ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
azadi ka amrit mahotsav

ഡൽഹി ഐഐടിയിൽ കേന്ദ്ര മന്ത്രി ശ്രീ ഗിരിരാജ് സിംഗ് കൈത്തറി ടെക്നോളജി മികവിൻ്റെ കേന്ദ്രം ഓഗസ്റ്റ് 3-ന് ഉദ്ഘാടനം ചെയ്യും

प्रविष्टि तिथि: 30 JUL 2026 3:36PM by PIB Thiruvananthpuram
സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ, ഭാവിക്ക് അനുയോജ്യമായ കൈത്തറി ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, കേന്ദ്ര ടെക്സ്റ്റയിൽസ് വകുപ്പ് മന്ത്രി ശ്രീ ഗിരിരാജ് സിംഗ് 2026 ഓഗസ്റ്റ് 3-ന് ഐഐടി ഡൽഹിയിൽ 'കൈത്തറി ടെക്നോളജി മികവിൻ്റെ കേന്ദ്രം' (CoE-HT) ഉദ്ഘാടനം ചെയ്യും. കേന്ദ്ര ടെക്സ്റ്റയിൽസ് വകുപ്പ് സഹമന്ത്രി ശ്രീ പബിത്ര മർഗരിറ്റ, സെക്രട്ടറി ശ്രീമതി നീലം ഷമി റാവു, കൈത്തറി വികസന കമ്മീഷണർ ഡോ. എം. ബീന എന്നിവർക്കൊപ്പം ടെക്സ്റ്റയിൽസ് മന്ത്രാലയത്തിലെയും ഐഐടി ഡൽഹിയിലെയും മുതിർന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
 
കേന്ദ്ര ഗവണ്മെൻ്റിൻ്റെ 11.99 കോടി രൂപയുടെ നിക്ഷേപത്തിൽ സ്ഥാപിതമായ ഈ മികവിൻ്റെ കേന്ദ്രം, ഇന്ത്യയുടെ സമ്പന്നമായ കൈത്തറി പാരമ്പര്യത്തെ അത്യാധുനിക ഗവേഷണം, നൂതനാശയം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവയുമായി സംയോജിപ്പിച്ച് കൈത്തറി മേഖലയുടെ മത്സരക്ഷമത, സുസ്ഥിരത, ആഗോളതലത്തിലുള്ള സാന്നിധ്യം എന്നിവ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു. അക്കാദമിക് രംഗം, വ്യവസായ മേഖല, ഡിസൈനർമാർ, സാങ്കേതിക വിദഗ്ദ്ധർ, സ്റ്റാർട്ടപ്പുകൾ, കൈത്തറി സ്ഥാപനങ്ങൾ എന്നിവരെ ഒരുമിപ്പിച്ച് കൈത്തറി മേഖലയ്ക്കായി നൂതന പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഒരു ദേശീയ വൈജ്ഞാനിക -നൂതനാശയ കേന്ദ്രമായി ഇത് പ്രവർത്തിക്കും. തറി നവീകരണവും തൊഴിൽ അന്തരീക്ഷ പഠനവും, നിർമിത ബുദ്ധി, സുസ്ഥിരത, പ്രായോഗിക നൂതനാശയങ്ങൾ, ഡിജിറ്റൽ വിജ്ഞാന സംവിധാനങ്ങൾ, സംരംഭകത്വം എന്നിവയാണ് ഇതിൻ്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ.
 
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, ഈ കേന്ദ്രം കൈത്തറി വിജ്ഞാനത്തിൻ്റെ ഒരു ദേശീയ ഡിജിറ്റൽ സമാഹാരം വികസിപ്പിക്കുകയും, എഐ പിന്തുണയുള്ള ടൂളുകൾ നിർമ്മിക്കുകയും, നൂതന തറി സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും ചെയ്യും. കൂടാതെ പേറ്റൻ്റുകളും ഗവേഷണങ്ങളും സാധ്യമാക്കുക, സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക, രാജ്യത്തുടനീളമുള്ള നെയ്ത്തുകാർ, അധ്യാപകർ, കൈത്തറി വിദഗ്ദ്ധർ എന്നിവർക്ക് പരിശീലനം നൽകുക എന്നിവയും ലക്ഷ്യമിടുന്നു.
 
ഇന്ത്യയുടെ സമ്പന്നമായ നെയ്ത്ത് പാരമ്പര്യം സംരക്ഷിക്കുന്നതോടൊപ്പം കൈത്തറി മേഖലയെ നവീകരിക്കാനുള്ള ഗവണ്മെൻ്റിൻ്റെ ശ്രമങ്ങളിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് കൈത്തറി സങ്കേതകവിദ്യക്കായുള്ള ഈ മികവ് കേന്ദ്രത്തിൻ്റെ തുടക്കം. ഗവേഷണം, നൂതനാശയം, സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നെയ്ത്തുകാരെ ശാക്തീകരിക്കുകയും, ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും, സുസ്ഥിര രീതികൾ പ്രോത്സാഹിപ്പിക്കുകയും, പുതിയ ആഭ്യന്തര-ആഗോള അവസരങ്ങൾക്കായി ഇന്ത്യൻ കൈത്തറിയെ പ്രാപ്തമാക്കുകയും ചെയ്യുന്ന ഒരു ശക്തമായ അന്തരീക്ഷം സൃഷ്ടിക്കാൻ ഈ കേന്ദ്രത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
 
ഇന്ത്യയിലെ കൈത്തറി മേഖല 35 ലക്ഷത്തിലധികം നെയ്ത്തുകാർക്കും അനുബന്ധ തൊഴിലാളികൾക്കും ഉപജീവനമാർഗ്ഗം നൽകുന്നുണ്ട്; ഇതിൽ തൊഴിലാളികളിൽ 70 ശതമാനത്തോളം സ്ത്രീകളാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള നെയ്ത്ത് പാരമ്പര്യങ്ങൾ സംരക്ഷിക്കുമ്പോഴും, ഉൽപ്പാദനക്ഷമത, സാങ്കേതികവിദ്യ അവലംബിക്കൽ, സുതാര്യത, ആധികാരികത, സുസ്ഥിരത, വിപണിയിലെ മത്സരക്ഷമത എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ ഈ മേഖല നേരിടുന്നുണ്ട്. ഗവേഷണം, നൂതനാശയം, ശേഷി വികസനം, സാങ്കേതികവിദ്യ കൈമാറ്റം എന്നിവയിലൂടെ ഈ വെല്ലുവിളികളെ അഭിസംബോധന ചെയ്യാനാണ് ഈ കേന്ദ്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
 
പാരമ്പര്യവും സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്ന, കേന്ദ്രത്തിൻ്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന അഞ്ച് മുൻനിര സംരംഭങ്ങളുടെ സമാരംഭത്തിനും ഉദ്ഘാടന ചടങ്ങ് സാക്ഷ്യം വഹിക്കും:
  • ഹാൻഡ്‌ലൂം 4.0: ഓരോ തറിക്കുമുള്ള ഒരു ഡിജിറ്റൽ പങ്കാളി. ഇത് നെയ്ത്തുകാർക്ക് ഉൽപ്പാദനക്ഷമതയും സുസ്ഥിരതയും വിലയിരുത്താൻ അവസരമൊരുക്കുന്നു. കൂടാതെ സഹകരണ സംഘങ്ങൾക്കും ഗവണ്മെൻ്റ് ഏജൻസികൾക്കും യഥാസമയം കൃത്യമായ സഹായങ്ങൾ എത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
  • ഹാൻഡ്‌ലൂം ഇ-വിദ്യ: കൈത്തറി മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഒരു ഡിജിറ്റൽ പഠന, വിജ്ഞാന ഹബ്ബ്. നെയ്ത്തുകാർ, വിദ്യാർത്ഥികൾ, കൈത്തറി മേഖലയിലെ മറ്റ് പ്രധാന പങ്കാളികൾ എന്നിവർക്ക് പ്രായോഗികവും സമാഹൃതവുമായ പരിഹാരങ്ങൾ ഇത് നൽകുന്നു.
  • ഹാൻഡ്‌ലൂം എക്സ്: കൈത്തറി മേഖലയിലെ സ്റ്റാർട്ടപ്പുകളെയും നൂതനാശയങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ആക്സിലറേറ്റർ ആൻഡ് ഇൻകുബേഷൻ പ്ലാറ്റ്‌ഫോം.
  • കലാഗൃഹ ഹാൻഡ്‌ലൂം സ്റ്റുഡിയോ / ജെൻ-സി ഡിസൈൻ സ്റ്റുഡിയോ: ഡിജിറ്റൽ ദൃശ്യത, കസ്റ്റമൈസേഷൻ, ഉൽപ്പന്ന ആധികാരികത എന്നിവയിലൂടെ പുതിയ തലമുറ ഉപഭോക്താക്കളുമായി കൈത്തറിയെ ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു.
  • ത്രെഡ്സ് ഓഫ് വാലർ: പ്രതിരോധ മേഖലയിൽ നിന്നുള്ള പുനചംക്രമണം ചെയ്ത തുണിത്തരങ്ങളെ പ്രീമിയം കൈത്തറി ഉൽപ്പന്നങ്ങളാക്കി മാറ്റി പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി.
 

****

 

(रिलीज़ आईडी: 2292029) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Gujarati , Tamil , Telugu , Kannada