PIB Backgrounder
azadi ka amrit mahotsav

ഭാരത് ടെക്സ് 2026: ഓരോ നൂലിഴയും നീളുന്നത് പുതിയൊരു അവസരത്തിലേക്ക്

प्रविष्टि तिथि: 17 JUL 2026 7:04PM by PIB Thiruvananthpuram

ഇന്ത്യൻ വസ്ത്ര മേഖലയ്ക്കായി ഒരു ആഗോള വേദി

 

ഭാരത് ടെക്സ് 2026-ൽ, ഒരേ മേൽക്കൂരയ്ക്ക് കീഴിൽ അണിനിരക്കുന്ന വൈവിധ്യങ്ങളിലൂടെ ഇന്ത്യയുടെ വസ്ത്രവ്യാപാര രംഗത്തെ അഭിലാഷങ്ങൾക്ക് ജീവൻ വയ്ക്കുകയാണ്. നിർമ്മാതാക്കൾക്കൊപ്പം കൈത്തറി സഹകരണ സംഘങ്ങളും, പരമ്പരാഗത കലാകാരന്മാരും, സാങ്കേതികവിദ്യാ സംരംഭങ്ങളും ഇവിടെ പ്രദർശനം നടത്തുന്നു. ഇന്ത്യൻ സംരംഭങ്ങൾ ആഗോള വിപണികളെ തേടുമ്പോൾ, വിദേശ കമ്പനികൾ ഇന്ത്യയിലെ അവസരങ്ങളെ വിലയിരുത്തുന്നു.

 

ഫാം ടു ഫൈബർ ടു ഫാക്ടറി ടു ഫാഷൻ ടു ഫോറിൻ (കൃഷിയിടത്തിൽ നിന്ന്  നൂലിലേക്കും ഫാക്ടറി മുതൽ ഫാഷനിലേക്കും തുടർന്ന് വിദേശത്തേക്ക്) എന്ന '5F' ദർശനത്താൽ നയിക്കപ്പെടുന്ന ഈ മേള, ഇന്ത്യയുടെ വസ്ത്രപാരമ്പര്യം, ഉൽപ്പാദന കരുത്ത്, നൂതനാശയങ്ങൾ എന്നിവയെ ഒരു ഏകീകൃത ആഗോള വേദിയിൽ ഒരുമിച്ച് കൊണ്ടുവരുന്നു.

 

A tree in a parking lotAI-generated content may be incorrect.

 

ഇതിൻ്റെ മൂന്നാമത് പതിപ്പ് ജൂലൈ 14 മുതൽ 17 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്നു. നാരുകൾ, നൂലുകൾ, തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, വീട്ടുവസ്ത്രം, സാങ്കേതിക തുണിത്തരങ്ങൾ, കൈത്തറി, കരകൗശല വസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള വസ്ത്രവ്യാപാര മൂല്യശൃംഖലയെ ഇത് ഉൾക്കൊള്ളുന്നു. 130-ലധികം രാജ്യങ്ങളിൽ നിന്നുള്ള 6,000-ത്തിലധികം വാങ്ങലുകാരെയും 1.3 ലക്ഷത്തിലധികം വ്യാപാര സന്ദർശകരെയും ഈ പരിപാടി ആകർഷിച്ചു. 1.6 ദശലക്ഷം ചതുരശ്ര അടിയിലായി വ്യാപിച്ചുകിടക്കുന്ന ഈ പ്രദർശനത്തിൽ 20,000-ത്തിലധികം വസ്ത്ര ഉൽപ്പന്നങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്.

 

പ്രദർശനത്തിൻ്റെ വ്യാപ്തിക്കപ്പുറം, അംഗീകാരം, ഉപജീവനമാർഗ്ഗം, പ്രാദേശിക സംരംഭങ്ങളെ പുതിയ വിപണികളിലേക്ക് എത്തിക്കൽ എന്നിവയെക്കുറിച്ചുള്ള ചർച്ചകളിലൂടെയാണ് ഭാരത് ടെക്സിൻ്റെ പ്രാധാന്യം പ്രകടമാകുന്നത്. പാരമ്പര്യം, സംരംഭകത്വം, സുസ്ഥിരത, ആഗോള വാണിജ്യം എന്നിവയുടെ ഒരു സംഗമഭൂമിയായി ഈ പരിപാടി മാറിയിരിക്കുന്നു.

 

നിർമ്മാണം തന്നെ കാഴ്ചയാകുമ്പോൾ

 

'വീവ്സ്' സ്റ്റാളിൽ സന്ദർശകർക്ക് തുണി നിർമ്മാണവും ബ്ലോക്ക് പ്രിൻ്റിംഗും തത്സമയം കാണാൻ അവസരമൊരുങ്ങി. തത്സമയ പ്രദർശനങ്ങൾ നിർമ്മാണം പൂർത്തിയായ ഓരോ തുണിത്തരങ്ങൾക്കും പിന്നിലുമുള്ള കരകൗശലവിദ്യയെക്കുറിച്ച് സന്ദർശകർക്ക് നേരിട്ടുള്ള അനുഭവം നൽകി.

 

A group of people standing next to a wood frameAI-generated content may be incorrect.

 

ആറ് തലമുറകളുടെ വസ്ത്ര വ്യാപാര പരിചയ സമ്പന്നതയിൽ പടുത്തുയർത്തിയ ഒരു സംരംഭത്തെയാണ് വീവ്സിൻ്റെ മാനേജരായ കാശ്യപ് കേഡിയ പ്രതിനിധീകരിക്കുന്നത്. ഈ സംരംഭം ഏകദേശം 200-ഓളം കരകൗശല വിദഗ്ധരുമായി സഹകരിച്ച് പ്രവർത്തിക്കുകയും, ഏതാണ്ട് 2.5 ലക്ഷം മീറ്റർ ബ്ലോക്ക് പ്രിൻ്റഡ് തുണിത്തരങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നതായി പറയുന്നു. ദാബു, ബാഗ്രു, ബാതിക് ഉൾപ്പെടെയുള്ള പരമ്പരാഗത പ്രിൻ്റിംഗ് ശൈലികളാണ് ഈ സംരംഭം ഉപയോഗിക്കുന്നത്. "ഞങ്ങളുടെ ആറ് പ്രിൻ്റിംഗ് ശൈലികളിൽ അഞ്ചെണ്ണവും ഇന്ത്യയിൽ, പ്രത്യേകിച്ച് രാജസ്ഥാനിൽ മാത്രമേ ഉൽപ്പാദിപ്പിക്കാൻ സാധിക്കൂ; അവിടുത്തെ കാലാവസ്ഥ ഈ പ്രക്രിയയെ പിന്തുണയ്ക്കുന്നുണ്ട്," അദ്ദേഹം പരാമർശിച്ചു.

 

"ഈ വർഷം ഞങ്ങൾ തത്സമയ പ്രദർശനങ്ങൾ നടത്തിയതിനാൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്," അദ്ദേഹം പറഞ്ഞു. "ഖത്തർ, ശ്രീലങ്ക, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ള തല്പരരായ ഉപഭോക്താക്കൾ ഞങ്ങളുടെ ജോലികൾ നേരിട്ട് കാണാൻ എത്തിയിട്ടുണ്ട്."

 

പുതിയ സന്ദർശകർക്ക് മുന്നിൽ തുറക്കുന്ന പ്രാദേശിക പാരമ്പര്യം

 

ഭാരത് ടെക്സ് പരമ്പരാഗത കലാരൂപങ്ങളെയും ആഗോള ശ്രദ്ധാകേന്ദ്രമാക്കുന്നുണ്ട്. അതിലൊന്നാണ് ബീഹാറിൽ നിന്നുള്ള 'തികുലി' കല. ആകർഷകമായ നിറങ്ങൾക്കും സങ്കീർണ്ണമായ ഇനാമൽ വർക്കുകൾക്കും പേരുകേട്ടതാണ് ഈ കലാരൂപം.

 

A person standing in front of a sign

 

പട്നയിൽ നിന്നുള്ള തികുലി നാടോടി കലാകാരിയായ അരുന്ധതി മഹാതോ ആദ്യമായാണ് ഭാരത് ടെക്സിൽ പങ്കെടുക്കുന്നത്. "800 വർഷത്തിലേറെ പഴക്കമുള്ള പട്നയുടെ സ്വന്തം കലാരൂപമാണ് തികുലി," അവർ വിശദീകരിച്ചു. "അലങ്കാര തികുലികളിൽ നിന്നാരംഭിച്ച്, ഇന്ന് ഇത് മരം, തുണിത്തരങ്ങൾ, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവയിലുള്ള ഇനാമൽ പെയിൻ്റിംഗായി വികസിച്ചിരിക്കുന്നു."

 

ഈ കല സ്ത്രീകൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ചുള്ള ഉപജീവന അവസരങ്ങളും സൃഷ്ടിക്കുന്നുണ്ട്. "എന്നോടൊപ്പം നേരിട്ടോ അല്ലാതെയോ സഹകരിച്ച് പ്രവർത്തിക്കുന്ന 25-ഓളം സ്ത്രീകൾക്ക് ഞാൻ സൗജന്യ പരിശീലനം നൽകുന്നുണ്ട്," അവർ പറഞ്ഞു. "അവർക്ക് വീട്ടിലിരുന്ന് സ്വന്തം സൗകര്യത്തിനനുസരിച്ച് ഈ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ സാധിക്കും."

 

"തികുലി കലയെ പ്രോത്സാഹിപ്പിക്കാൻ ഇങ്ങനെയൊരു അവസരം ലഭിച്ചതിൽ എനിക്ക് വലിയ അഭിമാനമുണ്ട്," അവർ കൂട്ടിച്ചേർത്തു. "ഇപ്പോഴും പലർക്കും ഈ കലയെക്കുറിച്ച് അറിയാത്തതുകൊണ്ട് തന്നെ വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്."

 

ഭാരത് ടെക്സിലെ ഈ അരങ്ങേറ്റത്തോടെ, ടെക്സ്റ്റൈൽ വ്യവസായങ്ങൾ, ഉപഭോക്താക്കൾ, കരകൗശല പ്രേമികൾ എന്നിവർക്കിടയിൽ ഈ കലാരൂപത്തിന് കൂടുതൽ പ്രചാരം ലഭിക്കുകയാണ്.

 

ശ്രദ്ധാകേന്ദ്രമായി ഇന്ത്യയുടെ കരകൗശല പാരമ്പര്യം 

 

A sign with many images on itAI-generated content may be incorrect.

 

ഭാരത് ടെക്സിനോടനുബന്ധിച്ച് ഡൽഹിയിലെ നാഷണൽ ക്രാഫ്റ്റ്സ് മ്യൂസിയത്തിൽ നടക്കുന്ന 'ഇൻഡി ഹാത് 2026', ഇന്ത്യയുടെ കൈത്തറി-കരകൗശല പാരമ്പര്യത്തെയാണ് അവതരിപ്പിക്കുന്നത്. 48 കരകൗശല വിദഗ്ധരെയും നെയ്ത്തുകാരെയും കൂടാതെ 12 രൂപകല്പന ബ്രാൻഡുകളെയും ഇത് ആകർഷിച്ചു. വലിയൊരു വസ്ത്രമേളയുടെ ഹൃദയഭാഗത്തായി പ്രാദേശിക കരകൗശലവിദ്യയ്ക്ക് ഈ പ്രദർശനം ഇടം നൽകുന്നു. ഇത് കാരകൗശല പാരമ്പര്യങ്ങൾക്ക് സവിശേഷവും ആധുനികവുമായ ഒരു പശ്ചാത്തലം ഒരുക്കുന്നു.

ഗുലാബി മീനാകാരി, ഡോക്ര, ഉസ്ത കല, പിച്ചവായ്, സോസ്നി എംബ്രോയ്ഡറി, ബ്ലൂ പോട്ടറി, സിൽവർ ഫിലിഗ്രി, ചെറിയാൽ പെയിൻ്റിംഗ്, മതാ നി പച്ചേഡി, പേപ്പർ മാഷെ, ബാഗ്രു ബ്ലോക്ക് പ്രിൻ്റിംഗ്, ജംദാനി സാരികൾ, മൂഗ-ഏരി പട്ട് , ഒഡീഷ ഇക്കത്ത് തുടങ്ങി നിരവധി കരകൗശല രൂപങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

 

ഗോത്രവർഗ്ഗ നെയ്ത്തുകളിൽ വേരൂന്നിയ ആധുനിക ഫാഷൻ

 

A person standing in a store

 

'ജോഹർഗ്രാം' ഝാർഖണ്ഡിലെ ഗോത്രവർഗ്ഗ തുണിത്തരങ്ങളെ ആധുനിക ഫാഷനിലേക്ക് കൊണ്ടുവരികയാണ്; പരമ്പരാഗതമായി നെയ്തെടുത്ത ഷാളുകളെ ഷർട്ടുകൾ, ജാക്കറ്റുകൾ, ട്രെഞ്ച് കോട്ടുകൾ എന്നിവയാക്കി അവർ മാറ്റുന്നു. ബ്രാൻഡിൻ്റെ ക്രിയേറ്റീവ്, ഓപ്പറേഷൻസ് തലവനായ പവൻ കുമാർ പറയുന്നതനുസരിച്ച്, ഉറാവോൺ, മുണ്ട സമുദായങ്ങളുമായി ബന്ധപ്പെട്ട പരമ്പരാഗത മാതൃകകളിൽ നിന്നാണ് ഈ ഡിസൈനുകൾ രൂപപ്പെടുത്തിയിരിക്കുന്നത്.

 

"ആഗോളതലത്തിൽ ആവശ്യം വർദ്ധിച്ചതോടെ ഇപ്പോൾ 80-ഓളം നെയ്ത്തുകാർ ഇതിൽ ഏർപ്പെട്ടിരിക്കുന്നു," അദ്ദേഹം പറഞ്ഞു. "ബിസിനസ്സ്-ടു-ബിസിനസ്സ് അനുഭവം വളരെ പ്രോത്സാഹജനകമായിരുന്നു. ഞങ്ങൾ നിരവധി ഉപഭോക്താക്കളുമയും കയറ്റുമതിക്കാരുമായും ബന്ധപ്പെടുന്നുണ്ട്."

 

ഇത് മൂന്നാം തവണയാണ് ബ്രാൻഡ് ഇതിൽ പങ്കെടുക്കുന്നത്. ഝാർഖണ്ഡിൻ്റെ വസ്ത്രപാരമ്പര്യത്തെ കേവലം പട്ടിനപ്പുറം പരിചയപ്പെടുത്താനും ആധുനിക ഡിസൈനിലുള്ള അവയുടെ സാധ്യതകൾ ഉയർത്തിക്കാട്ടാനും അവർക്ക് സാധിക്കുന്നു.

 

വിശാലമായ വിപണിയിലേക്ക് ചുവടുവെച്ച് ഒരു കൈത്തറി സഹകരണ സംഘം

 

A group of men standing in a store

 

'നിർയാതക് ഹാൻഡ്‌ലൂം സഹകരണ സൊസൈറ്റി ലിമിറ്റഡ്' എന്ന സ്ഥാപനത്തിന്, വീടുകൾ കേന്ദ്രീകരിച്ച് നടത്തുന്ന കൈത്തറി ഉൽപ്പന്നങ്ങളെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ഈ മേള സഹായിക്കുന്നു. കാൺപൂർ ആസ്ഥാനമായുള്ള ഈ സഹകരണ സംഘത്തിൻ്റെ പ്രസിഡൻ്റ് മുഹമ്മദ് ഇമ്രാൻ, പരുത്തി, കമ്പിളി, പുനചംക്രമണം ചെയ്ത പി.ഇ.ടി നൂലുകൾ എന്നിവയിൽ നിന്ന് നിർമ്മിച്ച റഗ്ഗുകൾ, പരവതാനികൾ, മറ്റ് വീട്ടലങ്കാര ഉൽപ്പന്നങ്ങൾ എന്നിവയാണ് പ്രദർശിപ്പിക്കുന്നത്.

 

ഏകദേശം 120 നെയ്ത്തുകാർ ഈ സഹകരണ സംഘത്തിൻ്റെ ഭാഗമാണ്. ചിലർ സംഘത്തിൻ്റെ ഉടമസ്ഥതയിലുള്ള തറികളിൽ ജോലി ചെയ്യുമ്പോൾ, മറ്റുള്ളവർ നൂൽ ശേഖരിച്ച് വീട്ടിലിരുന്ന് നെയ്യുന്നു.

 

ഈ സഹകരണ സംഘത്തിന് ഉപഭോക്താക്കളിൽ നിന്ന് മികച്ച താല്പര്യം ലഭിച്ചിട്ടുണ്ട്, കൂടാതെ വീണ്ടും പങ്കെടുക്കാൻ അവർ ആഗ്രഹിക്കുന്നു. "ഇറാഖ്, അൾജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളുമായി ഞങ്ങൾ ചർച്ചകൾ നടത്തി, അതിൽ യൂറോപ്യൻ വിപണികളിലേക്ക് ഉൽപ്പന്നങ്ങൾ എത്തിക്കുന്ന ഒരു കമ്പനിയും ഉൾപ്പെടുന്നു."

 

കൈത്തറി കയറ്റുമതി പ്രോത്സാഹന സമിതി നൽകിയ സബ്‌സിഡിയോടുകൂടിയ സ്റ്റാൾ, ഈ വ്യാപാര മേളയിൽ പങ്കെടുക്കാനും വൻകിട ഉപഭോക്താക്കളുമായി കൂടുതൽ ചർച്ചകൾ ആരംഭിക്കാനും ഈ സഹകരണ സംഘത്തെ പ്രാപ്തമാക്കി.

 

തുണിത്തരങ്ങളുടെ പുനചംക്രമണവുമായി ബന്ധപ്പെട്ട വിപുലമായ വേദി

 

 

ഒരു വസ്ത്രത്തിൻ്റെ ആദ്യ ഉപയോഗത്തിന് ശേഷം അതിൻ്റെ ടെക്സ്റ്റൈൽ യാത്ര എങ്ങനെ തുടങ്ങുന്നുവെന്നാണ് ഇവിടുത്തെ ഒരു സ്റ്റാളിൽ കാണാനാകുന്നത്.

 

ഉപഭോക്താക്കൾ ഉപയോഗിച്ചതിന് ശേഷമുള്ള ടെക്സ്റ്റൈൽ അവശിഷ്ടങ്ങൾ ശേഖരിക്കുന്നതിനായുള്ള സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഒരു സംവിധാനത്തെക്കുറിച്ച് റീഫൈബറിൻ്റെ (ReFiber) ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ മനോജ് വൻവാരി വിശദീകരിക്കുന്നു. ശേഖരിക്കുന്ന വസ്ത്രങ്ങൾ പിന്നീട് പുനചംക്രമണത്തിനായി പങ്കാളികളായ എൻജിഒകളിലേക്ക് അയക്കുന്നു. കൂടാതെ, ഇങ്ങനെ ഉപയോഗശൂന്യമായതിൽ നിന്ന് നിർമ്മിക്കുന്ന  പുതിയ മൂല്യവത്തായ ഉൽപ്പന്നങ്ങൾ വിൽക്കാൻ റീഫൈബർ ഒരു വിപണനവേദിയും ഒരുക്കുന്നുണ്ട്.

 

ആദ്യമായാണ് ഈ പ്രദർശനത്തിൽ പങ്കെടുക്കുന്നതെങ്കിലും, ബിസിനസ്സുകളുമായും ഉപഭോഗ പങ്കാളികളുമായും പുതിയ ചർച്ചകൾക്ക് തുടക്കമിടാൻ ഈ പ്രദർശനം സഹായിക്കുന്നുണ്ട്.

 

"ലഭിച്ച പ്രതികരണം വളരെ മികച്ചതായിരുന്നു, അതിശയകരമായിരുന്നു," അദ്ദേഹം പറഞ്ഞു. "ബംഗ്ലാദേശ്, സ്പെയിൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, പോർച്ചുഗൽ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകരുമായി ഞങ്ങൾ ആശയവിനിമയം നടത്തി."

 

ഇന്ത്യയിലുടനീളം  ശേഖരണ ശൃംഖല വ്യാപിപ്പിക്കാനും ടെക്സ്റ്റൈൽ പുനരുപയോഗ രംഗത്ത് പ്രവർത്തിക്കുന്ന കൂടുതൽ സംഘടനകളുമായി സഹകരിക്കാനും റീഫൈബർ ഇപ്പോൾ പദ്ധതിയിടുന്നു.

 

ഭാരത് ടെക്സ്: ഓരോ നൂലിഴയെയും കൂട്ടിയിണക്കുന്നു 

 

ടെക്സ്റ്റൈൽ മേഖലയുടെ വിവിധ വശങ്ങളെ ഒരൊറ്റ പൊതുവേദിയിൽ ഭാരത് ടെക്സ് ഒരുമിച്ച് ചേർക്കുന്നു. ടെക്സ്റ്റൈൽ മൂല്യശൃംഖലയുടെ വിവിധ ഘട്ടങ്ങളിലുള്ള കലാകാരന്മാർ, സംരംഭങ്ങൾ, സ്ഥാപനങ്ങൾ, ഉപഭോക്താക്കൾ എന്നിവരെ ഈ പരിപാടി എങ്ങനെ പരസ്പരം കൂട്ടിയിണക്കുന്നുവെന്ന്  പ്രദർശനഹാളിൽ നിന്നുള്ള ഓരോ കഥയും വ്യക്തമാക്കുന്നു.

 

A collage of a sign and a machineAI-generated content may be incorrect.

 

വ്യത്യസ്ത ഉൽപ്പന്നങ്ങളും പ്രക്രിയകളും സാധ്യതകളും സമന്വയിപ്പിക്കുന്നതിലൂടെ 'ഭാരത് ടെക്സ്' ഇന്ത്യയുടെ വസ്ത്ര ആവാസ മേഖലയുടെ വ്യാപ്തിയെ - ടെക്സ്റ്റൈലുമായി ബന്ധപ്പെട്ടതെല്ലാം ഒരിടത്ത്- എന്ന ആശയത്തെ ഉൾക്കൊള്ളുന്നു.

 

അവലംബം

Ministry of Textiles

https://www.pib.gov.in/PressReleasePage.aspx?PRID=2284603&lang=1&reg=3

https://www.pib.gov.in/PressReleasePage.aspx?PRID=2284286&lang=1&reg=3

 

Click to See In PDF

****


(रिलीज़ आईडी: 2286056) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Gujarati , Urdu , Bengali , Tamil