സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
ജനപങ്കാളിത്തത്തിലൂടെയും രാജ്യവ്യാപകമായ ബോധവൽക്കരണ പ്രചാരണത്തിലൂടെയും നശാ മുക്ത് ഭാരത് അഭിയാൻ രാജ്യത്തുടനീളമുള്ള 29.32 കോടിയിലധികം പൗരന്മാരിലേക്ക് എത്തിച്ചേർന്നു
प्रविष्टि तिथि:
16 JUL 2026 6:54PM by PIB Thiruvananthpuram
ലഹരിവസ്തുക്കളുടെ ആവശ്യകത കുറയ്ക്കുന്നതിനുള്ള ദേശീയ കർമ്മപദ്ധതിക്ക് (NAPDDR) കീഴിൽ 2020 ഓഗസ്റ്റ് 15-ന് ആരംഭിച്ച മുൻനിര സംരംഭമായ നശാ മുക്ത് ഭാരത് അഭിയാൻ (NMBA) വഴി ലഹരിമുക്ത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധത സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം തുടർച്ചയായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ബോധവൽക്കരണം സൃഷ്ടിക്കൽ, ജനപങ്കാളിത്തം, ചികിത്സ, പുനരധിവാസം, തുടർപരിചരണം, സാമൂഹിക പുനരധിവാസം എന്നിവയിലൂടെ ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയുന്നതോടൊപ്പം, ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനെതിരെ രാജ്യവ്യാപകമായ ഒരു പ്രസ്ഥാനം വളർത്തിയെടുക്കാനും ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നു.
തുടക്കത്തിൽ, ലഹരി ഉപയോഗം കൂടുതലായി കണ്ടെത്തിയ 272 ജില്ലകളിൽ ആരംഭിച്ച ഈ പ്രചാരണം ഇപ്പോൾ രാജ്യത്തുടനീളം വ്യാപിപ്പിച്ചിട്ടുണ്ട്. തുടർച്ചയായ ബോധവൽക്കരണത്തിലൂടെയും ജനപങ്കാളിത്ത പ്രവർത്തനങ്ങളിലൂടെയും ഈ പ്രചാരണ പരിപാടി 11.20 കോടിയിലധികം യുവജനങ്ങളും 7.92 കോടി സ്ത്രീകളും ഉൾപ്പെടെ 29.32 കോടിയിലധികം വ്യക്തികളിലേക്ക് എത്തിച്ചേർന്നു. ലഹരിമുക്ത ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാർത്ഥികൾ, അധ്യാപകർ, യുവ സന്നദ്ധപ്രവർത്തകർ എന്നിവരെ പങ്കാളികളാക്കിക്കൊണ്ട് രാജ്യത്തുടനീളമുള്ള വിദ്യാലയങ്ങൾ, കോളേജുകൾ, സർവ്വകലാശാലകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി 21 ലക്ഷത്തിലധികം ബോധവൽക്കരണ-പ്രചാരണ പരിപാടികളും ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
ആരോഗ്യവും അച്ചടക്കവുമുള്ള യുവതലമുറയെ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, രാജ്യത്തെ മുൻനിര രാഷ്ട്രനിർമ്മാണ സംരംഭങ്ങളിലൊന്നാണ് നശാ മുക്ത് ഭാരത് അഭിയാൻ എന്ന് കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാർ പറഞ്ഞു. ഇന്ത്യയെ ലഹരിമുക്തമാക്കുന്നതിനായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ, സംസ്ഥാന ഗവണ്മെന്റുകൾ, ജില്ലാ ഭരണകൂടങ്ങൾ, പോലീസ്, സന്നദ്ധ സംഘടനകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെ ഒരുമിച്ച് കൊണ്ടുവരികയും ഏകോപിതമായി പ്രവർത്തിക്കുകയും ചെയ്യുന്നതിൽ ഈ പ്രചാരണം വിജയിച്ചതായി അദ്ദേഹം പറഞ്ഞു. ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനെതിരായ പോരാട്ടം ബോധവൽക്കരണം, സഹാനുഭൂതി, കൂട്ടായ ഉത്തരവാദിത്തം, ജനപങ്കാളിത്തം എന്നിവയിലൂടെ മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ലഹരിവസ്തുക്കളുടെ ദുരുപയോഗം ചെറുക്കുന്നതിന് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള സമീപനത്തെ ശക്തിപ്പെടുത്തുന്ന ഒരു മുൻനിര പ്രചാരണ പരിപാടിയാണ് നശാ മുക്ത് ഭാരത് അഭിയാൻ എന്ന് സാമൂഹിക നീതി, ശാക്തീകരണ സഹമന്ത്രി ശ്രീ രാംദാസ് അഠാവാലെ പറഞ്ഞു. ഇന്ത്യയെ ലഹരിമുക്തമാക്കുക എന്ന പൊതു ലക്ഷ്യത്തിനായി വിവിധ മന്ത്രാലയങ്ങൾ, സംസ്ഥാന ഗവണ്മെന്റുകൾ, പങ്കാളികൾ എന്നിവരുടെ ശ്രമങ്ങളെ സംയോജിപ്പിക്കുന്നതോടൊപ്പം, യുവജനങ്ങളെ പങ്കാളികളാക്കുന്ന സമകാലികമായ ഒരു സമീപനമാണ് ഈ പ്രചാരണം സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, യൂത്ത് ക്ലബ്ബുകൾ, വനിതാ സംഘങ്ങൾ എന്നിവയ്ക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് യുവജനങ്ങൾ, സ്ത്രീകൾ, സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ദേശീയ സംരംഭമാണ് നശാ മുക്ത് ഭാരത് അഭിയാൻ എന്ന് സാമൂഹിക നീതി, ശാക്തീകരണ സഹമന്ത്രി ശ്രീ ബി. എൽ. വർമ്മ പറഞ്ഞു. പ്രാരംഭ ഘട്ടത്തിലെ പ്രതിരോധം, ബോധവൽക്കരണം, സാമൂഹിക ഇടപെടൽ എന്നിവയിലൂടെ ഈ പ്രചാരണം ഒരു ജനകീയ പ്രസ്ഥാനമായി മാറിയിട്ടുണ്ടെന്നും, ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിനും ആരോഗ്യകരമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനും സംഭാവന നൽകാൻ എല്ലാ പൗരന്മാരേയും ഇത് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലഹരിവസ്തുക്കൾക്ക് അടിമപ്പെട്ടവർക്കായുള്ള 768 സംയോജിത പുനരധിവാസ കേന്ദ്രങ്ങൾ (IRCAs), കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള പിയർ-ലെഡ് ഇൻ്റർവെൻഷൻ കേന്ദ്രങ്ങൾ (CPLIs), ഔട്ട്‌റീച്ച് ആൻഡ് ഡ്രോപ്പ്-ഇൻ കേന്ദ്രങ്ങൾ (ODICs), ചികിത്സാ സൗകര്യങ്ങൾ (ATFs) എന്നിവയുടെ രാജ്യവ്യാപകമായ ശൃംഖലയിലൂടെ ലഹരിവസ്തുക്കളുടെ ആവശ്യകത കുറയ്ക്കുന്നതിനുള്ള ദേശീയ കർമ്മപദ്ധതിക്ക് കീഴിൽ ചികിത്സാ-പുനരധിവാസ സേവനങ്ങളെ മന്ത്രാലയം ഗണ്യമായി ശക്തിപ്പെടുത്തുകയും, 28.29 ലക്ഷത്തിലധികം ആളുകൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കുകയും ചെയ്തു. ഈ സേവനങ്ങളിലുള്ള വർദ്ധിച്ചുവരുന്ന വിശ്വാസം ചികിത്സ തേടുന്ന വ്യക്തികളുടെ എണ്ണത്തിൽ ഉണ്ടായ 294 ശതമാനമെന്ന ഗണ്യമായ വർദ്ധനവിൽ പ്രതിഫലിക്കുന്നു, അതായത് 2020-ൽ 2.08 ലക്ഷമായിരുന്നത് 2025-ൽ 8.20 ലക്ഷത്തിലധികമായി ഉയർന്നു.
ലഹരിവസ്തുക്കളുടെ ഉപയോഗം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും കൗൺസിലിംഗും വിവരങ്ങളും അതോടൊപ്പം മറ്റ് സഹായ സംവിധാനങ്ങൾ സംബന്ധിച്ച വിവരങ്ങളും നൽകുന്നത് മന്ത്രാലയത്തിൻ്റെ ലഹരിവിമുക്ത ഹെൽപ്പ് ലൈൻ നമ്പറായ 14446 വഴി തുടരുന്നു. ആദ്യഘട്ട സഹായം ലഭ്യമാക്കുന്ന സമ്പർക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ ഹെൽപ്പ് ലൈൻ നമ്പറിലേക്ക് ഇതുവരെ 4.60 ലക്ഷത്തിലധികം കോളുകളാണ് ലഭിച്ചിട്ടുള്ളത്. അടുത്തിടെ പുറത്തിറക്കിയ NMBA ആപ്പ് 2.0 ബോധവൽക്കരണ പ്രവർത്തനങ്ങളുടെ തത്സമയ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ സഹായിക്കുന്നതോടൊപ്പം സംസ്ഥാനങ്ങൾ, ജില്ലകൾ, പങ്കാളിത്ത സംഘടനകൾ എന്നിവയ്ക്കായി പൗരകേന്ദ്രീകൃതമായ നിരവധി സവിശേഷതകൾ അവതരിപ്പിച്ചുകൊണ്ട് ഇതിൻ്റെ പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.
ഈ ശ്രമങ്ങൾക്ക് കൂടുതൽ കരുത്തുപകർന്നുകൊണ്ട് മന്ത്രാലയം നടപ്പിലാക്കുന്ന ലഹരിമുക്ത ഭാരത പ്രതിജ്ഞയും നശാ മുക്തി മിത്ര സംരംഭവും, ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനെതിരായ ഈ ദേശീയ പ്രസ്ഥാനത്തിൽ സജീവമായി പങ്കാളികളാകാൻ എല്ലാ പൗരന്മാരേയും പ്രോത്സാഹിപ്പിക്കുന്നു. ലഹരിമുക്തരായി ജീവിക്കുമെന്നും, ലഹരിവസ്തുക്കളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരണം വ്യാപിപ്പിക്കുമെന്നും, ലഹരിക്ക് അടിമപ്പെട്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തികളെ പിന്തുണയ്ക്കുമെന്നും, ആരോഗ്യകരവും ഉത്തരവാദിത്തമുള്ളതുമായ ജീവിതശൈലി സ്വീകരിക്കാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുമെന്നും പൗരന്മാർ ഈ പ്രതിജ്ഞയിലൂടെ ദൃഢനിശ്ചയം ചെയ്യുന്നു. ഈ പ്രതിജ്ഞയെടുക്കുന്നവർക്ക് നശാ മുക്തി മിത്രമായി രജിസ്റ്റർ ചെയ്യാനും സാധിക്കും. ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്ന സന്നദ്ധപ്രവർത്തകർ രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും ജനങ്ങളെ പങ്കാളികളാക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകും.
ലഹരിമുക്ത ഭാരത പ്രതിജ്ഞയെടുത്തും, നശാ മുക്തി മിത്രമായി രജിസ്റ്റർ ചെയ്തും, ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചും, അതോടൊപ്പം ലഹരിക്ക് അടിമപ്പെട്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തികളെ 14446 എന്ന ലഹരിവിമുക്ത ഹെൽപ്പ് ലൈൻ വഴി കൃത്യസമയത്ത് സഹായം തേടാൻ പ്രോത്സാഹിപ്പിച്ചും ഈ രാജ്യവ്യാപക പ്രസ്ഥാനത്തിൽ സജീവ പങ്കാളികളാകാൻ എല്ലാ പൗരന്മാരോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും യുവജന സംഘടനകളോടും സിവിൽ സൊസൈറ്റി സംഘടനകളോടും സമൂഹ നേതാക്കളോടും മന്ത്രാലയം ആഹ്വാനം ചെയ്യുന്നു. ഗവണ്മെന്റിൻ്റെ എല്ലാ സംവിധാനങ്ങളുടേയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടേയും കൂട്ടായ പങ്കാളിത്തത്തിലൂടെ ഇന്ത്യക്ക് 'ലഹരിമുക്ത ഭാരതം, സമൃദ്ധ ഭാരതം' എന്ന ദർശനം സാക്ഷാത്കരിക്കാൻ സാധിക്കും.
****
(रिलीज़ आईडी: 2285601)
आगंतुक पटल : 7