പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
azadi ka amrit mahotsav

ഫോസിൽ ഇന്ധനേതര വൈദ്യുതോല്പാദന ശേഷിയിൽ 300 ജിഗാവാട്ടിൻ്റെ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ

പോസ്റ്റഡ് ഓണ്‍: 09 AUG 2026 2:31PM by PIB Thiruvananthpuram

സംശുദ്ധ ഊര്‍ജ്ജത്തിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനത്തിലും കാലാവസ്ഥാ ലക്ഷ്യങ്ങളിലും നിർണായക നേട്ടവുമായി ഫോസിൽ ഇന്ധനേതര മാർഗങ്ങളിലൂടെ രാജ്യത്ത് ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ആകെ ഉല്പാദന ശേഷി 300 ജിഗാവാട്ട് പിന്നിട്ടു. 2026 ജൂലൈ 31 വരെയുള്ള കണക്കനുസരിച്ചാണിത്. 2030-ഓടെ കൈവരിക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന 500 ജിഗാവാട്ടിൻ്റെ 60 ശതമാനത്തിലധികമാണ് നേട്ടം. 

 

ഫോസിൽ ഇന്ധനേതര വൈദ്യുതോല്പാദന ശേഷിയുടെ വിശദാംശങ്ങൾ (2026 ജൂലൈ 31 വരെയുള്ള കണക്കുകള്‍ പ്രകാരം):

 

  • സൗരോർജ്ജം: 164.59 ജിഗാവാട്ട്

  • കാറ്റില്‍നിന്നുള്ള ഊർജ്ജം: 58.14 ജിഗാവാട്ട്

  • വന്‍കിട, ചെറുകിട ജലവൈദ്യുത പദ്ധതികള്‍: 57.24 ജിഗാവാട്ട്

  • ജൈവോര്‍ജ്ജം (Bio-power): 11.75 ജിഗാവാട്ട്

  • ആണവോർജ്ജം: 8.78 ജിഗാവാട്ട്

  • ആകെ ഫോസിൽ ഇന്ധനേതര ശേഷി: 300.50 ജിഗാവാട്ട്

 

രാജ്യത്തെ ആകെ വൈദ്യുതോല്പാദന ശേഷിയുടെ (നിലവിൽ ഏകദേശം 552 ജിഗാവാട്ട്) 54 ശതമാനത്തിലേറെയും ഫോസിൽ ഇന്ധനേതര ഉറവിടങ്ങളിൽനിന്നാണ്.  

 

ഊർജ്ജ മേഖലയിലെ പരിവർത്തനത്തിന് കേന്ദ്ര ഗവണ്മെൻ്റ് നൽകിയ നയപരമായ പിന്തുണയുടെ ഫലമായി കൈവരിച്ച ചരിത്രപരമായ ഈ നേട്ടം സ്വയംപര്യാപ്ത ഊർജ്ജ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലും 2030-ഓടെ 500 ജിഗാവാട്ട് എന്ന ലക്ഷ്യം കൈവരിക്കുന്നതിലും ഇന്ത്യയുടെ ദ്രുതഗതിയിലുള്ള മുന്നേറ്റം വ്യക്തമാക്കുന്നു.  

 

സംശുദ്ധ ഊർജ്ജത്തിൻ്റെ ആകെ ഉല്പാദനത്തില്‍ കൈവരിച്ച ഈ വളർച്ചയ്ക്ക് വിവിധ മേഖലകൾ മികച്ച സംഭാവന നൽകിയിട്ടുണ്ട്. സൗരോർജ്ജ മേഖല തന്നെയാണ് പ്രധാന വളർച്ചാ ഘടകം. 2014-ൽ കേവലം 2.8 ജിഗാവാട്ടായിരുന്ന സൗരോർജ്ജ ഉല്പാദനം നിലവിൽ ഏകദേശം 165 ജിഗാവാട്ടായി ഉയർന്നു. ഒപ്പം കാറ്റില്‍നിന്നുള്ള ഊര്‍ജ്ജം 2014 ലെ 21 ജിഗാവാട്ടിൽ നിന്ന് 58 ജിഗാവാട്ടിലധികമായി വളർന്ന് മികച്ച മുന്നേറ്റം കൈവരിച്ചു.

 

2025-26 സാമ്പത്തിക വർഷം മാത്രം 55.29 ജിഗാവാട്ടിൻ്റെ റെക്കോഡ് ഫോസിൽ ഇന്ധനേതര വൈദ്യുത ശേഷിയാണ് രാജ്യത്ത് പുതുതായി കൂട്ടിച്ചേർത്തത്. ഇതിൽ പ്രധാന പങ്കും സൗരോർജ്ജം (44.6 ജിഗാവാട്ട്), കാറ്റില്‍നിന്നുള്ള ഊർജ്ജം (6 ജിഗാവാട്ട്) എന്നിവയിൽ നിന്നാണ്.

 

പുനരുപയോഗ ഊർജ്ജ ശേഷിയിലെ ഈ അതിവേഗ പുരോഗതി രാജ്യത്തെ മൊത്തം പുനരുപയോഗ ഊർജ്ജോല്പാദനത്തിലും പ്രതിഫലിക്കുന്നു. 2014-15 ലെ 190.96 ബില്യൺ യൂണിറ്റുകളിൽ നിന്ന് 2025-26 ൽ ഇത് 477.79 ബില്യൺ യൂണിറ്റായി ഉയർന്നു.

 

ദ്രുതഗതിയിലുള്ള ഈ വികസനത്തിന് പിന്തുണ നൽകാനും വിതരണ ശൃംഖലയിലെ സ്വയംപര്യാപ്തത ഉറപ്പാക്കാനും ലക്ഷ്യമിട്ട് ആഭ്യന്തര ഉല്പാദന ശേഷി രാജ്യം അടിമുടി മാറ്റിയെഴുതി. കാര്യക്ഷമത കൂടിയതും ആഭ്യന്തരമായി ഉല്പാദിപ്പിക്കുന്നതുമായ സൗരോര്‍ജ്ജ മൊഡ്യൂളുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഉല്പാദന അനുബന്ധ പ്രോത്സാഹന (പിഎല്‍ഐ) പദ്ധതിയുടെ കരുത്തോടെ അംഗീകൃത ഉൽപ്പാദകരുടെയും മാതൃകകളുടെയും പട്ടികയില്‍ (ALMM) ഉൾപ്പെട്ട സോളാർ പിവി മൊഡ്യൂളുകളുടെ ശേഷി 200 ജിഗാവാട്ട് എന്ന ചരിത്രപരമായ നാഴികക്കല്ല് കൈവരിച്ചു. 2014-ല്‍ ഇത് വെറും 2.3 ജിഗാവാട്ടായിരുന്നു. 

 

ഹരിതോര്‍ജ്ജത്തിലേക്കുള്ള മാറ്റം കേവലം കാലാവസ്ഥാ പ്രതിബദ്ധത കൊണ്ട് മാത്രമല്ല, ഇന്ത്യയുടെ വ്യാവസായിക മത്സരശേഷിയും ഊർജ്ജ സ്വാതന്ത്ര്യവും സാമ്പത്തിക ഭദ്രതയും  രൂപപ്പെടുത്തുന്നതിലും ഈ പരിവര്‍ത്തനം സുപ്രധാന പങ്കുവഹിക്കുന്നു.

 

ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തിലൂടെ ഹരിത ഹൈഡ്രജൻ്റെയും അനുബന്ധ ഉല്പന്നങ്ങളുടെയും ഉല്പാദനം, ഉപയോഗം, കയറ്റുമതി എന്നിവയിൽ ഇന്ത്യയെ ആഗോള കേന്ദ്രമാക്കി മാറ്റാനും വ്യാവസായിക മേഖലകളിലെ കാർബൺ ബഹിര്‍ഗമനം ഗണ്യമായി കുറയ്ക്കാനും കേന്ദ്ര നവ-പുനരുപയോഗ ഊർജ്ജ മന്ത്രാലയം പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.

***


( റിലീസ് ഐ.ഡി: 2296910) സന്ദര്‍ശക കൗണ്ടര്‍ : 33
ഈ റിലീസ് വായിക്കുക: Kannada , English , Urdu , हिन्दी , Marathi , Tamil , Telugu