ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഇൻഷുറൻസ് പോളിസി ഉടമകളുടെ പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്ന സംവിധാനം വിശദീകരിച്ച് ധനകാര്യ സേവന വകുപ്പ്

प्रविष्टि तिथि: 14 AUG 2026 3:15PM by PIB Thiruvananthpuram

ഇന്ത്യയിലുടനീളം ഇൻഷുറൻസ് പോളിസികൾ എടുക്കുന്നവരുടെ എണ്ണം അതിവേഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഉപഭോക്തൃ പരാതി പരിഹാര സംവിധാനങ്ങളെക്കുറിച്ച്  വ്യക്തമായി മനസ്സിലാക്കുന്നത് പോളിസി ഉടമകളെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമായി മാറിയിട്ടുണ്ട്. സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍  നിലവിലെ നിയന്ത്രണ പരാതി പരിഹാര മാർഗങ്ങളെയും സമീപകാല ഉപഭോക്തൃ സ്ഥിതിവിവരക്കണക്കുകളെയും കുറിച്ച്  ഓരോ പോളിസി ഉടമയ്ക്കും വ്യക്തമായ ധാരണ അനിവാര്യമാണ്.  

 

പോളിസി ഉടമകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ്    അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) കർശനവും സമയബന്ധിതവുമായ ഒരു പ്രക്രിയ നിർബന്ധമാക്കിയിട്ടുണ്ട്. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ അന്യായമായി നിരസിക്കൽ, കാലതാമസം, തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന പോളിസി വില്പന, സേവന സംബന്ധമായ മറ്റ് പ്രശ്നങ്ങൾ എന്നിവ നേരിടുന്ന ഉപഭോക്താക്കൾക്ക് താഴെ നല്‍കിയിരിക്കുന്ന ഘട്ടങ്ങളിലൂടെ പരാതികൾ ഉന്നയിക്കാം:

 

ഇൻഷുറൻസ് കമ്പനി തലം 

ഇൻഷുറൻസ് കമ്പനിയുടെ പരാതി പരിഹാര ഓഫീസറാണ് പരാതികൾ കൈകാര്യം ചെയ്യുന്ന നോഡൽ ഓഫീസർ. ഇൻഷുറൻസ് കമ്പനിയുടെ ഓരോ ഓഫീസിലും  ഉദ്യോഗസ്ഥരിൽ ഒരാളെ പരാതി പരിഹാര ഓഫീസറായി നിയമിക്കേണ്ടതുണ്ട്. കാര്യക്ഷമവും ഫലപ്രദവുമായ പരാതി പരിഹാരം ഉറപ്പാക്കുന്നതിന് ഓരോ ഇൻഷുറൻസ് കമ്പനിയും ബോർഡ് തലത്തിൽ പോളിസിഹോൾഡർ പ്രൊട്ടക്ഷൻ, ഗ്രീവൻസ് റിഡ്രസൽ ആൻഡ് ക്ലെയിംസ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

 

ഡിജിറ്റൽ സംവിധാനങ്ങൾ വഴിയോ നേരിട്ടുള്ള കത്തിടപാടുകളിലൂടെയോ ഇൻഷുറന്‍സ് കമ്പനികളുടെ കോൾ സെൻ്റർ വഴിയോ ലഭിക്കുന്ന ഓരോ പരാതിയും കമ്പനിയുടെ പരാതി നിര്‍വഹണ സംവിധാനത്തില്‍  രജിസ്റ്റർ ചെയ്യപ്പെടുന്നു. ഇൻഷുറൻസ് കമ്പനികളുടെ പരാതി നിര്‍വഹണ സംവിധാനവും ബീമാ ഭരോസ പോർട്ടലും  തമ്മിൽ സംയോജിപ്പിച്ചിട്ടുണ്ട്. ലഭിച്ച പരാതിക്ക് ഇൻഷുറൻസ് കമ്പനികൾ ഉടനടി രസീത് നൽകേണ്ടതും 14 ദിവസത്തിനകം പരിഹാരം കാണേണ്ടതുമാണ്.

 

IRDAI-യുടെ ബീമാ ഭരോസ പോർട്ടൽ 

ഇൻഷുറൻസ് മേഖലയിലുടനീളം പോളിസി ഉടമകളുടെ പരാതികൾ നിരീക്ഷിക്കുന്നതിന് IRDAI തയ്യാറാക്കിയ സംയോജിത പോർട്ടലായ ബീമാ ഭരോസ പോർട്ടലിൽ ലോഗിൻ ചെയ്ത് പരാതിക്കാർക്ക്  പരാതി രജിസ്റ്റർ ചെയ്യാനും പുരോഗതി നിരീക്ഷിക്കാനും സാധിക്കും. ഇൻഷുറൻസ് കമ്പനികൾക്കെതിരെ പരാതി സമര്‍പ്പിക്കേണ്ട പോളിസി ഉടമകൾ ആദ്യം ബന്ധപ്പെട്ട കമ്പനിയുടെ പരാതി പരിഹാര സെല്ലിനെയാണ് സമീപിക്കേണ്ടത്.

 

ന്യായമായ സമയപരിധിയ്ക്കകം ഇൻഷുറൻസ് കമ്പനിയിൽ നിന്ന് മറുപടി ലഭിക്കാതിരിക്കുകയോ കമ്പനിയുടെ മറുപടി തൃപ്തികരമല്ലാതിരിക്കുകയോ  ചെയ്താൽ ഉപഭോക്താക്കൾക്ക് IRDAI-യുടെ പോളിസിഹോൾഡേഴ്‌സ് പ്രൊട്ടക്ഷൻ & ഗ്രീവൻസ് റിഡ്രസൽ വകുപ്പിലെ പരാതി പരിഹാര  സെല്ലിനെ സമീപിക്കാം. പോളിസി ഉടമകൾക്ക് IRDAI-യുടെ ബീമാ ഭരോസ പോർട്ടലിൽ https://bimabharosa.irdai.gov.in/  എന്ന ലിങ്കിലൂടെ  ലോഗിൻ ചെയ്യാം.

 

കൂടാതെ 155255, 1800-4254-732 എന്നീ ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറുകൾ വഴിയോ complaints@irdai.gov.in  എന്ന ഇമെയിൽ വഴിയോ പൗരന്മാർക്ക് പരാതികൾ നൽകാം. തപാലിലൂടെയോ ഇമെയിൽ വഴിയോ അയക്കുന്ന പരാതികളും ബീമാ ഭരോസ പോർട്ടലിൽ രജിസ്റ്റർ ചെയ്യപ്പെടും. അതോറിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന കോൾ സെൻ്റർ 12 ഭാഷകളിൽ സഹായങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.

 

****


(रिलीज़ आईडी: 2299514) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Gujarati , Urdu , हिन्दी , Tamil