പരിസ്ഥിതി, വനം മന്ത്രാലയം
മംഗോളിയയിലെ ഉലാന്‍ബാതറില്‍ നടക്കുന്ന UNCCD COP17ല്‍ പുല്‍മേടുകളെയും മറ്റ് തുറന്ന പ്രകൃതിദത്ത ആവാസവ്യവസ്ഥകളെയും കുറിച്ച് ആദ്യ സമഗ്ര മാര്‍ഗരേഖ പുറത്തിറക്കി ഇന്ത്യ
प्रविष्टि तिथि:
17 AUG 2026 6:17PM by PIB Thiruvananthpuram
മംഗോളിയയിലെ ഉലാന്‍ബാതറില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ മരുഭൂമീകരണ വിരുദ്ധ കണ്‍വെന്‍ഷന്റെ 17-ാമത് കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസില്‍ (UNCCD COP17) രാജ്യത്തെ പുല്‍മേടുകളെയും മറ്റ് തുറന്ന പ്രകൃതിദത്ത ആവാസവ്യവസ്ഥകളെയും കുറിച്ചുള്ള ആദ്യ മാര്‍ഗരേഖ 2026 ഓഗസ്റ്റ് 17ന് ഇന്ത്യ പുറത്തിറക്കി. ഇന്ത്യയിലെ പുല്‍മേടുകള്‍, സവാനകള്‍, മരുഭൂമികള്‍, മറ്റ് തുറന്ന പ്രകൃതിദത്ത ആവാസവ്യവസ്ഥകള്‍ എന്നിവയുടെ സമ്പന്നമായ വൈവിധ്യം, പാരിസ്ഥിതിക പ്രാധാന്യം, സാമൂഹ്യസാമ്പത്തിക പ്രസക്തി എന്നിവയാണ് ഈ മാര്‍ഗരേഖ എടുത്തുകാണിക്കുന്നത്. ഇവയുടെ സംരക്ഷണം, പുനരുദ്ധാരണം, സുസ്ഥിര പരിപാലനം എന്നിവ ശക്തിപ്പെടുത്താനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ പ്രസിദ്ധീകരണം.
കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ. ഭൂപേന്ദര്‍ യാദവിന്റെ പ്രത്യേക വീഡിയോ സന്ദേശത്തോടെയാണ് പ്രകാശന ചടങ്ങിന് തുടക്കം കുറിച്ചത്. ഭൂമിയില്‍ മറ്റെങ്ങും കാണാത്ത ജീവജാലങ്ങള്‍ക്ക് അഭയമേകുകയും ഇടയ സമൂഹങ്ങള്‍ക്ക് ഉപജീവനമേകുകയും ചെയ്തിട്ടും പുല്‍മേടുകളെയും കുറ്റിക്കാടുകളെയും മലയിടുക്കുകളെയും മരങ്ങളുടെ അഭാവം കൊണ്ടുമാത്രം ഏറെക്കാലമായി വിലകുറച്ച് കണ്ടിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ജൈവ വൈവിധ്യത്തിനും ഉപജീവനത്തിനും കാലാവസ്ഥാ പ്രതിരോധശേഷിക്കും ആരോഗ്യകരമായ പുല്‍മേടുകള്‍ അത്യന്താപേക്ഷിതമാണെന്ന തദ്ദേശ സമൂഹങ്ങളുടെ പരമ്പരാഗത അറിവിനെ ആധുനിക ശാസ്ത്രവും വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു.
പലപ്പോഴും 'തരിശുഭൂമി' എന്ന് വിളിക്കപ്പെട്ട മേച്ചില്‍പ്പുറങ്ങളും മരുഭൂമിയിലെ കുറ്റിക്കാടുകളും നിറഞ്ഞ രാജസ്ഥാനിലെ അജ്മീറില്‍ വളര്‍ന്നുവന്നതിനാല്‍ ഈ മാര്‍ഗരേഖ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണെന്നും ശ്രീ. യാദവ് പറഞ്ഞു. ഗ്രാമങ്ങള്‍ സംരക്ഷിച്ചിരുന്ന പരമ്പരാഗത 'ഒറാന്‍', അല്ലെങ്കില്‍ 'ഗോച്ചാര്‍' മേച്ചില്‍പ്രദേശങ്ങളെ അനുസ്മരിച്ച കേന്ദ്രമന്ത്രി, ഭൂമിയും കന്നുകാലികളും അവരുടെ സ്വന്തം ജീവിതവും പരസ്പരം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തദ്ദേശവാസികള്‍ തിരിച്ചറിഞ്ഞിരുന്നുവെന്നും വ്യക്തമാക്കി.
ഇന്ത്യയുടെ തുറന്ന പ്രകൃതിദത്ത ആവാസവ്യവസ്ഥകളെ അംഗീകരിക്കുന്ന സുപ്രധാന ചുവടുവെപ്പാണ് ഈ മാര്‍ഗരേഖയെന്ന് വിശേഷിപ്പിച്ച മന്ത്രി വനങ്ങള്‍ക്കൊപ്പം ഇവയുടെയും ശാസ്ത്രാധിഷ്ഠിത സംരക്ഷണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. ഈ ആവാസവ്യവസ്ഥകളെ സംബന്ധിച്ച് കൂടുതല്‍ ധാരണയ്ക്കും സംരക്ഷണത്തിനും മാര്‍ഗരേഖ പ്രചോദനമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലും മാര്‍ഗനിര്‍ദേശത്തിലും സംഘടിപ്പിച്ച ഔദ്യോഗിക UNCCD COP 17 അനുബന്ധ പരിപാടിയിലാണ് മാര്‍ഗരേഖ പ്രകാശനം ചെയ്തത്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (IUCN), സെന്റര്‍ ഓഫ് എക്‌സലന്‍സ് ഓണ്‍ സസ്‌റ്റൈനബിള്‍ ലാന്‍ഡ് മാനേജ്‌മെന്റ് (CoE-SLM), ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫോറസ്ട്രി റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്‍ (ICFRE), ISRO-യുടെ സ്‌പേസ് ആപ്ലിക്കേഷന്‍സ് സെന്റര്‍ (SAC) എന്നിവയുമായി സഹകരിച്ച് അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്‍ഡ് ദി എന്‍വയോണ്‍മെന്റ് (ATREE) ആണ് മാര്‍ഗരേഖയുടെ പ്രസിദ്ധീകരണവും പ്രകാശന ചടങ്ങും സംഘടിപ്പിച്ചത്. ഗവണ്‍മെന്റുകളുടെയും ശാസ്ത്രഗവേഷണ സ്ഥാപനങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും സന്നദ്ധ സംഘടനകളുടെയും പ്രതിനിധികള്‍ പരിപാടിയില്‍ ഒത്തുചേര്‍ന്നു.

ഇന്ത്യയിലെ പുല്‍മേടുകളുടെയും തുറന്ന പ്രകൃതിദത്ത ആവാസവ്യവസ്ഥകളുടെയും വൈവിധ്യവും വിതരണവും, അവയുടെ പാരിസ്ഥിതിക പ്രാധാന്യം, ഭൂമി തരിശാകുന്നത് തടഞ്ഞ് സന്തുലിതാവസ്ഥ നിലനിര്‍ത്താനുള്ള ഇന്ത്യയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഇവയുടെ പുനരുദ്ധാരണത്തിന്റെ പങ്ക് എന്നിവ അവതരണങ്ങളിലും ചര്‍ച്ചകളിലും എടുത്തുപറഞ്ഞു. ശക്തമായ ശാസ്ത്രീയ അറിവുകള്‍, മെച്ചപ്പെട്ട ഭൂശോഷണ വിലയിരുത്തല്‍, സമഗ്ര ഭൂപ്രകൃതി ആസൂത്രണം എന്നിവയുടെ ആവശ്യകതയും യോഗം വ്യക്തമാക്കി.
ഇന്ത്യയിലെ പ്രധാന തുറന്ന പ്രകൃതിദത്ത ആവാസവ്യവസ്ഥകളെക്കുറിച്ച് സമഗ്രമായ വിവരങ്ങളാണ് മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, പാരിസ്ഥിതിക സവിശേഷതകള്‍, ജൈവവൈവിധ്യം, ബന്ധപ്പെട്ട തദ്ദേശഗോത്ര സമൂഹങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ കന്നുകാലി വളര്‍ത്തല്‍, അഗ്‌നി പരിസ്ഥിതി ശാസ്ത്രം, കാര്‍ബണ്‍ സംഭരണം എന്നിവയെക്കുറിച്ച് പ്രത്യേക വിഭാഗങ്ങളും ഇതിലുണ്ട്. ഹിമാലയന്‍തെരായി പുല്‍മേടുകള്‍ മുതല്‍ താര്‍ബന്നി മേഖലകള്‍, ഡെക്കാണ്‍ സവാനകള്‍, പാറക്കെട്ടുകള്‍ നിറഞ്ഞ പീഠഭൂമികള്‍, മലയിടുക്കുകള്‍, കുറ്റിക്കാടുകള്‍, തീരദേശ ആവാസവ്യവസ്ഥകള്‍, മരുഭൂ പ്രദേശങ്ങള്‍ എന്നിവ വരെ ഇന്ത്യയുടെ തുറന്ന പ്രകൃതിദത്ത ആവാസവ്യവസ്ഥകളില്‍ ഉള്‍പ്പെടുന്നു. ഈ ആവാസവ്യവസ്ഥകള്‍ വിപുലമായ ജൈവ വൈവിധ്യത്തെ പിന്തുണയ്ക്കുകയും മണ്ണിലെയും ജലത്തിലെയും പ്രക്രിയകള്‍ക്ക് സംഭാവന നല്‍കുകയും മണ്ണില്‍ വന്‍തോതില്‍ കാര്‍ബണ്‍ സംഭരിക്കുകയും കന്നുകാലി വളര്‍ത്തലിലും കൃഷിയിലും അധിഷ്ഠിതമായ ഉപജീവനമാര്‍ഗങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുന്നു.
ദേശീയ അന്തര്‍ദേശീയ വിദഗ്ധര്‍, ശാസ്ത്ര സ്ഥാപനങ്ങള്‍, പൗരസമൂഹം, പ്രാദേശിക സമൂഹ കേന്ദ്രീകൃത സംഘടനകള്‍ എന്നിവരുമായി രണ്ട് പ്രത്യേക ചര്‍ച്ചകളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. പുല്‍മേടുകളുടെയും വരണ്ട പ്രദേശങ്ങളുടെയും സംരക്ഷണവും പുനരുദ്ധാരണവും, ജനകേന്ദ്രീകൃത മേച്ചില്‍പ്പുറ പരിപാലനം, കാലാവസ്ഥാ പ്രതിരോധശേഷി, തുറന്ന പ്രകൃതിദത്ത ആവാസവ്യവസ്ഥകള്‍ സംരക്ഷിക്കാനും സുസ്ഥിര പരിപാലനത്തിനും ആവശ്യമായ സ്ഥാപനശാസ്ത്രീയനയ നടപടികള്‍ എന്നിവയിലാണ് ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഭൂമി പുനരുദ്ധാരണത്തിനും സുസ്ഥിര ഭൂവിനിയോഗ പരിപാലനത്തിനും ശാസ്ത്രാധിഷ്ഠിതവും ഭൂപ്രകൃതി അധിഷ്ഠിത സമീപനത്തോടുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവര്‍ത്തിക്കുന്നതായിരുന്നു ചടങ്ങ്. ഭൂമി ശോഷണം, ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥാ പ്രതിരോധം, സുസ്ഥിര ഉപജീവനം എന്നിവ സംബന്ധിച്ച മുഖ്യധാരാ ചര്‍ച്ചകളിലേക്ക് പുല്‍മേടുകള്‍, മേച്ചില്‍പ്പുറങ്ങള്‍, മറ്റ് തുറന്ന പ്രകൃതിദത്ത ആവാസവ്യവസ്ഥകള്‍ എന്നിവയെ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത ഇത് വ്യക്തമാക്കി.
ഇന്ത്യയിലെ പുല്‍മേടുകളുടെയും മറ്റ് തുറന്ന പ്രകൃതിദത്ത ആവാസവ്യവസ്ഥകളുടെയും സംരക്ഷണം, പുനരുദ്ധാരണം, സുസ്ഥിര പരിപാലനം എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്ന നയരൂപകര്‍ത്താക്കള്‍, ഗവേഷകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, വികസന ഏജന്‍സികള്‍, പ്രാദേശിക സമൂഹങ്ങള്‍ എന്നിവര്‍ക്ക് ഒരു വിലപ്പെട്ട വിഭവമായി ഈ മാര്‍ഗരേഖ നിലകൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. COP17ലെ ഈ പ്രകാശനം ഇന്ത്യയ്ക്ക് വൈവിധ്യമാര്‍ന്ന തുറന്ന ആവാസവ്യവസ്ഥകള്‍ പ്രദര്‍ശിപ്പിക്കാനും ഭൂമി പുനരുദ്ധാരണം, മേച്ചില്‍പ്പുറങ്ങള്‍, ഭൂശോഷണ സന്തുലനം എന്നിവ സംബന്ധിച്ച ആഗോള ചര്‍ച്ചകളില്‍ അവയുടെ പ്രാതിനിധ്യം ശക്തിപ്പെടുത്താനും പ്രധാന വേദിയൊരുക്കുന്നു.
***
(रिलीज़ आईडी: 2300659)
आगंतुक पटल : 6