വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

സ്പെയിൻ, ബെൽജിയം, ഫിൻലൻഡ്, എസ്തോണിയ സന്ദർശനം വിജയകരമായി പൂര്‍ത്തിയാക്കി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയല്‍; യൂറോപ്പുമായി ഇന്ത്യയുടെ സാമ്പത്തിക പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തി

प्रविष्टि तिथि: 19 JUL 2026 7:51PM by PIB Thiruvananthpuram

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയൽ ഉന്നതതല ഇന്ത്യൻ വ്യാപാര പ്രതിനിധി സംഘത്തിനൊപ്പം സ്പെയിൻ, ബെൽജിയം, ഫിൻലൻഡ്, എസ്തോണിയ എന്നീ രാജ്യങ്ങളില്‍ 2026 ജൂലൈ 13 മുതൽ 18 വരെ  അഞ്ചു ദിവസങ്ങളിലായി നടത്തിയ സന്ദർശനം വിജയകരമായി പൂർത്തിയാക്കി. സന്ദർശന വേളയിൽ  നാല് രാജ്യങ്ങളിലെയും മന്ത്രിമാരും മുതിർന്ന ഗവണ്‍മെന്റ് നേതാക്കളും വ്യാപാര മേധാവികളും വ്യവസായ പങ്കാളികളുമായി  ശ്രീ ഗോയല്‍ നിരവധി ഉന്നതതല ചർച്ചകൾ നടത്തി. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളുടെ വിജയകരമായ പൂര്‍ത്തീകരണത്തിലൂടെ കൈവരിച്ച ഊര്‍ജം നിലനിർത്തി  യൂറോപ്പുമായി ഇന്ത്യയുടെ സാമ്പത്തിക പങ്കാളിത്തം ആഴത്തിലാക്കാനും നിക്ഷേപ ബന്ധങ്ങൾ വ്യാപിപ്പിക്കാനും സാങ്കേതിക സഹകരണം ശക്തിപ്പെടുത്താനും ബിസിനസ്സ്-ടു-ബിസിനസ്സ് ഇടപാടുകൾ വർധിപ്പിക്കാനുമാണ് സന്ദർശനം ലക്ഷ്യമിട്ടത്.  

 

സ്പെയിൻ ഫസ്റ്റ് വൈസ് പ്രസിഡന്റും സാമ്പത്തികകാര്യ-വ്യാപാര മന്ത്രിയുമായ  കാർലോസ് ക്യൂർപോ കാബല്ലെറോ, വ്യവസായ-വിനോദസഞ്ചാര മന്ത്രി ജോർഡി ഹെറൂ ബോഹർ എന്നിവരുമായി സ്പെയിൻ സന്ദർശന വേളയിൽ ശ്രീ ഗോയൽ  ഫലപ്രദമായ ചർച്ചകൾ നടത്തി. വ്യാപാര പങ്കാളിത്തത്തോടെയുള്ള വാർഷിക ഇന്ത്യ-സ്പെയിൻ സംയുക്ത കമ്മീഷൻ യോഗം ശ്രീ ഗോയൽ നിർദേശിച്ചു.  അതേസമയം ഉഭയകക്ഷി ബന്ധങ്ങൾ സുഗമമാക്കുന്നതിന്  പ്രത്യേക ‘ഇന്ത്യ ടീം’ രൂപീകരിക്കാൻ സ്പെയിൻ നിർദേശിച്ചു.   

 

ഇന്ത്യയുടെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസും (യുപിഐ) സ്പെയിനിന്റെ ബിസം ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമും തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്നതിന്  സാങ്കേതിക ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനും ഇരുപക്ഷവും അംഗീകാരം നല്‍കി.  വാഹനനിര്‍മാണം, ഔഷധനിര്‍മാണം, രാസവസ്തു, തുണിത്തരം, പുനരുപയോഗ ഊർജം, വിനോദസഞ്ചാരം, അടിസ്ഥാനസൗകര്യം എന്നീ മേഖലകളിൽ സഹകരണത്തിന്റെ വിപുലമായ സാധ്യതകൾ ഇരുരാജ്യങ്ങളും വിലയിരുത്തി. യൂറോപ്പിലേക്കും ലാറ്റിൻ അമേരിക്കയിലേക്കും ഇന്ത്യയുടെ പ്രവേശന കവാടമെന്ന നിലയിൽ സ്പെയിനിന്റെ തന്ത്രപരമായ സ്ഥാനം പ്രയോജനപ്പെടുത്തി നിക്ഷേപം സുഗമമാക്കൽ, പ്രൊഫഷണലുകളുടെ അന്തർദേശീയ യാത്ര,  ലാറ്റിൻ അമേരിക്കയിലെ സംയുക്ത നിക്ഷേപങ്ങൾ എന്നിവയും ചർച്ചകളിൽ ഇടംപിടിച്ചു.  'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തിന് കീഴിലെ മുൻനിര  C-295 വിമാന പദ്ധതിയെയും കുടിയേറ്റ, സഞ്ചാര മേഖലകളിലെ പങ്കാളിത്തം, സാമൂഹ്യസുരക്ഷാ കരാര്‍ എന്നിവയിലെ പുരോഗതിയെയും ശ്രീ ഗോയൽ സ്വാഗതം ചെയ്തു.

 

ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറിന്റെ  അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് വ്യാപാര പങ്കാളിത്തം നേരത്തെ തന്നെ രൂപീകരിക്കാൻ ഇന്ത്യ-സ്പെയിൻ വ്യാപാര ഫോറത്തെ അഭിസംബോധന ചെയ്ത ശ്രീ ഗോയൽ ആഹ്വാനം ചെയ്തു. അടുത്ത പതിറ്റാണ്ടില്‍ ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, വിനോദസഞ്ചാരം എന്നിവ പത്ത് മടങ്ങായി വർധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന  "10×10×10" അഭിലഷണീയ  കാഴ്ചപ്പാടും അദ്ദേഹം വിശദീകരിച്ചു.

 

ബ്രസ്സൽസിൽ മൂന്നാമത് ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര സാങ്കേതിക  സമിതി (ടിടിസി) മന്ത്രിതല യോഗത്തിൽ ശ്രീ ഗോയൽ സഹ-അധ്യക്ഷനായി. 2026-27 ടിടിസി കര്‍മപദ്ധതി  അംഗീകരിച്ചതിനെയും 21 ഇന്ത്യൻ ഫിഷറി സ്ഥാപനങ്ങളെ പുതുതായി അംഗീകൃത പട്ടികയിൽ ഉൾപ്പെടുത്തിയതിനെയും അദ്ദേഹം സ്വാഗതം ചെയ്തു. ഇതോടെ അംഗീകൃത ഇന്ത്യൻ സ്ഥാപനങ്ങളുടെ ആകെ എണ്ണം 625 ആയി ഉയർന്നു. ഇന്ത്യൻ കപ്പൽ പുനരുപയോഗ ശാലകളെ  പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യം ഉന്നയിച്ച  ഇന്ത്യ  നൈപുണ്യം, വിദ്യാഭ്യാസം, പ്രതിഭാധനരുടെ അന്തർദേശീയ സഞ്ചാരം എന്നിവയിൽ ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ചർച്ചകൾക്ക് നിർദേശം മുന്നോട്ടുവെച്ചു.  

 

യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ്  അന്റോണിയോ കോസ്റ്റ, യൂറോപ്യൻ വ്യാപാര കമ്മീഷണർ  മാരോസ് സെഫ്കോവിച്ച്, കാലാവസ്ഥ - നെറ്റ്-സീറോ - ഹരിത വികസന കമ്മീഷണർ  വോപ്കെ ഹോക്സ്ട്ര, കാര്‍ഷിക ഭക്ഷ്യ കമ്മീഷണർ  ക്രിസ്റ്റോഫ് ഹാൻസെൻ, യൂറോപ്യൻ പാർലമെന്റിന്റെ അന്താരാഷ്ട്ര വ്യാപാര സമിതി  അധ്യക്ഷൻ  ബേൺഡ് ലാംഗെ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകളിൽ ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാർ  എത്രയും വേഗം ഒപ്പുവെക്കാനും നടപ്പാക്കാനും ഇരുപക്ഷവും പ്രതിബദ്ധത ആവര്‍ത്തിച്ചു. 

 

നിക്ഷേപ സംരക്ഷണ കരാർ, ഭൗമസൂചിക കരാർ എന്നിവ സംബന്ധിച്ച ചർച്ചകൾ, കാർബൺ അതിർത്തി നികുതി സംവിധാനത്തിലെ സഹകരണം, നിയന്ത്രണങ്ങൾ ലളിതമാക്കൽ, കാർഷിക ഉല്പന്നങ്ങളുടെ വിപണി പ്രവേശനം, ബസ്മതി അരി, ഇരുമ്പ് സ്ക്രാപ് തുടങ്ങിയവയുടെ നികുതി ഇളവുകൾ എന്നിവയും ചർച്ചയായി. ബെൽജിയൻ കമ്പനികൾക്ക് പ്രത്യേക പ്ലഗ് ആൻഡ് പ്ലേ വ്യവസായ ക്ലസ്റ്ററുകൾ നിർദേശിച്ച ശ്രീ ഗോയൽ കൗണ്ടർ-ഡ്രോൺ സാങ്കേതികവിദ്യകളിലും ഇലക്ട്രോണിക് യുദ്ധമുറകളിലും താലെസുമായി തന്ത്രപരമായ പ്രതിരോധ സഹകരണത്തിന്റെ സാധ്യതകൾ തേടി.  ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സാമ്പത്തിക ബന്ധങ്ങളുടെ പൂർണ സാധ്യതകൾ പുറത്തെടുക്കാന്‍ കൂടുതൽ സുതാര്യവും വ്യാപാര സൗഹൃദപരവുമായ നിയന്ത്രണ അന്തരീക്ഷത്തിന്റെ ആവശ്യകത ഇരുപക്ഷവും അംഗീകരിച്ചു.

 

ഫിൻലൻഡിൽ നിലവില്‍ പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുന്ന  ധനമന്ത്രി  റീക്ക പുര, സാമ്പത്തികകാര്യ മന്ത്രി  സകാരി പുയിസ്റ്റോ എന്നിവരുമായി ശ്രീ ഗോയൽ കൂടിക്കാഴ്ച നടത്തി. നിര്‍മിതബുദ്ധി, 6G, ക്വാണ്ടം സാങ്കേതികവിദ്യകൾ, ഹരിതോര്‍ജം,  ചാക്രിക സമ്പദ്‍വ്യവസ്ഥ,  നൂതന നിർമാണ മേഖലകൾ, നൂതനാശയങ്ങള്‍ എന്നിവയിൽ സഹകരണം വിപുലീകരിക്കുന്നതിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്.

 

ഇന്ത്യയുടെ ഉല്പാദന-പ്രതിഭാ ശേഷിയും ഫിൻലൻഡിന്റെ സാങ്കേതിക മികവും ഒത്തുചേരുമ്പോൾ സംയുക്ത വികസനത്തിനും സംയുക്ത നിർമാണത്തിനും വലിയ സാധ്യതകള്‍‍ തുറക്കപ്പെടുന്നതായി ഇരുപക്ഷവും വിലയിരുത്തി. സർവകലാശാലകൾ തമ്മിലെ പങ്കാളിത്തം, സ്റ്റാർട്ടപ്പ് സഹകരണം, പ്രതിഭകളുടെ അന്തർദേശീയ സഞ്ചാരം,  ഗവേഷണ സഹകരണം എന്നിവയും ചർച്ചയായി.  

 

കോനെ,  നോക്കിയ എന്നീ കമ്പനികളുടെ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ ശ്രീ ഗോയൽ ഇന്ത്യയിലെ നിർമാണം, ഗവേഷണ-വികസന പ്രവർത്തനങ്ങൾ, കയറ്റുമതി, ഡിജിറ്റൽ അടിസ്ഥാനസൗകര്യ നിക്ഷേപങ്ങൾ എന്നിവ ഗണ്യമായി വർധിപ്പിക്കാൻ ഇരു കമ്പനികളോടും ആഹ്വാനം ചെയ്തു.  ആഗോള വിപണികൾക്കായി ഇന്ത്യയിൽ നിർമാണ കേന്ദ്രങ്ങൾ സ്ഥാപിക്കാനും ടെലികോം സാങ്കേതികവിദ്യകൾ, ഡാറ്റാ സെന്ററുകൾ, ക്ലൗഡ് കംപ്യൂട്ടിങ്, തൊഴിൽ ശേഷി വികസനം എന്നിവയിൽ സഹകരണം ശക്തിപ്പെടുത്താനും അദ്ദേഹം ഫിന്‍ലന്‍ഡിലെ കമ്പനികളെ ക്ഷണിച്ചു.

 

2026 ജൂലൈ 18-ന് എസ്തോണിയ സന്ദർശനത്തോടെയാണ് മന്ത്രിയുടെ വിദേശ പര്യടനം പൂര്‍ത്തിയായത്. 2021-ൽ ടാലിനിൽ ഇന്ത്യയുടെ സ്ഥിരം എംബസി ആരംഭിച്ചതിന് ശേഷം ഇന്ത്യയിൽ നിന്ന് നടത്തുന്ന ആദ്യ മന്ത്രിതല സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലെ സാമ്പത്തിക ബന്ധത്തിന്റെ വർധിച്ചുവരുന്ന പ്രാധാന്യം  അടിവരയിട്ടു. വിദേശകാര്യ മന്ത്രി മാർഗസ് സാഹ്ക്നയുമായി നടത്തിയ ചർച്ചയിൽ ഡിജിറ്റൽ ഭരണനിര്‍വഹണം, ഫിൻടെക്, യുപിഐ സംയോജനം, ഇ-റെസിഡൻസി, സൈബർ സുരക്ഷ, വളർന്നുവരുന്ന മറ്റ് സാങ്കേതികവിദ്യകൾ എന്നിവയിലെ സഹകരണ സാധ്യതകൾ ഇരുരാജ്യങ്ങളും വിലയിരുത്തി. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാർ  എത്രയും വേഗം നടപ്പാക്കാന്‍ ശക്തമായ പിന്തുണ അറിയിച്ച എസ്തോണിയ  ഡിജിറ്റൽ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയെ ക്ഷണിച്ചു.  

 

സൈബർ സുരക്ഷ, ബ്ലോക്ക്‌ചെയിൻ, ഹരിതോര്‍ജം,  ഹരിത ഹൈഡ്രജൻ എന്നീ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാൻ ഇന്ത്യ-എസ്തോണിയ വ്യാപാര ഫോറത്തെ അഭിസംബോധന ചെയ്യവെ ഇരുരാജ്യങ്ങളിലെയും വ്യാപാര സമൂഹത്തോട്  ശ്രീ ഗോയൽ ആവശ്യപ്പെട്ടു. നോർഡിക്-ബാൾട്ടിക് മേഖലയിലേക്കുള്ള പ്രവേശന കവാടമെന്ന നിലയിലെ സ്വന്തം പങ്ക് എടുത്തുപറ‍ഞ്ഞ എസ്തോണിയ അതിവേഗം വളരുന്ന ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുമായി പങ്കാളിത്തത്തിൽ ഏർപ്പെടാന്‍ ശക്തമായ താല്പര്യം പ്രകടിപ്പിച്ചു.  സന്ദർശന വേളയിൽ എസ്തോണിയയെിലെ ഇന്ത്യൻ സമൂഹവുമായി സംവദിച്ച മന്ത്രി ടാലിനിലെ മഹാത്മാഗാന്ധി പ്രതിമയിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.   

 

സന്ദർശനത്തിലുടനീളം നാല് രാജ്യങ്ങളിലെയും വ്യാപാര പ്രമുഖരുമായും വ്യവസായ അസോസിയേഷനുകളുമായും നിക്ഷേപകരുമായും ശ്രീ ഗോയൽ വിപുലമായ ചർച്ചകൾ നടത്തി. സ്ഥിരതയാര്‍ന്ന വിതരണ ശൃംഖലകൾ കെട്ടിപ്പടുക്കുക, നിക്ഷേപങ്ങൾ സുഗമമാക്കുക, നൂതനാശയ പങ്കാളിത്തം ശക്തിപ്പെടുത്തുക, നിർമാണ സഹകരണം പ്രോത്സാഹിപ്പിക്കുക, ഇന്ത്യൻ എംഎസ്എംഇകൾക്കും  സ്റ്റാർട്ടപ്പുകൾക്കും അവസരങ്ങൾ വ്യാപിപ്പിക്കുക എന്നിവയിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്.

 

രാജ്യത്തിന്റെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയും വിപുലമായ ആഭ്യന്തര വിപണിയും ലോകോത്തര ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങളും വിദഗ്ധ തൊഴിൽ ശക്തിയും സുസ്ഥിര നയ അന്തരീക്ഷവും  പ്രയോജനപ്പെടുത്തി യൂറോപ്യന്‍ വ്യാപാര സംരംഭങ്ങളുടെ മുന്‍ഗണനാ നിർമാണ, നൂതനാശയ, കയറ്റുമതി കേന്ദ്രമാക്കി ഇന്ത്യയെ  മാറ്റാന്‍  മന്ത്രി ആഹ്വാനം ചെയ്തു.  

 

യൂറോപ്പുമായി ഇന്ത്യയുടെ വിപുലീകൃത സാമ്പത്തിക ഇടപെടലിന് പുതിയ വേഗം പകരാന്‍  സന്ദർശനം വഴിയൊരുക്കി.  സന്ദർശന വേളയിൽ കൈവരിച്ച ധാരണകൾ സാങ്കേതിക പങ്കാളിത്തം ശക്തിപ്പെടുത്താനും നിക്ഷേപ പ്രവാഹം വർധിപ്പിക്കാനും ഇന്ത്യൻ കയറ്റുമതിക്കാർക്ക് മികച്ച വിപണി പ്രവേശനം ഉറപ്പാക്കാനും ഭാവി അധിഷ്ഠിത മേഖലകളിൽ സഹകരണം വിപുലീകരിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

***

 


(रिलीज़ आईडी: 2286404) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati , Telugu