ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

മുംബൈ ആദായനികുതി വകുപ്പ് സ്പോർട്സ് ക്വാട്ടയിൽ 97 കായികതാരങ്ങൾക്ക് നിയമനം നൽകി

प्रविष्टि तिथि: 12 AUG 2026 6:14PM by PIB Thiruvananthpuram

മികച്ച കഴിവുള്ളവരെ പൊതുസേവന രംഗത്ത് പ്രോത്സാഹിപ്പിക്കുന്നതിനും കായിക മികവിനെ ആദരിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത കൂടുതൽ ശക്തമാക്കിക്കൊണ്ട്, മുംബൈ ആദായനികുതി വകുപ്പ് സ്പോർട്സ് ക്വാട്ടയിൽ 97 പ്രമുഖ കായികതാരങ്ങളെ നിയമിച്ചു. മുംബൈ ആയ്കർ ഭവനിൽ നടന്ന ചടങ്ങിൽ മുംബൈ ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ശ്രീ അലോക് കുമാർ, പുതിയതായി നിയമനം ലഭിച്ച കായികതാരങ്ങൾക്ക് നിയമന ഉത്തരവുകൾ കൈമാറി.

 

97 ഒഴിവുകളിലേക്ക് 07.01.2026-ലെ വിജ്ഞാപന പ്രകാരമാണ് അപേക്ഷകൾ ക്ഷണിച്ചിരുന്നത്. വിവിധ കായിക ഇനങ്ങളിൽ നിന്നായി 3,595 അപേക്ഷകളാണ് ലഭിച്ചത്. നിർദ്ദിഷ്ട മാനദണ്ഡങ്ങൾ അനുസരിച്ച് കൃത്യമായ പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ശേഷം, യോഗ്യതയുടെ അടിസ്ഥാനത്തിൽ 97 പേരെ തിരഞ്ഞെടുക്കുകയായിരുന്നു.

തിരഞ്ഞെടുക്കപ്പെട്ട കായികതാരങ്ങളിൽ 80 ശതമാനത്തിലധികവും അന്താരാഷ്ട്ര തലത്തിൽ പങ്കെടുത്തവരോ രാജ്യത്തെ പ്രതിനിധീകരിച്ചവരോ ആണെന്നത് വകുപ്പിൽ ചേരുന്ന ഉദ്യോഗസ്ഥരുടെ നിലവാരത്തെ എടുത്തുകാണിക്കുന്നു.

മുംബൈ രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിലെ ഓൾറൗണ്ടറും ഇന്ത്യൻ ടെസ്റ്റ് ടീമിൽ അംഗവുമായിരുന്ന ശ്രീ തനുഷ് കൊട്ടിയാൻ, അഹമ്മദാബാദിൽ നടന്ന പ്രഥമ യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ (2026) രണ്ട് സ്വർണ്ണ മെഡലുകൾ നേടിയ ശ്രീ അഭിഷേക്, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം ശ്രീമതി തേജൽ ഹസബ്നിസ്, ന്യൂഡൽഹിയിൽ നടന്ന ലോക ഷൂട്ടിംഗ് പാരാ സ്പോർട്സ് ലോക കപ്പിൽ (2024) ടീം സ്വർണ്ണ മെഡലും അൽ ഐൻ ദുബായിൽ നടന്ന ഡബ്ല്യു.എസ്.പി.എസ് ലോക കപ്പിൽ (2025) സ്വർണ്ണ മെഡലും നേടിയ പാരാ കായികതാരം ശ്രീ ആകാശ് എന്നിവരാണ് നിയമനം ലഭിച്ച പ്രമുഖരായ ചില പുതുമുഖങ്ങൾ.

 

കായിക മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കഴിവ് തെളിയിച്ച കായികതാരങ്ങൾക്ക് രാജ്യത്തെ സേവിക്കാനുള്ള അവസരം ഒരുക്കുന്നതിലും ആദായനികുതി വകുപ്പിന്റെ ഈ നിയമനം ഒരു പ്രധാന നാഴികക്കല്ലാണ്. ചടങ്ങിൽ സംസാരിച്ച ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ശ്രീ അലോക് കുമാർ, പുതുതായി നിയമനം ലഭിച്ചവർക്ക് അവരുടെ കായിക പരിശീലനവും മത്സരങ്ങളും തുടരാനുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പുനൽകി. കായിക ജീവിതത്തിൽ പുലർത്തിയ അതേ അച്ചടക്കവും നിശ്ചയദാർഢ്യവും മികവും പൊതുസേവനത്തിലും പ്രാവർത്തികമാക്കാൻ പുതുതായി നിയമിതരായവർക്ക് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

 

നിയമന പരിപാടിയുടെ ഭാഗമായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട കായികതാരങ്ങൾക്ക് അവരുടെ ചുമതലകൾ, ഉത്തരവാദിത്വങ്ങൾ, ബാധകമായ ഗവൺമെൻ്റ് ചട്ടങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരണം നൽകി.

****


(रिलीज़ आईडी: 2298701) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Marathi , Gujarati