വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

യൂട്ടിലിറ്റി, കൊറിയർ, ലോജിസ്റ്റിക്സ് മേഖലകളിലെ സേവനങ്ങളും ഇടപാടുകളുമായി ബന്ധപ്പെട്ട ഫോണ്‍ കോളുകൾക്ക് 1601 ശ്രേണിയിലെ നമ്പറുകൾ ഘട്ടംഘട്ടമായി നടപ്പാക്കാന്‍ തുടക്കമിട്ട് ട്രായ്

പോസ്റ്റഡ് ഓണ്‍: 10 AUG 2026 4:28PM by PIB Thiruvananthpuram

ബാങ്കിങ്, സാമ്പത്തിക സേവന ഇൻഷുറൻസ് മേഖലകൾക്കും (BFSI) ബാങ്കിങ് ഇതര ഗവണ്‍മെൻ്റ്  സ്ഥാപനങ്ങൾക്കും നേരത്തെ അനുവദിച്ച 1600 ശ്രേണിയിലെ നമ്പറുകൾക്ക് പുറമെ മറ്റ് മേഖലകളിലെ സേവനങ്ങളും ഇടപാടുകളുമായി ബന്ധപ്പെട്ട  ഫോണ്‍ കോളുകൾക്ക് 1601 ശ്രേണിയിലെ നമ്പറുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഇന്ന് നിർദേശം പുറപ്പെടുവിച്ചു. BFSI  മേഖലയും ഗവണ്‍മെൻ്റും  നടത്തുന്ന ആശയവിനിമയങ്ങളുടെ സുപ്രധാനവും രഹസ്യാത്മകവുമായ സ്വഭാവം കണക്കിലെടുത്ത് പ്രധാന സാമ്പത്തിക വിവരങ്ങളടങ്ങിയ വോയ്സ് കോളുകൾ മറ്റ് മേഖലകളിലെ കോളുകളുമായി കലർന്നുപോകാതിരിക്കാനാണ്  പുതിയ നമ്പര്‍ ശ്രേണി അനുവദിച്ചിരിക്കുന്നത്.

 

BFSI മേഖലയിലെ സ്ഥാപനങ്ങൾ സേവനങ്ങളും ഇടപാടുകളുമായി ബന്ധപ്പെട്ട കോളുകൾക്ക് 1600 ശ്രേണിയിലെ നമ്പറുകൾ വ്യാപകമായി ഉപയോഗിച്ചതിലൂടെ ലഭിച്ച അനുഭവത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇത്തരം വിശ്വസനീയ നമ്പറിംഗ് രീതി മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കാൻ ട്രായ് തീരുമാനിച്ചത്. ടെലികോം വകുപ്പ്  അനുവദിച്ച 1601 ശ്രേണിയിലെ നമ്പറുകള്‍ BFSI, ഗവണ്‍മെൻ്റ്  ഇതര മേഖലകളിലെ സമാന കോളുകൾക്ക് ഘട്ടംഘട്ടമായി നടപ്പാക്കാൻ ട്രായ്  തുടക്കം കുറിച്ചിരിക്കുകയാണ്. ബന്ധപ്പെട്ട പങ്കാളികളുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ആദ്യ ഘട്ടത്തിൽ  യൂട്ടിലിറ്റി, കൊറിയർ, ലോജിസ്റ്റിക്സ് മേഖലകളിലെ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി ഈ സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചു.

 

ടെലികോം സേവന ദാതാക്കള്‍  കൃത്യമായ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം യോഗ്യരായ സ്ഥാപനങ്ങൾക്ക് നേരിട്ടാണ് 1601 ശ്രേണിയിലെ നമ്പറുകൾ അനുവദിക്കുക.  ഇടനിലക്കാർക്കോ അഗ്രിഗേറ്റർമാർക്കോ ഇത് നൽകില്ല. അതിനാൽ സാധാരണ 10 അക്ക നമ്പറുകൾ ഉപയോഗിച്ച് ഔദ്യോഗിക സ്ഥാപനങ്ങളുടെ പ്രതിനിധികളെന്ന വ്യാജേന വിളിക്കുന്ന തട്ടിപ്പുകാരെ തടയുന്നതിൽ ഈ നമ്പറുകളുടെ ഉപയോഗം നിർണായക പങ്കുവഹിക്കും. കൂടാതെ സേവനങ്ങളും ഇടപാടുകളുമായി ബന്ധപ്പെട്ട യഥാർത്ഥ കോളുകൾ എളുപ്പം തിരിച്ചറിയാൻ  ഈ പ്രത്യേക ശ്രേണിയിലെ നമ്പർ ഉപഭോക്താക്കളെ സഹായിക്കുകയും ഇത്തരം വോയ്സ് കോളുകളിലെ  വിശ്വാസ്യത വർധിപ്പിക്കുകയും ചെയ്യും.  

നിർദേശത്തിലെ പ്രധാന വ്യവസ്ഥകൾ: 

A. ആദ്യഘട്ടത്തിലെ  മേഖലകൾ : 1601 ശ്രേണിയിലെ നമ്പറുകള്‍ ആദ്യ ഘട്ടത്തിൽ താഴെ നല്‍കിയിരിക്കുന്ന മേഖലകളിലെ യോഗ്യരായ സ്ഥാപനങ്ങൾക്കായിരിക്കും അനുവദിക്കുക:

i. യൂട്ടിലിറ്റി സേവനങ്ങൾ - വൈദ്യുതി വിതരണ കമ്പനികൾ, കുടിവെള്ള വിതരണ ഏജൻസികൾ, സിറ്റി ഗ്യാസ് വിതരണ കമ്പനികൾ, എൽ.പി.ജി. വിതരണ സ്ഥാപനങ്ങൾ, മറ്റ് സമാന അവശ്യസേവന ദാതാക്കൾ.

ii. ലോജിസ്റ്റിക്സ്, കൊറിയർ സേവനങ്ങൾ - കൊറിയർ കമ്പനികൾ, എക്സ്പ്രസ് ലോജിസ്റ്റിക്സ് കമ്പനികൾ, പാഴ്സൽ ഡെലിവറി സേവന ദാതാക്കൾ, ഉല്പന്നങ്ങൾ എത്തിക്കുന്ന ഫ്രൈറ്റ് ആൻഡ് ലോജിസ്റ്റിക്സ് സേവന ദാതാക്കൾ.

B. സമയബന്ധിത മാറ്റം :   ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ 90 ദിവസത്തിനകം ആദ്യഘട്ടത്തിൽ ഉൾപ്പെട്ട യോഗ്യരായ സ്ഥാപനങ്ങളെ  പുതിയ സംവിധാനത്തിലേക്ക് മാറ്റുന്ന പ്രക്രിയ പൂർത്തിയാക്കാൻ ടെലികോം സേവന ദാതാക്കളോട്  നിർദേശിച്ചിട്ടുണ്ട്.

C. പരിശോധനയും പ്രത്യേക ഉപയോഗവും: 1601 ശ്രേണിയിലെ നമ്പറുകൾ അനുവദിക്കുന്നതിന് മുന്‍പ് ടെലികോം സേവന ദാതാക്കള്‍  സ്ഥാപനങ്ങളുടെ യോഗ്യത പരിശോധിച്ച് ഉറപ്പുവരുത്തണം  കൂടാതെ, ഈ നമ്പറുകൾ സേവനങ്ങളും ഇടപാടുകളുമായി ബന്ധപ്പെട്ട വോയ്സ് കോളുകൾക്ക് മാത്രമാണ് ഉപയോഗിക്കുകയെന്നും  പരസ്യങ്ങളുമായി ബന്ധപ്പെട്ട കോളുകൾക്ക് ഒരു കാരണവശാലും ഉപയോഗിക്കില്ലെന്നും വ്യക്തമാക്കുന്ന സത്യവാങ്മൂലം സ്ഥാപനങ്ങളിൽ നിന്ന് വാങ്ങുകയും വേണം.

****


( റിലീസ് ഐ.ഡി: 2297262) സന്ദര്‍ശക കൗണ്ടര്‍ : 29
ഈ റിലീസ് വായിക്കുക: English , Gujarati , Urdu , हिन्दी , Bengali , Tamil , Kannada