ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ആവശ്യമായ കസ്റ്റംസ് തീരുവ നൽകാതെ ഇന്ത്യയിലേക്ക് അടയ്ക്ക ഇറക്കുമതി ചെയ്യുന്നതിന് SAFTA ആനുകൂല്യങ്ങൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്നതായി DRI കണ്ടെത്തി.

प्रविष्टि तिथि: 16 AUG 2026 10:51AM by PIB Thiruvananthpuram

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി അടയ്ക്ക ഇറക്കുമതി ചെയ്യുന്ന ഒരു വിപുലമായ വ്യാപാര ശൃംഖലയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (DRI) കണ്ടെത്തി തകർത്തു. ബംഗ്ലാദേശിൽ നിന്നാണെന്ന വ്യാജേന തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് അടയ്ക്ക ഇറക്കുമതി ചെയ്യുകയായിരുന്ന ശൃംഖലയെ ആണ് തകർത്തത്. സൗത്ത് ഏഷ്യൻ ഫ്രീ ട്രേഡ് ഏരിയ (SAFTA) പ്രകാരമുള്ള നികുതി ആനുകൂല്യങ്ങൾ തട്ടിപ്പിലൂടെ  കൈക്കലാക്കിയും ആയിരുന്നു

 ഇറക്കുമതിയെന്നും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിൽ ഇതുവരെ 2,500 കോടിയിലധികം രൂപയുടെ വരുമാന നഷ്ടം കണക്കാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ അറസ്റ്റ് ചെയ്തു.

സാധാരണയായി ഇന്ത്യയിലേക്ക് അടയ്ക്ക ഇറക്കുമതി ചെയ്യുമ്പോൾ, ഇറക്കുമതിക്കാർ 100% അടിസ്ഥാന കസ്റ്റംസ് തീരുവ (BCD) നൽകണം. എന്നാൽ, SAFTA കരാർ  നൽകുന്ന പ്രത്യേക ആനുകൂല്യങ്ങൾക്ക് അർഹത നേടിയാൽ കസ്റ്റംസ് തീരുവ നൽകാതെ ഇറക്കുമതി ചെയ്യാൻ കഴിയും. ബംഗ്ലാദേശിൽ നിന്ന് ഇറക്കുമതി ചെയ്യുമ്പോൾ അടയ്ക്കയ്ക്ക് ഈ ഇളവ് ലഭിക്കണമെങ്കിൽ, അവ യഥാർത്ഥത്തിൽ ബംഗ്ലാദേശിൽ നിന്ന് ഉത്ഭവിച്ചതും ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കുന്നതുമായിരിക്കണം.

ഇന്ത്യയിലേക്ക് അടയ്ക്ക ഇറക്കുമതി ചെയ്യുമ്പോൾ ചില സംഘങ്ങൾ നിയമവിരുദ്ധമായി വൻതോതിൽ SAFTA ആനുകൂല്യങ്ങൾ അവകാശപ്പെടുന്നുണ്ടെന്ന് DRI-ക്ക് രഹസ്യവിവരം ലഭിച്ചു. ഇന്തോനേഷ്യ, തായ്‌ലൻഡ്, മലേഷ്യ, അടക്കമുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് അടയ്ക്ക വാങ്ങുകയും കൊണ്ടുവരികയും ചെയ്യുന്നതിലൂടെയായിരുന്നു തട്ടിപ്പ്. എന്നാൽ  ഇറക്കുമതി രേഖകളിൽ ബംഗ്ലാദേശിനെ ഉത്ഭവ രാജ്യമായി തെറ്റായി പ്രഖ്യാപിക്കുകയായിരുന്നു.  
ഇതുമായി ബന്ധപ്പെട്ട്, കൊൽക്കത്തയിലും വിശാഖപട്ടണത്തും ഒരേ സമയം നിരവധി കേന്ദ്രങ്ങളിൽ DRI  പരിശോധന നടത്തി. ഇറക്കുമതിക്കാർ, കസ്റ്റംസ് ബ്രോക്കർമാർ, IEC ഉടമകൾ (ഇറക്കുമതി കയറ്റുമതി കോഡിൽ രജിസ്റ്റർ ചെയ്ത വ്യക്തികളും ബിസിനസുകളും) എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. പരിശോധനയ്ക്കിടെ, ബംഗ്ലാദേശിൽ നിന്നല്ല, മറിച്ച് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ് അടയ്ക്ക വന്നതെന്ന് കാണിക്കുന്ന രേഖകളും തെളിവുകളും ഉദ്യോഗസ്ഥർ കണ്ടെത്തി. നിയമവിരുദ്ധമായി ഇറക്കുമതി ചെയ്ത അടയ്ക്ക വിറ്റതിലൂടെ ലഭിച്ചതെന്ന് കരുതുന്ന ഏകദേശം 75 ലക്ഷം രൂപ പണമായും DRI  പിടിച്ചെടുത്തു. ഏകദേശം 160 മെട്രിക് ടൺ (MT) അടയ്ക്ക അടങ്ങിയ ചരക്ക് തടഞ്ഞു വച്ചു.

സമീപ വർഷങ്ങളിൽ കേന്ദ്രസർക്കാരിന് 2,500 കോടിയിലധികം രൂപ കസ്റ്റംസ് തീരുവ ഇനത്തിൽ നഷ്ടപ്പെട്ടതായും ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ബംഗ്ലാദേശിലെ ഒരു കയറ്റുമതി സംസ്കരണ മേഖലയിലേക്ക് (EPZ) അടയ്ക്ക കൊണ്ടുവരികയായിരുന്നു ആദ്യപടി. തുടർന്ന് കണ്ടെയ്നറുകളും പാക്കേജിംഗ് ബാഗുകളും മാറ്റി അതേ സാധനങ്ങൾ ഇന്ത്യയിലേക്ക് അയയ്ക്കുകയും ബംഗ്ലാദേശിൽ ഉത്പാദിപ്പിക്കുന്ന അടയ്ക്കയാണെന്ന് വ്യാജമായി അവതരിപ്പിക്കുകയും ചെയ്തു. ഇതിലൂടെ, യഥാർത്ഥ ബംഗ്ലാദേശി ഉത്പന്നങ്ങൾക്കുള്ള SAFTA തീരുവ ഇളവ് നിയമവിരുദ്ധമായി അവകാശപ്പെടാൻ ശ്രമിച്ചു. ബംഗ്ലാദേശ് അധികൃതരിൽ നിന്ന് നിയമവിരുദ്ധമായി ഉത്ഭവ സർട്ടിഫിക്കറ്റുകൾ നേടിയായിരുന്നു തട്ടിപ്പ്. ബംഗ്ലാദേശ് വഴി സാധനങ്ങൾ എത്തിക്കുക, രേഖകൾ തയ്യാറാക്കുക, കസ്റ്റംസ് മുഖേന ചരക്കുകൾ നീക്കം ചെയ്യുക, ഇന്ത്യയിലേക്ക് കൊണ്ടുപോകുക തുടങ്ങിയ മുഴുവൻ പ്രക്രിയയും കൈകാര്യം ചെയ്യുന്നതിനായി അവർ ഇന്ത്യൻ ഇറക്കുമതിക്കാരിൽ നിന്ന് വലിയ കമ്മീഷൻ ഈടാക്കിയിരുന്നു. വലിയ അളവിൽ പണവും അവർ ശേഖരിച്ചു. ഈ നിയമവിരുദ്ധ ബിസിനസിൽ നിന്ന് സമ്പാദിച്ച പണം മറച്ചു വയ്ക്കുന്നതിനായി അവർ ഹവാല ചാനലുകളും വ്യാജ കമ്പനികളും ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി, ഇത് ഫണ്ടുകളുടെ യഥാർത്ഥ ഉറവിടവും ഒഴുക്കും കണ്ടെത്തുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കി. .

 അനധികൃതമായി ഇറക്കുമതി ചെയ്ത അടയ്ക്ക കൺസൈൻമെന്റുകളിൽ ഭൂരിഭാഗത്തിന്റെയും കസ്റ്റംസ് ക്ലിയറൻസ് കൈകാര്യം ചെയ്യുന്നതിന് പ്രധാനമായും ഉത്തരവാദി ഒരു കസ്റ്റംസ് ബ്രോക്കർ കമ്പനിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. DRI അന്വേഷണം തുടരുന്നതിനാൽ, ബന്ധപ്പെട്ട  കസ്റ്റംസ് ബ്രോക്കറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്, അതായത് കമ്പനിക്ക് കസ്റ്റംസ് ബ്രോക്കറേജ് പ്രവർത്തനങ്ങൾ നടത്താൻ തത്ക്കാലം അനുവാദമില്ല. ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അനധികൃതമായി അടയ്ക്ക ഇറക്കുമതി ചെയ്യുന്നത് ഇന്ത്യൻ കർഷകരെയും സ്വാഭാവിക ബിസിനസുകളെയും ഗുരുതരമായി ബാധിക്കും. ഇറക്കുമതിക്കാർ ശരിയായ കസ്റ്റംസ് തീരുവ അടയ്ക്കാത്തതിനാൽ നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യുന്ന അടയ്ക്ക കുറഞ്ഞ വിലയ്ക്ക് വിൽക്കുമ്പോൾ, അന്യായമായ മത്സരം സൃഷ്ടിക്കപ്പെടുകയും വിപണി വിലകളെ ബാധിക്കുകയും ചെയ്യുന്നു. തത്ഫലമായി, ആഭ്യന്തര അടയ്ക്ക കർഷകരും നിയമം പാലിക്കുന്ന ബിസിനസുകളും ബുദ്ധിമുട്ടുകൾ നേരിടും. ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ സർക്കാർ വരുമാനത്തിൽ വലിയ നഷ്ടം വരുത്തുകയും ശരിയായതും നിയന്ത്രിതവുമായ വ്യാപാര രീതികളെ ദുർബലപ്പെടുത്തുകയും അതിർത്തി പ്രദേശങ്ങളിൽ സാമ്പത്തിക, സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

അടയ്ക്കയുടെ ഉത്ഭവ രാജ്യം വ്യവസ്ഥാപിതമായി തെറ്റായി കാണിക്കുകയും, SAFTA തീരുവ ആനുകൂല്യങ്ങൾ നിയമവിരുദ്ധമായി അവകാശപ്പെടുകയും, സർക്കാരിന് വലിയ തോതിൽ കസ്റ്റംസ് തീരുവ നഷ്ടം വരുത്തുകയും  ചെയ്ത സംഘത്തെയാണ് DRI ഫലപ്രദമായി തകർത്തത്. 

***


(रिलीज़ आईडी: 2300241) आगंतुक पटल : 13
इस विज्ञप्ति को इन भाषाओं में पढ़ें: English , Gujarati , Urdu , हिन्दी , Marathi , Tamil , Telugu