविष्टि तिथि: 18 AUG 2026 12:55PM by PIB Thiruvananthpuram
പെൺകുട്ടികൾക്കായി അഖിലേന്ത്യാതലത്തിൽ നാഷണൽ കേഡറ്റ് കോർപ്സ് (എൻസിസി) സംഘടിപ്പിക്കുന്ന അതിസങ്കീർണ പർവതപ്രദേശങ്ങളിലേക്കുള്ള ദീർഘദൂര ട്രക്കിങ് പരിപാടി ‘അപരാജിത - പരങ് ലാ 2026’ രാജ്യരക്ഷ മന്ത്രി ശ്രീ രാജ്‌നാഥ് സിങ് 2026 ഓഗസ്റ്റ് 18-നു ന്യൂഡൽഹിയിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഹിമാചൽ പ്രദേശിലെ സ്പീതി താഴ്‌വരയെ ലഡാഖിലെ ചാങ്‌ഥാങ് മേഖലയുമായി ബന്ധിപ്പിക്കുന്ന പരങ് ലാ ചുരം (5,578 മീറ്റർ, 18,300 അടി) വഴിയാണ് ഈ പർവതാരോഹണം കടന്നുപോകുന്നത്. രാജ്യത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പർവതാരോഹണ പാതകളിലൊന്നായാണ് ഇതു കണക്കാക്കപ്പെടുന്നത്.
 
 
മൂന്നു സേനകളെ പ്രതിനിധാനംചെയ്യുന്ന മൂന്നു വനിതാ ഓഫീസർമാരാണു സംഘത്തെ നയിക്കുന്നത്. ശരാശരി 19 വയസ്സു പ്രായമുള്ള 28 വനിതാകേഡറ്റുകളാണ് ഈ പര്യവേക്ഷണത്തിൽ പങ്കെടുക്കുന്നത്. 16 വയസുള്ള പെൺകുട്ടിയാണു യാത്രയുടെ ഭാഗമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. രാജ്യത്തെ വനിതകളുടെ കരുത്ത്, നിശ്ചയദാർഢ്യം, വർധിക്കുന്ന കഴിവുകൾ എന്നിവയുടെ ശക്തമായ തെളിവാണ് ഇത്രയും വെല്ലുവിളി നിറഞ്ഞ പർവതാരോഹണ യാത്രയിൽ യുവതികളുടെ പങ്കാളിത്തമെന്നു രാജ്യരക്ഷ മന്ത്രി പറഞ്ഞു.
 
ഉദ്യോഗസ്ഥർ, മെഡിക്കൽ സംഘം, ഇൻസ്ട്രക്ടർമാർ, അനുബന്ധ ജീവനക്കാർ എന്നിവരടങ്ങുന്ന സംഘം ഹിമാലയത്തിലെ തികച്ചും ഒറ്റപ്പെട്ടതും വെല്ലുവിളി നിറഞ്ഞതുമായ ഭൂപ്രദേശങ്ങളിലൂടെ 30 ദിവസങ്ങളിലായി ഏകദേശം 250 കിലോമീറ്റർ പർവതാരോഹണം നടത്തും. ഉയർന്ന പ്രദേശങ്ങളിലെ മരുഭൂമികൾ, ഹിമാനികൾ, മഞ്ഞുമൂടിയ പാതകൾ, നദീതടങ്ങൾ എന്നിവ കടന്നുപോകുന്ന പാതയിൽ കിബ്ബർ, ദുംല, ഥൽടക്, ബോങ്‌രോജെൻ, പരങ് ലാ ചുരം, ഡാക് കാർസോങ്, നോർബു സുംദോ, കിയാങ്ഡോം, കോർസോക് എന്നിവ ഉൾപ്പെടുന്നു.
 
 
സുരക്ഷിതവും വിജയകരവുമായ ദൗത്യത്തിനായി സംഘത്തിന് ആശംസകൾ നേർന്ന ശ്രീ രാജ്‌നാഥ് സിങ്, യുവജനങ്ങളിൽ നേതൃഗുണം, മാനസികമായ കരുത്ത്, അച്ചടക്കം, ആത്മവിശ്വാസം എന്നിവ വളർത്തിയെടുക്കുന്നതിൽ ഇത്തരം യാത്രകൾ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി. തെരഞ്ഞെടുക്കപ്പെട്ട കേഡറ്റുകളുടെ ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകളെ പ്രകീർത്തിച്ച അദ്ദേഹം, ഈ പർവതാരോഹണം കേഡറ്റുകൾക്കു മാനസിക കരുത്ത്, ആത്മവിശ്വാസം, സ്വയം തിരിച്ചറിയൽ എന്നിവയിലെ ജീവിതപാഠമാകുമെന്നും ചൂണ്ടിക്കാട്ടി. “ഓർമയിൽ സൂക്ഷിക്കാവുന്ന അനുഭവങ്ങൾ മാത്രമല്ല, ആന്തരിക ശക്തിയെക്കുറിച്ചുള്ള ആഴത്തിലുള്ള തിരിച്ചറിവും സ്വന്തമാക്കിയാകും കേഡറ്റുകൾ പരങ് ലായിൽനിന്നു മടങ്ങുക” - അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
 
 
ദൗത്യത്തിലുടനീളം ‘സുരക്ഷ’, ‘പരിസ്ഥിതി’, ‘പ്രാദേശിക സമൂഹങ്ങളുമായുള്ള സമ്പർക്കം’ എന്നിവയ്ക്കു മുൻഗണന നൽകാൻ രാജ്യരക്ഷ മന്ത്രി സംഘാംഗങ്ങളോട് ആഹ്വാനംചെയ്തു. “ഇൻസ്ട്രക്ടർമാരുടെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും ആവശ്യമില്ലാത്ത അപകടസാധ്യതകൾ ഒഴിവാക്കുകയും ഹിമാലയൻ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി ‘സീറോ-വേസ്റ്റ്’ രീതി സ്വീകരിക്കുകയും ചെയ്യുക. പ്രാദേശിക സമൂഹങ്ങളുമായി ബഹുമാനത്തോടെ ഇടപഴകുകയും അവരുടെ സംസ്കാരവും പാരമ്പര്യങ്ങളും മനസ്സിലാക്കുകയും അവരുടെ അനുഭവങ്ങളിൽനിന്നു പഠിക്കുകയും വേണം. ഈ പര്യവേക്ഷണം നിങ്ങളുടെ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലായി മാറുകയും ജീവിതത്തിൻ്റെ   ഓരോ ഘട്ടത്തിലും ‘അപരാജിത’രായി തുടരാൻ നിങ്ങൾക്കു പ്രചോദനമാകുകയുംചെയ്യും” - അദ്ദേഹം കേഡറ്റുകളോടു പറഞ്ഞു.
 
കരയിലും ജലത്തിലും ആകാശത്തുമെല്ലാം സാഹസിക പ്രവർത്തനങ്ങളിൽ എൻസിസി കേഡറ്റുകൾ കൈവരിക്കുന്ന വർധിച്ചുവരുന്ന നേട്ടങ്ങൾ എടുത്തുപറഞ്ഞ ശ്രീ രാജ്‌നാഥ് സിങ്, മുന്നിൽനിന്നു നയിച്ച് ‘നാരീശക്തി’യുടെ കരുത്തു തെളിയിച്ചതിനു വനിതാ കേഡറ്റുകളെ പ്രശംസിച്ചു. രാജ്യത്തുടനീളമുള്ള എൻസിസി ഡയറക്ടറേറ്റുകളിൽനിന്നുള്ള കേഡറ്റുകളുടെ പങ്കാളിത്തത്തെക്കുറിച്ചു പരാമർശിക്കവെ, വിവിധ ഭാഷകളും സംസ്കാരങ്ങളും പശ്ചാത്തലങ്ങളുമുള്ള അവർ പൊതുദൗത്യത്തിനായി ഒന്നിക്കുന്നത് ‘ഏകഭാരതം, ശ്രേഷ്ഠഭാരതം’ എന്ന ആശയത്തിൻ്റെ   മനോഹരമായ ഉദാഹരണമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
 
 
എൻസിസി ഡയറക്ടർ ജനറൽ ലെഫ്റ്റനൻ്റ്  ജനറൽ വീരേന്ദ്ര വത്സും എൻസിസിയുടെയും രാജ്യരക്ഷാ മന്ത്രാലയത്തിൻ്റെയും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായി. രണ്ടു ഘട്ടങ്ങളായാണു പര്യവേക്ഷണം നടത്തുന്നത്. ഭാബ-പിൻ താഴ്‌വര മേഖലയിൽ തയ്യാറെടുപ്പുകളുടെ ഭാഗമായുള്ള പർവതാരോഹണ പരിശീലനം നടത്തിയ ശേഷമാണു യോഗ്യതാടിസ്ഥാനത്തിൽ വനിതാ കേഡറ്റുകളുടെ അന്തിമ സംഘത്തെ തെരഞ്ഞെടുത്തത്. എൻസിസി വനിതാ കേഡറ്റുകൾക്കിടയിൽ നാരീശക്തി, നേതൃത്വം, ആത്മവിശ്വാസം, കൂട്ടായ്മ, സഹനശക്തി, ദേശീയ ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ പര്യവേക്ഷണം ആസൂത്രണം ചെയ്തത്.
 
 
****
 

(रिलीज़ आईडी: 2300959) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Bengali-TR , Gujarati , Tamil , Telugu