തൊഴില്‍, ഉദ്യോഗ മന്ത്രാലയം
प्रविष्टि तिथि:
17 JUL 2026 1:31PM by PIB Thiruvananthpuram
കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO), 1952-ലെ എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട്സ് ആൻഡ് മിസലേനിയസ് പ്രൊവിഷൻസ് ആക്ടിലെ വകുപ്പ് 14B, 2020-ലെ സാമൂഹ്യസുരക്ഷ കോഡ് വകുപ്പ് 128 എന്നിവ പ്രകാരമുള്ള ഡാമേജസ്/പെനാൽറ്റി ചുമത്തലുമായി ബന്ധപ്പെട്ട തർക്കങ്ങൾ സൗഹാർദ്ദപരമായി പരിഹരിക്കുന്നതിനായി "വിശ്വാസ്, 2026" എന്ന ഒറ്റത്തവണ തർക്ക പരിഹാര പദ്ധതിക്ക് തുടക്കം കുറിച്ചു.
ഇപിഎഫ് പദ്ധതി 2026-ന്റെ ഭാഗമായി 2026 ജൂൺ 29-ലെ ജി.എസ്.ആർ. 525(ഇ) (G.S.R. 525(E)) വിജ്ഞാപനത്തിലൂടെയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. 2026 ജൂൺ 29 മുതൽ ഇത് പ്രാബല്യത്തിൽ വന്നു. വിജ്ഞാപനം പുറപ്പെടുവിച്ച തീയതി മുതൽ ആറ് മാസക്കാലം ഈ പദ്ധതി നിലവിലുണ്ടാകും.
തൊഴിലുടമകൾ സ്വമേധയാ നിയമങ്ങൾ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുക, നിയമനടപടികൾ കുറയ്ക്കുക, ജീവനക്കാരുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് പെനാൽറ്റി/ഡാമേജസ് എന്നിവയുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന തർക്കങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുക എന്നീ ലക്ഷ്യങ്ങളോടെയാണ് വിശ്വാസ്, 2026 അവതരിപ്പിച്ചിരിക്കുന്നത്. പൂർണ്ണമായും ഡിജിറ്റലും സുതാര്യവുമായി നിശ്ചിത സമയപരിധിക്കുള്ളിലെ പ്രക്രിയയിലൂടെ അർഹതപ്പെട്ട കേസുകൾ തീർപ്പാക്കാൻ ഈ പദ്ധതി തൊഴിലുടമകൾക്ക് അവസരം നൽകുന്നു.
ഈ പദ്ധതി പ്രധാനമായും നാല് തരം കേസുകളെയാണ് ഉൾക്കൊള്ളുന്നത്:
•പെനാൽറ്റി/ഡാമേജസ് സംബന്ധിച്ച് കോടതികളുടെയോ മറ്റ് ജുഡീഷ്യൽ ഫോറങ്ങളുടെയോ പരിഗണനയിലിരിക്കുന്ന കേസുകൾ.
• ഡാമേജസ്/പെനാൽറ്റി സംബന്ധിച്ച അന്തിമ ഉത്തരവുകൾ വന്നിട്ടും തുക ഈടാക്കാൻ ബാക്കിയുള്ളതോ അല്ലെങ്കിൽ ഭാഗികമായി മാത്രം ഈടാക്കിയതോ ആയ കേസുകൾ (റിക്കവറി സർട്ടിഫിക്കറ്റ് (RRC) കേസുകൾ ഉൾപ്പെടെ).
•നോട്ടീസുകൾ അയച്ചിട്ടും പെനാൽറ്റി/ഡാമേജസ് സംബന്ധിച്ച അന്തിമ ഉത്തരവുകൾ പുറപ്പെടുവിക്കാത്ത കേസുകൾ.
•പെനാൽറ്റി/ഡാമേജസ് സംബന്ധിച്ച നോട്ടീസുകൾ ഇതുവരെ അയച്ചിട്ടില്ലാത്ത കേസുകൾ.
വിശ്വാസ്, 2026 പ്രകാരം, 2024 ജൂൺ 14-ന് മുൻപുള്ള കുടിശ്ശികകൾക്കുള്ള ഡാമേജസ്/പെനാൽറ്റി ഗണ്യമായി കുറച്ച നിരക്കിൽ പുനർനിർണ്ണയിക്കും. അതായത്, രണ്ട് മാസം വരെയുള്ള കുടിശ്ശികകൾക്ക് പ്രതിമാസം 0.25%, രണ്ട് മുതൽ നാല് മാസത്തിൽ താഴെ വരെയുള്ള കുടിശ്ശികകൾക്ക് പ്രതിമാസം 0.50%, നാല് മാസത്തിൽ കൂടുതലുള്ള കുടിശ്ശികകൾക്ക് പ്രതിമാസം 1.00% എന്ന നിരക്കിലായിരിക്കും പെനാൽറ്റി . നിലവിലുള്ള തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാൻ തൊഴിലുടമകളെപ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ ഇളവുകൾ നൽകുന്നത്.
ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി, തൊഴിലുടമകൾ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ്, 1952-ലെ ഇപിഎഫ് ആക്റ്റിലെ വകുപ്പ് 7Q അല്ലെങ്കിൽ 2020-ലെ സാമൂഹ്യ സുരക്ഷാ കോഡിലെ വകുപ്പ് 127 പ്രകാരം അടയ്‌ക്കേണ്ട മുഴുവൻ പലിശയും അടച്ചുതീർത്തിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. കൂടാതെ, ഈ പദ്ധതിക്ക് കീഴിൽ തീർപ്പാക്കുന്ന തർക്കങ്ങളുമായി ബന്ധപ്പെട്ട് ഇനിമേൽ മറ്റ് അപ്പീലുകളുമായി മുന്നോട്ട് പോകില്ലെന്ന സാക്ഷ്യപത്രവും (undertaking) അപേക്ഷകർ സമർപ്പിക്കേണ്ടതുണ്ട്.
ഡാമേജസ് അല്ലെങ്കിൽ പിഴ (പെനാൽറ്റി) ഇനത്തിൽ ഇതിനകം അടച്ച തുകകളുടെ അഡ്ജസ്റ്റ്മെൻ്റ് , അപ്പീൽ ഫയൽ ചെയ്യുന്നതിനായി നിയമപരമായി മുൻകൂട്ടി കെട്ടിവെച്ച തുകകളുടെ ക്രമീകരണം എന്നിവ സംബന്ധിച്ച വിശദമായ വ്യവസ്ഥകൾ ഈ പദ്ധതിയിലുണ്ട്. എന്നാൽ, പെനാൽറ്റി/ഡാമേജസ് തുകകൾ ഇതിനകം പൂർണ്ണമായി ഈടാക്കിക്കഴിഞ്ഞ സ്ഥാപനങ്ങൾ, സാമ്പത്തിക തട്ടിപ്പ്, തുക വകമാറ്റി ചെലവഴിക്കൽ അല്ലെങ്കിൽ ബോധപൂർവ്വം രേഖകളിൽ തിരിമറി നടത്തൽ എന്നിവ ഉൾപ്പെട്ട കേസുകൾ, നിയമപരമായ പലിശ പൂർണ്ണമായി അടയ്ക്കാത്ത കേസുകൾ എന്നിവയെ ഈ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വിശ്വാസ്, 2026-ന് കീഴിലുള്ള അപേക്ഷകൾ ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് (DSC) അല്ലെങ്കിൽ ഇ-സൈൻ (e-Sign) ഉപയോഗിച്ച് ഇപിഎഫ്‌ഒ തൊഴിലുടമ പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ എളുപ്പത്തിൽ ഫയൽ ചെയ്യാനും, ഓൺലൈൻ പരിശോധന നടത്തുന്നതിനും, ഡിജിറ്റൽ നടപടിയിലൂടെ നിശ്ചിത സമയത്തിനകം സെറ്റിൽമെൻ്റ് ഉത്തരവ് നൽകുന്നതിനും അനുയോജ്യമായ രീതിയിലാണ് ഈ പ്രക്രിയ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പദ്ധതി സുഗമമായി നടപ്പിലാക്കുന്നതിനായി ഇപിഎഫ്‌ഒ എല്ലാ മേഖല , പ്രാദേശിക , ജില്ലാതല ഓഫീസുകൾക്കും വിശദമായ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. തൊഴിലുടമകളെ സഹായിക്കുന്നതിനും അപേക്ഷകൾ വേഗത്തിൽ പരിശോധിച്ച് കൃത്യസമയത്ത് തീർപ്പാക്കുന്നതിനുമായി ഫീൽഡ് ഓഫീസുകളിൽ പ്രത്യേക 'വിശ്വാസ് സെല്ലുകൾ' രൂപീകരിക്കുന്നുണ്ട്. പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മേഖല , ഹെഡ് ഓഫീസ് തലങ്ങളിൽ കൃത്യമായ നിരീക്ഷണവും ഉണ്ടായിരിക്കും.
അവശേഷിക്കുന്ന ഡാമേജസ് അല്ലെങ്കിൽ പെനാൽറ്റി സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാനും, നിയമപാലനം സുഗമമാക്കാനും, വ്യവഹാരങ്ങളില്ലാത്ത ഒരു സാമൂഹിക സുരക്ഷാ ഭരണം കെട്ടിപ്പടുക്കുന്നതിനും അർഹരായ എല്ലാ തൊഴിലുടമകളും ഈ ഒറ്റത്തവണ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഇപിഎഫ്‌ഒ അഭ്യർത്ഥിക്കുന്നു.