ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പുതുച്ചേരി പോലീസിന് പ്രസിഡൻ്റ്സ് കളേഴ്‌സ് സമ്മാനിച്ചു
പോസ്റ്റഡ് ഓണ്‍:
09 AUG 2026 1:14PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് പുതുച്ചേരി പോലീസിന് പ്രസിഡൻ്റ്സ് കളേഴ്‌സ് സമ്മാനിച്ചു. ലെഫ്റ്റനൻ്റ് ഗവർണർ ശ്രീ കെ. കൈലാസനാഥൻ, പുതുച്ചേരി മുഖ്യമന്ത്രി ശ്രീ എൻ. രംഗസാമി എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.
ദക്ഷിണേന്ത്യയുടെ ആത്മീയവും സാംസ്കാരികവുമായ ചൈതന്യത്തിൻ്റെ ജീവിക്കുന്ന പ്രതീകമാണ് പുതുച്ചേരിയെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. പ്രസിഡൻ്റ്സ് കളേഴ്‌സ് ലഭിച്ച രാജ്യത്തെ പോലീസ് സേനകളുടെ നിരയിലേക്ക് ഇന്ന് പുതുച്ചേരി പോലീസും ഉയർന്നിരിക്കുകയാണ്. പുതുച്ചേരി പോലീസിന് പ്രസിഡൻ്റ്സ് കളേഴ്‌സ് ലഭിച്ചത് ഈ സേനയുടെ ധീരതയ്ക്കും കഠിനാധ്വാനത്തിനും അർപ്പണബോധത്തിനുമുള്ള അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസിഡൻ്റ്സ് കളേഴ്‌സ് ബഹുമതി ലഭിക്കുന്നത് ഏതൊരു പോലീസ് സേനയെ സംബന്ധിച്ചും ഏറ്റവും അഭിമാനകരമായ നിമിഷങ്ങളിൽ ഒന്നാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. പുതുച്ചേരിയെ സംരക്ഷിക്കുക, അതിൻ്റെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കുക, അന്തസ്സ് കാത്തുസൂക്ഷിക്കുക എന്നീ ചുമതലകളാണ് പുതുച്ചേരി പോലീസിൽ നിക്ഷിപ്തമായിരിക്കുന്നത്. സേനയുടെ കഠിനാധ്വാനം, ധീരത, സേവനം, അർപ്പണബോധം എന്നിവയ്ക്കുള്ള അംഗീകാരമായാണ് പുതുച്ചേരി പോലീസിന് ഈ അഭിമാനകരമായ ബഹുമതി ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദീർഘകാലം ഫ്രഞ്ച് ഭരണത്തിൻ്റെ അധീനതയിലായിരുന്നിട്ടും, ഇന്ത്യൻ സ്വത്വവും ആത്മീയ ചൈതന്യവും കാത്തുസൂക്ഷിക്കാൻ പുതുച്ചേരിക്ക് സാധിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. 1963 ഒക്ടോബർ 1-നാണ് പുതുച്ചേരിയിൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് എന്ന തസ്തിക നിലവിൽ വന്നത്. അന്നുമുതൽ, ഈ അതിർത്തി മേഖലയുടെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുന്നതിൽ പുതുച്ചേരി പോലീസ് നിർണായക പങ്കാണ് വഹിക്കുന്നത്.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ബ്രിട്ടീഷ് ഭരണകാലത്തെ ശിക്ഷാനിയമങ്ങൾക്ക് പകരം മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ കേന്ദ്ര ഗവണ്മെൻ്റ് കൊണ്ടുവന്നതായി ശ്രീ അമിത് ഷാ പറഞ്ഞു. ഈ പുതിയ നിയമങ്ങൾ കേവലം ശിക്ഷ ഉറപ്പാക്കാൻ മാത്രമുള്ളതല്ലെന്നും, സാങ്കേതികവിദ്യയുടെ സഹായത്തോടെ സമയബന്ധിതമായി പൗരന്മാർക്ക് നീതി ലഭ്യമാക്കുകയാണ് അവയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സാങ്കേതികവിദ്യ, സമയപരിധി, വിശ്വാസം എന്നീ മൂന്ന് സ്തംഭങ്ങളിന്മേലാണ് പുതിയ ക്രിമിനൽ നിയമങ്ങൾ അധിഷ്ഠിതമായിരിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കേന്ദ്രഭരണ പ്രദേശങ്ങളെ ശക്തിപ്പെടുത്തുന്നതിനായി കഴിഞ്ഞ 12 വർഷത്തിനിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. പുതുച്ചേരിയുടെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി കേന്ദ്ര ഗവണ്മെൻ്റ് നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2,200 കോടി രൂപ ചെലവിൽ ദേശീയപാത 332-എ നാലുവരിപ്പാതയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ഏകദേശം 3,400 മീറ്റർ നീളവും 45 മീറ്റർ വീതിയുമുള്ള വികസിപ്പിച്ച റൺവേ മോദി ഗവണ്മെൻ്റ് ഇവിടെ നിർമ്മിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
1950 മുതൽ 2014 വരെയുള്ള കാലയളവിൽ പുതുച്ചേരിയുടെ വികസന പ്രവർത്തനങ്ങൾക്കായി കേന്ദ്ര ഗവണ്മെൻ്റ് 3,500 കോടി രൂപ മാത്രമാണ് നൽകിയതെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. എന്നാൽ 2014-നും 2026-നും ഇടയിൽ പുതുച്ചേരിയുടെ വികസനത്തിനായി മോദി ഗവണ്മെൻ്റ് 13,762 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും, ഇത് മുൻപ് നൽകിയ തുകയേക്കാൾ ഏകദേശം നാലിരട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 39,000 കോടി രൂപയുടെ വ്യവസായ നിക്ഷേപങ്ങൾ പുതുച്ചേരിയിൽ കൊണ്ടുവരാൻ കേന്ദ്ര ഗവണ്മെൻ്റിന് സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി. ലാഖ്‌പതി ദീദി, ജൽ ജീവൻ മിഷൻ, ആയുഷ്മാൻ ഭാരത്, ശൗചാലയ നിർമ്മാണം, സൗജന്യ ഭക്ഷ്യധാന്യ പദ്ധതി, ഉജ്ജ്വല യോജന, പ്രധാനമന്ത്രി ആവാസ് യോജന, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം തുടങ്ങിയ പദ്ധതികളുടെ പ്രയോജനം പുതുച്ചേരിയിലെ ജനങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, പുതുച്ചേരിയുടെ വികസനത്തിന് കേന്ദ്ര ഗവണ്മെൻ്റ് പ്രതിജ്ഞാബദ്ധമാണെന്നും ജനങ്ങളെ അഹോരാത്രം സേവിക്കാൻ സദാ സന്നദ്ധമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
***
( റിലീസ് ഐ.ഡി: 2296827)
സന്ദര്‍ശക കൗണ്ടര്‍ : 26
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu