വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ വർദ്ധിപ്പിക്കാന്‍ മുന്‍നിര വ്യവസായ പ്രമുഖരുമായും അനുബന്ധ ശൃംഖലകളുമായും തന്ത്രപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ച് കേന്ദ്ര ഗവൺമെന്റ്

प्रविष्टि तिथि: 08 AUG 2026 2:45PM by PIB Thiruvananthpuram
സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ക്യാഷ്ഫ്രീ പേയ്‌മെന്റ്സ്, ഡാർവിൻ ഡൈനാമിക്സ്, വൾട്ടർ ഇന്ത്യ, കാർസ്-24, കൗൺസിൽ ഫോർ സ്റ്റാർട്ടപ്പ് ഇന്ത്യ എന്നീ മുന്‍നിര വ്യവസായ സംരംഭങ്ങളുമായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലെ വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് തന്ത്രപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു.
 
 
ഡിജിറ്റൽ പണമിടപാട് അടിസ്ഥാനസൗകര്യങ്ങളും ഫിൻടെക് ശേഷിയും വികസിപ്പിക്കാന്‍ ക്യാഷ്ഫ്രീ പേയ്‌മെന്റ്സുമായി സഹകരണം
 
അംഗീകൃത സ്റ്റാർട്ടപ്പുകൾക്ക് ഡിജിറ്റൽ പണമിടപാട് അടിസ്ഥാനസൗകര്യങ്ങൾ, സാമ്പത്തിക സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പരിഹാരങ്ങൾ, ശേഷി വികസന സംരംഭങ്ങൾ എന്നിവ ലഭ്യമാക്കുന്നതിന് ക്യാഷ്ഫ്രീ പേയ്‌മെന്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി DPIIT ധാരണാപത്രം ഒപ്പുവെച്ചു. DPIIT-യുടെ ഭരണപരമായ സ്വാധീനവും ക്യാഷ്ഫ്രീ പേയ്‌മെന്റ്സിന്റെ ഡിജിറ്റൽ പണമിടപാട് രംഗത്തെ പരിചയസമ്പത്തും സംയോജിപ്പിച്ച് സ്റ്റാർട്ടപ്പുകളുടെ വളർച്ച ത്വരിതപ്പെടുത്താനും ഇന്ത്യയുടെ നൂതനാശയങ്ങളിലൂന്നിയ പുരോഗതിക്ക് വേഗം പകരാനും പങ്കാളിത്തം ലക്ഷ്യമിടുന്നു.
 
 
യോഗ്യരായ സ്റ്റാർട്ടപ്പുകൾക്ക് ഈ സഹകരണത്തിലൂടെ സുരക്ഷിതവും വിപുലീകരിക്കാവുന്നതുമായ പണമിടപാട്-പണം കൈമാറ്റ സൗകര്യങ്ങള്‍, തിരിച്ചറിയൽ പരിശോധന, റിസ്ക് മാനേജ്മെന്റ് സേവനങ്ങൾ, പ്രത്യേക ആനുകൂല്യങ്ങളോടെ സംരംഭങ്ങള്‍ തുടങ്ങാനുള്ള പിന്തുണ എന്നിവ ലഭിക്കും. കൂടാതെ ഡിജിറ്റൽ പണമിടപാടുകള്‍, നിയമപാലനം, തട്ടിപ്പുകള്‍ തടയൽ, KYC, രാജ്യാന്തര ഇടപാടുകൾ, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയിൽ സ്റ്റാർട്ടപ്പുകളുടെ ശേഷി വർദ്ധിപ്പിക്കാന്‍ സ്ഥാപകര്‍ക്ക് ശില്പശാലകള്‍, മാര്‍ഗനിര്‍ദേശ സെഷനുകള്‍, നിര്‍മിതബുദ്ധി അധിഷ്ഠിത സംവിധാനങ്ങള്‍ വികസിപ്പിക്കുന്ന മത്സരങ്ങള്‍, ഹാക്കത്തോണുകൾ, അറിവ് പങ്കിടല്‍ പരിപാടികൾ എന്നിവയും സംഘടിപ്പിക്കും.
 
 
എല്ലാവരെയും ഉൾക്കൊള്ളുന്ന സംരംഭകത്വവും അത്യാധുനിക സാങ്കേതിക നൂതനാശയങ്ങളും വിപുലീകരിക്കാന്‍ ഡാർവിൻ ഡൈനാമിക്സുമായി സഹകരണം
 
 
ഇന്ത്യയിൽ സംരംഭകത്വ വികസനം ശക്തിപ്പെടുത്താനും എല്ലാവരെയും ഉൾക്കൊള്ളുന്നതും നൂതനാശയങ്ങളില്‍ അധിഷ്ഠിതവുമായ സ്റ്റാർട്ടപ്പ് അന്തരീക്ഷം വളർത്തിയെടുക്കാനും ലക്ഷ്യമിട്ട് ഡാർവിൻ ഡൈനാമിക്സുമായി DPIIT ധാരണാപത്രം ഒപ്പുവെച്ചു. രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലേക്കും ഗ്രാമീണ മേഖലകളിലേക്കും സംരംഭകത്വം വ്യാപിപ്പിച്ച് സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതിയുടെ വ്യാപ്തി വർധിപ്പിക്കാനും സ്റ്റാർട്ടപ്പുകൾക്ക് മാർഗനിർദേശം, സ്ഥാപന ശൃംഖലകൾ, വിപണി അവസരങ്ങൾ, ശേഷി വികസന പിന്തുണ എന്നിവ ഉറപ്പാക്കാനും പങ്കാളിത്തം ലക്ഷ്യമിടുന്നു.
 
 
സ്റ്റാർട്ടപ്പുകളുടെ ഔദ്യോഗിക രജിസ്ട്രേഷൻ ലളിതമാക്കാനും സംരംഭകത്വ അവബോധം ശക്തിപ്പെടുത്താനും ശേഷി വികസന പരിപാടികളെ പിന്തുണയ്ക്കാനും ഈ സഹകരണത്തിന്റെ ഭാഗമായി ഡാർവിൻ ഡൈനാമിക്സ് പ്രവർത്തിക്കും. സംശുദ്ധ ഊര്‍ജം, ഹരിത ഹൈഡ്രജൻ, നിര്‍മിതബുദ്ധി, കാലാവസ്ഥാ സാങ്കേതികവിദ്യകള്‍, അത്യാധുനിക നിര്‍മാണം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലെ നൂതനാശയങ്ങള്‍ക്ക് സ്ഥാപനം മുൻഗണന നൽകും.
 
 
കൂടാതെ സ്റ്റാർട്ടപ്പ് പ്രചാരണ പരിപാടികൾ, രജിസ്ട്രേഷൻ യജ്ഞങ്ങള്‍, സംരംഭകത്വ പരിശീലന ക്യാമ്പുകള്‍, മാര്‍ഗനിര്‍ദേശക ശൃംഖലാ വികസനം, അന്താരാഷ്ട്ര വിപണി പ്രവേശന പരിപാടികൾ, നിക്ഷേപക സംഗമങ്ങൾ, നയ ഗവേഷണ പഠനങ്ങൾ എന്നിവയും നടപ്പാക്കും. യുവാക്കളും വനിതാ സംരംഭകരും ആദ്യതലമുറ സ്ഥാപകരും പിന്നാക്ക മേഖലകളിലെ നൂതനാശയക്കാരും ഉള്‍പ്പെടെ സ്റ്റാർട്ടപ്പുകൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്ന ഈ പങ്കാളിത്തം ഇന്ത്യയെ ആഗോളതലത്തിൽ മത്സരശേഷിയാര്‍ന്ന നൂതനാശയ സാമ്പത്തിക ശക്തിയാക്കി മാറ്റാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
 
സാങ്കേതികവിദ്യയും ക്ലൗഡ് അടിസ്ഥാനസൗകര്യ ലഭ്യതയും വർദ്ധിപ്പിക്കാന്‍ വൾട്ടർ ഇന്ത്യയുമായി സഹകരണം
 
 
DPIIT അംഗീകൃത സ്റ്റാർട്ടപ്പുകൾക്ക് ലഭ്യമായ സാങ്കേതിക അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലാണ് വൾട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി ഒപ്പുവെച്ച ധാരണാപത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്റ്റാർട്ടപ്പുകൾക്ക് ക്ലൗഡ് കംപ്യൂട്ടിങ് വിഭവങ്ങൾ, സാങ്കേതിക ശേഷി വികസനം, ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ലഭ്യമാക്കുന്നതിലൂടെ കൂടുതല്‍ സംവിധാനങ്ങള്‍ കെട്ടിപ്പടുക്കാനും നൂതനാശയങ്ങളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും വളർച്ച കൈവരിക്കാനും ഇത് വഴിയൊരുക്കും.
 
 
ഈ പങ്കാളിത്തത്തിന് കീഴിൽ യോഗ്യരായ DPIIT അംഗീകൃത സ്റ്റാർട്ടപ്പുകൾക്ക് വൾട്ടറിന്റെ സ്റ്റാർട്ടപ്പ് പരിപാടികളിലൂടെ ക്ലൗഡ് ക്രെഡിറ്റുകൾ, നിരക്കുകളില്‍ പ്രത്യേക ഇളവ്, സാങ്കേതിക പിന്തുണ എന്നിവ ലഭിക്കും. കൂടാതെ ക്ലൗഡ് കംപ്യൂട്ടിങ്, സ്റ്റോറേജ്, ഡാറ്റാബേസുകൾ, കുബെർനെറ്റീസ്, നെറ്റ്‍വര്‍ക്കിങ്, അപ്ലിക്കേഷൻ ഡിപ്ലോയ്മെന്റ് തുടങ്ങിയ സാങ്കേതിക മേഖലകളിൽ പരിശീലന പരിപാടികളും സാങ്കേതിക സഹായവും നൽകും.
 
 
സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുമായി കൂടുതൽ സഹകരിക്കാനും സാങ്കേതികവിദ്യയുടെ സ്വീകാര്യത പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് DPIIT-യും സ്റ്റാർട്ടപ്പ് ഇന്ത്യയും സംഘടിപ്പിക്കുന്ന പരിപാടികളിൽ ക്ലൗഡ് കംപ്യൂട്ടിങ് കമ്പനിയായ വൾട്ടർ പങ്കുചേരും. അത്യാധുനിക ക്ലൗഡ് അടിസ്ഥാനസൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും ആഗോളതലത്തിൽ മത്സരശേഷിയാര്‍ന്ന ഡിജിറ്റൽ പരിഹാരങ്ങൾ വേഗത്തിൽ വികസിപ്പിക്കാനും ഇത് സ്റ്റാർട്ടപ്പുകളെ സഹായിക്കും.
 
 
ഗതാഗത, വാഹന സാങ്കേതികവിദ്യകളിലും എഐ നൂതനാശയങ്ങളിലും മുന്നേറ്റത്തിന് കാർസ്-24 സഹകരണം
 
 
ഇന്ത്യയിലെ ഗതാഗത, വാഹന സാങ്കേതികവിദ്യ മേഖലകളിൽ നൂതനാശയങ്ങളും സംരംഭകത്വവും ശേഷി വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് കാർസ്-24 സർവീസസ് പ്രൈവറ്റ് ലിമിറ്റഡുമായി DPIIT പങ്കാളിത്തത്തിൽ ഏർപ്പെട്ടു. നിര്‍മ്മിതബുദ്ധി അധിഷ്ഠിത നൂതനാശയങ്ങള്‍, സ്ഥാപകരുടെ നേതൃത്വ വികസനം, നൈപുണ്യ വികസനം, നിക്ഷേപ അവസരങ്ങൾ, റോഡ് സുരക്ഷാ സംരംഭങ്ങൾ എന്നിവയ്ക്ക് പിന്തുണ നൽകി സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
 
 
സ്റ്റാർട്ടപ്പ് സ്ഥാപകർക്ക് കൃത്യമായ മാർഗനിര്‍ദേശം നൽകുക, ഗതാഗത-വാഹന സാങ്കേതിക നൈപുണ്യ വികസന പരിപാടികൾ പ്രോത്സാഹിപ്പിക്കുക, നിര്‍മ്മിതബുദ്ധി സാങ്കേതികവിദ്യകൾ ലഭ്യമാക്കുക, പുതിയ പരിഹാരങ്ങൾ കണ്ടെത്താന്‍ ഹാക്കത്തോണുകളും മത്സരങ്ങളും സംഘടിപ്പിക്കുക എന്നിവ കാർസ്-24 ലക്ഷ്യമിടുന്നു. കൂടാതെ ഗതാഗതം, നിര്‍മ്മിതബുദ്ധി എന്നീ മേഖലകളിലെ മികച്ച സ്റ്റാർട്ടപ്പുകളെ നിക്ഷേപ മൂല്യനിർണയത്തിലൂടെയും സ്റ്റാര്‍ട്ടപ്പ് മേഖലയിലെ ഇടപെടലുകളിലൂടെയും പിന്തുണയ്ക്കും.
 
 
അത്യാധുനിക ഗതാഗത പരിഹാരങ്ങൾ വികസിപ്പിക്കാനും സുരക്ഷിതവും സുസ്ഥിരവുമായ സംവിധാനങ്ങൾ കെട്ടിപ്പടുക്കാനും പങ്കാളിത്തം വഴിയൊരുക്കും.
 
 
നിക്ഷേപവും ഭരണനിര്‍വഹണവും ആഗോള വളർച്ചയും ത്വരിതപ്പെടുത്താന്‍ കൗൺസിൽ ഫോർ സ്റ്റാർട്ടപ്പ് ഇന്ത്യയുമായി സഹകരണം
 
 
DPIIT അംഗീകൃത സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപ ലഭ്യത, തന്ത്രപ്രധാന പങ്കാളിത്തങ്ങൾ, മാർഗനിർദേശം, നേതൃത്വ വികസനം, ആഗോള വിപണി പ്രവേശം എന്നിവ ഉറപ്പാക്കുന്നതിന് കൗൺസിൽ ഫോർ സ്റ്റാർട്ടപ്പ് ഇന്ത്യയുമായി DPIIT ധാരണാപത്രം ഒപ്പുവെച്ചു. നൂതനാശയങ്ങളില്‍ അധിഷ്ഠിതമായ സംരംഭങ്ങൾക്ക് സുസ്ഥിര വളർച്ച കൈവരിക്കാനും ആഗോള മത്സരശേഷി വർദ്ധിപ്പിക്കാനും സഹകരണം ലക്ഷ്യമിടുന്നു.
 
 
ധാരണാപത്രത്തിന്റെ ഭാഗമായി നിക്ഷേപ സജ്ജത, കോർപ്പറേറ്റ് പങ്കാളിത്തം, സി.എഫ്.ഒ മാച്ച് മേക്കിങ്, ആഗോള വിപണി പ്രവേശം, അന്താരാഷ്ട്ര നൂതനാശയ സഹകരണം എന്നിവയുമായി ബന്ധപ്പെട്ട് CSI പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. കൂടാതെ കോർപ്പറേറ്റ് പങ്കാളിത്തം സുഗമമാക്കാന്‍ ലക്ഷ്യമിടുന്ന ഈ സഹകരണം ഭരണനിര്‍വഹണത്തിലും സാമ്പത്തിക സജ്ജതയിലും നിയമപാലനങ്ങളിലും അന്താരാഷ്ട്ര വിപണി വിപുലീകരണത്തിലുമെല്ലാം സ്ഥാപകർക്ക് പിന്തുണ നൽകുന്നു. സ്റ്റാർട്ടപ്പുകളും നിക്ഷേപകരും വ്യവസായ ലോകവും തമ്മിലെ ബന്ധം സുദൃഢമാക്കാനും CSI ഇതിലൂടെ ലക്ഷ്യമിടുന്നു.
 
 
സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക സഹായവും വാണിജ്യ അവസരങ്ങളും ലഭ്യമാക്കുന്ന ഈ പങ്കാളിത്തം ഇന്ത്യയിൽ ശക്തവും ആഗോളതലത്തിൽ മത്സരശേഷിയാര്‍ന്നതുമായ സ്റ്റാർട്ടപ്പ് അന്തരീക്ഷം വളർത്തിയെടുക്കാൻ സഹായിക്കും.
***
 

(रिलीज़ आईडी: 2296595) आगंतुक पटल : 17
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Tamil , Telugu