കൃഷി മന്ത്രാലയം
കേന്ദ്ര കൃഷി മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ദേശീയ സ്കോളർഷിപ്പ് പോർട്ടൽ ഉദ്ഘാടനം ചെയ്തു
പോസ്റ്റഡ് ഓണ്‍:
11 AUG 2026 12:01PM by PIB Thiruvananthpuram
രാജ്യത്തുടനീളമുള്ള കാർഷിക വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പ്, ഫെലോഷിപ്പ് തുകകൾ കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ വിതരണം ചെയ്തു. പുസയിലെ ഐ.സി.എ.ആർ.-ഐ.എ.ആർ.ഐ.-യിൽ തിങ്കളാഴ്ച നടന്ന ചടങ്ങിൽ ദേശീയ സ്കോളർഷിപ്പ് പോർട്ടൽ (NSP) വഴിയാണ് ഫണ്ട് കൈമാറിയത്. ഈ സംരംഭത്തിൻ്റെ ഭാഗമായി 6,000-ത്തിലധികം വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT) വഴി മൊത്തം 21.35 കോടി രൂപ വിതരണം ചെയ്തു. ഈ പുതിയ സംവിധാനം നിലവിൽ വന്നതോടെ, അനാവശ്യ ബുദ്ധിമുട്ടുകളോ കാലതാമസമോ നേരിടാതെ കാർഷിക വിദ്യാർത്ഥികൾക്ക് ഇനി എല്ലാ മാസവും ഡി.ബി.ടി വഴി സ്കോളർഷിപ്പ് തുക ലഭിക്കും. സ്കോളർഷിപ്പ് വിതരണ പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിദ്യാർത്ഥികൾക്ക് സമയബന്ധിതമായും തടസ്സമില്ലാതെയും സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് ഈ സംരംഭം നടപ്പിലാക്കിയിരിക്കുന്നത്.
സ്കോളർഷിപ്പ് എന്നത് വെറും സാമ്പത്തിക സഹായം മാത്രമല്ലെന്നും കാർഷിക വിദ്യാഭ്യാസത്തെ കൂടുതൽ ശക്തവും പ്രായോഗികവും അവസരങ്ങളുമായി മികച്ച രീതിയിൽ ബന്ധിപ്പിക്കുന്നതുമായ ഒരു മാർഗ്ഗമാണെന്നും ചടങ്ങിൽ സംസാരിച്ച കേന്ദ്ര കൃഷി മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ഡി.ബി.ടി സംവിധാനം നിലവിൽ വന്നതോടെ വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് സാമ്പത്തിക സഹായം ലഭിക്കുമെന്നും കാലങ്ങളായി നിലനിന്നിരുന്ന കാലതാമസത്തിൻ്റെ പ്രശ്നം ഇല്ലാതാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കാർഷിക വിദ്യാഭ്യാസത്തിൽ പ്രായോഗിക പരിശീലനം വളരെ പ്രധാനമാണെന്ന് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ഊന്നിപ്പറഞ്ഞു. ക്ലാസ് മുറികളിലെ പഠനം കൊണ്ട് മാത്രം മികച്ച കർഷകരെയോ ശാസ്ത്രജ്ഞരെയോ കാർഷിക സംരംഭകരെയോ സൃഷ്ടിക്കാനാകില്ല. അതിനാൽ ക്ലാസ് മുറികൾക്ക് അപ്പുറത്തേക്ക് പ്രായോഗിക പരിചയം നേടാനും കാർഷിക മേഖലയിലെ യാഥാർഥ്യങ്ങൾ മനസ്സിലാക്കാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ-പരിശീലന സംവിധാനങ്ങൾ നിരന്തരം ശക്തിപ്പെടുത്തുന്നതിനായി നിർദ്ദേശങ്ങളും ആശയങ്ങളും പങ്കുവെക്കാൻ അദ്ദേഹം വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു. അറിവ് പകർന്നുനൽകുക എന്നത് മാത്രമല്ല, കാർഷിക മേഖലയ്ക്ക് ഫലപ്രദമായി സംഭാവനകൾ നൽകുന്നതിനാവശ്യമായ പ്രായോഗിക കഴിവുകളും ആത്മവിശ്വാസവും ധാരണയും നൽകിക്കൊണ്ട് യുവജനങ്ങളെ പ്രാപ്തരാക്കുക എന്നതും കാർഷിക വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും മാർഗ്ഗനിർദ്ദേശത്തിലും കാർഷിക മേഖലയിൽ ഭക്ഷ്യസുരക്ഷ, പോഷകാഹാരം, കർഷകരുടെ വരുമാന സുരക്ഷ എന്നിവയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് ശ്രീ ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ഐ.സി.എ.ആർ (ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച്) ശാസ്ത്രജ്ഞരുടെ സംഭാവനകളെ പ്രശംസിച്ച അദ്ദേഹം, കർഷകരുടെ കഠിനാധ്വാനത്തോടൊപ്പം ശാസ്ത്രജ്ഞരുടെ ഗവേഷണങ്ങളും രാജ്യത്തെ ഭക്ഷ്യധാന്യ കരുതൽ ശേഖരം ശക്തിപ്പെടുത്തിയെന്നും ഇന്ത്യയുടെ കാർഷിക പുരോഗതിക്ക് ഗണ്യമായ സംഭാവന നൽകിയെന്നും ചൂണ്ടിക്കാട്ടി. കരിയർ കെട്ടിപ്പടുക്കുന്നതിനോടൊപ്പം വലിയ ലക്ഷ്യങ്ങൾ മുന്നിൽക്കണ്ട് പ്രവർത്തിക്കണമെന്നും രാജ്യത്തിനായി അർത്ഥവത്തായ കാര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം യുവജനങ്ങളോട് ആഹ്വാനം ചെയ്തു. കാർഷിക വിദ്യാർത്ഥികൾ കേവലം തൊഴിൽ അന്വേഷകരായി മാത്രം ഒതുങ്ങാതെ നൂതനാശയങ്ങൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണം എന്നിവയിൽ നേതൃത്വപരമായ പങ്ക് വഹിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കാർഷിക മേഖലയെ വിശാലമായ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു മേഖലയായി കാണാനും ഉയർന്നുവരുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ സംഭാവന നൽകാനും അദ്ദേഹം യുവതലമുറയെ പ്രോത്സാഹിപ്പിച്ചു. ഈ മേഖലയിലെ ശാസ്ത്രീയ മുന്നേറ്റങ്ങളും സംരംഭകത്വവും നവീകരണവും മുന്നോട്ട് കൊണ്ടുപോകുന്നതിൽ യുവ കാർഷിക പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും നിർണായക പങ്കുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
എൻ.എസ്.പി.-ഡി.ബി.ടി. സംവിധാനം സ്കോളർഷിപ്പ് വിതരണം കൂടുതൽ സുതാര്യവും വേഗതയേറിയതും തടസ്സമില്ലാത്തതുമാക്കുമെന്ന് ശ്രീ ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ഈ സംവിധാനം വഴി വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും, സ്കോളർഷിപ്പ് തുക ലഭിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തെക്കുറിച്ചുള്ള ആശങ്കയില്ലാതെ പഠനത്തിൽ കൂടുതൽ ഫലപ്രദമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് അവരെ പ്രാപ്തരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അക്കാദമിക അറിവുകൾ നൽകുന്നതിനോടൊപ്പം പ്രായോഗിക കഴിവുകളും കാർഷിക മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളെക്കുറിച്ചുള്ള ധാരണയും നൽകുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായം കെട്ടിപ്പടുക്കേണ്ടതിൻ്റെ ആവശ്യകത കേന്ദ്രമന്ത്രി ഊന്നിപ്പറഞ്ഞു.
'ഹരിയാലി അമാവാസി' പ്രമാണിച്ച് രാജ്യത്തുടനീളമുള്ള ഐ.സി.എ.ആർ സ്ഥാപനങ്ങളിലെ കാർഷിക വിദ്യാർത്ഥികളോട് വൃക്ഷത്തൈകൾ നടാൻ ശ്രീ ചൗഹാൻ ആഹ്വാനം ചെയ്തു. കാർഷിക മേഖലയോടും പരിസ്ഥിതിയോടുമുള്ള കൂട്ടായ ഉത്തരവാദിത്തത്തിൻ്റെ ഭാഗമാണ് ഹരിത സംരംഭങ്ങളെന്ന് പറഞ്ഞ അദ്ദേഹം, വൃക്ഷത്തൈ നടീൽ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളായിക്കൊണ്ട് പരിസ്ഥിതിയോടുള്ള അവബോധവും ഉത്തരവാദിത്വബോധവും വളർത്തിയെടുക്കുന്നതിൽ സംഭാവന നൽകാനും അദ്ദേഹം വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു.
SKY
******
( റിലീസ് ഐ.ഡി: 2297543)
സന്ദര്‍ശക കൗണ്ടര്‍ : 28