യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

2026 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബോക്‌സിംഗ്, ജൂഡോ, പാരാ അത്ലറ്റിക്‌സ് മെഡല്‍ ജേതാക്കളെ ഡോ. മന്‍സുഖ് മാണ്ഡവ്യ ആദരിച്ചു; ഭാവി തലമുറയെ നയിക്കാന്‍ കായിക താരങ്ങളോട് ആഹ്വാനം

प्रविष्टि तिथि: 04 AUG 2026 5:32PM by PIB Thiruvananthpuram

2026-ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബോക്സിംഗ്, ജൂഡോ, പാരാ അത്ലറ്റിക്സ്  ഇനങ്ങളില്‍ ചരിത്രവിജയം നേടി തിരിച്ചെത്തിയ ഇന്ത്യന്‍ കായികതാരങ്ങളെ കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ ആദരിച്ചു.

മെഡല്‍ ജേതാക്കളെ അഭിനന്ദിച്ച അദ്ദേഹം,കേവലം മത്സരരംഗത്ത് മാത്രം ഒതുങ്ങാതെ അടുത്ത തലമുറയിലെ കായിക താരങ്ങള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശവും പ്രചോദനവും നല്‍കാന്‍  അത്ലറ്റുകളോട് ആഹ്വാനം ചെയ്തു.
 

ഏഴ് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും ഉള്‍പ്പെടെ 10 മെഡലുകളോടെ ബോക്സിംഗില്‍ ഒന്നാമതെത്തിയ ഇന്ത്യന്‍ താരങ്ങളെ ചടങ്ങില്‍ ആദരിച്ചു. രണ്ട്  സ്വര്‍ണ്ണമടക്കം നാല് മെഡലുകളോടെ ജൂഡോയില്‍ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവെച്ച ടീമിനെയും, ഗ്ലാസ്‌ഗോയില്‍ ഇന്ത്യന്‍ പാരാ സ്പോര്‍ട്‌സിന് പുതിയ ദിശാബോധം നല്‍കിയ പാരാ അത്ലറ്റിക്സ് സംഘത്തെയും മന്ത്രി ആദരിച്ചു.


സ്വര്‍ണ്ണ മെഡല്‍ ജേതാക്കള്‍ക്ക് 30 ലക്ഷം രൂപയും വെള്ളിക്ക് 20 ലക്ഷം രൂപയും വെങ്കലത്തിന് 10 ലക്ഷം രൂപയും കാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു.

മത്സരരംഗത്തുനിന്ന് വിരമിച്ച ശേഷവും ഇന്ത്യന്‍ കായിക മേഖലയുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കണമെന്ന് കായികതാരങ്ങളുമായി സംവദിച്ച ഡോ. മാണ്ഡവ്യ ആവശ്യപ്പെട്ടു. 36,000 കോടി രൂപയുടെ നിക്ഷേപത്തോടെ നവീകരിച്ച 'ഖേലോ ഇന്ത്യ' പദ്ധതി മുന്‍നിര്‍ത്തി, പുതിയ തലമുറയിലെ പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ സ്‌പോര്‍ട്‌സ് അക്കാദമികള്‍ ആരംഭിക്കാന്‍ അദ്ദേഹം കായിക താരങ്ങളെ പ്രോത്സാഹിപ്പിച്ചു.

' കോമണ്‍വെല്‍ത്ത് ഗെയിംസിലെ  മെഡല്‍ നേട്ടം സര്‍ക്കാര്‍ ജോലി നേടുക എന്ന ലക്ഷ്യത്തില്‍  മാത്രം ഒതുങ്ങരുത്. സജീവ കായികജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷവും  നിങ്ങളെല്ലാവരും സ്‌പോര്‍ട്‌സ് അക്കാദമികള്‍ നടത്തണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു',ഡോ. മാണ്ഡവ്യ പറഞ്ഞു. 'ഇന്ത്യ ആദ്യം' എന്നതായിരിക്കണം അത്ലറ്റുകളുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 


 'നിങ്ങള്‍ ഗ്ലാസ്‌ഗോയില്‍ സ്വര്‍ണ്ണത്തിനായി പോരാടുമ്പോള്‍, വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ കായികരംഗത്തിന്റെ വളര്‍ച്ച ഉറപ്പാക്കുന്നതിനായി 36,000 കോടി രൂപയുടെ നിക്ഷേപത്തോടെ ഖേലോ ഇന്ത്യ പദ്ധതിക്ക് ഞങ്ങള്‍ തുടക്കം കുറിച്ചു ,' അദ്ദേഹം വ്യക്തമാക്കി.



2026 ലെ ഏഷ്യന്‍ ഗെയിംസിനെ മുന്നില്‍ കണ്ട്, കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ  ആവേശം നിലനിര്‍ത്താന്‍ ഡോ. മാണ്ഡവ്യ അത്ലറ്റുകളോട് അഭ്യര്‍ത്ഥിച്ചു. '2026 ലെ ഏഷ്യന്‍ ഗെയിംസില്‍ കൂടുതല്‍ സ്വര്‍ണ്ണ മെഡലുകള്‍ നേടാന്‍ നിങ്ങള്‍ എല്ലാവരും ഈ മനോവീര്യം ഉപയോഗിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. വെള്ളിയും വെങ്കലവും നേടിയവര്‍ സ്വര്‍ണ്ണത്തിനായി പരിശ്രമിക്കണം, അതേസമയം സ്വര്‍ണ്ണം നേടിയവര്‍ ഈ മികവ് നിലനിര്‍ത്തണം,' മന്ത്രി പറഞ്ഞു.

 'പരിശീലകരുടെ സംഭാവനകള്‍ ആരും ഒരിക്കലും മറക്കരുത്. അത് യഥാര്‍ത്ഥ സമര്‍പ്പണത്തിന്റെ പ്രതീകമാണ്. ഒരു ഗുരുവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം ജീവിതത്തില്‍ നിങ്ങളെ വളരെ ദൂരം മുന്നോട്ട് നയിക്കും.'താരങ്ങളുടെ വിജയത്തിന് പിന്നിലെ പരിശീലകരുടെ പങ്കിനെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഗ്ലാസ്‌ഗോയില്‍ നിന്ന് 7 സ്വര്‍ണ്ണവും 3 വെള്ളിയുമായി റെക്കോര്‍ഡ് നേട്ടത്തോടെയാണ് ഇന്ത്യന്‍ ബോക്‌സിംഗ് ടീം മടങ്ങിയത്. ഇതില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തില്‍ ഇന്ത്യന്‍ വനിതാ ബോക്‌സര്‍മാരുടെ ഏറ്റവും മികച്ച പ്രകടനവും ഉള്‍പ്പെടുന്നു.

 


സ്വര്‍ണ്ണമെഡല്‍ ജേതാക്കള്‍: പ്രീതി പവാര്‍ (54 കിലോഗ്രാം), ജാസ്മിന്‍ ലംബോറിയ (57 കിലോഗ്രാം), സാക്ഷി ചൗധരി (51 കിലോഗ്രാം), പ്രിയ ഘംഗാസ് (60 കിലോഗ്രാം), അരുന്ധതി ചൗധരി (70 കിലോഗ്രാം), സച്ചിന്‍ സിവാച്ച് (60 കിലോഗ്രാം), അങ്കുഷ് പംഗാല്‍ (80 കിലോഗ്രാം).

വെള്ളി മെഡല്‍ ജേതാക്കള്‍: ജാഡുമണി സിംഗ് (55 കിലോഗ്രാം), ഒളിമ്പിക് മെഡല്‍ ജേതാവ് ലവ്ലിന ബോര്‍ഗോഹെയ്ന്‍ (75 കിലോഗ്രാം), നരേന്ദര്‍ ബെര്‍വാള്‍ (90+ കിലോഗ്രാം).

കോമണ്‍വെല്‍ത്ത് ഗെയിംസിലെ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവച്ചതിന്  ഇന്ത്യന്‍ ജൂഡോ ടീമിനെ ചടങ്ങില്‍ പ്രത്യേകം അഭിനന്ദിച്ചു.

ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍  ജൂഡോയില്‍  12 ഇനങ്ങളില്‍ മത്സരിച്ച ഇന്ത്യ, 2 സ്വര്‍ണ്ണവും ഒരു വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ 4 മെഡലുകള്‍ സ്വന്തമാക്കി. 2022-ല്‍ ലഭിച്ച 3 മെഡലുകളില്‍ സ്വര്‍ണ്ണം ഉണ്ടായിരുന്നില്ല. ഖേലോ ഇന്ത്യ താരങ്ങളായ അസ്മിത ഡേ, ഹര്‍ഷ് സിംഗ് എന്നിവരിലൂടെയാണ് ഇന്ത്യ ജൂഡോയില്‍ ആദ്യമായി സ്വര്‍ണ്ണമെഡലുകള്‍ സ്വന്തമാക്കിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി അസ്മിതയും, ആദ്യ ഇന്ത്യന്‍ പുരുഷ താരമായി ഹര്‍ഷ് സിംഗും ചരിത്രത്താളുകളില്‍ ഇടംനേടി.

ഖേലോ ഇന്ത്യ, ടോപ്സ് (TOPS), എസിടിസി (ACTC) തുടങ്ങിയ പദ്ധതികളിലൂടെയും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ദേശീയ പരിശീലന ക്യാമ്പുകള്‍, അന്താരാഷ്ട്ര എക്‌സ്‌പോഷര്‍, ഉപകരണങ്ങള്‍ എന്നിവയിലൂടെയുമാണ് കേന്ദ്ര സര്‍ക്കാര്‍ കായികതാരങ്ങള്‍ക്ക് മികച്ച പിന്തുണ ഉറപ്പാക്കിയത്.

***


(रिलीज़ आईडी: 2294514) आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Gujarati , Telugu