പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ചണ്ഡീഗഡിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

प्रविष्टि तिथि: 17 JUL 2026 4:51PM by PIB Thiruvananthpuram

ശ്രീ ഗുലാബ് ചന്ദ് കതാരിയ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകനായ ജെ.പി.നദ്ദ ജി, അശ്വിനി വൈഷ്ണവ് ജി, സഹ പാർലമെന്റ് അംഗം മനീഷ് തിവാരി ജി, ഇവിടെ ഓഡിറ്റോറിയത്തിൽ സന്നിഹിതരായിരിക്കുന്ന നിയമസഭാംഗങ്ങൾ, മന്ത്രിമാർ, എം.പിമാർ... വർഷങ്ങളായി പരിചിതമായ മുഖങ്ങൾ ഉൾപ്പെടെ നിരവധി വിശിഷ്ട വ്യക്തികളെയും ഞാൻ ഇന്ന് ഇവിടെ കാണുന്നുണ്ട്.

സഹോദരീ സഹോദരന്മാരേ,

ഇന്ന് നിങ്ങൾക്കിടയിൽ എത്തിച്ചേരാൻ കഴിഞ്ഞതിൽ എനിക്ക് പ്രത്യേക സന്തോഷമുണ്ട്.

സുഹൃത്തുക്കളേ,

ചണ്ഡീഗഡ് വെറുമൊരു നഗരം മാത്രമല്ല - ഇന്ത്യയുടെ വികസനത്തിന്റെ ഒരു മാതൃക കൂടിയാണ്. ആസൂത്രിതമായ വളർച്ച കൊണ്ടും, മികച്ച ജീവിതശൈലിയുടെയും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളുടെയും  നഗരം എന്ന നിലയിലുള്ള വിശേഷണം  കൊണ്ടും ചണ്ഡീഗഡ് അറിയപ്പെടുന്ന ഒരു നഗരമാണ് . അത്യാധുനിക വൈദ്യശാസ്ത്ര സൗകര്യങ്ങളാലും, അന്തിമമായി ചാമുണ്ഡേശ്വരിയുടെ (മാ ചണ്ഡി) അനുഗ്രഹത്താലും ഇത് ശ്രദ്ധേയമാണ്. അതുകൊണ്ടാണ് ചണ്ഡീഗഡിന്റെ വികസനത്തിന് എൻ.ഡി.എ ഗവൺമെൻറ് എപ്പോഴും മുൻഗണന നൽകുന്നത്. ഏകദേശം ഒന്നര വർഷം മുൻപ് രാജ്യം അതിൻ്റെ നീതിന്യായ വ്യവസ്ഥയിൽ വലിയൊരു പരിഷ്കാരം വരുത്തിയത് നിങ്ങൾ ഓർക്കുന്നുണ്ടാകും. ശിക്ഷാധിഷ്ഠിത നിയമങ്ങൾക്ക് പകരം നീതിയിലധിഷ്ഠിതമായ ഒരു നിയമ ചട്ടക്കൂടായ 'ഭാരതീയ ന്യായ സംഹിത'യിലൂടെ നാം പഴയ പീനൽ കോഡിന് പകരം പുതിയ സംവിധാനം കൊണ്ടുവന്നു. ഭാരതീയ ന്യായ സംഹിതയുടെ നടപ്പാക്കൽ ആരംഭിച്ചതും ഇവിടെ ചണ്ഡീഗഡിൽ നിന്നാണ്.

സുഹൃത്തുക്കളേ,

ചണ്ഡീഗഡിനെ ഹൈടെക് ആക്കുന്നതിനായി ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, സ്മാർട്ട് ട്രാഫിക് മാനേജ്‌മെന്റ്, സ്മാർട്ട് പാർക്കിംഗ്, ഡിജിറ്റൽ ഗവേണൻസ് തുടങ്ങിയ പദ്ധതികൾ സമീപവർഷങ്ങളിൽ നടപ്പിലാക്കിയിട്ടുണ്ട്. ഈ ദൗത്യത്തിനായി 2,500 കോടിയിലധികം രൂപയാണ് ചെലവഴിച്ചത്. ഇന്നും ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി പുതിയ പദ്ധതികൾക്ക് ഇവിടെ തുടക്കം കുറിക്കുകയാണ്. ഈ സംരംഭങ്ങളുടെ പേരിൽ എല്ലാ ചണ്ഡീഗഡ് നിവാസികളെയും ഞാൻ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

ഇവിടെ എത്തുന്നതിന് മുൻപ് ഞാൻ ഹരിയാനയിലെ ജീന്ദിലായിരുന്നു. ഇതിന് ശേഷം പഞ്ചാബിന്റെ വികസന പരിപാടികൾക്കായി ഞാൻ ജലന്ധറിലേക്ക് പോകും. ഈ രണ്ട് പരിപാടികൾക്കും ഇടയിലാണ് ഇന്ന് ചണ്ഡീഗഡിലെ ഈ ചടങ്ങ് നടക്കുന്നത്. കാരണം ചണ്ഡീഗഡ് ഹരിയാന, പഞ്ചാബ്, ഹിമാചൽ എന്നിവയെയും ഈ മേഖലയെ ആകമാനവും ബന്ധിപ്പിക്കുന്നു. ചണ്ഡീഗഡിന്റെ വികസനം ഇവിടുത്തെ നിവാസികളുടെ ജീവിതം മാറ്റുക മാത്രമല്ല, ഹരിയാന, ഹിമാചൽ, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ ജനങ്ങൾക്കും പ്രയോജനപ്പെടുന്നു. വൈദ്യസേവനങ്ങളുടെ കാര്യത്തിൽ, ഈ പ്രദേശത്താകെ ചണ്ഡീഗഡ് ഒരു പ്രധാന കേന്ദ്രമാണ്.

സുഹൃത്തുക്കളേ,

ഞാൻ ചണ്ഡീഗഡിൽ താമസിച്ചിരുന്ന കാലത്ത് പലപ്പോഴും എനിക്ക് പി.ജി.ഐയിൽ പോകേണ്ടിവന്നിട്ടുണ്ട്. എന്തുകൊണ്ടെന്നാൽ, ജമ്മു കശ്മീർ, പഞ്ചാബ്, ഹിമാചൽ, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള നമ്മുടെ സഹപ്രവർത്തകരോ അവരുടെ കുടുംബാംഗങ്ങളോ ചികിത്സയ്ക്കായി ഇവിടെ വരുമായിരുന്നു. അതിനാൽ അവരെ സന്ദർശിക്കുന്നത് എനിക്ക് സ്വാഭാവികമായ ഒന്നായിരുന്നു. അതുകൊണ്ടാണ് ഈ മേഖലയിലെ ജനങ്ങളുടെ ആരോഗ്യ ആവശ്യങ്ങൾക്ക് പി.ജി.ഐ എത്രത്തോളം പ്രധാനമാണെന്ന് എനിക്ക് നന്നായി അറിയാവുന്നത്.

സുഹൃത്തുക്കളേ,

ഇന്ന് ചണ്ഡീഗഡ് പി.ജി.ഐയിലെ അത്യാധുനിക ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ കൂടുതൽ വിപുലീകരിക്കുകയാണ്. അഡ്വാൻസ്ഡ് ന്യൂറോ സയൻസസ് സെന്റർ, അഡ്വാൻസ്ഡ് മദർ ആൻഡ് ചൈൽഡ് സെന്റർ, ക്രിട്ടിക്കൽ കെയർ ഹോസ്പിറ്റൽ ബ്ലോക്ക് എന്നിവ ലക്ഷക്കണക്കിന് ആളുകൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കും. 2015-ൽ പി.ജി.ഐയുടെ ബിരുദദാന ചടങ്ങിൽ  പങ്കെടുത്തത് ഞാൻ ഓർക്കുന്നു. ഇന്ന് ഓൺലൈനായി അവിടെയുള്ള നിരവധി പഴയ സഹപ്രവർത്തകരെ വീണ്ടും കാണാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഈ ദശകത്തിൽ പി.ജി.ഐയുടെ ശേഷി വളരെ വലുതായി വർദ്ധിച്ചിട്ടുണ്ട്. ചണ്ഡീഗഡ് പി.ജി.ഐയിലെ മാനേജ്‌മെന്റിനെയും പ്രൊഫസർമാരെയും യുവ ഡോക്ടർമാരെയും ഞാൻ അഭിനന്ദിക്കുകയും അവർക്ക് എന്റെ ആശംസകൾ അറിയിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

നമ്മൾ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ശുചിത്വം എത്രത്തോളം പ്രധാനമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. അതുകൊണ്ടാണ് ഞങ്ങളുടെ  ഗവൺമെൻറ്  അധികാരത്തിൽ വന്നപ്പോൾ സ്വച്ഛ് ഭാരത് മിഷൻ ആരംഭിച്ചത്. കോടിക്കണക്കിന് ശൗചാലയങ്ങൾ നിർമ്മിച്ചു, ഇന്ത്യ തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസർജ്ജനത്തിൽ നിന്ന് മുക്തമായി, പൊതുസ്ഥലങ്ങൾ ശുചീകരിക്കുന്നതിനായി പ്രചാരണങ്ങൾ നടത്തി, കൂടാതെ ശുചിത്വം നമ്മുടെ ജീവിതരീതിയുടെ ഭാഗമാക്കുന്നതിനുള്ള പദ്ധതികൾ തുടങ്ങുകയും ചെയ്തു. നമ്മുടെ നഗരങ്ങളുടെ സ്വച്ഛ് ഭാരത് റാങ്കിംഗ് ഈ ശ്രമത്തിന്റെ ഭാഗമാണ്, ചണ്ഡീഗഡ് അതിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ നിരന്തരമായി  പ്രവർത്തിച്ചിട്ടുണ്ട്.

സുഹൃത്തുക്കളേ,

ചണ്ഡീഗഡിലെ റിട്ടയേർഡ് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഇന്ദർജിത് സിംഗ് സിദ്ധു ജിയെ അഭിനന്ദിക്കാനും ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം 'ബ്രൂം വാരിയർ' (ചൂൽ യോദ്ധാവ്) എന്നാണ് അറിയപ്പെടുന്നത്. അദ്ദേഹം ചണ്ഡീഗഡിൽ ശുചിത്വത്തെക്കുറിച്ച് പുതിയൊരു ഉണർവ് ഉണ്ടാക്കുകയും ആളുകളെ പ്രചോദിപ്പിക്കുകയും ചെയ്തു. ഇതിനായി ഈ വർഷം ഞങ്ങളുടെ ഗവൺമെൻറ്  അദ്ദേഹത്തിന് പത്മ പുരസ്കാരം നൽകി ആദരിച്ചു.

സുഹൃത്തുക്കളേ,

ശുചിത്വം എന്നത് ഒരു ദിവസത്തെ ജോലിയല്ല - അതൊരു ജീവിതരീതിയാണ്. ഇന്നത്തെ പരിപാടിയുമായി ശുചിത്വത്തെ ബന്ധിപ്പിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. 'സ്വച്ഛത സേ സ്വാഗത്' പരിപാടിയുടെ ഭാഗമായി പ്രത്യേക ശുചിത്വ പ്രചാരണം നടത്തി. നേതാക്കളും സാധാരണക്കാരായ പൗരന്മാരും ഒരുപോലെ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് ഞാൻ സമൂഹ മാധ്യമത്തിൽ കണ്ടു. ഇത് രാജ്യത്തുടനീളം സന്തോഷകരമായ ഒരന്തരീക്ഷം സൃഷ്ടിച്ചു. ഈ സംരംഭത്തിന് ചണ്ഡീഗഡിലെ എല്ലാ നിവാസികളെയും ഞാൻ അഭിമാനത്തോടെ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

ഇത്തരം ശുചിത്വ പ്രചാരണങ്ങൾ രാജ്യത്ത് പല രോഗങ്ങളും തടയുന്നതിന് വളരെ സഹായകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ ആരോഗ്യ മേഖലയെക്കുറിച്ച് ലോകം ആശങ്ക പ്രകടിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. വലിയൊരു ദുരന്തം പ്രതീക്ഷിക്കുമ്പോഴെല്ലാം ഇന്ത്യയിൽ എന്ത് സംഭവിക്കും എന്ന് ആളുകൾ ചോദ്യങ്ങളുയർത്തി. കൊറോണ വൈറസ് മഹാമാരിയുടെ സമയത്ത്, ലോകത്തിന്റെ ആശങ്കകളുടെ കേന്ദ്രബിന്ദു ഇന്ത്യയായിരുന്നു. എന്നാൽ ഞങ്ങളുടെ ഗവൺമെൻറ്  ഇന്ത്യയുടെ ശേഷി മാറ്റിയെഴുതുകയും ലോകത്തിന്റെ കാഴ്ചപ്പാട് മാറ്റുകയും ചെയ്തു. മഹാമാരി വന്നപ്പോൾ, ഇന്ത്യ സഹായം ചോദിക്കുന്ന ഒരു രാജ്യമായിരുന്നില്ല - മറിച്ച് ലോകത്തിന് സഹായം എത്തിച്ചുനൽകുന്ന രാജ്യമായിരുന്നു. ഇന്ന്, ഗുരുതരമായ രോഗങ്ങളുടെ ചികിത്സയ്ക്കായി നിരവധി രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഇന്ത്യയിലേക്ക് വരുന്നു. മെഡിക്കൽ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായി ഇന്ത്യ ഉയർന്നുവരികയാണ്.

സുഹൃത്തുക്കളേ,

ഈ മാറ്റം 12 വർഷത്തെ സത്യസന്ധമായ ശ്രമത്തിന്റെയും നയങ്ങളുടെയും ഫലമാണ്. 12 വർഷം മുമ്പ്, നമ്മുടെ ജനങ്ങൾ ആരോഗ്യസേവനങ്ങളില്ലാതെ ജീവിക്കില്ലെന്നും അവർക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭിക്കുമെന്നും നമ്മൾ നിശ്ചയിച്ചതാണ്. കഴിഞ്ഞ 12 വർഷത്തെ വിജയം ആ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ്. അടുത്ത കാലത്തായി ഇന്ത്യ അതിന്റെ ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ അതിവേഗം വിപുലീകരിച്ചു. 2014 മുതൽ 15 പുതിയ എയിംസുകൾക്ക് (AIIMS) അംഗീകാരം നൽകി. ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ എയിംസുകൾ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലുടനീളം നൂറുകണക്കിന് പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കപ്പെട്ടു. ക്യാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങൾ ചികിത്സിക്കുന്നതിനുള്ള സ്പെഷ്യാലിറ്റി ആശുപത്രികളുടെ എണ്ണവും വർദ്ധിച്ചു. ഇവിടെ ചണ്ഡീഗഡിലും ഹോമി ഭാഭ ക്യാൻസർ ആശുപത്രി വളരെ അടുത്തായി നിർമ്മിക്കപ്പെട്ടു. 2022-ൽ അത് ഉദ്ഘാടനം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. ഇന്ന് ഈ ആശുപത്രി ആയിരക്കണക്കിന് രോഗികൾക്ക് സേവനം നൽകുന്നു.

സുഹൃത്തുക്കളേ,

രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിൽ പ്രാഥമിക ആരോഗ്യ സൗകര്യങ്ങൾ ശക്തമാക്കിവരികയാണ്. എല്ലാ തലങ്ങളിലും ആരോഗ്യസംവിധാനം ശക്തമാണെന്ന് ഉറപ്പാക്കാൻ ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ ആരംഭിച്ചിട്ടുണ്ട്. ഇതിൻ കീഴിൽ ക്രിട്ടിക്കൽ കെയർ ബ്ലോക്കുകൾ, സംയോജിത പബ്ലിക് ഹെൽത്ത് ലാബുകൾ, പബ്ലിക് ഹെൽത്ത് യൂണിറ്റുകൾ തുടങ്ങിയ സൗകര്യങ്ങളുടെ ഒരു ശൃംഖല തന്നെ രാജ്യവ്യാപകമായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇന്ന് നഗര, ഗ്രാമീണ, ഗോത്രവർഗ്ഗ മേഖലകളിലായി ഏകദേശം 1.75 ലക്ഷം ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ കേന്ദ്രങ്ങൾ പ്രാഥമിക ചികിത്സാ സൗകര്യങ്ങളോടൊപ്പം 12 വ്യത്യസ്ത ആരോഗ്യ പാക്കേജ് സേവനങ്ങളും നൽകുന്നു. ലക്ഷക്കണക്കിന് ആളുകളാണ് പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്കായി ഇവിടെ പരിശോധനയ്ക്ക് വിധേയരായത്.

സുഹൃത്തുക്കളേ,

സാങ്കേതികവിദ്യയിലൂടെ ചികിത്സ കൂടുതൽ എളുപ്പമാക്കാനും നമ്മുടെ സർക്കാർ ശ്രമിക്കുന്നുണ്ട്. ഇ-സഞ്ജീവനി മിഷൻ വഴി ടെലിമെഡിസിൻ സേവനങ്ങൾ ആരംഭിച്ചു. ഇതിന് കീഴിൽ, 48 കോടിയിലധികം ടെലിമെഡിസിൻ കൺസൾട്ടേഷനുകൾ ഇതിനകം നടന്നുകഴിഞ്ഞു. വിദൂര പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾക്ക് പോലും വലിയ ആശുപത്രികളിലെ ഡോക്ടർമാരുമായി കൂടിയാലോചിക്കാൻ ഇതിലൂടെ സാധിക്കുന്നു.

സുഹൃത്തുക്കളേ,

ആരോഗ്യ സേവനങ്ങളുടെ ഈ വിപുലീകരണം കാരണം, ഇന്ന് ഇന്ത്യയിലെ 90 ശതമാനത്തിലധികം പ്രസവങ്ങളും ആശുപത്രികളിലാണ് നടക്കുന്നത്. മാതൃമരണ നിരക്ക് 86 ശതമാനം കുറഞ്ഞു, ശിശുമരണ നിരക്കിലും വലിയ കുറവുണ്ടായിട്ടുണ്ട്.

സുഹൃത്തുക്കളേ,

ചികിത്സയോടൊപ്പം തന്നെ, രോഗപ്രതിരോധത്തിനായുള്ള ആരോഗ്യ പരിപാലനത്തിനും തുല്യ പ്രാധാന്യമാണ് നൽകുന്നത്. പോഷൺ അഭിയാൻ, മിഷൻ ഇന്ദ്രധനുഷ്, യോഗ, എച്ച്.പി.വി വാക്സിനേഷൻ, യു-വിൻ (U-WIN) പ്ലാറ്റ്‌ഫോം തുടങ്ങിയ പദ്ധതികൾ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിന് സുരക്ഷിതത്വം നൽകുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യയെ ക്ഷയരോഗമുക്തമാക്കാനും നാം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ടി.ബി മുക്ത് ഭാരത് അഭിയാൻ നടത്തിവരുന്നു. ജനപങ്കാളിത്തം ബോധവൽക്കരണം വർദ്ധിപ്പിക്കുന്നു, സമയബന്ധിതമായ പരിശോധനകൾ നടത്തുന്നു, രോഗികൾക്ക് ചികിത്സയും ഉറപ്പാക്കുന്നു. ഇതിന്റെ ഫലമായി ടി.ബി ചികിത്സാ കവറേജ് 90 ശതമാനം കടന്നു. ലോകാരോഗ്യ സംഘടനയുടെ (WHO) കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് അനുസരിച്ച്, ഒരു പതിറ്റാണ്ടിനുള്ളിൽ ടി.ബി ബാധയിൽ 21 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഈ ശ്രമങ്ങളുടെ ഏറ്റവും വലിയ നേട്ടം പാവപ്പെട്ടവർക്കും മധ്യവർഗ്ഗക്കാർക്കും, പ്രത്യേകിച്ച് നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കുമാണ് ലഭിക്കുന്നത്. പരമ്പരാഗതമായി, സ്ത്രീകൾ കുടുംബത്തിലെ ജോലികൾക്ക് മുൻഗണന നൽകുകയും രോഗങ്ങൾ നിശബ്ദമായി സഹിക്കുകയും ചെയ്യുകയായിരുന്നു പതിവ്. എന്നാൽ ഇത്തരം മുന്നിൽനിന്നുള്ള ആത്മാർത്ഥ ശ്രമങ്ങൾ അവർക്ക് കൃത്യമായ പരിശോധനകളും പരിചരണവും ഉറപ്പാക്കി, ഇന്ന് ധാരാളം സ്ത്രീകൾ ടി.ബി മുക്തരായി മാറുന്നു. ഇന്ത്യയിൽ, ആരോഗ്യ സംരക്ഷണം ഇനി ഒരു പ്രത്യേക അവകാശമല്ല - മറിച്ച് അത് ഓരോ പൗരന്റെയും അവകാശമായി മാറുകയാണെന്ന് സാരം.

സുഹൃത്തുക്കളേ,

ആരോഗ്യ മേഖലയിൽ ​ഗവൺമെന്റ് നൽകുന്ന ശ്രദ്ധ ഇന്ത്യയിലെ യുവാക്കൾക്കും വലിയ നേട്ടമാണ് ഉണ്ടാക്കിയത്. ഈയൊരു സ്വപ്നത്തിന് പിന്നാലെ സഞ്ചരിക്കുന്നത് പണ്ട് എത്രത്തോളം ബുദ്ധിമുട്ടായിരുന്നു എന്ന് യുവ ഡോക്ടർമാർക്ക് അറിയാം. മെഡിക്കൽ സീറ്റുകളും കോളേജുകളും വളരെ പരിമിതമായിരുന്നതിനാൽ അവസരങ്ങൾ കുറവായിരുന്നു. നമ്മൾ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തി. ഇന്ന് മെഡിക്കൽ കോളേജുകളുടെ എണ്ണം ഇരട്ടിയോളമായി വർദ്ധിച്ചു. എം.ബി.ബി.എസ് (MBBS), പോസ്റ്റ് ഗ്രാജുവേറ്റ് സീറ്റുകൾ റെക്കോർഡ് തലത്തിലേക്ക് ഉയർന്നു. ഇപ്പോൾ ചണ്ഡീഗഡ് പി.ജി.ഐക്കും ഒരു എം.ബി.ബി.എസ് കോളേജിനുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. വൈകാതെ ഇവിടെയും പ്രവേശനം ആരംഭിക്കും, ഇത് മിടുക്കരായ യുവാക്കൾക്ക് പ്രമുഖമായ ഒരു സ്ഥാപനത്തിൽ പഠിക്കാൻ അവസരമൊരുക്കും. ഇതിലൂടെ മികച്ച ധാരാളം ഡോക്ടർമാരെ രാജ്യത്തിന് ലഭിക്കുകയും ചെയ്യും.

സുഹൃത്തുക്കളേ,

വിദ്യാഭ്യാസം, എൻജിനീയറിങ്, മെഡിക്കൽ സയൻസ്, ഗവേഷണം എന്നിവയുടെ പ്രമുഖ സ്ഥാപനങ്ങൾ ഒരുമിച്ച് നിലകൊള്ളുന്ന ഒരു നഗരമാണ് ചണ്ഡീഗഡ്. വളരെ ചുരുക്കം നഗരങ്ങൾക്കു മാത്രമേ ഇത്തരം കരുത്തുള്ളൂ. വരുംകാലങ്ങളിൽ, പുതിയ സാങ്കേതികവിദ്യ, ആരോഗ്യ പരിപാലനം, സ്റ്റാർട്ടപ്പുകൾ, നൂതനാശയങ്ങൾ  എന്നിവയുടെ പ്രധാന കേന്ദ്രങ്ങളായി മാറാൻ ഈ സ്ഥാപനങ്ങൾക്കാകും. ഇന്ന്, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിരവധി പ്രധാന പദ്ധതികളും ഈ യാത്രയ്ക്ക് പുതിയ വേഗത നൽകുന്നുണ്ട്. പഞ്ചാബ് എൻജിനീയറിങ് കോളേജിൽ കുരുക്ഷേത്ര ബോയ്സ് ഹോസ്റ്റലും മെസ്സും ഉദ്ഘാടനം ചെയ്തു. സെക്ടർ-46-ലെ ഗവൺമെന്റ് കോളേജിനായി പുതിയ ഹോസ്റ്റൽ തയ്യാറാക്കിയിട്ടുണ്ട്. ഒരു റിസേർച്ച് സ്‌കോളേഴ്‌സ് ഹോസ്റ്റലിന്റെ തറക്കല്ലിടലും നിർവ്വഹിച്ചിട്ടുണ്ട്. ഗവേഷണത്തിനായി മികച്ച ലാബുകളും അധ്യാപകരെയും നൽകാനാണ് നമ്മുടെ ശ്രമം. ഗവേഷണ അന്തരീക്ഷം ശക്തമാകുമ്പോൾ, നൂതനാശയങ്ങളുടെ വളർച്ച ത്വരിതപ്പെടും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെമികണ്ടക്ടറുകൾ, അഡ്വാൻസ്ഡ് മാനുഫാക്ചറിങ്, ഡീപ്-ടെക് തുടങ്ങിയ മേഖലകളിൽ ഇന്ത്യ മുന്നോട്ട് പോകേണ്ടതുണ്ട്. ചണ്ഡീഗഡിലെ സ്ഥാപനങ്ങളും അധ്യാപകരും യുവാക്കളും ഈ ദിശയിൽ പ്രധാന പങ്ക് വഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളേ,

ഏതൊരു രാജ്യത്തിന്റെയും സാമ്പത്തിക പുരോഗതിയുടെ വഴികാട്ടിയാണ് അടിസ്ഥാന സൗകര്യ വികസനം . ആദ്യമായാണ് ഇന്ത്യയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരു സമഗ്ര സമീപനത്തോടെ വികസിപ്പിക്കുന്നത്. ഇന്ന് ചണ്ഡീഗഡിൽ നിരവധി കണക്റ്റിവിറ്റി പദ്ധതികൾക്കും തുടക്കമായിട്ടുണ്ട്. ഐ.ടി സിറ്റി മുതൽ കുറാലി വരെയുള്ള ആറുവരി ഗ്രീൻഫീൽഡ് ഹൈവേ ഉദ്ഘാടനം ചെയ്തു. ഇത് എയർപോർട്ട് റോഡിലെ തിരക്ക് കുറയ്ക്കുകയും മൊഹാലിയിലെയും ഖരാറിലെയും നിവാസികളുടെ യാത്ര സുഗമമാക്കുകയും ചെയ്യും. അംബാല-ചണ്ഡീഗഡ് ഗ്രീൻഫീൽഡ് ഹൈവേയുടെ PR-7 സ്പർ (Spur) തറക്കല്ലിടലും നിർവ്വഹിച്ചു. ഇത്തരം പദ്ധതികൾ വ്യവസായത്തെയും വാണിജ്യത്തെയും ഉത്തേജിപ്പിക്കുകയും ചണ്ഡീഗഡിലെ ജീവിതസൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യും.

സുഹൃത്തുക്കളേ,

മേഖലാതല കണക്റ്റിവിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, റെയിൽവേ പദ്ധതികളും ഇന്ന് ജലന്ധറിൽ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ഇവ പഞ്ചാബിനും ഈ മേഖലയ്ക്ക് മുഴുവനായും പ്രയോജനം ചെയ്യും. അതേസമയം, ജിന്ദിൽ നിന്ന് സോനിപത്തിലേക്ക് രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഓടിത്തുടങ്ങിയിരിക്കുന്നു. ഈ ഹരിത ഇന്ധന ട്രെയിൻ ഒരു വലിയ തുടക്കമാണ്. ഈ നേട്ടത്തിന് നിങ്ങൾ എല്ലാവർക്കും ഇന്ത്യയിലെ ജനങ്ങൾക്കും ഞാൻ ആശംസകൾ നേരുന്നു.

സുഹൃത്തുക്കളേ,

വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ, ഭാവി സാങ്കേതികവിദ്യകൾ, ഭാവി ഗതാഗത സൗകര്യങ്ങൾ, ഭാവി ആരോഗ്യ സേവനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആധുനിക ചിന്താഗതിയോടെ നാം മുന്നോട്ട് പോകണം. നിലവിലെ തലമുറയ്ക്ക് മാത്രമല്ല, ഭാവി തലമുറകൾക്കും പ്രയോജനം ചെയ്യുന്ന തീരുമാനങ്ങളാണ് നാം കൈക്കൊള്ളേണ്ടത്. കാലക്രമേണ കൂടുതൽ കരുത്തുറ്റതായി മാറുന്ന സ്ഥാപനങ്ങൾ നാം കെട്ടിപ്പടുക്കണം. ബി.ജെ.പി-എൻ.ഡി.എ സർക്കാർ ഈ ദിശയിൽ അതിവേഗം മുന്നേറുകയാണ്. ചണ്ഡീഗഡ്, പഞ്ചാബ്, ഹരിയാന, ഹിമാചൽ, കൂടാതെ ഈ മേഖലയിലുടനീളമുള്ള ജനങ്ങൾക്ക് ഈ പുതിയ പദ്ധതികൾക്കായി ഞാൻ ഒരിക്കൽ കൂടി ആശംസകൾ നേരുന്നു. എല്ലാവർക്കും വളരെ നന്ദി. എന്നോടൊപ്പം പറയൂ -

ഭാരത് മാതാ കീ ജയ്. ഭാരത് മാതാ കീ ജയ്. ഭാരത് മാതാ കീ ജയ്.

***

SK


(रिलीज़ आईडी: 2286939) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Assamese , Bengali , Punjabi , Gujarati , Telugu , Kannada