തൊഴില്‍, ഉദ്യോഗ മന്ത്രാലയം
ഐ.എൽ.ഒ. അംഗീകരിച്ചതുപോലെ ഇപ്പോൾ 101 കോടി പൗരന്മാർ ഇന്ത്യയുടെ സാമൂഹിക സുരക്ഷാ വലയത്തിൽ ഉൾപ്പെട്ടതായി ഡോ. മൻസുഖ് മാണ്ഡവ്യ
प्रविष्टि तिथि:
31 JUL 2026 1:47PM by PIB Thiruvananthpuram
ഇന്ത്യയുടെ സാമൂഹിക സംരക്ഷണ സംവിധാനങ്ങൾ ഇപ്പോൾ ഏകദേശം 101 കോടി ആളുകളെ, അതായത് ജനസംഖ്യയുടെ 68 ശതമാനത്തിലധികം പേരെ ഉൾക്കൊള്ളുന്നുവെന്ന് കേന്ദ്ര തൊഴിൽ, ഉദ്യോഗ, യുവജനകാര്യ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഇന്ന് ന്യൂഡൽഹിയിൽ നടന്ന നാലാമത് ആഗോള വ്യാവസായിക ബന്ധ ഉച്ചകോടി (ഗ്ലോബൽ ഇൻഡസ്ട്രിയൽ റിലേഷൻസ് സമ്മിറ്റ്)യിൽ പറഞ്ഞു. കഴിഞ്ഞയാഴ്ച ഹൈദരാബാദിൽ നടന്ന അന്താരാഷ്ട്ര തൊഴിൽ സംഘടന(ഐ.എൽ.ഒ.)യുടെ ബ്രിക്‌സ് രാജ്യങ്ങളിലെ തൊഴിൽ മന്ത്രിമാരുടെ യോഗത്തിൽ ഈ കണക്ക് എടുത്തുപറഞ്ഞിരുന്നതായും, ഇന്ത്യയുടെ സാമൂഹിക സുരക്ഷാ പരിരക്ഷയ്ക്കുള്ള ആഗോള അംഗീകാരത്തിൻ്റെ സാക്ഷ്യപത്രമാണിതെന്ന് മന്ത്രി പറഞ്ഞു.

തൊഴിലുടമകളുടെ അഖിലേന്ത്യാ സംഘടന (ഓൾ ഇന്ത്യ ഓർഗനൈസേഷൻ ഓഫ് എംപ്ലോയേഴ്സ്/ എ.ഐ.ഒ.ഇ.), ഇന്ത്യൻ വാണിജ്യ-വ്യവസായ സംഘടനകളുടെ കൂട്ടായ്മ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി/ എഫ്.ഐ.സി.സി.ഐ.), ഐ.എൽ.ഒ. എന്നിവയുമായി സഹകരിച്ചാണ് ഉച്ചകോടി സംഘടിപ്പിച്ചത്.

സാമ്പത്തിക വികസനവും തൊഴിലവസര സൃഷ്ടിയും ഒരുമിച്ച് പുരോഗമിക്കുന്നുവെന്നത് ഉറപ്പാക്കാനായി ഗവണ്മെൻ്റുകൾ, വ്യവസായം, തൊഴിലുടമകൾ, തൊഴിലാളികൾ, തൊഴിലാളി സംഘടനകൾ എന്നിവർക്കിടയിൽ നിരന്തരമായ ഏകോപനം ഉണ്ടാവേണ്ടത് സൗഹാർദ്ദപരമായ വ്യവസായ ബന്ധങ്ങൾക്ക് ആവശ്യമാണെന്ന് ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
തൊഴിലവസര സൃഷ്ടിയിലേക്ക് നയിക്കുമെന്നതിനാൽ വ്യവസായവത്കരണം ദേശീയ പുരോഗതിയ്ക്ക് അനിവാര്യമാണെന്ന് കേന്ദ്രമന്ത്രി ഊന്നിപ്പറഞ്ഞു. ഉപജീവന അവസരങ്ങൾ വിപുലീകരിക്കുകയും സമ്പദ്വ്യവസ്ഥയെ ശാക്തീകരിക്കുകയും സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ സ്വയം സഹായ സംഘങ്ങളുടെയും സഹകരണ മാതൃകകളുടെയും, പ്രത്യേകിച്ച് സ്ത്രീകൾ നയിക്കുന്ന സംരംഭങ്ങളുടെ, വർദ്ധിച്ചുവരുന്ന പ്രാധാന്യം അദ്ദേഹം അടിവരയിട്ടു പറഞ്ഞു. 'തൊഴിലാളികളുടെ ക്ഷേമവും സാമൂഹിക സുരക്ഷയും മുന്നോട്ട് കൊണ്ടുപോകുന്നതും തൊഴിലുടമകൾക്ക് ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതും ഉറപ്പാക്കുന്ന ഒരു സന്തുലിത വികസന മാതൃക ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്,' അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, സ്ഥിരതയുള്ള നികുതി, വർദ്ധിച്ചുവരുന്ന സമ്പാദ്യം, ഉയർന്ന വാങ്ങൽ ശേഷി, വർദ്ധിച്ച ഉത്പാദനം എന്നിവയുടെ പിന്തുണയോടെയുള്ള സുസ്ഥിരമായ സാമ്പത്തിക വളർച്ച, വികസനത്തിൻ്റെയും തൊഴിലിൻ്റെയും ഒരു ഗുണപരമായ ആവൃത്തി സൃഷ്ടിച്ചിട്ടുണ്ടെന്ന് ഡോ. മാണ്ഡവ്യ അടിവരയിട്ടു. തൊഴിൽ ഇലാസ്തികതയിലെ പുരോഗതി ചൂണ്ടിക്കാണിച്ചുകൊണ്ട്, ജി.ഡി.പി.യിലുണ്ടാവുന്ന ഓരോ ഒരു ശതമാനം വർദ്ധനയും 1.11 ശതമാനം തൊഴിൽ വളർച്ച സൃഷ്ടിക്കുന്നുണ്ടെന്നും, പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് ഇത് വെറും 0.008 ശതമാനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ഇ.എസ്.ഐ.സി.), സ്വന്തം പദ്ധതി പ്രകാരമുള്ള പരിചരണം നൽകുന്ന ഒരേയൊരു ദാതാവായി തുടരേണ്ടതില്ലെന്നും ഡോ. മാണ്ഡവ്യ സൂചിപ്പിച്ചു. നന്നായി പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികളെ ഇ.എസ്.ഐ.സി. കേന്ദ്രങ്ങളായി നിയോഗിക്കാമെന്ന്, കോർപ്പറേഷൻ്റെ വരാനിരിക്കുന്ന പരിഷ്‌കാരങ്ങൾ വിവരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ക്ലെയിമുകൾ പൂർണ്ണമായും ഡിജിറ്റലാക്കുന്നതിലേക്കും, ഒരൊറ്റ യു.എ.എൻ. വഴി അക്കൗണ്ടുകൾ സ്വയമേവ മാറ്റുന്നതിലേക്കുമുള്ള എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷ(ഇ.പി.എഫ്.ഒ.)ൻ്റെ നീക്കവും, യു.പി.ഐ. അധിഷ്ഠിത പണംപിൻവലിക്കൽ പരിഗണനയിലാണെന്നുമുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാണിച്ചു
ദക്ഷിണേഷ്യയുടെയും ഇന്ത്യയിലെ രാജ്യതല ഓഫീസിൻ്റെ യും ചുമതല വഹിക്കുന്ന ഐ.എൽ.ഒ ഡി.ഡബ്ല്യു.ടി. ഡയറക്ടർ മിചികോ മിയാമോട്ടോ, സാമൂഹിക സുരക്ഷാ പരിരക്ഷ വിപുലീകരിച്ചതിന് ഇന്ത്യയെ അഭിനന്ദിച്ചു. ഐ.എൽ.ഒ.യുടെ കണക്കനുസരിച്ച്, കുറഞ്ഞത് ഒരു സാമൂഹിക സുരക്ഷാ പദ്ധതിയുടെയെങ്കിലും പരിരക്ഷയുള്ള ജനങ്ങളുടെ എണ്ണം രാജ്യത്ത് നൂറുകോടി പിന്നിട്ടതായി അവർ ചൂണ്ടിക്കാട്ടി. വരും നാളുകളിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് കുതിപ്പേകുന്നതിൽ ഈ നേട്ടം ഒരു നിർണായക പങ്ക് വഹിക്കുമെന്ന് അവർ അടിവരയിട്ടു.
ദ്വിദിന ഉച്ചകോടിയുടെ ഓർമ്മയ്ക്കായി തയ്യാറാക്കിയ ഒരു സ്മരണികയും കേന്ദ്രമന്ത്രി ഡോ. മാണ്ഡവ്യയും മറ്റ് വിശിഷ്ടവ്യക്തികളും ചേർന്ന് പ്രകാശനം ചെയ്തു.

****
(रिलीज़ आईडी: 2292681)
आगंतुक पटल : 9