ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
2026-ലെ നീറ്റ് യുജി കൗൺസിലിംഗുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദ അവലോകനം ചെയ്തു
प्रविष्टि तिथि:
29 JUL 2026 6:52PM by PIB Thiruvananthpuram
കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദ ഇന്ന് 2026-ലെ നീറ്റ് യുജി കൗൺസിലിംഗുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ അവലോകനം ചെയ്തു. രാജ്യത്തുടനീളമുള്ള ബിരുദ മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾ സുതാര്യവും, യോഗ്യതയെ അടിസ്ഥാനമാക്കിയുള്ളതും, സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ളതും, വിദ്യാർത്ഥിസൗഹൃദവുമായി ഉറപ്പാക്കുന്നതിനുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധത അദ്ദേഹം വീണ്ടും ഊന്നിപ്പറഞ്ഞു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിന് (DGHS) കീഴിലുള്ള മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റിയുടെ (MCC) പരിധിയിൽ വരുന്ന അഖിലേന്ത്യാ ക്വാട്ട (AIQ) സീറ്റുകളുടെയും മറ്റ് സീറ്റുകളുടെയും കൗൺസിലിംഗിനായുള്ള മുന്നൊരുക്കങ്ങളാണ് ഈ അവലോകനത്തിൽ വിലയിരുത്തിയത്.

അവലോകന വേളയിൽ, മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി (MCC), ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (DGHS), കൗൺസിലിംഗ് പ്രക്രിയയുമായി ബന്ധപ്പെട്ട മറ്റ് പങ്കാളികൾ എന്നിവയുടെ തയ്യാറെടുപ്പുകൾ മന്ത്രി വിലയിരുത്തി. കൗൺസിലിംഗ് ഷെഡ്യൂൾ, ഐടി അടിസ്ഥാനസൗകര്യങ്ങൾ, സൈബർ സുരക്ഷാ സജ്ജീകരണങ്ങൾ, പരാതി പരിഹാര സംവിധാനങ്ങൾ, ഉദ്യോഗാർത്ഥികൾക്കുള്ള സൗകര്യങ്ങൾ, പങ്കാളികളായ സ്ഥാപനങ്ങളുമായുള്ള ഏകോപനം എന്നിവ അദ്ദേഹം അവലോകനം ചെയ്തു.
കൗൺസിലിംഗ് നടപടികൾ സുതാര്യവും നിഷ്പക്ഷവും യോഗ്യതയെ അടിസ്ഥാനമാക്കിയുള്ളതുമായിരിക്കണമെന്നും വിദ്യാർത്ഥികൾക്ക് തടസ്സമില്ലാത്ത അനുഭവം ഉറപ്പാക്കണമെന്നും ശ്രീ നദ്ദ ഊന്നിപ്പറഞ്ഞു. പ്രവേശന പ്രക്രിയയിലുടനീളം ശക്തമായ സാങ്കേതിക പിന്തുണ നിലനിർത്താനും, പരാതികൾ ഉടനടി പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും, കൗൺസിലിംഗ് പോർട്ടലിൻ്റെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്താനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കൂടാതെ, ഉദ്യോഗാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

സുതാര്യത വർദ്ധിപ്പിക്കുക, പ്രവേശനക്ഷമത മെച്ചപ്പെടുത്തുക, പ്രവേശന പ്രക്രിയ ലളിതമാക്കുക എന്നിവ ലക്ഷ്യമിട്ട് സാങ്കേതികവിദ്യയിൽ അധിഷ്ഠിതവും വിദ്യാർത്ഥി കേന്ദ്രീകൃതവുമായ നിരവധി സുപ്രധാന പരിഷ്കാരങ്ങൾ 2026-ലെ നീറ്റ് യുജി കൗൺസിലിംഗിൽ അവതരിപ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു.
ഉദ്യോഗാർത്ഥികൾ ആവർത്തിച്ച് കോളേജുകൾ സന്ദർശിക്കേണ്ടി വരുന്നത് ഗണ്യമായി കുറയ്ക്കുന്ന വൺ-ടൈം ഫിസിക്കൽ റിപ്പോർട്ടിംഗ് (ഒറ്റത്തവണ നേരിട്ടെത്തി റിപ്പോർട്ട് ചെയ്യൽ) സംവിധാനം ഏർപ്പെടുത്തിയതാണ് പ്രധാന പരിഷ്കാരങ്ങളിലൊന്ന്. സീറ്റ് അലോട്ട്‌മെൻ്റിന് ശേഷം, ഉദ്യോഗാർത്ഥികൾക്ക് ഫ്രീസ് അല്ലെങ്കിൽ ഫ്ലോട്ട് ഓപ്ഷനുകൾ തെരഞ്ഞെടുത്ത് തങ്ങളുടെ സന്നദ്ധത ഓൺലൈനായി രേഖപ്പെടുത്താവുന്നതാണ്.
ഫ്രീസ് ഓപ്ഷൻ തെരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾ, അസ്സൽ രേഖകളുടെ പരിശോധനയും പ്രവേശന ഫീസ് ഒടുക്കലും ഉൾപ്പെടെയുള്ള പ്രവേശന നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി നിശ്ചിത സമയപരിധിക്കുള്ളിൽ തങ്ങൾക്ക് അനുവദിക്കപ്പെട്ട സ്ഥാപനത്തിൽ നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടതാണ്.

തുടർന്നുള്ള കൗൺസിലിംഗ് റൗണ്ടുകളിൽ ഉയർന്ന മുൻഗണനയുള്ള സീറ്റ് ലഭിക്കുന്നതിനായി ഫ്ലോട്ട് ഓപ്ഷൻ തെരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക്, രേഖകളുടെ പരിശോധന ഉൾപ്പെടെയുള്ള പ്രവേശന നടപടിക്രമങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ഓൺലൈൻ മുഖേന പൂർത്തിയാക്കാവുന്നതാണ്. ഈ കാലയളവിൽ ഇവർ തങ്ങൾക്ക് അനുവദിക്കപ്പെട്ട സ്ഥാപനങ്ങളിൽ നേരിട്ട് റിപ്പോർട്ട് ചെയ്യുകയോ, അസ്സൽ രേഖകൾ സമർപ്പിക്കുകയോ, പ്രവേശന ഫീസ് ഒടുക്കുകയോ ചെയ്യേണ്ടതില്ല. അതേസമയം, തുടർന്നുളള കൗൺസിലിംഗ് റൗണ്ടുകളിൽ പങ്കെടുക്കുമ്പോഴും ഇവരുടെ താൽക്കാലിക പ്രവേശനം സാധുവായിരിക്കും.
ഉയർന്ന മുൻഗണനാ സീറ്റുകളിലേക്ക് മാറുന്നതിനുള്ള സൗകര്യം കൗൺസിലിംഗിൻ്റെ മൂന്നാം റൗണ്ട് വരെ ലഭ്യമായിരിക്കും. മൂന്നാം റൗണ്ട് പൂർത്തിയായ ശേഷം, സീറ്റുകൾ അനുവദിക്കപ്പെട്ട ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുടെ പരിശോധനയ്ക്കും, പ്രവേശന ഫീസ് ഒടുക്കുന്നതിനും, സ്ഥാപനതലത്തിലുള്ള മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുമായി തങ്ങൾക്ക് അനുവദിച്ച സ്ഥാപനങ്ങളിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
പുതുക്കിയ ഈ ചട്ടക്കൂട്, ഒറ്റത്തവണ മാത്രമുള്ള നേരിട്ടുള്ള റിപ്പോർട്ടിംഗ്, അസ്സൽ രേഖകളുടെ ഒറ്റത്തവണ മാത്രമുളള പരിശോധന, പ്രവേശന ഫീസ് ഒറ്റത്തവണ ഒടുക്കുക എന്നിവ ഉറപ്പാക്കുന്നു. ഇതിലൂടെ അനാവശ്യ യാത്രകൾ ഒഴിവാക്കാനും പ്രവേശന നടപടികൾ ലളിതമാക്കാനും വിദ്യാർത്ഥികൾക്ക് കൂടുതൽ സൗകര്യമൊരുക്കാനും സാധിക്കുന്നു.

ഈ വർഷം അവതരിപ്പിച്ച മറ്റൊരു പ്രധാന പരിഷ്കാരം ഓൺലൈനായി സീറ്റ് വേണ്ടെന്നുവെക്കുന്നതിനുള്ള സൗകര്യം നടപ്പിലാക്കിയതാണ്. ബാധകമായ കൗൺസിലിംഗ് ചട്ടങ്ങൾക്കും സമയപരിധിക്കും അനുസൃതമായി, തങ്ങൾക്ക് അനുവദിക്കപ്പെട്ട സീറ്റ് വേണ്ടെന്നുവെക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇനി മുതൽ എം.സി.സി കൗൺസിലിംഗ് പോർട്ടൽ വഴി ഇതിനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇൻഫർമേഷൻ ബുള്ളറ്റിനിൽ പ്രത്യേകം പ്രതിപാദിക്കുകയോ എം.സി.സി വെവ്വേറെ അറിയിക്കുകയോ ചെയ്യാത്ത പക്ഷം, ഇതിനായി അനുവദിക്കപ്പെട്ട സ്ഥാപനങ്ങളിൽ ഉദ്യോഗാർത്ഥികൾ നേരിട്ട് ഹാജരാകേണ്ടതില്ല.
കൗൺസിലിംഗ് പ്രക്രിയയിലെ സുതാര്യതയും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കിയ നിരവധി സുപ്രധാന നടപടികളും പ്രസ്തുത അവലോകന യോഗം എടുത്തുകാട്ടി. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ (NTA) നിന്ന് ലഭ്യമാക്കിയ ഉദ്യോഗാർത്ഥികളുടെ മുൻകൂട്ടി രേഖപ്പെടുത്തിയ വിവരങ്ങൾ, ഓൺലൈൻ സർട്ടിഫിക്കറ്റ് പരിശോധന, നാഷണൽ മെഡിക്കൽ കമ്മീഷൻ (NMC) സാക്ഷ്യപ്പെടുത്തിയ സീറ്റ് മാട്രിക്സ്, കൗൺസിലിംഗിൽ പങ്കെടുക്കുന്ന വിവിധ സ്ഥാപനങ്ങൾ നടത്തുന്ന പരിശോധനകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ബെഞ്ച്മാർക്ക് ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട (PwBD) ഉദ്യോഗാർത്ഥികൾക്കുള്ള കൗൺസിലിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. ഭിന്നശേഷി നിർണ്ണയ പ്രക്രിയയിൽ കൂടുതൽ സുതാര്യതയും ഏകീകൃത സ്വഭാവവും ഉറപ്പാക്കുന്നതിനും ഉദ്യോഗാർത്ഥികൾക്ക് ഇത് എളുപ്പത്തിൽ പ്രാപ്യമാക്കുന്നതും ലക്ഷ്യമിട്ട്, ഇതിനായി നിശ്ചയിച്ചിട്ടുള്ള വിലയിരുത്തൽ കേന്ദ്രങ്ങളുടെ എണ്ണം രാജ്യത്തുടനീളം 16-ൽ നിന്നും 61 ആയി ഉയർത്തിയിട്ടുണ്ട്.

നാഷണൽ മെഡിക്കൽ കമ്മീഷൻ്റെ 2026 ജൂലൈ 27-ലെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, നിശ്ചയിക്കപ്പെട്ട മെഡിക്കൽ ബോർഡുകൾ നൽകുന്ന സർട്ടിഫിക്കറ്റ് ഇനി മുതൽ 'യോഗ്യതാ സർട്ടിഫിക്കറ്റ്' എന്ന പേരിലായിരിക്കും അറിയപ്പെടുക. പ്രവർത്തനക്ഷമത അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലിലൂടെ എം.ബി.ബി.എസ് പ്രവേശനത്തിനുള്ള ഉദ്യോഗാർത്ഥിയുടെ യോഗ്യത നിശ്ചയിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ, PwBD വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് തുല്യ അവസരം ഉറപ്പാക്കുന്നതോടൊപ്പം അക്കാദമിക് നിലവാരം, പ്രൊഫഷണൽ യോഗ്യത, രോഗികളുടെ സുരക്ഷ എന്നിവ നിലനിർത്തിക്കൊണ്ട് സുതാര്യവും ഏകീകൃതവും ശാസ്ത്രീയവും കാര്യശേഷിയിലധിഷ്ഠിതവുമായ ഒരു വിലയിരുത്തൽ ചട്ടക്കൂട് ഉറപ്പുനൽകുന്നു.
ഇൻഫർമേഷൻ ബുള്ളറ്റിനിലെ വ്യവസ്ഥകൾക്ക് വിധേയമായി, പ്രാഥമിക ഭിന്നശേഷി നിർണ്ണയ ബോർഡിൻ്റെ വിലയിരുത്തലിനെതിരെ അർഹരായ ഉദ്യോഗാർത്ഥികൾക്ക് അപ്പീൽ നൽകുന്നതിനായി ഒരു അപ്പലേറ്റ് ഭിന്നശേഷി നിർണ്ണയ ബോർഡും പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
എൻ.ആർ.ഐ വിഭാഗത്തിന് കീഴിലുള്ള പ്രവേശന നടപടികൾ പൂർണ്ണമായും ഡിജിറ്റൽവൽക്കരിച്ചു എന്നതാണ് മറ്റൊരു സുപ്രധാന പരിഷ്കാരം. എൻ.ആർ.ഐ ഉദ്യോഗാർത്ഥികൾക്കായുള്ള രജിസ്ട്രേഷൻ ഇനി മുതൽ നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങൾക്കനുസൃതമായി ഓൺലൈൻ കൗൺസിലിംഗ് പോർട്ടൽ വഴി മാത്രമായിരിക്കും നടത്തുക. മുൻപ് ഇമെയിൽ വഴി രേഖകൾ സമർപ്പിച്ചിരുന്ന രീതിക്ക് പകരം ഉദ്യോഗാർത്ഥികൾ ആവശ്യമായ എല്ലാ രേഖകളും ഓൺലൈനായി അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഇത്തരത്തിൽ അപ്‌ലോഡ് ചെയ്യുന്ന രേഖകൾ ഇതിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഡോക്യുമെൻ്റ് വെരിഫിക്കേഷൻ ഓഫീസർമാർ ഓൺലൈനായി പരിശോധിക്കും. ഇത് സുതാര്യവും കാര്യക്ഷമവും സമയബന്ധിതവുമായ ഒരു പരിശോധനാ നടപടിക്രമം ഉറപ്പാക്കുന്നു. 1890-ലെ ഗാർഡിയൻസ് ആൻഡ് വാർഡ്സ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം, സ്പോൺസർ ഉദ്യോഗാർത്ഥിയുടെ യഥാർത്ഥ നിയമപരമായ രക്ഷിതാവാണെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകളും അനുബന്ധ നിയമരേഖകളും കൗൺസിലിംഗ് സമയത്ത് സമർപ്പിക്കേണ്ടതുണ്ടെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവുകൾക്ക് വിധേയമായി 2026 മെയ് 27-ന് പുറപ്പെടുവിച്ച പൊതുവിജ്ഞാപനത്തിലൂടെ എം.സി.സി ഇതിനകം അറിയിച്ചിട്ടുള്ളതാണ്.
നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററുമായി (NIC) സഹകരിച്ച് സൈബർ സുരക്ഷാ സജ്ജീകരണങ്ങൾ സമഗ്രമായി വിലയിരുത്തിയിട്ടുണ്ടെന്നും ശ്രീ നദ്ദയെ അറിയിച്ചു. കൗൺസിലിംഗ് നടപടികൾ രാജ്യത്തുടനീളം ഏകീകൃതമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഭിന്നശേഷി നിർണ്ണയ ബോർഡുകൾ, കോളേജ് നോഡൽ ഓഫീസർമാർ, ഡോക്യുമെൻ്റ് വെരിഫിക്കേഷൻ ഓഫീസർമാർ എന്നിവർക്കായി പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
ഉദ്യോഗാർത്ഥികൾക്കുള്ള പിന്തുണാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഒരു 24×7 ടോൾ ഫ്രീ കോൾ സെൻ്റർ (1800-102-7637) സ്ഥാപിച്ചിട്ടുണ്ട്. കൗൺസിലിംഗ് പ്രക്രിയയിലുടനീളം ഉദ്യോഗാർത്ഥികളെ സഹായിക്കുന്നതിനായി ദ്വിഭാഷാ വിവര സാമഗ്രികൾ, പതിവുചോദ്യങ്ങൾ (FAQs), മാർഗ്ഗനിർദ്ദേശ വീഡിയോകൾ എന്നിവ വിവിധ പ്ലാറ്റ്‌ഫോമുകൾ വഴി ലഭ്യമാക്കുന്നുണ്ട്. ഉദ്യോഗാർത്ഥികളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉടനടി പരിഹാരം കാണുന്നതിനായി mcc2026[at]gov[dot]in എന്ന വിലാസത്തിൽ സമർപ്പിത ഇമെയിൽ അധിഷ്ഠിത പരാതി പരിഹാര സംവിധാനവും ഒരുക്കിയിട്ടുണ്ട്.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി 2026 ജൂലൈ 16-ന് നീറ്റ് യുജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എസ്.സി ഓണേഴ്സ് നഴ്സിംഗ് കോഴ്സുകളിലെ അഖിലേന്ത്യാ സീറ്റുകളിലേക്കുള്ള കൗൺസിലിംഗ് നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സീറ്റ് സ്വീകരിക്കൽ, അപ്ഗ്രേഡേഷൻ, സീറ്റ് വേണ്ടെന്നുവെക്കൽ അല്ലെങ്കിൽ ഭിന്നശേഷി നിർണ്ണയം എന്നിവയുമായി ബന്ധപ്പെട്ട ഓപ്ഷനുകൾ രേഖപ്പെടുത്തുന്നതിന് മുൻപ് ഇൻഫർമേഷൻ ബുള്ളറ്റിൻ, കൗൺസിലിംഗ് സ്കീം, ബാധകമായ ചട്ടങ്ങൾ എന്നിവ ശ്രദ്ധാപൂർവ്വം വായിച്ചു മനസ്സിലാക്കാൻ ഉദ്യോഗാർത്ഥികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രവേശന പ്രക്രിയയിലുടനീളം എം.സി.സി-യുടെ ഔദ്യോഗിക കൗൺസിലിംഗ് പോർട്ടൽ പതിവായി സന്ദർശിക്കാനും വിജ്ഞാപനം ചെയ്തിട്ടുള്ള കൗൺസിലിംഗ് ഷെഡ്യൂൾ പാലിക്കാനും ഉദ്യോഗാർത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി ശ്രീമതി പുണ്യ സലീല ശ്രീവാസ്തവ, മെഡിക്കൽ വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറി ശ്രീമതി വിനോദ് കോട്‌വാൾ, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിലെ ആരോഗ്യ സേവന ഡയറക്ടർ ജനറൽ ഡോ. ലവ്നീഷ് ജി. കൃഷ്ണ, നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്റർ ഡയറക്ടർ ജനറൽ ശ്രീ പ്രിയങ്ക് ഭാരതി എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും അവലോകന യോഗത്തിൽ പങ്കെടുത്തു.
***
(रिलीज़ आईडी: 2291484)
आगंतुक पटल : 7