രാജ്യരക്ഷാ മന്ത്രാലയം
പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ ഏതറ്റവും വരെയും പോകുമെന്ന സന്ദേശമാണ് ഓപ്പറേഷൻ സിന്ദൂർ ലോകത്തിന് നൽകിയതെന്ന് രക്ഷാ മന്ത്രി
പോസ്റ്റഡ് ഓണ്‍:
09 AUG 2026 1:51PM by PIB Thiruvananthpuram
"ഓപ്പറേഷൻ സിന്ദൂർ നമ്മുടെ പ്രതിരോധ സേനയുടെ സമാനതകളില്ലാത്ത ധീരത വെളിവാക്കി. നമ്മുടെ സ്ത്രീകളുടെ സിന്ദൂരം സംരക്ഷിക്കുന്നതോടൊപ്പം പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ ഏതറ്റവും വരെയും പോകുമെന്ന ആഗോള സന്ദേശമാണ് സേന നൽകിയത്," 2026 ഓഗസ്റ്റ് 09-ന് ഡൽഹി കൻ്റോൺമെൻ്റിലെ ബേസ് ആശുപത്രിയിൽ നടന്ന ‘സിന്ദൂർ മഹാ രക്തദാൻ യാത്ര’ രക്തദാന ക്യാമ്പിനെ അഭിസംബോധന ചെയ്തുകൊണ്ട് രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. പാകിസ്ഥാനിൽ പ്രവർത്തിച്ചിരുന്ന ഭീകരരെയും അവരുടെ സഹായികളെയും വധിക്കുകയും ഇന്ത്യയെ ദുഷ്ടാലാക്കോടെ സമീപിക്കാൻ തുനിഞ്ഞവർക്ക് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഉറപ്പാക്കുകയും ചെയ്ത ഇന്ത്യൻ പ്രതിരോധ സേനയെ അദ്ദേഹം പ്രശംസിച്ചു.

സിന്ദൂർ മഹാ രക്തദാൻ യാത്രയെ പ്രകീർത്തിച്ച ശ്രീ രാജ്‌നാഥ് സിംഗ്, ഓപ്പറേഷൻ സിന്ദൂർ ധീരതയുടെ പ്രതീകമാണെങ്കിൽ, ഈ മെഗാ രക്തദാന ക്യാമ്പ് കരുണയുടെയും സഹാനുഭൂതിയുടെയും പ്രതീകമാണെന്ന് പ്രസ്താവിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള ആയിരത്തോളം ഗുസ്തിക്കാരും കായികതാരങ്ങളും രക്തദാനം ചെയ്തവരിൽ ഉൾപ്പെടുന്നു. ഇത് നിസ്വാർത്ഥ സേവന മനോഭാവത്തെയും പ്രതിരോധ സേനയോടുള്ള ഐക്യദാർഢ്യത്തെയും എടുത്തുകാണിക്കുന്നു.


രക്തദാതാക്കൾക്ക് നന്ദി അറിയിച്ച രക്ഷാ മന്ത്രി, അവർ ഇന്ന് ദാനം ചെയ്ത രക്തം ഭാവിയിൽ ആവശ്യക്കാരായ സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും വിശ്വസനീയമായ കരുതൽ ശേഖരമായി മാറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും ശ്രദ്ധേയമായ പുരോഗതിയുണ്ടായിട്ടും മനുഷ്യരക്തത്തിന് കൃത്രിമ ബദൽ ഇതുവരെ വികസിപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, രക്തദാനത്തെ 'ജീവദാന'മെന്നും 'മഹാദാന'മെന്നും വിശേഷിപ്പിച്ചു. രക്തം മനുഷ്യശരീരത്തിന് മാത്രമേ ഉത്പാദിപ്പിക്കാനും ഒരാളിൽ നിന്ന് മറ്റൊരാൾക്ക് ദാനം ചെയ്യാനും സാധിക്കൂ എന്നതിനാൽ രക്തദാനം ഏറ്റവും ഉൽകൃഷ്ടമായ ധർമ്മപ്രവൃത്തിയായി തുടരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ രക്തദാതാവും അത് സ്വീകരിക്കുന്ന വ്യക്തിയും അവരുടേതായ രീതിയിൽ രാജ്യത്തെ സേവിക്കുകയാണെന്ന് ശ്രീ രാജ്‌നാഥ് സിംഗ് എടുത്തുപറഞ്ഞു. ജനങ്ങൾ, പ്രത്യേകിച്ച് യുവാക്കൾ, രക്തദാനം ഒരു സംസ്കാരമാക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. "2047-ൽ നമ്മുടെ സ്വാതന്ത്ര്യത്തിൻ്റെ 100 വർഷം ആഘോഷിക്കുമ്പോൾ, നമ്മുടെ ലക്ഷ്യം വികസിത സമ്പദ് വ്യവസ്ഥയിൽ മാത്രം ഒതുങ്ങരുത്; ജനങ്ങൾ ആരോഗ്യവന്മാരും സുരക്ഷിതരുമായിരിക്കുന്ന, ആവശ്യഘട്ടങ്ങളിൽ രക്തം പോലുള്ള വിലയേറിയ വിഭവങ്ങൾ എളുപ്പത്തിൽ ലഭ്യമാകുന്ന ഒരു കാരുണ്യമുള്ള സമൂഹത്തെയും നാം വിഭാവനം ചെയ്യണം," അദ്ദേഹം പറഞ്ഞു.

കായികക്ഷമതയ്ക്ക് മുൻഗണന നൽകാൻ യുവാക്കളോട് ആഹ്വാനം ചെയ്ത രക്ഷാമന്ത്രി, ആരോഗ്യവാനും കായികക്ഷമതയുള്ളതുമായ ഒരു വ്യക്തി സമൂഹത്തിന് വലിയൊരു സ്വത്തായി മാറുമെന്നും രക്തദാനം പോലുള്ള മഹത്തായ ലക്ഷ്യങ്ങൾ ഏറ്റെടുക്കാൻ അവർ കൂടുതൽ പ്രാപ്തരാകുമെന്നും ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്മെൻ്റ് ഖേലോ ഇന്ത്യ, ഫിറ്റ് ഇന്ത്യ തുടങ്ങിയ സംരംഭങ്ങളിലൂടെ പൗരന്മാരെ, പ്രത്യേകിച്ച് യുവാക്കളെ, കായികക്ഷമത ഒരു ജീവിതരീതിയായി സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്രയുടെ ധീരതയുടെയും കാരുണ്യത്തിൻ്റെയും അനശ്വര പാരമ്പര്യത്തെ എടുത്തുപറഞ്ഞ ശ്രീ രാജ്‌നാഥ് സിംഗ്, ഛത്രപതി ശിവജി മഹാരാജിൻ്റെ പാരമ്പര്യം തലമുറകളെ തുടർന്നും പ്രചോദിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞു. ശാരീരിക ശക്തിയുടെ യഥാർത്ഥ ലക്ഷ്യം മറ്റുള്ളവരെ സംരക്ഷിക്കുന്നതിലും രാജ്യത്തെ സംരക്ഷിക്കുന്നതിലുമാണെന്ന് അദ്ദേഹം പറഞ്ഞു. ഛത്രപതി ശിവജി മഹാരാജിൻ്റെ മണ്ണിൽ നിന്നുള്ള കായികതാരങ്ങളുടെയും ഗുസ്തിക്കാരുടെയും സംഭാവന രാജ്യത്തിനുള്ള മഹത്തായ സേവനമായി സ്മരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ശ്രീ ഏക്നാഥ് ഷിൻഡെ; ആയുഷ് മന്ത്രാലയത്തിൻ്റെ ചുമതലയുള്ള സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ പ്രതാപ റാവു ജാധവ്; മഹാരാഷ്ട്ര വ്യവസായ മന്ത്രി ശ്രീ ഉദയ് രവീന്ദ്ര സാമന്ത്; പാർലമെൻ്റ് അംഗം ഡോ. ശ്രീകാന്ത് ലതാ ഏക്നാഥ് ഷിൻഡെ; ആർമി സ്റ്റാഫ് ചീഫ് ജനറൽ ധീരജ് സേത്ത്; ഡിജി ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് (AFMS) സർജൻ വൈസ് അഡ്മിറൽ ആരതി സരിൻ; അഡ്ജൻ്റ് ജനറൽ ലെഫ്റ്റനൻ്റ് ജനറൽ വി.പി.എസ്. കൗശിക്; ഡൽഹി കൻ്റോൺമെൻ്റ് ബേസ് ആശുപത്രി കമാൻഡൻ്റ് മേജർ ജനറൽ വിശാൽ ചൗധരി തുടങ്ങിയ മുതിർന്ന സൈനിക-സിവിൽ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
AFMS-നെ സംബന്ധിച്ചിടത്തോളം, സൈനിക ആശുപത്രികൾ ദൈനംദിന ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾക്കൊപ്പം ഓപ്പറേഷൻ, ട്രോമ, അടിയന്തിര ഘട്ടങ്ങൾ എന്നിവയും കൈകാര്യം ചെയ്യുന്നതിനാൽ ആവശ്യത്തിന് രക്തശേഖരം നിലനിർത്തുന്നത് വളരെ പ്രധാനമാണ്. ഏകദേശം 500 സന്നദ്ധദാതാക്കളുടെ പങ്കാളിത്തം 'സ്വയം സേവനം' എന്ന ആശയം വീണ്ടും ഉറപ്പിക്കുകയും പതിവായി സന്നദ്ധ രക്തദാനത്തിലൂടെ ജീവൻ രക്ഷിക്കുന്നതിൽ ഓരോ യോഗ്യനായ പൗരനും വഹിക്കാൻ കഴിയുന്ന പങ്കിനെ അടിവരയിടുകയും ചെയ്തു.
****
( റിലീസ് ഐ.ഡി: 2296826)
സന്ദര്‍ശക കൗണ്ടര്‍ : 51
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Bengali-TR
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Tamil