പ്രധാനമന്ത്രിയുടെ ഓഫീസ്
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ചേർന്ന സിസിഎസ് യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു
പൗരന്മാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, എല്ലാ സംഭവവികാസങ്ങളും പതിവായി നിരീക്ഷിക്കുന്നതിന് ഏകീകൃതവും ഏകോപിതവുമായ സംവിധാനത്തിന് ആഹ്വാനംചെയ്ത് പ്രധാനമന്ത്രി
കപ്പൽ ജീവനക്കാർക്കും കുടുംബങ്ങൾക്കും സമയബന്ധിതമായ വിവരങ്ങളും അടിയന്തര സഹായവും കൗൺസിലിങ്ങും നൽകുന്നതിനുള്ള സംവിധാനത്തിനു രൂപംനൽകണമെന്ന് പ്രധാനമന്ത്രി
വരാനിരിക്കുന്ന റാബി കാലയളവിലേക്കുള്ള വളത്തിന്റെ ആവശ്യകത വിലയിരുത്തി; വളത്തിന്റെ വിതരണം തടസ്സമില്ലാതെ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി
സംഘർഷത്തിന്റെ പ്രത്യാഘാതങ്ങളിൽനിന്ന് ഇന്ത്യയിലെ പൗരന്മാരെയും പ്രവാസികളെയും സംരക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് പ്രധാനമന്ത്രി
പുനരുപയോഗ ഊർജസ്രോതസ്സുകളുടെ ഉപയോഗത്തിനു പ്രധാനമന്ത്രി ഊന്നൽ നൽകി
പെട്രോളിയം ഉൽപ്പന്നങ്ങളുടെ മതിയായ ലഭ്യത ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് ക്യാബിനറ്റ് സെക്രട്ടറി വിശദീകരിച്ചു
प्रविष्टि तिथि:
30 JUL 2026 7:05PM by PIB Thiruvananthpuram
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സാഹചര്യം വിലയിരുത്തുന്നതിനും വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും സ്വീകരിച്ച നടപടികൾ പരിശോധിക്കുന്നതിനുമായി ഇന്നു ചേർന്ന സുരക്ഷാകാര്യങ്ങൾക്കായുള്ള കേന്ദ്രമന്ത്രിസഭാസമിതി (CCS) യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. ഈ വിഷയത്തിൽ ചേരുന്ന നാലാമത്തെ പ്രത്യേക CCS യോഗമായിരുന്നു ഇത്.
നിലവിലെ ഭൗമ-രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചു ക്യാബിനറ്റ് സെക്രട്ടറി CCS യോഗത്തിൽ വിശദീകരിച്ചു. എൽഎൻജിയും/എൽപിജിയും വളങ്ങളും ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപ്പന്നങ്ങളുടെ മതിയായ ലഭ്യത ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. എൽപിജി സംഭരണത്തിനായുള്ള സ്രോതസ്സുകൾ ഇതിനകം വൈവിധ്യവൽക്കരിച്ചിട്ടുണ്ടെന്നും പ്രധാന പെട്രോളിയം ഉൽപ്പന്നങ്ങളുടെ മൊത്തത്തിലുള്ള സ്റ്റോക്കും വിതരണവും തൃപ്തികരമായി തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആവശ്യത്തിന് അസംസ്കൃത എണ്ണ ലഭ്യമായതിനെത്തുടർന്ന് കേന്ദ്ര പൊതുമേഖലാ സംരംഭങ്ങളുടെ (CPSE) എണ്ണശുദ്ധീകരണശാലകൾക്ക് 100 ശതമാനത്തിലധികം ശേഷിയിൽ പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും, ഇത് പെട്രോൾ, ഡീസൽ, മറ്റു പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുടെ നിരന്തരമായ ഉൽപ്പാദനം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പൈപ്പിലൂടെയുള്ള പ്രകൃതിവാതക (PNG) കണക്ഷനുകൾ വ്യാപിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇതു പിഎൻജി കണക്ഷനുകളിൽ വൻ വർധനയ്ക്കു കാരണമായി. ദേശീയ വാതകശൃംഖലയുടെ വിപുലീകരണം, എൽഎൻജി ഇറക്കുമതിയുടെയും പുനർവാതകവൽക്കരണ അടിസ്ഥാനസൗകര്യങ്ങളുടെയും വർധന, നഗര വാതക വിതരണ ശൃംഖലകളുടെ വിപുലീകരണം, പൈപ്പ്‌ലൈൻ അടിസ്ഥാന സൗകര്യ ഉത്തരവ് 2026 പ്രകാരമുള്ള കൃത്യസമയത്തുള്ള പൈപ്പ്‌ലൈൻ, ലാസ്റ്റ്-മൈൽ കണക്റ്റിവിറ്റി അംഗീകാരങ്ങൾ എന്നിവയിലൂടെ എൽപിജിക്കുള്ള വ്യാവസായിക ബദൽ സംവിധാനങ്ങൾ ഗവണ്മെന്റ് സുഗമമാക്കുന്നുണ്ട്.
യോഗത്തിൽ, വരാനിരിക്കുന്ന റാബി കാലയളവിലേക്കുള്ള വളത്തിന്റെ ആവശ്യകത വിലയിരുത്തി. വളത്തിനായുള്ള ഇതരസ്രോതസ്സുകളെക്കുറിച്ചു ചർച്ച ചെയ്തു. വളത്തിന്റെ വിതരണം തടസ്സമില്ലാതെ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു.
സംഘർഷമേഖലകളിലെ ആഭ്യന്തര-വിദേശ കപ്പലുകളിൽ സേവനമനുഷ്ഠിക്കുന്ന കപ്പൽ ജീവനക്കാരുടെ സാഹചര്യവും ചർച്ചചെയ്തു. കപ്പൽ ജീവനക്കാർക്കും കുടുംബങ്ങൾക്കും സമയബന്ധിതമായ വിവരങ്ങളും അടിയന്തര സഹായവും കൗൺസിലിങ്ങും നൽകുന്നതിനുള്ള സംവിധാനത്തിനു രൂപംനൽകാൻ പ്രധാനമന്ത്രി നിർദേശിച്ചു.
ഈ സംഘർഷത്തിന്റെ പ്രത്യാഘാതങ്ങളിൽനിന്ന് ഇന്ത്യൻ പൗരന്മാരെയും പ്രവാസികളെയും സംരക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.
ഊർജവുമായി ബന്ധപ്പെട്ട് സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിന്, സൗരോർജവും മറ്റു ഫോസിൽ ഇതര ഇന്ധനാധിഷ്ഠിത സ്രോതസ്സുകളും ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജസ്രോതസ്സുകൾക്കു മുൻഗണന നൽകണമെന്നു പ്രധാനമന്ത്രി പറഞ്ഞു.
ഈ പ്രതിസന്ധിയാലുണ്ടാകുന്ന വെല്ലുവിളികൾ നേരിടാൻ ഗവണ്മെന്റിന്റെ സർവതോമുഖ സമീപനം തുടർന്നും സ്വീകരിക്കണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പൗരന്മാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി അനുയോജ്യമായ നടപടികൾ വേഗത്തിൽ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, എല്ലാ സംഭവവികാസങ്ങളും പതിവായി നിരീക്ഷിക്കുന്നതിന് ഏകീകൃത-ഏകോപിത സംവിധാനം ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
SK
(रिलीज़ आईडी: 2292074)
आगंतुक पटल : 13