ഉപരാഷ്ട്രപതിയുടെ കാര്യാലയം
എസ്.ആര്‍.എം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ 22-ാമത് ബിരുദദാന ചടങ്ങില്‍ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണന്‍ പങ്കെടുത്തു
प्रविष्टि तिथि:
16 AUG 2026 3:04PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണന്‍, ചെന്നൈക്കടുത്തുള്ള ചെങ്കല്‍പേട്ട് കാട്ടാങ്കുളത്തൂരിലെ എസ്.ആര്‍.എം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ (SRMIST) 22-ാമത് ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്തു. 'രാഷ്ട്രം ആദ്യം ' എന്ന തത്വം മുന്‍നിര്‍ത്തി, അറിവും നൈപുണ്യവും നൂതനാശയവും രാഷ്ട്രനിര്‍മാണത്തിനായി വിനിയോഗിക്കാന്‍ അദ്ദേഹം ബിരുദധാരികളായ വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു.
ബിരുദദാന ചടങ്ങ് കേവലം ബിരുദങ്ങള്‍ നല്‍കുന്നതിലുപരിയാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. വര്‍ഷങ്ങളുടെ സ്ഥിരോത്സാഹവും അച്ചടക്കവും പഠനവും ആഘോഷിക്കുന്നതിനൊപ്പം ഉത്തരവാദിത്വത്തിന്റെയും സേവനത്തിന്റെയും ആജീവനാന്ത യാത്രയുടെ തുടക്കവുമാണിത്.
വിഷയാധിഷ്ഠിത പഠനം, സര്‍ഗ്ഗാത്മകത, സംരംഭകത്വം, വിമര്‍ശനാത്മക ചിന്ത എന്നിവ പ്രോത്സാഹിപ്പിക്കുന്ന അക്കാദമിക അന്തരീക്ഷം സൃഷ്ടിച്ചതിന് അദ്ദേഹം എസ്.ആര്‍.എം.ഐ.എസ്.ടിയെ അഭിനന്ദിച്ചു. നിര്‍മിതബുദ്ധി (AI), ക്വാണ്ടം ടെക്‌നോളജികള്‍, സെമികണ്ടക്ടര്‍ ഗവേഷണം, റോബോട്ടിക്‌സ്, ബയോടെക്‌നോളജി, സുസ്ഥിര വികസനം എന്നിവയില്‍ സ്ഥാപനം നല്‍കുന്ന ശ്രദ്ധയെ അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഈ മേഖലകള്‍ ഭാവി സമ്പദ് വ്യവസ്ഥകളെയും സമൂഹങ്ങളെയും രൂപപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗവേഷണങ്ങളെ പ്രായോഗിക പരിഹാരങ്ങളാക്കി മാറ്റി മനുഷ്യജീവിതം മെച്ചപ്പെടുത്താനും വ്യവസായങ്ങളെ ശക്തിപ്പെടുത്താനും സുസ്ഥിര വികസനത്തിന് സംഭാവന നല്‍കാനും SRMIST നല്‍കുന്ന പ്രാധാന്യത്തെ ഉപരാഷ്ട്രപതി പ്രശംസിച്ചു. സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമ്പോഴാണ് ഗവേഷണം അതിന്റെ പരമോന്നത ലക്ഷ്യം കൈവരിക്കുന്നത്.
ശരിയായ ഫലങ്ങള്‍ നല്‍കുകയും സമൂഹത്തില്‍ അര്‍ത്ഥവത്തായ സ്വാധീനം ചെലുത്തുകയും ജനങ്ങള്‍ക്ക് പ്രായോഗിക ഗുണങ്ങള്‍ നല്‍കുകയും ചെയ്യുമ്പോഴാണ് ഗവേഷണം യഥാര്‍ത്ഥത്തില്‍ അഭിനന്ദനാര്‍ഹമാകുന്നത്.
കോവിഡ്-19 മഹാമാരിയെ ഇന്ത്യ നേരിട്ട രീതി അനുസ്മരിച്ചുകൊണ്ട്, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ 100-ലധികം രാജ്യങ്ങള്‍ക്ക് കോവിഡ് വാക്‌സിനുകള്‍ നല്‍കിയതായി ഉപരാഷ്ട്രപതി പറഞ്ഞു. ഈ മാനുഷിക സഹായത്തെ ഇന്ത്യ വാണിജ്യവല്‍ക്കരിക്കാന്‍ ശ്രമിച്ചില്ല. അടുത്തിടെ കെനിയന്‍ സ്പീക്കറുമായി നടത്തിയ സംഭാഷണത്തില്‍, ഇന്ത്യ നല്‍കിയ വാക്‌സിന്‍ സഹായത്തിന് അദ്ദേഹം നന്ദി അറിയിച്ച കാര്യം ഉപരാഷ്ട്രപതി പരാമര്‍ശിച്ചു.പല പാശ്ചാത്യ രാജ്യങ്ങളും പാവപ്പെട്ട രാജ്യങ്ങള്‍ക്ക് സമാനമായ സഹായം നല്‍കിയിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ശ്രമങ്ങള്‍ മനുഷ്യരാശിയെ സംരക്ഷിക്കാന്‍ സഹായിച്ചുവെന്നും, ഇന്ത്യ എക്കാലവും സമാധാനത്തിനും വികസനത്തിനും മനുഷ്യക്ഷേമത്തിനും വേണ്ടിയാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
രാജ്യത്തുടനീളം മെഡിക്കല്‍ സൗകര്യങ്ങളും മെഡിക്കല്‍ വിദ്യാഭ്യാസവും സാധാരണക്കാരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എയിംസ് (AIIMS) രാജ്യമെമ്പാടും ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നതായി ഉപരാഷ്ട്രപതി പറഞ്ഞു.
2014 മുതല്‍ രാജ്യത്ത് ഉന്നതവിദ്യാഭ്യാസ രംഗത്തുണ്ടായ വികാസത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഈ കാലയളവില്‍ 16 IIIT-കള്‍, 8 കേന്ദ്ര സര്‍വകലാശാലകള്‍ , 8 IIM-കള്‍, 7 IIT-കള്‍, 2 IISER-കള്‍, 1 NIT, 12 AIIMS എന്നിവ സ്ഥാപിതമായി. ഭാരതത്തില്‍ ഇന്ന് 1,425-ലധികം സര്‍വ്വകലാശാലകളും 54,000 കോളേജുകളും 16,850 സ്വയംഭരണ സ്ഥാപനങ്ങളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തത്തില്‍ ഉണ്ടായ വന്‍ വര്‍ധന ശ്രീ. സി. പി. രാധാകൃഷ്ണന്‍ ചൂണ്ടിക്കാണിച്ചു. 2014-15 ലെ 1.57 കോടിയില്‍ നിന്ന് 2023-24 ല്‍ ഇത് 2.24 കോടിയായി ഉയര്‍ന്നുവെന്നും, അതായത് 42.2 ശതമാനത്തിന്റെ വര്‍ദ്ധനയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ബിരുദദാന ചടങ്ങുകളില്‍ കൂടുതല്‍ സ്ത്രീകള്‍ ബിരുദങ്ങളും മെഡലുകളും വാങ്ങുന്നത് സ്വാഗതാര്‍ഹമായ മാറ്റമാണ്.
'വികസിത ഭാരതം @2047' എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയിലെ നിര്‍ണായകമായ ഘട്ടത്തിലേക്കാണ് ബിരുദധാരികള്‍ പ്രവേശിക്കുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. വികസിതവും നവീകൃതവും സമഗ്രവുമായ സ്വയംപര്യാപ്ത ഭാരതം എന്ന കാഴ്ചപ്പാട് പൂര്‍ത്തീകരിക്കാന്‍ ഓരോ ഭാരതീയ യുവാവും രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കാളികളാകാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
ഭാരതത്തിന്റെ ഏറ്റവും വലിയ ശക്തി അവിടുത്തെ ജനങ്ങളും പ്രത്യേകിച്ച് യുവാക്കളുമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ''ഭാവിയിലേക്ക് വേണ്ടി തയ്യാറെടുക്കുക മാത്രമല്ല ചെയ്യേണ്ടത്; ഭാവിയെ രൂപപ്പെടുത്താന്‍ സ്വയം സജ്ജരാകുകയും വേണം,'' ബിരുദധാരികള്‍ക്കുള്ള സന്ദേശമായി അദ്ദേഹം പറഞ്ഞു.
മയക്കുമരുന്നില്‍ നിന്നും എല്ലാത്തരം ലഹരിവസ്തുക്കളുടെ ഉപയോഗത്തില്‍ നിന്നും അകന്നുനില്‍ക്കാന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചു. 'അനാവശ്യ കാര്യങ്ങളിലുള്ള ശ്രദ്ധയ്ക്ക് പകരം അച്ചടക്കവും, പ്രലോഭനങ്ങളെ മാറ്റി ലക്ഷ്യബോധവും, എളുപ്പവഴികള്‍ക്ക് പകരം മികവും' തിരഞ്ഞെടുക്കാന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു.
മയക്കുമരുന്ന് കച്ചവടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചതിന്റെ പേരില്‍ തമിഴ്നാട്ടില്‍ അടുത്തിടെ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവം ഏറെ വേദനാജനകമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. സ്വന്തം കുടുംബത്തിലെ ഒരംഗത്തെ നഷ്ടപ്പെട്ടതുപോലെയാണ് തനിക്ക് തോന്നിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'രാഷ്ട്രം ആദ്യം' എന്നത് മാര്‍ഗ നിര്‍ദേശക തത്വമാക്കാന്‍ ബിരുദധാരികളോട് ആഹ്വാനം ചെയ്തുകൊണ്ട്, അവരുടെ അറിവും നൂതനാശയവും കഠിനാധ്വാനവും ഭാരതത്തിന്റെ പുരോഗതിക്കും സുരക്ഷയ്ക്കും സമൃദ്ധിക്കും സംഭാവന നല്‍കണമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും വൈവിധ്യത്തെ മാനിക്കാനും ദേശീയ ഐക്യം ശക്തിപ്പെടുത്താനും സ്വാര്‍ത്ഥ താല്‍പ്പര്യത്തെക്കാള്‍ വിശാലമായ ദേശീയ താല്‍പ്പര്യത്തിന് പ്രാധാന്യം നല്‍കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ജ്ഞാനം, കര്‍ത്തവ്യം, കരുണ, സേവനം എന്നീ അനശ്വര മൂല്യങ്ങള്‍ മുറുകെപ്പിടിക്കാന്‍ ഉപരാഷ്ട്രപതി ബിരുദധാരികളോട് അഭ്യര്‍ത്ഥിച്ചു.
ചടങ്ങില്‍ മഹിന്ദ്ര ആന്‍ഡ് മഹിന്ദ്ര ലിമിറ്റഡിന്റെ ഓട്ടോമോട്ടീവ് ബിസിനസ് പ്രസിഡന്റ് ശ്രീ. ആര്‍. വേലുസാമിക്ക് ഉപരാഷ്ട്രപതി ഓണററി ബിരുദ സര്‍ട്ടിഫിക്കറ്റ് സമ്മാനിക്കുകയും ബിരുദധാരികള്‍ക്ക് മെഡലുകളും ബിരുദങ്ങളും വിതരണം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം ലഹരിവിരുദ്ധ പ്രതിജ്ഞ ('Say No to Drugs') ചൊല്ലിക്കൊടുത്തു.
തമിഴ്നാട്, കേരള ഗവര്‍ണര്‍ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, SRMIST ചാന്‍സലര്‍ ഡോ. ടി. ആര്‍. പാരിവേന്ദര്‍, പ്രോ-ചാന്‍സലര്‍ (അഡ്മിനിസ്‌ട്രേഷന്‍) ഡോ. രവി പച്ചമുത്തു, പ്രോ-ചാന്‍സലര്‍ (അക്കാദമിക്‌സ്) ഡോ. പി. സത്യനാരായണന്‍, വൈസ് ചാന്‍സലര്‍ ഡോ. സി. മുത്തമിഴശെല്‍വന്‍ എന്നിവരും മറ്റ് പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.






***
(रिलीज़ आईडी: 2300207)
आगंतुक पटल : 6