ഷിപ്പിങ് മന്ത്രാലയം
ഇന്ത്യൻ സമുദ്ര മേഖലയിൽ ഡിജിറ്റൽ വൽക്കരണം ത്വരിതപ്പെടുത്തുന്നത് ലക്ഷ്യമിട്ട് 'ഇ-സമുദ്ര' പോർട്ടലിന് തുടക്കമായി
प्रविष्टि तिथि:
08 AUG 2026 5:49PM by PIB Thiruvananthpuram
രാജ്യത്തെ സമുദ്ര ഭരണനിർവ്വഹണം പൂർണ്ണമായും ഡിജിറ്റൽവൽക്കരിക്കുന്നതിന്റെ ഭാഗമായി നിർണായക ചുവടുവെപ്പുമായി ഇന്ത്യ. നാവികർ, ഷിപ്പിംഗ് കമ്പനികൾ, തുറമുഖങ്ങൾ, മറ്റ് അനുബന്ധ മേഖലകൾ എന്നിവയെ സംയോജിപ്പിച്ചുകൊണ്ടുള്ള സമഗ്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ 'ഇ-സമുദ്ര' പോർട്ടലിന് തുടക്കമായി. നാവികരുടെ ക്ഷേമം, സുരക്ഷ, മികച്ച സേവന ലഭ്യത എന്നിവ ഉറപ്പാക്കുന്നതിനായുള്ള നിരവധി പരിഷ്കാരങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചു.
മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷൻ (ഡിജിഎംഎ) മുംബൈയിൽ സംഘടിപ്പിച്ച "നാവികരുടെ സുരക്ഷ, സുരക്ഷയും ക്ഷേമവും , ഇ-സമുദ്ര ഉദ്ഘാടനം" എന്ന വിഷയത്തിലുള്ള ചർച്ചയ്ക്കിടെ, കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ പദ്ധതി നാടിന് സമർപ്പിച്ചു.
സമുദ്രമേഖലയിലെ സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്ന സമഗ്ര പോർട്ടലാണ് ഇ-സമുദ്ര. നാവികരുടെ പരാതികൾ വേഗത്തിൽ പരിഹരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാണിത്. നാവികരുടെ വിവരങ്ങളും യാത്രാനിലയും തത്സമയം ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഇതിനുണ്ട്. തൊഴിൽ കരാറുകൾ കൂടുതൽ സുതാര്യവും ഡിജിറ്റലുമാക്കുന്ന പദ്ധതി, സീഫെയറേഴ്സ് വെൽഫെയർ ഫണ്ട് സൊസൈറ്റി വഴി വിപുലീകരിച്ച ക്ഷേമ പദ്ധതികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ സമുദ്രമേഖലയിലുണ്ടായ പരിവർത്തനം രാജ്യത്തിന്റെ ദീർഘകാല വളർച്ചാ തന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി നാവികരെ പ്രതിഷ്ഠിക്കുന്നുവെന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് സോനോവാൾ പറഞ്ഞു."പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിൽ, 'മാരിറ്റൈം ഇന്ത്യ വിഷൻ 2030', 'മാരിറ്റൈം അമൃത് കാൽ വിഷൻ 2047' എന്നിവയിലൂടെ സമുദ്രമേഖലയിൽ വലിയ മാറ്റങ്ങളാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ പ്രയാണത്തിന്റെ കേന്ദ്രബിന്ദു നമ്മുടെ നാവികരാണ്. ഓരോ ഇന്ത്യൻ നാവികനും സുരക്ഷിതനും ആദരിക്കപ്പെടുന്നവനും പിന്തുണയ്ക്കപ്പെടുന്നവനും ആയിരിക്കണം. ഇന്ത്യ ഒരു ആഗോള സമുദ്ര ശക്തിയായി വളരുമ്പോൾ, ആ വളർച്ചയ്ക്ക് കരുത്തേകുന്നവർ ഭയമില്ലാതെയും സുരക്ഷിതമായും ആത്മാഭിമാനത്തോടെയും ജോലി ചെയ്യുന്നുണ്ടെന്ന് നാം ഉറപ്പാക്കണം."മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ വളർന്നുവരുന്ന സമുദ്ര ശേഷികളെ ഉയർത്തിക്കാട്ടിക്കൊണ്ട്, ആഗോളതലത്തിൽ കടൽ യാത്രക്കാരുടെ രണ്ടാമത്തെ വലിയ വിതരണക്കാരായി രാജ്യം ഉയർന്നുവന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു, ഇന്ത്യ ഉടൻ തന്നെ ലോകത്തിലെ ഏറ്റവും വലിയ വിതരണക്കാരായി മാറുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. ലോകത്തിലെ മുൻനിര കപ്പൽ പുനരുപയോഗ കേന്ദ്രമായി ഇന്ത്യ മാറിയെന്നും ലോകത്തിലെ മികച്ച അഞ്ച് കപ്പൽ നിർമ്മാണ രാജ്യങ്ങളിൽ ഒന്നായി മാറാൻ രാജ്യം പരിശ്രമിക്കുകയണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്റെ സമാരംഭത്തെക്കുറിച്ച് സർബാനന്ദ സോനോവാൾ പറഞ്ഞു, "ഇ-സമുദ്ര വെറുമൊരു സാങ്കേതിക പ്ലാറ്റ്‌ഫോമല്ല; സമുദ്ര ഭരണം ലളിതവും കൂടുതൽ സുതാര്യവും പങ്കാളി കേന്ദ്രീകൃതവുമാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിത്. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുമ്പോൾ മാത്രമേ സാങ്കേതികവിദ്യ അർത്ഥവത്താകൂ. ഇ-സമുദ്രയിലൂടെ, നമ്മുടെ നാവികർക്ക് ജീവിത സൗകര്യവും സമുദ്ര മേഖലയ്ക്ക് ബിസിനസ് നടത്തിപ്പ് എളുപ്പമുള്ളതും ആകും എന്ന് ഞങ്ങൾ ഉറപ്പാക്കുന്നു."
ചടങ്ങിൽ സംസാരിച്ച കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം സെക്രട്ടറി വിജയ് കുമാർ രാജ്യത്തിന്റെ പുതിയ സമുദ്ര നയം മൂന്ന് തത്ത്വങ്ങളിൽ അധിഷ്ഠിതമായിരിക്കുന്നുവെന്ന് വ്യക്തമാക്കി. നാവികരെ 'പ്രധാന തൊഴിലാളികൾ' ആയി അംഗീകരിക്കുന്ന മർച്ചന്റ് ഷിപ്പിംഗ് ആക്ട്, 2025, ദീർഘകാല സമുദ്ര വികസന കാഴ്ചപ്പാട് ലക്ഷ്യമിട്ടുള്ള മാരിറ്റൈം അമൃത് കാൽ വിഷൻ 2047, ഭരണനടപടികൾ ലളിതവും സുതാര്യവും ആക്കുന്നതിനുള്ള മിനിമം ഗവൺമെന്റ്, മാക്സിമം ഗവേണൻസ് എന്നിവയാണ് അവ. രാജ്യത്തുടനീളമുള്ള സമുദ്രമേഖലാ പ്രതിനിധികൾ, നാവിക സംഘടനകൾ, റിക്രൂട്ട്‌മെന്റ് ഏജൻസികൾ, ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കപ്പലുടമകൾ, ഗവൺമെന്റ് ഉദ്യോഗസ്ഥർ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ദേശീയ സംവാദം സംഘടിപ്പിച്ചത്.
'എല്ലാ സമുദ്ര സേവനങ്ങളും ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും. എൻഡ്-ടു-എൻഡ് വർക്ക്‌ഫ്ലോ, ഓൺലൈൻ പേയ്‌മെന്റുകൾ, റിയൽ-ടൈം ട്രാക്കിംഗ്, ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ എന്നിങ്ങനെ സുതാര്യമായ സേവനം ലഭ്യമാക്കും. സേവനങ്ങൾ മുൻകൂട്ടി പ്രവചിക്കാവുന്നതും, സുതാര്യവും, കൃത്യസമയത്ത് ലഭിക്കുന്നതുമാക്കുകയാണ് ലക്ഷ്യമെന്ന് പോർട്ടലിന്റെ പ്രത്യേകതകളെക്കുറിച്ചു പറയവെ മന്ത്രാലയ സെക്രട്ടറി വിജയ് കുമാർ വ്യക്തമാക്കി. ഇന്ത്യയിലെ സജീവമായ നാവിക തൊഴിലാളികളുടെ എണ്ണം 2013-ൽ ഏകദേശം 1.03 ലക്ഷത്തിൽ നിന്ന് 2025-ൽ 3.23 ലക്ഷത്തിലധികമായി വളർന്നു, ഇത് രാജ്യത്തിന്റെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സമുദ്ര തൊഴിലാളികളുടെ ഡിജിറ്റൽ സേവന വിതരണം, നിയന്ത്രണം, ക്ഷേമം എന്നിവ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ അടിവരയിടുന്നു.
സമുദ്ര ഭരണത്തെ ഒരു ഭൗതിക ഓഫീസ് അധിഷ്ഠിത മാതൃകയിൽ നിന്ന് 'ഡിജിറ്റൽ ഫസ്റ്റ്, ഫെയ്‌സ്‌ലെസ് ഗവേണൻസി'ലേക്ക് മാറ്റുന്ന ഒരു പരിവർത്തന പ്ലാറ്റ്‌ഫോമാണ് ഇ-സമുദ്രയെന്ന് മാരിടൈം അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ ശ്യാം ജഗന്നാഥൻ വിശേഷിപ്പിച്ചു."ഇ-സമുദ്ര സമുദ്ര ഭരണത്തെ ഒരു ഭൗതിക ഓഫീസ് അധിഷ്ഠിത മാതൃകയിൽ നിന്ന് ഒരു സംയോജിത ഡിജിറ്റൽ ആവാസവ്യവസ്ഥയാക്കി മാറ്റുന്നു. ഡിജിറ്റൽ ഫസ്റ്റ്, ഫെയ്‌സ്‌ലെസ് ഗവേണൻസിലേക്കുള്ള ഒരു പരിവർത്തനത്തെ ഇത് പ്രതിനിധീകരിക്കുന്നു. ഒരു കപ്പലിലുള്ള ഒരു നാവികന് കരയിൽ ഇരിക്കുന്ന ഒരാളെപ്പോലെ എളുപ്പത്തിൽ ഗവൺമെന്റ് സേവനങ്ങൾ ലഭ്യമാക്കാൻ കഴിയും," ശ്രീ ശ്യാം ജഗന്നാഥൻ പറഞ്ഞു.
ആഗോള ഷിപ്പിംഗിനെ ബാധിക്കുന്ന സമീപകാല ഭൗമരാഷ്ട്രീയ തടസ്സങ്ങളോടുള്ള ഡിജിഎംഎയുടെ പ്രതികരണവും ഈ പരിപാടി എടുത്തുകാണിച്ചു. വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ ദൗത്യങ്ങൾ, ഇന്ത്യൻ നാവികസേന, കപ്പൽ ഉടമകൾ, മറ്റ് സമുദ്ര പങ്കാളികൾ എന്നിവരുമായി സംയുക്തമായി നടത്തിയ ശ്രമങ്ങളിലൂടെ ഡിജിഎംഎ 16,000-ത്തിലധികം കോളുകൾ നിരീക്ഷിക്കുകയും 40,000-ത്തിലധികം ആശയവിനിമയങ്ങൾ കൈകാര്യം ചെയ്യുകയും 4,000-ത്തിലധികം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ നാവികരെ സുരക്ഷിതമായി നാട്ടിലേക്ക് എത്തിക്കുന്നത് ഏകോപിപ്പിക്കുകയും ചെയ്തുവെന്ന് മന്ത്രാലയം പറഞ്ഞു.
നാവികരുടെ ശാരീരികവും മാനസികവുമായ ക്ഷേമം പ്രോത്സാഹിപ്പിക്കുന്ന 'സാഗർ മേം യോഗ്', വനിതാ നാവികർക്കുള്ള അവസരങ്ങളും പിന്തുണയും ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള 'സാഗർ മേം സമ്മാൻ' തുടങ്ങിയ സംരംഭങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥർ എടുത്തുപറഞ്ഞു. സമീപ വർഷങ്ങളിൽ വനിതാ നാവികരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്നും ഇത് സമുദ്ര തൊഴിലാളികളിൽ കൂടുതൽ ഉൾപ്പെടുത്തലിനെ പ്രതിഫലിപ്പിക്കുന്നുവെന്നും മന്ത്രാലയം അറിയിച്ചു .
ചടങ്ങിൽ , റിക്രൂട്ട്‌മെന്റ്- പ്ലേസ്‌മെന്റ് സേവനങ്ങളുടെ പ്രതിനിധികൾ, സമുദ്ര പങ്കാളികൾ, കേഡറ്റുകൾ, യുവ സമുദ്ര പ്രൊഫഷണലുകൾ എന്നിവരുമായി സോനോവാൾ സംവദിച്ചു. റിക്രൂട്ട്‌മെന്റ്, തൊഴിൽ, ക്ഷേമം, നിയന്ത്രണ സംവിധാനങ്ങളുടെ പരിപാലനം, കരിയർ വികസനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു. ഇന്ത്യയുടെ അടുത്ത തലമുറയിലെ നാവികരോട് സുരക്ഷ, പ്രൊഫഷണലിസം, അന്തസ്സ്, തുടർച്ചയായ പഠനം എന്നിവയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും ഗവൺമെന്റിന്റെ തുടർച്ചയായ പിന്തുണ അവർക്ക് ഉറപ്പാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
സാങ്കേതികവിദ്യ പ്രാപ്തമാക്കിയതും സുതാര്യവും പൗരകേന്ദ്രീകൃതവുമായ സമുദ്ര ഭരണത്തിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഇ-സമുദ്രയുടെ സമാരംഭം.വിവിധ സേവനങ്ങളെ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഏകോപിപ്പിക്കുന്നതിലൂടെ നടപടിക്രമങ്ങളുടെ ഭാരം കുറയ്ക്കാനും, സുതാര്യത ഉറപ്പാക്കാനും, ഇന്ത്യയെ ലോകത്തെ പ്രമുഖ സമുദ്ര ശക്തിയായി നിലനിർത്താനും 'ഇ-സമുദ്ര' പദ്ധതി വഴി സാധിക്കും.
***
(रिलीज़ आईडी: 2296710)
आगंतुक पटल : 9