രാജ്യരക്ഷാ മന്ത്രാലയം
80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ചുവപ്പുകോട്ടയിൽ വേദിയൊരുങ്ങി
प्रविष्टि तिथि:
13 AUG 2026 4:46PM by PIB Thiruvananthpuram
2026 ഓഗസ്റ്റ് 15-ന് ഡൽഹിയിലെ ചുവപ്പുകോട്ടയിൽ നടക്കുന്ന 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേതൃത്വം നൽകും. ദേശീയ ഗീതമായ 'വന്ദേമാതര'ത്തിൻ്റെ 150 വർഷത്തെ അനശ്വര പൈതൃകം അനുസ്മരിക്കുന്നതോടൊപ്പം, 2047-ഓടെ വികസിത ഇന്ത്യയെന്ന ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിൻ്റെ പ്രയാണത്തിന് ഊർജ്ജവും അഭിലാഷങ്ങളും നിർണായക സംഭാവനയും നൽകുന്ന 'യുവശക്തി'യെ ആഘോഷിക്കുന്നതിനുമാണ് ഈ വർഷത്തെ വിപുലമായ ചടങ്ങ് സംഘടിപ്പിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ചുവപ്പുകോട്ടയിൽ ഇതാദ്യമായി 'വന്ദേമാതരം' ആലപിക്കും.
ചടങ്ങ്
ചുവപ്പുകോട്ടയിൽ എത്തുന്ന പ്രധാനമന്ത്രിയെ രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്, സഹമന്ത്രി ശ്രീ സഞ്ജയ് സേത്ത്, പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിംഗ് എന്നിവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് ഡൽഹി ഏരിയ ജനറൽ ഓഫീസർ കമാൻഡിംഗ് (GoC) ലഫ്റ്റനൻ്റ് ജനറൽ രാജേഷ് സേഥിയെ പ്രതിരോധ സെക്രട്ടറി പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തും. അതിനുശേഷം, ഡൽഹി ഏരിയ GoC പ്രധാനമന്ത്രിയെ സല്യൂട്ടിംഗ് ബേസിലേക്ക് ആനയിക്കുകയും, അവിടെ കര-നാവിക-വ്യോമസേനകളുടെയും ഡൽഹി പോലീസിൻ്റെയും സംയുക്ത സംഘം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ജനറൽ സല്യൂട്ട് നൽകുകയും ചെയ്യും. തുടർന്ന് പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ പരിശോധിക്കും.
പ്രധാനമന്ത്രിക്കുള്ള ഗാർഡ് ഓഫ് ഓണർ സംഘത്തിൽ കരസേന, നാവികസേന, വ്യോമസേന, ഡൽഹി പോലീസ് എന്നിവയിൽ നിന്ന് ഓരോ ഓഫീസറും 24 വീതം മറ്റ് ഉദ്യോഗസ്ഥരും ഉണ്ടായിരിക്കും. ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഏകോപന ചുമതല ഇന്ത്യൻ കരസേനയ്ക്കാണ്. ഗാർഡ് ഓഫ് ഓണറിന് ലെഫ്റ്റനൻ്റ് കേണൽ അർജുൻ സിംഗ് നേതൃത്വം നൽകും. പ്രധാനമന്ത്രിയുടെ ഗാർഡിലെ കരസേനാ സംഘത്തെ മേജർ ആദിത്യ ശർമ്മയും, നാവികസേനാ സംഘത്തെ ലെഫ്റ്റനൻ്റ് കമാൻഡർ നീലം റാണയും, വ്യോമസേനാ സംഘത്തെ സ്ക്വാഡ്രൺ ലീഡർ വിപിൻ കുമാറും നയിക്കും. അഡീഷണൽ ഡി.സി.പി ശ്രീ വിനീത് കുമാറാണ് ഡൽഹി പോലീസ് സംഘത്തെ നയിക്കുന്നത്.
ഗാർഡ് ഓഫ് ഓണർ പരിശോധിച്ച ശേഷം, പ്രധാനമന്ത്രി ചുവപ്പുകോട്ടയുടെ കൊത്തളത്തിലേക്ക് പോകും. അവിടെ രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്, സഹമന്ത്രി ശ്രീ സഞ്ജയ് സേത്ത്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ്, നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ, കരസേനാ മേധാവി ജനറൽ ധീരജ് സേത്ത് എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിക്കും. തുടർന്ന് ദേശീയപതാക ഉയർത്തുന്നതിനായി ഡൽഹി ഏരിയ GoC പ്രധാനമന്ത്രിയെ കൊത്തളത്തിലെ വേദിയിലേക്ക് ആനയിക്കും.
ക്യാപ്റ്റൻ സോണിയ സിംഗ് ചൗഹാൻ ദേശീയപതാക ഉയർത്തുന്നതിൽ പ്രധാനമന്ത്രിയെ സഹായിക്കും. കരസേനയിലെ 1721 ഫീൽഡ് ബാറ്ററിയിലെ (സെറിമോണിയൽ) ധീരരായ പീരങ്കിപ്പടയാളികൾ നൽകുന്ന 21 ആചാര വെടിയൊച്ചകളുടെ അകമ്പടിയോടെയായിരിക്കും പതാക ഉയർത്തൽ നടക്കുക. തദ്ദേശീയമായി നിർമ്മിച്ച 105 എം.എം ലൈറ്റ് ഫീൽഡ് ഗണ്ണുകൾ ഉപയോഗിക്കുന്ന ഈ സെറിമോണിയൽ ബാറ്ററിക്ക് മേജർ പവൻ സിംഗ് ഷെഖാവത്ത് നേതൃത്വം നൽകും. ഗൺ പൊസിഷൻ ഓഫീസറായി നായിബ് സുബേദാർ (അസിസ്റ്റൻ്റ് ഇൻസ്ട്രക്ടർ ഇൻ ഗണ്ണറി) അനുതോഷ് സർക്കാർ ചുമതല വഹിക്കും.
കരസേന, നാവികസേന, വ്യോമസേന, ഡൽഹി പോലീസ് എന്നിവയിൽ നിന്നുള്ള ഓരോ ഓഫീസറും മറ്റ് റാങ്കുകളിലുള്ള 32 വീതം ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ദേശീയപതാക ഗാർഡ്, പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുന്ന വേളയിൽ രാഷ്ട്ര സല്യൂട്ട് അർപ്പിക്കും. മേജർ ലോകേന്ദ്ര സിംഗ് ഷെഖാവത്തായിരിക്കും ഈ ഇൻ്റർ-സർവീസസ് ഗാർഡിനും പോലീസ് ഗാർഡിനും നേതൃത്വം നൽകുക.
ദേശീയപതാക ഗാർഡിലെ കരസേനാ സംഘത്തെ മേജർ വികാസ് യാദവും നാവികസേനാ സംഘത്തെ ലെഫ്റ്റനൻ്റ് കമാൻഡർ അഭിലാഷും വ്യോമസേനാ സംഘത്തെ സ്ക്വാഡ്രൺ ലീഡർ ഉമേഷ് ജി. യും നയിക്കും. ഡൽഹി പോലീസ് സംഘത്തെ അഡീഷണൽ ഡി.സി.പി. ശ്രീ വികാസ് മീണയാണ് നയിക്കുക.
ത്രിവർണ്ണ പതാക ഉയർത്തിയ ശേഷം അതിന് രാഷ്ട്ര സല്യൂട്ട് നൽകും. തുടർന്ന് ഒരു ജെ.സി.ഒയും മറ്റ് റാങ്കിലുള്ള 25 ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന കരസേനാ ബാൻഡ് 'വന്ദേമാതരം' വായിക്കുകയും ചുവപ്പുകോട്ടയിൽ സന്നിഹിതരായ എല്ലാവരും ചേർന്ന് ദേശീയഗീതം പാടുകയും ചെയ്യും. അതിനുശേഷം ദേശീയ ഗാനം ആലപിക്കും. സുബേദാർ ഈശ്വർ സിംഗാണ് ബാൻഡിന് നേതൃത്വം നൽകുക.
പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തിയ ഉടൻ തന്നെ, ഇന്ത്യൻ വ്യോമസേനയുടെ രണ്ട് Mi-17 ഹെലികോപ്റ്ററുകൾ ചടങ്ങ് നടക്കുന്ന വേദിയിൽ പുഷ്പവൃഷ്ടി നടത്തും. ഇതിൽ ഒരു ഹെലികോപ്റ്ററിൽ ദേശീയപതാകയും മറ്റൊന്നിൽ 'വന്ദേമാതരം' എന്ന് ആലേഖനം ചെയ്ത പതാകയും വഹിച്ചായിരിക്കും പറക്കുക. വിംഗ് കമാൻഡർ രജത്, സ്ക്വാഡ്രൺ ലീഡർ അങ്കിത് വർഷ്ണി എന്നിവരാണ് ഹെലികോപ്റ്ററുകൾ നിയന്ത്രിക്കുന്നത്.
പുഷ്പവൃഷ്ടിക്ക് ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. അദ്ദേഹത്തിൻ്റെ പ്രസംഗം പൂർത്തിയായ ശേഷം, നാഷണൽ കേഡറ്റ് കോർപ്സ് (എൻ.സി.സി) കേഡറ്റുകളും 'മൈ ഭാരത്' വോളണ്ടിയർമാരും ദേശീയഗീതമായ വന്ദേമാതരവും തുടർന്ന് ദേശീയ ഗാനവും ആലപിക്കും. കരസേന, നാവികസേന, വ്യോമസേന എന്നിവയിലെ ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന 2,500 കേഡറ്റുകളും 'മൈ ഭാരത്' വോളണ്ടിയർമാരും ആഘോഷങ്ങളിൽ പങ്കെടുക്കും. കൊത്തളത്തിന് എതിർവശത്തുള്ള ഗ്യാൻപഥിൽ ആയിരിക്കും ഇവർക്ക് ഇരിപ്പിടമൊരുക്കുന്നത്. ഇവർ 'വന്ദേമാതരം' (वंदे मातरम्) എന്ന രൂപത്തിൽ അണിനിരക്കും. 'വികസിത ഭാരതം @2047' എന്ന പ്രമേയം ചിത്രീകരിക്കുന്ന വ്യൂ കട്ടറുകൾ ഗ്യാൻപഥിൽ സ്ഥാപിക്കും.
പ്രത്യേക ക്ഷണിതാക്കൾ
ഈ വർഷം ചുവപ്പുകോട്ടയിൽ നടക്കുന്ന ആഘോഷ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുന്നതിനായി സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നുള്ള അയ്യായിരത്തോളം വിശിഷ്ട അതിഥികളെ ക്ഷണിച്ചിട്ടുണ്ട്. ഇവരിൽ താഴെപ്പറയുന്നവർ ഉൾപ്പെടുന്നു:
- അന്താരാഷ്ട്ര യോഗ ദിന വോളണ്ടിയർമാർ
- പിഎം മുദ്ര യോജനയ്ക്ക് കീഴിലുള്ള വനിതാ സംരംഭകർ
- നമസ്തേ, പി.എം. അജയ്, സീഡ് പദ്ധതികളുടെ ഗുണഭോക്താക്കൾ
- മികച്ച പ്രകടനം കാഴ്ചവെച്ച മൈ ഭാരത് വോളണ്ടിയർമാർ
- പി.എം.എ.വൈ (യു) പദ്ധതിയിലെ മികച്ച പ്രകടനം കാഴ്ചവെച്ച ഗുണഭോക്താക്കൾ
- പിഎം സ്വനിധി പദ്ധതിക്ക് കീഴിലുള്ള തെരുവ് കച്ചവടക്കാർ
- സ്വച്ഛ് ഭാരത് മിഷന് കീഴിലുള്ള നഗര ശുചീകരണ തൊഴിലാളികൾ
- മികച്ച പ്രകടനം കാഴ്ചവെച്ച ഡൽഹി മെട്രോ ജീവനക്കാർ
- കർത്തവ്യ പഥ് / സെൻട്രൽ വിസ്ത എന്നിവിടങ്ങളിലെ മികച്ച പ്രകടനം കാഴ്ചവെച്ച തൊഴിലാളികൾ
- ദേശീയ ഇന്നൊവേഷൻ പരിപാടികൾക്ക് കീഴിലുള്ള യുവ നൂതനാശയക്കാർ
- വിവിധ മേഖലകളിലെ ശാസ്ത്രജ്ഞർ/നൂതനാശയക്കാർ
- ഡൽഹി ഭാരത് ടാക്സിയിലെ സാരഥിമാർ/കാബ് ഡ്രൈവർമാർ/ടാക്സി ഡ്രൈവർമാർ
- പ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതിക്ക് കീഴിലുള്ള മികച്ച ഇൻ്റേണുകൾ
- വിവിധ പദ്ധതികൾക്ക് കീഴിൽ പിന്തുണ ലഭിച്ച മികച്ച പ്രകടനം കാഴ്ചവെച്ച സ്റ്റാർട്ടപ്പുകൾ
- പിഎം കൗശൽ വികാസ് യോജനയ്ക്ക് കീഴിൽ പരിശീലനം നേടി മികച്ച പ്രകടനം കാഴ്ചവെച്ച യുവജനങ്ങൾ
- സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ടിന് കീഴിൽ പിന്തുണ ലഭിച്ച മികച്ച പ്രകടനം കാഴ്ചവെച്ച സ്റ്റാർട്ടപ്പുകൾ
- ഡൽഹിയിലെ ഗവണ്മെൻ്റ് ആശുപത്രികളിലെ നഴ്സിംഗ് ഓർഡർലിമാർ (വാർഡ് അറ്റൻഡൻ്റുമാർ), മറ്റ് ജീവനക്കാർ
- പിഎം സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജനയുടെ ഗുണഭോക്താക്കൾ
- പിഎം വിശ്വകർമ പദ്ധതിക്ക് കീഴിലുള്ള കരകൗശലത്തൊഴിലാളികൾ
- പ്രധാനമന്ത്രി ശ്രം യോഗി മാൻധൻ (PM-SYM) യോജനയ്ക്ക് കീഴിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗുണഭോക്താക്കൾ
- പ്രധാനമന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ-യോജനയ്ക്ക് (PM-MKSSY) കീഴിൽ മികച്ച പ്രകടനം കാഴ്ചവെച്ച കർഷകർ
- വിവിധ പ്രശ്നോത്തരികൾ, മത്സരങ്ങൾ എന്നിവയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഡൽഹി ഗവണ്മെൻ്റ് സ്കൂളുകളിലെ വിദ്യാർത്ഥികൾ
കൂടാതെ, വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള, പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച 1,500-ലധികം ആളുകളെയും ഈ മഹത്തായ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ക്ഷണിച്ചിട്ടുണ്ട്.
പൊതുജനങ്ങൾക്കുള്ള സൗകര്യങ്ങൾ
- ക്ലോക്ക് റൂം സൗകര്യം: കഴിഞ്ഞ റിപ്പബ്ലിക് ദിന, സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ സന്ദർശകരിൽ നിന്ന് വലിയ പ്രശംസ പിടിച്ചുപറ്റിയ സൗകര്യമാണ് ക്ലോക്ക് റൂമുകൾ. ജനങ്ങളുടെ സൗകര്യാർത്ഥം, വരാനിരിക്കുന്ന ആഘോഷങ്ങൾക്കായി ആറ് സ്ഥലങ്ങളിലായി 25 ക്ലോക്ക് റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്.
- ഹെൽപ്പ് ഡെസ്കുകളിലെ വോളണ്ടിയർമാർ: മൈ ഭാരതിൽ നിന്ന് 100 പേരും എൻ.സി.സിയിൽ നിന്ന് 100 പേരുമുൾപ്പെടെ 200 വോളണ്ടിയർമാർ പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം ചേര്‍ന്ന് സന്ദർശകർക്ക് അവർക്ക് അനുവദിച്ചിട്ടുള്ള ഇരിപ്പിടങ്ങളിലേക്ക് എത്തിച്ചേരുന്നതിന് ആവശ്യമായ സഹായം നൽകും. ചുവപ്പുകോട്ടയിലേക്കുള്ള വഴിയിൽ ഇവരെ തിരിച്ചറിയാനാകും.
- വീൽചെയർ സൗകര്യം: വീൽചെയർ സഹായം ആവശ്യമായ സന്ദർശകർക്കായി മെട്രോ സ്റ്റേഷനുകളിലും പാർക്കിംഗ് ഏരിയകളിലും എൻ.സി.സി കേഡറ്റുകളുടെ സേവനം ലഭ്യമായിരിക്കും.
- മെട്രോ സേവനങ്ങൾ: ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി ഓഗസ്റ്റ് 15-ന് പുലർച്ചെ 4 മണി മുതൽ മെട്രോ സർവീസ് ആരംഭിക്കും. ക്ഷണിതാക്കൾക്ക് മെട്രോ യാത്ര പൂർണ്ണമായും സൗജന്യമായിരിക്കും. ഇ-ക്ഷണക്കത്തിനൊപ്പം മെട്രോ യാത്രയ്ക്കുള്ള ക്യു.ആർ. കോഡും ലഭ്യമാക്കും.
- പരേഡ് ഗ്രൗണ്ടിൽ പാർക്കിംഗ് സൗകര്യം: സാധുവായ പാർക്കിംഗ് ലേബലുകൾ ഉള്ള സന്ദർശകർക്ക് പരേഡ് ഗ്രൗണ്ടിൽ പാർക്കിംഗ് സൗകര്യം ലഭ്യമായിരിക്കും.
- കാൽനടയാത്രക്കാർക്കുള്ള റാമ്പ് സൗകര്യം: അപ്പർ സുഭാഷ് മാർഗിൽ നിന്ന് ലോവർ സുഭാഷ് മാർഗിലേക്കുള്ള കാൽനടയാത്രക്കാരുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനായി ശക്തമായ റാമ്പുകളും പടികളും സ്ഥാപിച്ചിട്ടുണ്ട്.
- ഗൂഗിൾ, മാപ്പ്ൾസ് മാപ്പുകളുടെ ഉപയോഗം: പ്രധാന ചടങ്ങ് നടക്കുന്ന ദിവസം ജനങ്ങളുടെ സൗകര്യാർത്ഥം ട്രാഫിക് നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഗൂഗിൾ മാപ്പിലും, മാപ്പ്ൾസ് മാപ്പിലും ലഭ്യമായിരിക്കും.
- ക്ഷണക്കത്ത്: ഈ വർഷത്തെ ക്ഷണക്കത്തിൽ 'സേവാ തീർത്ഥ്', 'ധർമ്മചക്രം' എന്നിവയാണ് ചിത്രീകരിച്ചിരിക്കുന്നത്.
- റെയിൻ പോഞ്ചോകൾ: പ്രധാന ചടങ്ങ് നടക്കുന്ന ദിവസത്തെ പ്രവചനാതീതമായ കാലാവസ്ഥ കണക്കിലെടുത്ത്, കൊത്തളത്തിലെ വിശിഷ്ട വ്യക്തികൾക്ക് പുറമെ മാധവ് ദാസ് പാർക്കിലെയും ഓഗസ്റ്റ് 15 പാർക്കിലെയും എല്ലാ ക്ഷണിതാക്കൾക്കും മഴയിൽ നിന്ന് സംരക്ഷണം നൽകുന്നതിനായി മഴക്കോട്ട് നൽകുന്നതാണ്.
സിറ്റിംഗ് എൻക്ലോഷറുകളുടെ നാമകരണം
വി.ഐ.പി സംസ്കാരം അവസാനിപ്പിക്കുന്നതിനും ജലസംരക്ഷണത്തിൻ്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനുമായി 2026-ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ സിറ്റിംഗ് എൻക്ലോഷറുകൾക്ക് ഇന്ത്യയിലെ നദികളുടെ പേരുകളാണ് നൽകിയിരുന്നത്. എന്നാൽ ഇത്തവണത്തെ
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, ഇന്ത്യയിലെ പ്രധാന തടാകങ്ങളുടെ പേരുകളാണ് സിറ്റിംഗ് എൻക്ലോഷറുകൾക്ക് നൽകിയിരിക്കുന്നത്. ബഡ്ഖൽ, ഭീംതാൽ, ചന്ദ്രതാൽ, ചിൽക്ക, ദൽപത് സാഗർ, ദിംന, ദൂധ്‌സാഗർ, ഹാഫ്ലോംഗ്, ഹരികെ, ഹുസൈൻ സാഗർ, കൻവാർ, കങ്കാരിയ, കൊല്ലേരു, ലോക്‌തക്, ലോണാർ, പാംഗോങ് ത്സോ, പുലിക്കട്ട്, പുഷ്കർ, രവീന്ദ്ര സരോവർ, രാംഗഢ് താൽ, രുദ്രസാഗർ, സഖ്യ സാഗർ, ശാന്തി സാഗർ, വേമ്പനാട്, വൂളാർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സ്വച്ഛതാ ക്യാമ്പയിൻ (ശുചിത്വ യജ്ഞം)
ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്ക് ശേഷം, എൻ.സി.സി കേഡറ്റുകളെയും മൈ ഭാരത് വോളണ്ടിയർമാരെയും പങ്കാളികളാക്കിക്കൊണ്ട് പ്രത്യേക ശുചിത്വ പ്രചാരണം സംഘടിപ്പിക്കുന്നു. ചുവപ്പുകോട്ടയിലെ ചടങ്ങുകൾ സമാപിച്ചശേഷം കാണികൾ പിരിഞ്ഞുപോകുന്നതോടെ മാലിന്യങ്ങൾ ശേഖരിക്കാനും അവ ഉടനടി നീക്കം ചെയ്യാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഡ്രെയിനേജ് മാനേജ്‌മെൻ്റ്
സ്വാതന്ത്ര്യദിന ചടങ്ങിനിടെ മഴപെയ്യാനുള്ള സാധ്യത കണക്കിലെടുത്ത്, പ്രദേശത്ത് വെള്ളം കെട്ടിനിൽക്കുന്നതും കവിഞ്ഞൊഴുകുന്നതും തടയുന്നതിനായി വിപുലമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ചുവപ്പുകോട്ടയിലും പരിസര പ്രദേശങ്ങളിലുമുള്ള ഡ്രെയിനേജ്, മലിനജല സംവിധാനങ്ങൾ സമഗ്രമായി ശുചീകരിച്ചുവരികയാണ്.
മത്സരങ്ങൾ
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, പ്രതിരോധ മന്ത്രാലയം My Gov -മായി സഹകരിച്ച് വിവിധ പ്രശ്നോത്തരികളും, മത്സരങ്ങളും സംഘടിപ്പിച്ചു. മത്സരങ്ങളുടെ വിശദാംശങ്ങൾ ഇപ്രകാരമാണ്:
- '2047-ഓടെ വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ നിർമ്മിതബുദ്ധിയുടെ പങ്ക്' എന്ന വിഷയത്തിൽ ഉപന്യാസ മത്സരം.
- 'ഇന്ത്യ 1947 വേഴ്സസ് ഇന്ത്യ 2047' എന്ന വിഷയത്തിൽ ചിത്രരചനാ മത്സരം.
- 'ഇന്ത്യൻ ഭരണഘടന - മൗലികാവകാശങ്ങൾ, മൗലിക കടമകൾ, പ്രധാന അനുച്ഛേദങ്ങൾ, ഭരണഘടനാ ശിൽപികൾ; ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വനിതകൾ - റാണി ലക്ഷ്മിബായി മുതൽ സരോജിനി നായിഡു വരെയും അതിനുശേഷവും; ആധുനിക ഇന്ത്യയുടെ പ്രധാന നാഴികക്കല്ലുകൾ: സാങ്കേതിക പുരോഗതികളും ബഹിരാകാശ സാങ്കേതികവിദ്യയിലെ നേട്ടങ്ങളും; ആണവ സാങ്കേതികവിദ്യയിലെ ഇന്ത്യയുടെ വിജയഗാഥ' തുടങ്ങിയ വിവിധ വിഷയങ്ങള ആസ്പദമാക്കി ഓൺലൈൻ പ്രശ്നോത്തരി.


ഈ മത്സരങ്ങളിലെ 600-ഓളം വിജയികളും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ പങ്കാളികളാകും. കൂടാതെ, ഈ ദേശീയ ആഘോഷങ്ങളിൽ പൗരന്മാരെ പങ്കാളികളാക്കുന്നതിനായി മറ്റ് മന്ത്രാലയങ്ങളും വകുപ്പുകളും ഡൽഹി ഗവണ്മെൻ്റും ഡൽഹി എൻ.സി.ടി. പോലീസും ചേർന്ന് താഴെപ്പറയുന്ന ഓൺലൈൻ പ്രശ്നോത്തരി മത്സരങ്ങളും മറ്റ് പരിപാടികളും സംഘടിപ്പിച്ചു.
- ഡൽഹി ദേശീയ തലസ്ഥാന പ്രദേശ (NCT) ഗവണ്മെൻ്റ് വിദ്യാഭ്യാസ വകുപ്പ്: മൈ ഭാരത് കോളാഷ് മത്സരം; സല്യൂട്ട് ദി ഹീറോസ് – വാൾ ഡിസ്‌പ്ലേ പ്രവർത്തനം; സാംസ്കാരിക ഫ്യൂഷൻ പ്രകടനങ്ങൾ/മത്സരങ്ങൾ; പ്രശ്നോത്തരി റിലേ; പുനരുപയോഗ ഉൽപ്പന്നങ്ങൾ കൊണ്ടുള്ള ത്രിവർണ്ണ കലാപ്രവർത്തനം; തിരംഗ സൈക്ലോത്തൺ; തിരംഗ റൺ; തിരംഗ വാക്കത്തോൺ; ഹർ ഘർ തിരംഗ
- ഡൽഹി പോലീസ്: 'യഥാർത്ഥ ദേശസ്നേഹം' എന്ന വിഷയത്തിൽ സംവാദ മത്സരം; ദേശഭക്തിഗാന ആലാപന മത്സരം; സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ചുള്ള ഉപന്യാസ രചനയും പ്രശ്നോത്തരി മത്സരവും; 'ദേശീയ ഐക്യം' എന്ന വിഷയത്തിൽ മുദ്രാവാക്യ രചന, സർഗ്ഗാത്മക രചനാ മത്സരവും; 'ആത്മനിർഭർ ഭാരത്' എന്ന വിഷയത്തിൽ പോസ്റ്റർ നിർമ്മാണവും ചിത്രരചനാ മത്സരവും; 'ദേശീയ ഐക്യം' പ്രമേയമാക്കിയുള്ള തെരുവ് നാടകം; മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ പരിപാടികൾ; സ്ത്രീ സുരക്ഷയും സ്വയം പ്രതിരോധ പരിപാടിയും; സൈബർ ബോധവൽക്കരണവും സൈബർ സുരക്ഷാ പരിപാടിയും; കൂടാതെ 'വൈവിധ്യത്തിൽ ഏകത്വം' സാംസ്കാരിക പരിപാടിയും.
സൈനിക ബാൻഡ് പ്രകടനങ്ങൾ
പൗരന്മാർക്കിടയിൽ ദേശസ്നേഹം വളർത്തുന്നതിനും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനുമായി, രാജ്യത്തുടനീളമുള്ള 343 പ്രമുഖ കേന്ദ്രങ്ങളിൽ നിരവധി ബാൻഡ് പ്രകടനങ്ങൾ സംഘടിപ്പിക്കുന്നു. കരസേന, നാവികസേന, വ്യോമസേന, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, എൻ.സി.സി, സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സി.ആർ.പി.എഫ്), ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐ.ടി.ബി.പി), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്), സശസ്ത്ര സീമാ ബൽ (എസ്.എസ്.ബി), ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബി.എസ്.എഫ്), ഇൻ്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് (ഐ.ഡി.എസ്), റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ.പി.എഫ്), അസം റൈഫിൾസ് എന്നിവയുടെ ബാൻഡുകളാണ് പ്രകടനങ്ങൾ നടത്തുന്നത്. ഈ ബാൻഡ് പ്രകടനം നടക്കുന്ന വേദികളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

ദ്വീപുകളിൽ ദേശീയപതാക ഉയർത്തൽ
ആൻഡമാൻ, നിക്കോബാർ ദ്വീപുകളിലും ലക്ഷദ്വീപിലും ഇന്ത്യൻ നാവികസേനയും പ്രാദേശിക ഭരണകൂടവും ചേർന്ന് ദേശീയപതാക ഉയർത്തൽ ചടങ്ങ് നടത്തും.
******
(रिलीज़ आईडी: 2299241)
आगंतुक पटल : 5