യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര യുവജന കാര്യ & കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ കോമൺവെൽത്ത് കായിക മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്തു

प्रविष्टि तिथि: 23 JUL 2026 2:09PM by PIB Thiruvananthpuram

സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ നടന്ന കോമൺവെൽത്ത് കായിക മന്ത്രിമാരുടെ യോഗത്തിൽ,കായിക മേഖലയിലെ സഹകരണത്തിനായി കോമൺവെൽത്ത് അംഗരാജ്യങ്ങളെ കേന്ദ്രീകരിച്ചു കൊണ്ട് ശക്തമായ ചട്ടക്കൂട് ഉണ്ടാകണമെന്ന് കേന്ദ്ര യുവജനകാര്യ & കായികവകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ അഭ്യർത്ഥിച്ചു.

"ഒന്നിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ചുള്ള ആലോചന : കായിക മേഖലയിലെ കോമൺവെൽത്ത് സഹകരണം ശക്തിപ്പെടുത്തൽ" എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തവേ, കോമൺവെൽത്തിലുടനീളം സ്പോർട്സ് ഭരണം , കായികതാരങ്ങളുടെ ക്ഷേമം, സ്ഥാപനപരമായ ശേഷി എന്നിവ വർദ്ധിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് ഡോ. മാണ്ഡവ്യ വിശദീകരിച്ചു.

കോമൺവെൽത്ത് കായിക മേഖലയോടുള്ള ഇന്ത്യയുടെ ദീർഘകാല പ്രതിജ്ഞാബദ്ധത ചൂണ്ടിക്കാട്ടിയ മന്ത്രി, 2030-ലെ കോമൺവെൽത്ത് ശതാബ്ദി ഗെയിംസിന് അഹമ്മദാബാദിൽ ആതിഥേയത്വം വഹിക്കാൻ രാജ്യം ഒരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.

" പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ മാർഗ്ഗനിർദ്ദേശത്തിൽ, 2047-ഓടെ വികസിത ഇന്ത്യ പടുത്തുയർത്താനുള്ള കാഴ്ചപ്പാടിന് ഞങ്ങൾ  രൂപം നൽകിയിട്ടുണ്ട്; ഈ ദൗത്യത്തിലെ സുപ്രധാനമായ ഒരു സ്തംഭമാണ് കായിക മേഖല. 2030-ലെ ശതാബ്ദി കോമൺവെൽത്ത് ഗെയിംസിൻ്റെയും അഹമ്മദാബാദിൽ നടക്കുന്ന 13-ാമത് കോമൺവെൽത്ത് കായിക മന്ത്രിമാരുടെ യോഗത്തിൻ്റെയും ആതിഥേയർ എന്ന നിലയിൽ, മികച്ചൊരു ഗെയിംസ് സംഘടിപ്പിക്കുന്നതിനും കോമൺവെൽത്ത് സ്പോർട്സിന് ശാശ്വതമായ  സ്ഥാപനപരമായ പാരമ്പര്യം നൽകുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്," അദ്ദേഹം പറഞ്ഞു.

ഭരണപരിഷ്കാരങ്ങൾ, ശക്തമായ ഉത്തേജകമരുന്ന് വിരുദ്ധ ചട്ടക്കൂട്, കൂടാതെ താഴെത്തട്ടിലുള്ള പ്രതിഭകളെ വളർത്തിയെടുക്കുന്നതിനും കായിക രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും രാജ്യത്തുടനീളം ഊർജ്ജസ്വലമായ ഒരു കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള 'ഖേലോ ഇന്ത്യ', 'ഫിറ്റ് ഇന്ത്യ', 'അസ്മിത ലീഗ്' തുടങ്ങിയ മുൻനിര പദ്ധതികളെക്കുറിച്ചും ഡോ. മാണ്ഡവ്യ വിശദീകരിച്ചു.

മന്ത്രിതല തീരുമാനങ്ങൾ പ്രയോഗവൽക്കരിക്കുന്നതിനായി ഒരു 'കോമൺവെൽത്ത് സ്പോർട് കോഓർഡിനേഷൻ ഫോറം' വർഷം തോറും സംഘടിപ്പിക്കുന്നതിനും, അറിവുകൾ പങ്കുവെക്കുന്നതിനും ശേഷി വർദ്ധിപ്പിക്കുന്നതിനുമായി അംഗരാജ്യങ്ങളുടെ നേതൃത്വത്തിലുള്ള 'കോമൺവെൽത്ത് സെൻ്റർ ഓഫ് എക്സലൻസ്' ശൃംഖല സ്ഥാപിക്കുന്നതിനും ഇന്ത്യയുടെ ശക്തമായ പിന്തുണ അദ്ദേഹം അറിയിച്ചു.

"2030-ന് മുന്നോടിയായുള്ള യോഗങ്ങൾ, സാങ്കേതിക ശിൽപ്പശാലകൾ, പ്രാദേശിക കൂടിയാലോചനകൾ എന്നിവയ്ക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ സന്തോഷത്തോടെ തയ്യാറാണ്," അദ്ദേഹം പറഞ്ഞു.

നിർദ്ദേശിക്കപ്പെട്ടിട്ടുള്ള അംഗരാജ്യ-കേന്ദ്രീകൃത സമീപനം, കായിക ഭരണത്തിൽ ഇന്ത്യ നടപ്പിലാക്കിയ പരിഷ്കാരങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാണിച്ചു.

"ദേശീയ കായിക സ്ഥാപനങ്ങളിലുടനീളം ഉത്തരവാദിത്വo, പ്രൊഫഷണൽ ഭരണം, കായികതാരങ്ങളുടെ ക്ഷേമം എന്നിവ ഉറപ്പാക്കാൻ കഴിഞ്ഞ വർഷം ഞങ്ങൾ 'ദേശീയ കായിക ഭരണ നിയമം'  പ്രാബല്യത്തിൽ വരുത്തി," അദ്ദേഹം കൂട്ടിച്ചേർത്തു.

 

2030-ലെ കോമൺവെൽത്ത് ശതാബ്ദി ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത ഡോ. മാണ്ഡവ്യ ആവർത്തിച്ചു. ചരിത്രപരവും സുസ്ഥിരവും അവിസ്മരണീയവുമായ ഒരു പതിപ്പ് സമ്മാനിക്കാൻ അഹമ്മദാബാദ് പൂർണ്ണമായും സജ്ജമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അഹമ്മദാബാദിലെ ലോകോത്തര കായിക അടിസ്ഥാനസൗകര്യങ്ങളും മികവിനോടുള്ള പ്രതിജ്ഞാബദ്ധതയും, ഒരു ആഗോള കായിക ശക്തിയെന്ന നിലയിൽ ഇന്ത്യയുടെ വളർച്ചയെയും വൻകിട അന്താരാഷ്ട്ര കായിക മാമാങ്കങ്ങൾ വിജയകരമായി സംഘടിപ്പിക്കാനുള്ള ശേഷിയെയുമാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോമൺവെൽത്ത് കായിക മന്ത്രിമാരുടെ യോഗത്തിൽ ഇനിയുള്ള ആതിഥേയ രാജ്യം 'അധ്യക്ഷൻ ' ആയും, കോമൺവെൽത്ത് സ്പോർട്സ് പ്രസിഡൻ്റ്  'സഹ അധ്യക്ഷൻ ആയും പ്രവർത്തിക്കുന്ന നിർദ്ദിഷ്ട നേതൃത്വ മാതൃകയെയും അദ്ദേഹം പിന്തുണച്ചു.

 

"2026-2030 കാലയളവിലേക്ക് CABOS- ൻ്റെ   അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് ഇന്ത്യയ്ക്ക് ലഭിക്കുന്ന വലിയൊരു ബഹുമതിയായിരിക്കും," അദ്ദേഹം പറഞ്ഞു.

സാമൂഹിക വികസനത്തിനായി കായികരംഗത്തിൻ്റെ   കരുത്ത് പ്രയോജനപ്പെടുത്തുന്ന ശാശ്വതമായ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കാനും പങ്കാളിത്തം ശക്തിപ്പെടുത്താനും കോമൺവെൽത്ത് രാജ്യങ്ങളോട് അഭ്യർത്ഥിച്ചുകൊണ്ടാണ് ഡോ. മാണ്ഡവ്യ തൻ്റെ   പ്രസംഗം അവസാനിപ്പിച്ചത്.

"ഭാവി തലമുറകൾക്കായി ശാശ്വതമായ സ്ഥാപനങ്ങൾ നിർമ്മിക്കാം, ഫലപ്രദമായ സഹകരണം ശക്തിപ്പെടുത്താം, കൂടാതെ കായികരംഗത്തിൻ്റെ   മാറ്റങ്ങൾ കൊണ്ടുവരാനുള്ള ശേഷിയെ പ്രയോജനപ്പെടുത്താം. മനുഷ്യാവകാശങ്ങളെ മാനിക്കുന്നതും എല്ലാവർക്കും അവസരങ്ങൾ സൃഷ്ടിക്കുന്നതുമായ സുരക്ഷിതവും ഉൾക്കൊള്ളുന്നതുമായ കായിക സംവിധാനങ്ങളോടുള്ള പ്രതിജ്ഞാബദ്ധത ഇന്ത്യ വീണ്ടും ഉറപ്പിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

 

****


(रिलीज़ आईडी: 2288532) आगंतुक पटल : 3
इस विज्ञप्ति को इन भाषाओं में पढ़ें: Tamil , English , Urdu , हिन्दी , Marathi , Gujarati