പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

ബ്രിക്സ് പരിസ്ഥിതി പ്രവര്‍ത്തക സമിതി യോഗങ്ങൾക്ക് 2026 ഓഗസ്റ്റ് 17-18 തീയതികളില്‍ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യ ആതിഥേയത്വം വഹിക്കും

प्रविष्टि तिथि: 16 AUG 2026 9:11AM by PIB Thiruvananthpuram

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 12-ാമത് ബ്രിക്സ് പരിസ്ഥിതി മന്ത്രിമാരുടെ യോഗം 2026 ഓഗസ്റ്റ് 18-ന് ന്യൂഡൽഹിയില്‍ ചേരും. ഇതിന് മുന്നോടിയായി പരിസ്ഥിതി പ്രവര്‍ത്തക സമിതിയുടെയും  കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര വികസനവും സംബന്ധിച്ച സമ്പര്‍ക്ക സമിതിയുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം 2026 ഓഗസ്റ്റ് 17-ന് ചേരും. 'പ്രതിരോധം, നൂതനാശയം, സഹകരണം, സുസ്ഥിരത എന്നിവ കെട്ടിപ്പടുക്കാം' എന്ന 2026-ലെ ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിയുടെ മുഖ്യ പ്രമേയത്തിലൂന്നിയാണ്  പരിപാടി സംഘടിപ്പിക്കുന്നത്.

കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവിന്റെ അധ്യക്ഷതയില്‍ ചേരുന്ന  ബ്രിക്സ് പരിസ്ഥിതി മന്ത്രിമാരുടെ യോഗം അംഗരാജ്യങ്ങളിലെ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, നയരൂപകർത്താക്കൾ, വിദഗ്ധർ എന്നിവർക്ക് സുപ്രധാന ചർച്ചകളിൽ ഏർപ്പെടാനും സമവായം രൂപീകരിക്കാനും പരിസ്ഥിതി സഹകരണം ശക്തിപ്പെടുത്താനും വേദിയൊരുക്കും.

 

ആദ്യ ദിവസത്തെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഉദ്ഘാടന സെഷനും തുടര്‍ന്ന് ബ്രിക്സ് പരിസ്ഥിതി പ്രവര്‍ത്തക സമിതി, കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര വികസനവും സംബന്ധിച്ച സമ്പര്‍ക്ക സമിതി എന്നിവയുടെ മുൻഗണനാ വിഷയങ്ങളിലെ ചർച്ചകളും ഉൾപ്പെടും.

 

രണ്ടാം ദിവസം അന്തിമ രേഖ സംബന്ധിച്ച  മന്ത്രിതല ചർച്ചകള്‍, പരിസ്ഥിതി സഹകരണത്തിനും സുസ്ഥിര വികസനത്തിനും ബ്രിക്സ് അംഗരാജ്യങ്ങളുടെ കൂട്ടായ പ്രതിബദ്ധത അടിവരയിടുന്ന പ്രമേയാധിഷ്ഠിത ചർച്ചകള്‍ എന്നിവ സംഘടിപ്പിക്കും.  അധ്യക്ഷ പദവിയുടെ ഭാഗമായി ബ്രിക്സ് പരിസ്ഥിതി പ്രവര്‍ത്തക സമിതിയ്ക്ക്  കീഴിലെ മുൻഗണനാ ഇടപെടലുകൾക്ക് നാല് സുപ്രധാന മേഖലകൾ ഇന്ത്യ തിരിച്ചറിഞ്ഞിട്ടുണ്ട്:

 

മുൻഗണന I: ‌‌

സുസ്ഥിര ജീവിതശൈലി പ്രോത്സാഹനം

 

വിവേകപൂർണമായ ഉപഭോഗത്തിലൂടെയും സാമൂഹ്യ പങ്കാളിത്തത്തിലൂടെയും സുസ്ഥിര ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അംഗരാജ്യങ്ങളില്‍നിന്നുള്ള  നൂതന സമീപനങ്ങൾ വികസിപ്പിക്കാന്‍ സഹകരണം, വിജ്ഞാന കൈമാറ്റം, മികച്ച മാതൃകകൾ, വിജയഗാഥകൾ എന്നിവ പങ്കുവെച്ച് പരിസ്ഥിതി പ്രതിബദ്ധത ഉറപ്പാക്കുന്നു.

 

മുൻഗണന II: 

വനവൽക്കരണം, കാട്ടുതീ പ്രതിരോധം, ദുരന്ത നിവാരണം  

 

ചിട്ടയായ വിജ്ഞാന കൈമാറ്റത്തെയും ശേഷി വികസനത്തെയും  വിപുലമായ വിവര ശേഖരണവുമായും നിരീക്ഷണവുമായും സംയോജിപ്പിച്ച് ഭൂമി പുനരുദ്ധാരണം ശക്തിപ്പെടുത്തുന്നതിലും പ്രകൃതിദത്ത സംയോജിത ഹരിതവൽക്കരണ സമീപനങ്ങളിലൂടെ പൊതു വെല്ലുവിളികൾ നേരിടുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഒപ്പം കാട്ടുതീ പ്രതിരോധം, തയ്യാറെടുപ്പ്, മുൻകൂട്ടി കണ്ടെത്തൽ, ദ്രുതപ്രതികരണം എന്നിവയ്ക്കും ഊന്നൽ നൽകുന്നു.

 

മുൻഗണന III: 

ചാക്രിക സമ്പദ്‍വ്യവസ്ഥ 

 

ശക്തമായ വിപുലീകൃത ഉല്പാദക ബാധ്യതാ നയ ചട്ടക്കൂടുകളും നിയന്ത്രണ സമീപനങ്ങളും വികസിപ്പിച്ച് ഫലപ്രദമായ മാലിന്യ സംസ്കരണ രീതികൾ അവതരിപ്പിക്കുന്നു. അംഗരാജ്യങ്ങളിലുടനീളം തുല്യതയും വിഭവ വിനിയോഗ കാര്യക്ഷമതയും ഉറപ്പാക്കുന്ന മികച്ച രീതികൾ അവതരിപ്പിക്കാനാണ് ഈ മുൻഗണന ലക്ഷ്യമിടുന്നത്.  ചാക്രിക സമ്പദ്ഘടനയിലേക്കുള്ള മാറ്റത്തിന്റെ പ്രധാന നയമായി ഇത് മാറും.

 

മുൻഗണന IV:  

കാലാവസ്ഥാ അനുകൂലനം

 

പരമ്പരാഗത അറിവുകളിലധിഷ്ഠിതമായ ജനകേന്ദ്രീകൃത സാമൂഹ്യ പങ്കാളിത്ത നടപടികളിലൂടെ കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുന്നതില്‍ സഹകരണം മുന്നോട്ട് കൊണ്ടുപോകാനാണ് ഈ മുന്‍ഗണന  ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബ്രിക്സ് അംഗരാജ്യങ്ങളിലുടനീളം കാലാവസ്ഥാ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്ന പരമ്പരാഗത വിജ്ഞാന സംവിധാനങ്ങളെ അടിസ്ഥാനമാക്കി പ്രായോഗിക സഹകരണം, ഘടനാപരമായ വിജ്ഞാന കൈമാറ്റം,  മികച്ച രീതികളുടെ കൈമാറ്റം, നയപരമായ തീരുമാനങ്ങൾ എന്നിവ സംബന്ധിച്ച ചർച്ചകൾക്ക് ഇത് പിന്തുണ നൽകുന്നു.

 

2026-ലെ ബ്രിക്സ് അധ്യക്ഷതയ്ക്ക് കീഴിൽ കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2026 മാർച്ച് മുതൽ ജൂലൈ വരെ കാലയളവിൽ വെർച്വൽ യോഗങ്ങള്‍, സാങ്കേതിക സെഷനുകൾ, വെബിനാറുകൾ, ചർച്ചകൾ എന്നിവയിലൂടെ ആശയവിനിമയങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. വിഭവ കാര്യക്ഷമത,  ചാക്രിക സമ്പദ്ഘടന,  കാർബൺ വിപണികളെ കാലാവസ്ഥാ അനുകൂലന

ലക്ഷ്യങ്ങളുടെ ഭാഗമാക്കല്‍ എന്നിവ സംബന്ധിച്ച ചർച്ചകൾക്ക് പുറമെ ഭൂമി തരിശാകലും  മരുഭൂമീകരണവും വരൾച്ചയും തടയൽ, ദുരന്ത പ്രതിരോധത്തിന് സംയോജിത കാട്ടുതീ പരിപാലന സമീപനങ്ങൾ എന്നിവയെക്കുറിച്ചുള്ള വെബിനാറുകളും സംഘടിപ്പിച്ചു. 2026 ഓഗസ്റ്റ് 17-18 തീയതികളിൽ ന്യൂഡൽഹിയിൽ സംഘടിപ്പിക്കുന്ന നേരിട്ടുള്ള ചർച്ചകൾക്ക് അടിത്തറയൊരുക്കാനും സമവായം രൂപീകരിക്കാനും ഈ കൂടിയാലോചനകൾ സുപ്രധാന വേദിയൊരുക്കി.

 

പശ്ചാത്തലം:

 

2015-ൽ മോസ്കോയിൽ ചേര്‍ന്ന ബ്രിക്സ് പരിസ്ഥിതി മന്ത്രിമാരുടെ ആദ്യ യോഗത്തിലാണ് ബ്രിക്സ് പരിസ്ഥിതി പ്രവര്‍ത്തക സമിതി രൂപീകരിച്ചത്. അടിസ്ഥാനപരമായ പരിസ്ഥിതി മുൻഗണനകളെ അഭിസംബോധന ചെയ്യുന്നതിനും അനുഭവങ്ങളും മികച്ച പ്രവർത്തന രീതികളും പങ്കുവെക്കുന്നതിനും അംഗരാജ്യങ്ങൾ തമ്മിലെ കൂട്ടായ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും സുപ്രധാന വേദിയായാണ്  ഇത് വിഭാവനം ചെയ്തത്.

 

ബ്രിക്സ് അംഗരാജ്യങ്ങൾക്കിടയിലെ കാലാവസ്ഥാ വ്യതിയാന വിഷയങ്ങളിൽ സഹകരണത്തിന് ഫലപ്രദമായ സംവിധാനമായി 2024-ലാണ് കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര വികസനവും സംബന്ധിച്ച സമ്പര്‍ക്ക സമിതി രൂപീകരിച്ചത്.

***


(रिलीज़ आईडी: 2300128) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati , Tamil