രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി റൊമാനിയയിൽ; റൊമാനിയൻ പ്രസിഡന്റുമായി ഉഭയകക്ഷി കൂടിക്കാഴ്ചയും പ്രതിനിധിതല ചർച്ചകളും നടത്തി

प्रविष्टि तिथि: 23 JUL 2026 11:25PM by PIB Thiruvananthpuram

മോൾഡോവ, നോർത്ത് മാസിഡോണിയ, റൊമാനിയ എന്നീ രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ അവസാന ഘട്ടത്തിൽ ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (2026 ജൂലൈ 23) റൊമാനിയയിലെ ബുക്കാറെസ്റ്റിലെത്തി. വിമാനത്താവളത്തിൽ രാഷ്ട്രപതിയെ റൊമാനിയൻ വിദേശകാര്യ മന്ത്രി ശ്രീമതി ഒവാന-സിൽവിയ തോയു ഊഷ്മളമായി സ്വീകരിച്ചു.

ഏകദേശം മൂന്ന് പതിറ്റാണ്ടിനിടെ ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ രാഷ്ട്രപതി റൊമാനിയയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്.ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ സഹമന്ത്രി ശ്രീമതി നിമുബെൻ ജയന്തിഭായ് ബംഭാനിയ, പാർലമെന്റ് അംഗങ്ങളായ ഡോ. ദിനേഷ് ശർമ്മ, ശ്രീ വിജയ് ബാഗേൽ എന്നിവരും രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്.

റൊമാനിയൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയും ഓഫീസുമായ കൊട്രോസെനി കൊട്ടാരം രാഷ്ട്രപതി സന്ദർശിച്ചു. റൊമാനിയൻ പ്രസിഡന്റ് നിക്കൂഷോർ ഡാൻ രാഷ്ട്രപതിയെ ഊഷ്മളമായി സ്വീകരിക്കുകയും ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകുകയും ചെയ്തു. വ്യക്തിഗത കൂടിക്കാഴ്ചയിലും പ്രതിനിധിതല ചർച്ചകളിലും, ഇന്ത്യ-റൊമാനിയ ഉഭയകക്ഷി പങ്കാളിത്തത്തിന്റെ പ്രധാന മേഖലകളെല്ലാം ഉൾപ്പെടുത്തി ഇരു നേതാക്കളും ഫലപ്രദവും ഭാവി ലക്ഷ്യമാക്കിയുള്ളതുമായ ചർച്ചകൾ നടത്തി. ഇരു രാജ്യങ്ങളുടെയും മുൻഗണനാ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കാൻ ധാരണയായി.

പരസ്പര വിശ്വാസം, ബഹുമാനം, ജനങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധം എന്നിവയിൽ അധിഷ്ഠിതമായി ഏഴ് പതിറ്റാണ്ടിലേറെയായി ഇന്ത്യയും റൊമാനിയയും തമ്മിൽ ഊഷ്മള സൗഹൃദമുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.കഴിഞ്ഞ ഏതാനും വർഷങ്ങളായി നമ്മുടെ പങ്കാളിത്തം കൂടുതൽ കരുത്താർജ്ജിക്കുകയും, ഇപ്പോൾ വലിയ ലക്ഷ്യങ്ങളും ശക്തമായ സഹകരണവും ഭാവിയിലേക്കുള്ള പൊതു കാഴ്ചപ്പാടും അടയാളപ്പെടുത്തുന്ന ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയുമാണ്.

സാമ്പത്തിക സഹകരണമാണ് ഇന്ത്യ-റൊമാനിയ പങ്കാളിത്തത്തിന്റെ പ്രധാന ഘടകമെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനും, പ്രതിരോധശേഷിയുള്ള വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിനും, ഇരു രാജ്യങ്ങളിലെയും വ്യവസായ സമൂഹങ്ങൾ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ഇരു നേതാക്കളും തീരുമാനിച്ചു . അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കാനും അവർ തീരുമാനിച്ചു.

യൂറോപ്യൻ യൂണിയനിൽ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് റൊമാനിയ എന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാർ (India–EU Free Trade Agreement) ഇരു രാജ്യങ്ങളിലെയും വ്യവസായങ്ങൾക്കും വിദഗ്ദ്ധ തൊഴിലാളികൾക്കും അഭൂതപൂർവ്വമായ അവസരങ്ങൾ തുറന്നുനൽകുമെന്ന് അവർ പ്രത്യേകം എടുത്തു പറഞ്ഞു .

വിദ്യാഭ്യാസം, സംസ്‌കാരം, ജനങ്ങൾ തമ്മിലുള്ള സമ്പർക്കം എന്നിവയാണ് ഇന്ത്യ-റൊമാനിയ ബന്ധത്തിന്റെ അടിസ്ഥാനമെന്ന് രാഷ്ട്രപതി വ്യക്തമാക്കി. ഈ മേഖലകളിൽ മൂന്ന് പ്രധാന കരാറുകളിൽ ഇന്ന് ഒപ്പുവെച്ചതിൽ അവർ സന്തുഷ്ടി പ്രകടിപ്പിച്ചു.

ശാസ്ത്ര-സാങ്കേതിക സഹകരണ പദ്ധതിക്ക് കീഴിൽ ഇന്ത്യയും റൊമാനിയയും സംയുക്ത ഗവേഷണം വികസിപ്പിക്കുമെന്ന് രാഷ്ട്രപതി അറിയിച്ചു. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ (ICCR) പിന്തുണയോടെ ബുക്കാറെസ്റ്റ് സർവകലാശാലയിൽ ഒരു 'ഇന്ത്യൻ സ്റ്റഡീസ് ചെയർ' സ്ഥാപിക്കുന്നുണ്ട് . ഇന്ത്യൻ സാങ്കേതിക സാമ്പത്തിക സഹകരണ  (ITEC) പരിപാടിക്ക് കീഴിൽ റൊമാനിയക്കുള്ള പരിശീലന അവസരങ്ങളുടെ എണ്ണം ഇരട്ടിയാക്കാൻ കേന്ദ്ര ഗവണ്മെന്റ് തീരുമാനിച്ചിട്ടുണ്ട്.

2028-ൽ ഇന്ത്യയും റൊമാനിയയും നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 80-ാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ, ഈ അവസരം "ഇന്ത്യ-റൊമാനിയ നൂതനാശയ വർഷം" (India–Romania Year of Innovation) ആയി ആചരിക്കാൻ ഇരുപക്ഷവും സമ്മതിച്ചതായി രാഷ്ട്രപതി പറഞ്ഞു.

ഇരു രാഷ്ട്രപതിമാരും മാധ്യമങ്ങൾക്ക് പ്രസ്താവനകൾ നൽകി. (രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പത്രക്കുറിപ്പിന്റെ പൂർണ്ണരൂപം ഇതോടൊപ്പം ചേർത്തിട്ടുണ്ട്).

നാളെ (2026 ജൂലൈ 24) രാഷ്ട്രപതി ഇന്ത്യ-റൊമാനിയ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യുകയും, റൊമാനിയൻ പാർലമെന്റും ബുക്കാറെസ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് ഇക്കണോമിക് സ്റ്റഡീസും സന്ദർശിക്കുകയും ചെയ്യും.


(रिलीज़ आईडी: 2288868) आगंतुक पटल : 2
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Telugu