യുവജനകാര്യ, കായിക മന്ത്രാലയം
കോമൺവെൽത്ത് ഗെയിംസ് 2026 വെങ്കല മെഡൽ ജേതാവ് പാരാ പവർലിഫ്റ്റർ ഝണ്ഡു കുമാറിനെ ആദരിച്ച് ഡോ. മൻസുഖ് മാണ്ഡവ്യ
प्रविष्टि तिथि:
27 JUL 2026 4:02PM by PIB Thiruvananthpuram
സ്കോട്ട്‌ലൻഡിലെ ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കുവേണ്ടി ആദ്യ മെഡൽ നേടിയ പാരാ പവർലിഫ്റ്റർ ഝണ്ഡു കുമാറിനെ കേന്ദ്ര യുവജനകാര്യ കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ തിങ്കളാഴ്ച ഔദ്യോഗിക വസതിയിൽ ആദരിച്ചു. പുരുഷന്മാരുടെ ഹെവിവെയ്റ്റ് വിഭാഗത്തിൽ 190 കിലോഗ്രാം ഉയർത്തിയാണ് ഝണ്ഡു വെങ്കലം സ്വന്തമാക്കിയത്.
ബീഹാറിലെ നളന്ദ ജില്ലയിലെ നിർധന കുടുംബാംഗമായ ഝണ്ഡുവിന് കേന്ദ്രമന്ത്രി 10 ലക്ഷം രൂപ ഉപഹാരം സമ്മാനിച്ചു. കേന്ദ്ര കായികമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിച്ച അദ്ദേഹം പറഞ്ഞു: “ഇന്ന് കേന്ദ്ര കായികമന്ത്രിയെ കാണാൻ സാധിച്ചതിൽ എനിക്ക് ഏറെ അഭിമാനമുണ്ട്. ജീവിതത്തിൽ വളരെ കുറച്ചുപേര്‍ക്ക് മാത്രമാണല്ലോ ഒരു കേന്ദ്രമന്ത്രിയെ നേരിട്ട് കാണാൻ അവസരം ലഭിക്കുന്നത്. കായികരംഗത്തെ എന്റെ നേട്ടത്തിന് ഇങ്ങനെ ആദരിക്കപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സ്കോട്ട്‌ലൻഡിലെ അനുഭവങ്ങളെക്കുറിച്ച് ഡോ. മാണ്ഡവ്യ എന്നോട് ചോദിച്ചറിഞ്ഞു. അദ്ദേഹവുമായി സംസാരിക്കാൻ കഴിഞ്ഞത് വളരെ വലിയൊരു അനുഭൂതിയാണ് സമ്മാനിച്ചത്.”
2023 ജൂണിൽ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഗാന്ധിനഗറിലെ ദേശീയ മികവുകേന്ദ്രത്തില്‍ പരിശീലനത്തിനായി ചീഫ് പാരാ കോച്ച് രാജേന്ദർ റഹേലു തിരഞ്ഞെടുക്കുന്നതിന് മുന്‍പ് നളന്ദയിലെ ഹർനൗത് പട്ടണത്തിൽ പച്ചക്കറി വിറ്റും ഇ-റിക്ഷ ഓടിച്ചുമാണ് ഝണ്ഡു ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്.
നേട്ടത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമത്തില്‍ കുറിച്ചത് വലിയ രോമാഞ്ചമുണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു. “മെഡൽ നേടിയ നിമിഷം മുതൽ ആവേശവും സന്തോഷവും കാരണം എനിക്ക് ശരിക്ക് ഉറങ്ങാൻ പോലും പറ്റിയിട്ടില്ല. ഫോണിൽ ആശംസകൾ പ്രവഹിക്കുകയാണ്. പ്രധാനമന്ത്രി എന്നെക്കുറിച്ച് സമൂഹമാധ്യമത്തില്‍ കുറിച്ചപ്പോള്‍ ഞാൻ ശരിക്കും വികാരാധീനനായി. കായികതാരങ്ങൾക്ക് നൽകുന്ന തുടർച്ചയായ പ്രോത്സാഹനവും പിന്തുണയുമാണ് ഇന്ത്യൻ കായികരംഗത്തെ ഇന്ന് ഈ നിലയിലെത്തിച്ചത്. സ്വന്തം രാജ്യത്തെ പ്രധാനമന്ത്രിയിൽ നിന്ന് നേരിട്ട് പ്രോത്സാഹനം ലഭിച്ച ഒരേയൊരു കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡൽ ജേതാവ് ഞാനായിരിക്കും” - 29-കാരനായ ഝണ്ഡു പറഞ്ഞു.
ഗ്ലാസ്ഗോയിലെ നേട്ടത്തിന് മുന്‍പ് ഖേലോ ഇന്ത്യ പാരാ ഗെയിംസിന്റെ 2024, 2025 പതിപ്പുകളിൽ ഝണ്ഡു തുടർച്ചയായി വെള്ളിയും സ്വർണവും നേടിയിരുന്നു. ഖേലോ ഇന്ത്യ താരമായ അദ്ദേഹം 2026 ഒക്ടോബർ 18 മുതൽ 24 വരെ ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ പാരാ ഗെയിംസിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
“രാജ്യത്തിന്റെ നേതൃത്വത്തിൽ നിന്ന് ഇത്തരത്തില്‍ പിന്തുണയും പ്രോത്സാഹനവും ലഭിക്കുമ്പോൾ കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കാൻ പ്രചോദനം ലഭിക്കുന്നു. ഏഷ്യൻ പാരാ ഗെയിംസിന്റെ തയ്യാറെടുപ്പുകൾക്ക് ഗാന്ധിനഗറിലേക്ക് മടങ്ങുന്നതിന് മുന്‍പ് കുടുംബാംഗങ്ങളെ കാണാൻ കുറച്ചുദിവസം ജന്മനാട്ടിലേക്ക് പോകും. ചൈന കരുത്തുറ്റ എതിരാളികളാണെങ്കിലും രാജ്യത്തിനായി മെഡൽ ഉറപ്പാക്കാൻ പരമാവധി ശ്രമിക്കുമെന്ന് ഉറപ്പ് നൽകുന്നു” - ഝണ്ഡു പറഞ്ഞു.
*****
(रिलीज़ आईडी: 2289998)
आगंतुक पटल : 14