നൈപുണ്യ വികസന, സംരംഭക
മന്ത്രാലയം
प्रविष्टि तिथि:
14 AUG 2026 5:33PM by PIB Thiruvananthpuram
ഇന്ത്യയും ജപ്പാനും തമ്മിലെ നൈപുണ്യ വികസന സഹകരണവും തൊഴിൽ സേനാ കൈമാറ്റവും ശക്തിപ്പെടുത്തുന്നതിന് കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം ഇന്ന് ന്യൂഡൽഹിയിൽ ഇന്ത്യ-ജപ്പാൻ പങ്കാളികളുടെ കൂടിയാലോചനാ യോഗം സംഘടിപ്പിച്ചു. വിദേശകാര്യ മന്ത്രാലയം, സംസ്ഥാന ഗവണ്‍മെൻ്റുകള്‍, റിക്രൂട്ടിങ് ഏജൻസികള്‍ എന്നിവയുടെ പ്രതിനിധികളും ജാപ്പനീസ് ഗവൺമെൻ്റ് - വ്യവസായ പ്രതിനിധികൾ, റിക്രൂട്ട്‌മെൻ്റ് ഏജൻസികൾ, പരിശീലന പങ്കാളികൾ, മറ്റ് പങ്കാളികള്‍ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
2025-ലെ 15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ സംയുക്തമായി പുറത്തിറക്കിയ 'ഇന്ത്യ-ജപ്പാൻ മാനവ വിഭവശേഷി കൈമാറ്റ സഹകരണ കർമപദ്ധതി' മുന്നോട്ട് കൊണ്ടുപോകുന്നതിലാണ് യോഗം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. വ്യാവസായിക അനുയോജ്യ പരിശീലനം, ജാപ്പനീസ് ഭാഷാ-സാംസ്കാരിക പരിശീലനം, അംഗീകൃത മൂല്യനിർണയങ്ങൾ, തൊഴിൽദാതാക്കളുടെ ശക്തമായ പങ്കാളിത്തം, ഇരുരാജ്യങ്ങളിലെയും സ്ഥാപനങ്ങൾ തമ്മിലെ അടുത്ത ഏകോപനം എന്നിവയിലൂടെ ഇന്ത്യയിലെ യുവജനങ്ങളെ ജപ്പാനിലെ തൊഴിലവസരങ്ങൾക്ക് സജ്ജരാക്കുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ചചെയ്തു.
കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ സഹമന്ത്രിയും (സ്വതന്ത്ര ചുമതല) വിദ്യാഭ്യാസ സഹമന്ത്രിയുമായ ശ്രീ ജയന്ത് ചൗധരി, ഇന്ത്യയിലെ ജപ്പാൻ അംബാസഡർ ശ്രീ ഒനോ കെയ്‌ചി, വിദേശകാര്യ മന്ത്രാലയത്തിലെ എമിഗ്രേഷൻ നയവും ക്ഷേമവും വിഭാഗം ജോയിൻ്റ് സെക്രട്ടറി ശ്രീമതി ഗീന ഉയിക്ക, നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയ സെക്രട്ടറി ശ്രീമതി ദേബശ്രീ മുഖർജി, അഡീഷണൽ സെക്രട്ടറി ശ്രീ നിരഞ്ജൻ കുമാർ സുധാംശു, ദേശീയ നൈപുണ്യ വികസന കോർപ്പറേഷൻ സി.ഇ.ഒ. ശ്രീ അരുൺ കുമാർ പിള്ള എന്നിവർ യോഗത്തെ അഭിസംബോധന ചെയ്തു. സെൻകെൻ കോർപ്പറേഷൻ, സോംപോ കെയർ, ഫോർത്ത് വാലി, കൊനോയികെ ഗ്രൂപ്പ്, ടൊയോട്ട കിർലോസ്‌കർ എന്നിവയുടെ പ്രതിനിധികളും കൂടിയാലോചനയിൽ പങ്കെടുത്തു. നിലവിലെ സഹകരണ ചട്ടക്കൂടുകളുടെ ഫലപ്രാപ്തി വ്യക്തമാക്കുന്നതിന് ജപ്പാനിൽ പരിശീലനം നേടുകയും ജോലി ലഭിക്കുകയും ചെയ്ത ഇന്ത്യൻ ഉദ്യോഗാർത്ഥികളുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന ദൃശ്യ-ശ്രാവ്യ അവതരണവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.
ശരിയായ നൈപുണ്യം, ആത്മവിശ്വാസം, മുന്നൊരുക്കം എന്നിവയോടെ ആഗോള അവസരങ്ങൾ പ്രാപ്യമാക്കാൻ രാജ്യത്തെ യുവജനങ്ങള്‍ പ്രാപ്തരാകണമെന്ന് യോഗത്തെ അഭിസംബോധന ചെയ്ത കേന്ദ്രമന്ത്രി ശ്രീ ജയന്ത് ചൗധരി വ്യക്തമാക്കി. വിദേശ തൊഴിൽ പാതകള്‍ സൃഷ്ടിക്കുക മാത്രമല്ല, ഓരോ ഉദ്യോഗാർത്ഥിക്കും ആവശ്യമായ സാങ്കേതിക വൈദഗ്ധ്യവും ഭാഷാ ശേഷിയും തൊഴിലിടത്തെക്കുറിച്ചുള്ള ധാരണയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ-ജപ്പാന്‍ പങ്കാളിത്തം വ്യവസായ പങ്കാളിത്തത്തോടെ ചിട്ടയായ തൊഴിൽ മാർഗങ്ങൾ രൂപപ്പെടുത്താൻ അവസരമൊരുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇന്ത്യൻ യുവജനങ്ങളുടെ അവസരങ്ങൾ വിപുലീകരിക്കുന്ന പ്രവർത്തനങ്ങളിലേക്ക് നയിക്കാൻ ചർച്ചകൾ സഹായിക്കുമെന്നും അഭിപ്രായപ്പെട്ടു.
ജപ്പാനും ഇന്ത്യയും കരുത്തുറ്റ പരസ്പര പൂരക രാജ്യങ്ങളാണെന്നും ജപ്പാനില്‍ വര്‍ധിച്ചുവരുന്ന വൈദഗ്ധ്യമാര്‍ന്ന തൊഴിലാളികളുടെ ആവശ്യകത ഇന്ത്യയിലെ വിപുലമായ യുവജനസമ്പത്തുമായി ഒത്തുപോകുന്നുവെന്നും മുഖ്യപ്രഭാഷണം നടത്തിയ ഇന്ത്യയിലെ ജപ്പാൻ അംബാസഡർ ശ്രീ ഒനോ കെയ്‌ചി പറഞ്ഞു. അനുയോജ്യമായ നൈപുണ്യ വികസനം, ജാപ്പനീസ് ഭാഷാ പരിശീലനം, സുരക്ഷിതമായ തൊഴിൽ പാതകൾ എന്നിവയിലൂടെ ഈ സാധ്യതകളെ പരസ്പരം ബന്ധിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലെ സാമ്പത്തിക-ജനകീയ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്ന പ്രായോഗിക സഹകരണത്തിനായി ഗവൺമെൻ്റിനെയും വ്യവസായ സ്ഥാപനങ്ങളെയും പരിശീലന സ്ഥാപനങ്ങളെയും ഒന്നിപ്പിക്കാന്‍ കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം സ്വാഗതം ചെയ്തു.
കർമപദ്ധതി വ്യക്തമായ ദിശാബോധം നൽകുന്നുണ്ടെന്നും വിവിധ പങ്കാളികളിലൂടെ ഏകോപിതമായി ഇത് നടപ്പാക്കുകയാണ് അടിയന്തര ചുമതലയെന്നും ചടങ്ങില്‍ സംസാരിച്ച നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയ സെക്രട്ടറി ശ്രീമതി ദേബശ്രീ മുഖർജി ചൂണ്ടിക്കാട്ടി. ഉദ്യോഗാർത്ഥികളെ കണ്ടെത്തൽ, സാങ്കേതിക നൈപുണ്യം, ഭാഷാ പരിശീലനം, മൂല്യനിർണയ സംവിധാനങ്ങൾ, യാത്രാ മുന്നൊരുക്കങ്ങള്‍, തൊഴിൽദാതാക്കളുടെ ആവശ്യകത എന്നിവ പരസ്പരം പൊരുത്തപ്പെടേണ്ടതുണ്ടെന്ന് അവർ വ്യക്തമാക്കി. മന്ത്രാലയങ്ങൾ, സംസ്ഥാനങ്ങൾ, പരിശീലന സ്ഥാപനങ്ങൾ, റിക്രൂട്ടിങ് ഏജന്‍സികള്‍, വ്യവസായ മേഖല എന്നിവയുടെ ഉത്തരവാദിത്തങ്ങളിൽ വ്യക്തത വരുത്താൻ കൂടിയാലോചന സഹായിച്ചതായും അവർ പറഞ്ഞു. ഉദ്യോഗാർത്ഥികൾ മികച്ച മുന്നൊരുക്കം നടത്തുന്നുണ്ടെന്നും അവരുടെ കഴിവുകളിൽ തൊഴിൽദാതാക്കൾക്ക് വിശ്വാസമുണ്ടെന്നും ഉറപ്പാക്കാൻ ഗുണനിലവാരം, പ്രസക്തി, ഫലപ്രാപ്തി എന്നിവയിലായിരിക്കും മന്ത്രാലയം തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അവർ വ്യക്തമാക്കി.
നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിലെ സ്ഥാപനങ്ങൾ, വിദേശകാര്യ മന്ത്രാലയം, എമിഗ്രേഷൻ നയവും ക്ഷേമവും വിഭാഗം, വടക്കുകിഴക്കൻ മേഖലാ വികസന മന്ത്രാലയം, സംസ്ഥാന നൈപുണ്യ-തൊഴിൽ വകുപ്പുകൾ, സംസ്ഥാന റിക്രൂട്ട്‌മെൻ്റ് ഏജൻസികൾ, സാങ്കേതിക ഇന്റേൺ പരിശീലന പരിപാടിക്ക് കീഴിൽ പട്ടികപ്പെടുത്തിയ സ്ഥാപനങ്ങള്‍ എന്നിവയടക്കം ഇന്ത്യൻ, ജാപ്പനീസ് പങ്കാളികളുടെ വലിയ പങ്കാളിത്തം കൂടിയാലോചന യോഗത്തിലുണ്ടായിരുന്നു. ജപ്പാൻ എംബസി, ജപ്പാൻ ഫൗണ്ടേഷൻ, ജപ്പാൻ അന്താരാഷ്ട്ര സഹകരണ ഏജൻസി, ജപ്പാൻ വിദേശ വ്യാപാര സംഘടന, ജപ്പാൻ അന്താരാഷ്ട്ര പരിശീലക - തൊഴില്‍ വൈദഗ്ധ്യ സഹകരണ സംഘടന, ഇന്ത്യയിലെ ജപ്പാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, ജാപ്പനീസ് ഗവണ്‍മെൻ്റിൻ്റെ സാമ്പത്തിക വ്യാപാര വ്യവസായ മന്ത്രാലയം എന്നിവരുടെ പങ്കാളിത്തത്തിലൂടെ നയം, നൈപുണ്യം, പരിശീലനം, തിരഞ്ഞെടുപ്പ്, തൊഴിൽദാതാക്കളുടെ കാഴ്ചപ്പാടുകൾ എന്നിവയെല്ലാം ഒരൊറ്റ വേദിയിൽ അണിനിരന്നു.
ഇന്ത്യ-ജപ്പാൻ നൈപുണ്യ സഹകരണത്തിൻ്റെ പ്രധാന വശങ്ങളിലാണ് കൂടിയാലോചനയിലെ മൂന്ന് സെഷനുകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. സാങ്കേതിക ഇൻ്റേൺ പരിശീലന പരിപാടി, നിർദിഷ്ട നൈപുണ്യമാര്‍ജിച്ച തൊഴിലാളികൾ സംരംഭം, വരാനിരിക്കുന്ന ‘നൈപുണ്യ വികസനത്തിന് തൊഴില്‍’ പരിപാടി എന്നിവയ്ക്ക് കീഴിലെ നൈപുണ്യ പാതകൾ, അവയുടെ നിര്‍വഹണ ഘടനകൾ, സംയോജന സാധ്യതകൾ, ‘നൈപുണ്യ വികസനത്തിന് തൊഴില്‍’ പരിപാടിയുടെ തയ്യാറെടുപ്പ് എന്നിവ ആദ്യ സെഷൻ പരിശോധിച്ചു. ജാപ്പനീസ് ഭാഷാ പരിശീലനത്തിൻ്റെ വ്യാപനം, മേഖലാടിസ്ഥാനത്തിലെ പാഠ്യപദ്ധതി, മൂല്യനിർണയ സംവിധാനങ്ങളിലേക്കുള്ള പ്രവേശനം, കേന്ദ്ര-സംസ്ഥാന ഗവണ്‍മെൻ്റുകളും വ്യവസായ-പരിശീലന സ്ഥാപനങ്ങളും തമ്മിലെ ശക്തമായ ഏകോപനം എന്നിവയെക്കുറിച്ച് നടത്തിയ ചർച്ചകളോടെ മാനവ വിഭവശേഷി കൈമാറ്റ കർമപദ്ധതിയിലാണ് രണ്ടാം സെഷൻ ശ്രദ്ധ കേന്ദ്രീകരിച്ചത്.
മൂന്നാം സെഷനിൽ ജാപ്പനീസ് റിക്രൂട്ട്‌മെൻ്റ് കമ്പനികളും തൊഴിൽദാതാക്കളും പങ്കാളികളോട് നേരിട്ട് സംവദിച്ചു. തൊഴിൽ നൈപുണ്യം, ഭാഷാ പ്രാവീണ്യം, തൊഴിലിട സജ്ജത, ഉദ്യോഗാർത്ഥികൾക്ക് നല്‍കുന്ന പിന്തുണ എന്നിവയെക്കുറിച്ച് ഉൾക്കാഴ്ചകൾ പങ്കുവെച്ച സെഷൻ വ്യവസായ മേഖലയിലെ യഥാർത്ഥ ആവശ്യകതകളുമായി പൊരുത്തപ്പെടേണ്ടതിൻ്റെ പ്രാധാന്യം വ്യക്തമാക്കി. ‘നൈപുണ്യ വികസനത്തിന് തൊഴില്‍’ പരിപാടിയുടെ നിര്‍വഹണം ശക്തിപ്പെടുത്താനും ഫലപ്രദമായ ഇന്ത്യ-ജപ്പാൻ തൊഴിൽ പാതകൾ സൃഷ്ടിക്കാനും ഏകോപിത പ്രവർത്തന മേഖലകൾ ഈ സെഷനുകളില്‍ തിരിച്ചറിഞ്ഞു.
ജപ്പാനിലെ ആവശ്യകതകൾക്കനുസൃതമായി നൈപുണ്യ വികസന കര്‍മരേഖ വികസിപ്പിച്ചതാണ് കൂടിയാലോചനയുടെ പ്രധാന നേട്ടം. ഈ കര്‍മരേഖ ‘നൈപുണ്യ വികസനത്തിന് തൊഴില്‍’ പരിപാടിയുടെ പാതയെക്കുറിച്ചും സാങ്കേതിക ഇൻ്റേൺ പരിശീലന പരിപാടി, നിർദിഷ്ട നൈപുണ്യമാര്‍ജിച്ച തൊഴിലാളികൾ തുടങ്ങിയ നിലവിലെ സംവിധാനങ്ങളുമായുള്ള സംയോജനത്തെക്കുറിച്ചും കൂടുതൽ വ്യക്തത നൽകും. ഒപ്പം ഉദ്യോഗാർത്ഥികളെ കണ്ടെത്തൽ, സാങ്കേതിക പരിശീലനം, ജാപ്പനീസ് ഭാഷാ-സാംസ്കാരിക മുന്നൊരുക്കങ്ങൾ, മൂല്യനിർണയ സംവിധാനങ്ങൾ, തൊഴിൽദാതാക്കളുടെ പങ്കാളിത്തം, യാത്രാ മുന്നൊരുക്കങ്ങള്‍ എന്നിവയെല്ലാം സംയോജിപ്പിക്കുകയും ചെയ്യും.
പ്രധാന മുൻഗണനകളും പ്രവർത്തനപരമായ വെല്ലുവിളികളും കൂടിയാലോചനയിൽ കണ്ടെത്തിയിട്ടുണ്ട്. ജാപ്പനീസ് ഭാഷാ പരിശീലനം വിപുലീകരിക്കുക, മൂല്യനിർണയ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക, അംഗീകൃത തൊഴിൽ മാർഗങ്ങളെക്കുറിച്ച് അവബോധം മെച്ചപ്പെടുത്തുക, സംസ്ഥാനങ്ങളും റിക്രൂട്ടിങ് ഏജന്‍സികളും പരിശീലന സ്ഥാപനങ്ങളും വ്യാവസായിക മേഖലയും തമ്മിലെ ഏകോപനം വർധിപ്പിക്കുക, ജാപ്പനീസ് തൊഴിൽദാതാക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് നൈപുണ്യം, ഭാഷാ പ്രാവീണ്യം, തൊഴിലിട സജ്ജത എന്നിവയിൽ പരിശീലനം ക്രമീകരിക്കുക എന്നിവ ഇതിലുൾപ്പെടുന്നു.
മന്ത്രാലയങ്ങൾ, സംസ്ഥാന ഗവണ്‍മെൻ്റുകള്‍, നിര്‍വഹണ ഏജൻസികൾ, പരിശീലന സ്ഥാപനങ്ങൾ, വ്യാവസായിക മേഖല എന്നിവയ്ക്ക് വ്യക്തമായ ഉത്തരവാദിത്തങ്ങളോടെ ഹ്രസ്വകാല, ഇടക്കാല, ദീർഘകാല പ്രവർത്തനങ്ങൾ ഈ കര്‍മരേഖ നിർവചിക്കും. കൃത്യമായ നാഴികക്കല്ലുകളും ഘടനാപരമായ ഭരണ-വിലയിരുത്തൽ സംവിധാനങ്ങളും ഇതിന് പിന്തുണയേകും. ‘നൈപുണ്യ വികസനത്തിന് തൊഴില്‍’ പരിപാടിയുടെ നിര്‍വഹണം ശക്തിപ്പെടുത്താനും തൊഴിൽദാതാക്കളുടെ പങ്കാളിത്തം വർധിപ്പിക്കാനും കൂടുതൽ ഫലപ്രദമായ ഇന്ത്യ-ജപ്പാൻ തൊഴിൽസേനാ പാതകൾ സൃഷ്ടിക്കാനും ഇതിലൂടെ ബഹുതല കർമ ചട്ടക്കൂടൊരുക്കും.





