ഷിപ്പിങ് മന്ത്രാലയം
azadi ka amrit mahotsav

വികസിത ഭാരതം 2047 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൻ്റെ ഭാഗമായി, സമുദ്ര ശേഷി വിപുലീകരണ നടപടികൾ ഇന്ത്യ ത്വരിതപ്പെടുത്തുന്നു

प्रविष्टि तिथि: 30 JUL 2026 8:03PM by PIB Thiruvananthpuram
വികസിത ഭാരതം 2047 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി തുറമുഖങ്ങൾ, ഉൾനാടൻ ജലപാതകൾ, കപ്പൽ നിർമ്മാണം എന്നിവയിലുടനീളമുള്ള നിക്ഷേപങ്ങൾ ഇന്ത്യ ത്വരിതപ്പെടുത്തുന്നു. ശേഷി വികസനം, സ്വകാര്യ നിക്ഷേപം, ഡിജിറ്റൈസേഷൻ, സമുദ്രോൽപ്പാദനം എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ടാണ് തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം (MoPSW) വികസിത ഭാരതം 2047-ലേക്കുള്ള പ്രവർത്തനപദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്.

വികസിത ഭാരത ലക്ഷ്യങ്ങളെക്കുറിച്ചുള്ള മന്ത്രാലയത്തിൻ്റെ ഉന്നതതല അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട്, മുൻഗണനാ പദ്ധതികൾ നിശ്ചിത സമയപരിധി കർശനമായി പാലിച്ചുകൊണ്ട് വേഗത്തിൽ നടപ്പാക്കാൻ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മന്ത്രാലയം, പ്രധാന തുറമുഖങ്ങൾ, ഇൻലാൻഡ് വാട്ടർവേസ് അതോറിറ്റി ഓഫ് ഇന്ത്യ (IWAI) എന്നിവയിലുടനീളമുള്ള ഉദ്യോഗസ്ഥർ, ഇന്ത്യയുടെ ദീർഘകാല സമുദ്ര അഭിലാഷങ്ങൾ കൈവരിക്കുന്നതിനായി ഏകീകൃത സമീപനത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിവിധ പ്രകടന സൂചികകളിൽ മന്ത്രാലയം ശ്രദ്ധേയമായ പുരോഗതി കൈവരിച്ച പശ്ചാത്തലത്തിലാണ് ഈ അവലോകനം നടന്നത്. ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പുനരുപയോഗ രാഷ്ട്രമെന്ന സ്ഥാനം ഇന്ത്യ ഉറപ്പിച്ചുകഴിഞ്ഞു, അതോടൊപ്പം ഉൾനാടൻ ജലപാതകളിലൂടെയുള്ള ചരക്കുനീക്കം ഇതിനകം 200 ദശലക്ഷം ടൺ പിന്നിടുകയും, മാരിടൈം ഇന്ത്യ വിഷൻ (MIV) 2030-ൻ്റെ ലക്ഷ്യം നിശ്ചയിച്ചിരുന്ന സമയപരിധിക്ക് ഏതാനും വർഷങ്ങൾക്കു മുമ്പ് തന്നെ കൈവരിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുകയും ചെയ്തു.

"നയരൂപീകരണവും കാര്യക്ഷമമായ നിർവ്വഹണവും കൂട്ടായ പ്രവർത്തനവും ഒരുമിച്ചാൽ ഇന്ത്യയ്ക്ക് എന്തെല്ലാം കൈവരിക്കാൻ സാധിക്കുമെന്ന് ഈ നേട്ടങ്ങൾ തെളിയിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിൽ, ഇന്ത്യയുടെ സാമ്പത്തിക പരിവർത്തനത്തിൻ്റെ ഏറ്റവും ശക്തമായ സ്തംഭങ്ങളിലൊന്നായി സമുദ്രമേഖല മാറിയിരിക്കുന്നു. ഇതേ ലക്ഷ്യബോധത്തോടെ നമ്മൾ പ്രവർത്തനം തുടരേണ്ടതുണ്ട്,  ‘വേഗതയും വ്യാപ്തിയും’  എന്ന പ്രധാനമന്ത്രിയുടെ മന്ത്രം ഉയർത്തിപ്പിടിക്കുകയും, ‘വികസിത ഭാരതം 2047’-ന് കീഴിലുള്ള ഓരോ നാഴികക്കല്ലും സമയബന്ധിതമായി കൈവരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം," സർബാനന്ദ സോനോവാൾ പറഞ്ഞു.

ആഗോളതലത്തിലുണ്ടാകുന്ന പ്രതിസന്ധികളിൽ നിന്നുള്ള പാഠങ്ങൾ ഭാവി ആസൂത്രണത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് സ്ഥാപനപരമായ  പ്രതിരോധശേഷി കൂടുതൽ ശക്തിപ്പെടുത്തണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. "വളർച്ച പോലെ തന്നെ പ്രധാനമാണ് പ്രതിരോധശേഷിയും എന്ന്  മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ സാഹചര്യം വ്യക്തമാക്കുന്നു. കൂടുതൽ ശക്തമായ സംവിധാനങ്ങൾ  കെട്ടിപ്പടുക്കുന്നതിനും ശേഷി വികസിപ്പിക്കുന്നതിനും ഭാവിക്കായി ഇന്ത്യയെ സജ്ജമാക്കുന്നതിനുമുള്ള അവസരമാണ് ഓരോ വെല്ലുവിളിയും നൽകുന്നത്. ഇന്ത്യയുടെ വളർച്ചാഗതി കൃത്യമായി നിലനിർത്തുന്നതോടൊപ്പം ആഗോള അനിശ്ചിതത്വങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടുള്ളതായിരിക്കണം നമ്മുടെ ആസൂത്രണം," സോനോവാൾ പറഞ്ഞു.

2030-ഓടെ 700 MTPA അധിക തുറമുഖ ശേഷി

2030-ഓടെ പ്രതിവർഷം 700 ദശലക്ഷം ടണ്ണിലധികം (MTPA) അധിക തുറമുഖ ശേഷി ലക്ഷ്യമിട്ടുകൊണ്ട്, രാജ്യത്തെ ഏറ്റവും വലിയ സമുദ്ര അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നാണ് മന്ത്രാലയം നടപ്പിലാക്കിവരുന്നത്. 2030-31 ഓടെ 164 MTPA അധിക ശേഷി കൈവരിക്കുന്ന വധാവൻ തുറമുഖം, 39 MTPA ശേഷിയുള്ള തൂത്തുക്കുടി ഔട്ടർ ഹാർബർ പദ്ധതി, 2027-28 ഓടെ 33 MTPA സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന കാണ്ട്ല ട്യൂണ ടെക്ര ടെർമിനൽ എന്നിവയാണ് ഈ മുൻനിര പദ്ധതികളിൽ ഉൾപ്പെടുന്നത്.

പുതിയ അടിസ്ഥാന സൗകര്യങ്ങൾ, യന്ത്രവൽക്കരണം, സ്വകാര്യ നിക്ഷേപം എന്നിവയുടെ സംയോജനത്തിലൂടെ 2030-ഓടെ 682 MTPA അധിക ശേഷി സൃഷ്ടിക്കാൻ മന്ത്രാലയം പദ്ധതിയിടുന്നു. ഇതിൽ പ്രധാന തുറമുഖങ്ങളിൽ 306 MTPA-യും, പ്രധാന ഇതര തുറമുഖങ്ങളിൽ 193 MTPA-യും, കൂടാതെ യന്ത്രവൽക്കരണം, പ്രവർത്തനക്ഷമത മെച്ചപ്പെടുത്തൽ, പൊതു-സ്വകാര്യ പങ്കാളിത്തം, വളർന്നുവരുന്ന ഇതര തുറമുഖങ്ങളിലെ ശേഷി വികസനം എന്നിവയിലൂടെയുള്ള മറ്റൊരു 183 MTPA-യും ഉൾപ്പെടുന്നു.


കാര്യക്ഷമത വർദ്ധിപ്പിക്കാൻ യന്ത്രവൽക്കരണവും പൊതു-സ്വകാര്യ പങ്കാളിത്തവും

തുറമുഖങ്ങളിലെ ചരക്കുനീക്ക യന്ത്രവൽക്കരണം 2025-26 സാമ്പത്തിക വർഷത്തിലെ 76 ശതമാനത്തിൽ നിന്ന് 2030-ഓടെ 93 ശതമാനമായി ഉയർത്താൻ മന്ത്രാലയം ലക്ഷ്യമിടുന്നു. ഇതിലൂടെ പ്രവർത്തനക്ഷമത ഗണ്യമായി മെച്ചപ്പെടുത്താനും കപ്പലുകളുടെ ടേൺഅറൗണ്ട് സമയം കുറയ്ക്കാനും സാധിക്കും. സ്വകാര്യ മേഖലയുടെ പങ്കാളിത്തവും വലിയ തോതിൽ വികസിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികളിലൂടെ കൈകാര്യം ചെയ്യുന്ന ചരക്കിൻ്റെ അളവ് 2013-14 ലെ 44 ശതമാനത്തിൽ നിന്ന്  2030-31 ഓടെ 85 ശതമാനമായി ഉയരുമെന്ന് കരുതുന്നു. തുറമുഖ വികസനത്തിൽ സ്വകാര്യ മൂലധനത്തിനും പ്രവർത്തന വൈദഗ്ധ്യത്തിനും സർക്കാർ തുടർച്ചയായി ഊന്നൽ നൽകുന്നതിൻ്റെ പ്രതിഫലനമാണിത്. അതോടൊപ്പം, സംയോജിത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ ലോജിസ്റ്റിക്സ് കാര്യക്ഷമത, സുതാര്യത, സേവന വിതരണം എന്നിവ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, 2030-ഓടെ സമുദ്ര മേഖലയിലുടനീളം100 ശതമാനം ഡിജിറ്റൈസേഷൻ കൈവരിക്കാനുള്ള ലക്ഷ്യവും മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്.


കപ്പൽ നിർമ്മാണ മേഖലയ്ക്ക് വൻ ഉത്തേജനം

അവലോകന കാലയളവിൽ ഇന്ത്യയുടെ കപ്പൽ നിർമ്മാണ മേഖലയും ശക്തമായ വളർച്ച രേഖപ്പെടുത്തി. ആഭ്യന്തര കപ്പൽ നിർമ്മാണ ഉൽപ്പാദനം 41 ശതമാനം വർദ്ധിച്ച്, 2024-ലെ 40,923 ഗ്രോസ് ടണ്ണിൽ നിന്ന് 2025-ൽ 57,637 ഗ്രോസ് ടണ്ണായി ഉയർന്നു. ദീർഘകാല ഉൽപ്പാദന വളർച്ചയെ പിന്തുണയ്ക്കുന്നതിനായി, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ ഗ്രീൻഫീൽഡ് കപ്പൽ നിർമ്മാണ ക്ലസ്റ്ററുകൾക്ക് സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. ഇവയിൽ ഓരോന്നിനും 1.2 ദശലക്ഷം ഗ്രോസ് ടൺ ശേഷിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര, ഒഡീഷ എന്നിവിടങ്ങളിലെ സമാന പദ്ധതികൾക്ക് 2026 ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തോടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തമിഴ്‌നാട്ടിൽ കപ്പൽ നിർമ്മാണ ക്ലസ്റ്റർ വികസിപ്പിക്കുന്നതിനായി എച്ച്ഡി ഹ്യുണ്ടായ്-കെഎസ്ഒഇയുമായി ഒരു ത്രികക്ഷി ധാരണാപത്രത്തിലും ഒപ്പുവെച്ചിട്ടുണ്ട്. ഈ വ്യവസായ ആവാസവ്യവസ്ഥകൾക്ക് ആവശ്യമായ പൊതു സമുദ്ര അടിസ്ഥാന സൗകര്യങ്ങൾക്ക് 100 ശതമാനം സാമ്പത്തിക സഹായവും സർക്കാർ നൽകുന്നുണ്ട്. രാജ്യത്തിനകത്ത് നിർമ്മിക്കുന്ന കപ്പലുകളുടെ മൂല്യത്തിലുണ്ടായ വൻ വർദ്ധനവും അവലോകന യോഗം ചൂണ്ടിക്കാട്ടി. ഒരു കപ്പലിൻ്റെ ശരാശരി കരാർ മൂല്യം മുൻപ് 41 കോടി രൂപയായിരുന്നത്  അഞ്ചിരട്ടിയിലധികം വർദ്ധിച്ച് 212 കോടി രൂപയായി ഉയർന്നു. വലുതും സാങ്കേതികമായി പുരോഗമിച്ചതുമായ കപ്പലുകൾ നിർമ്മിക്കാനുള്ള ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ശേഷിയാണ് ഇത് സൂചിപ്പിക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെയും, ലോജിസ്റ്റിക് ശേഷി വികസിപ്പിക്കുന്നതിലൂടെയും, ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, ആഗോള മത്സരശേഷി വർദ്ധിപ്പിക്കുന്നതിലൂടെയും ഇന്ത്യയെ ലോകത്തെ മുൻനിര സമുദ്രസമ്പദ്‌വ്യവസ്ഥകളിലൊന്നായി ഉയർത്തുകയെന്ന വിക്‌സിത ഭാരതം 2047 ലക്ഷ്യത്തിന് കീഴിലുള്ള മന്ത്രാലയത്തിൻ്റെ പ്രവർത്തനരേഖയ്ക്ക് കേന്ദ്രമന്ത്രി ഊന്നൽ നൽകി.
 
******
 

(रिलीज़ आईडी: 2292236) आगंतुक पटल : 3
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi