വാണിജ്യ വ്യവസായ മന്ത്രാലയം
സുഗന്ധവ്യഞ്ജനങ്ങൾക്കായി മൂന്ന് ആഗോള മാനദണ്ഡങ്ങൾ അംഗീകരിച്ചതോടെ കോഡെക്സ് കമ്മീഷനിൽ ഇന്ത്യ മികച്ച നാഴികക്കല്ല് കൈവരിച്ചു
प्रविष्टि तिथि:
16 JUL 2026 7:00PM by PIB Thiruvananthpuram
സ്വിറ്റ്സർലൻഡിലെ ജനീവയിൽ 2026 ജൂലൈ 6 മുതൽ 10 വരെ നടന്ന കോഡെക്സ് അലിമെന്റാരിയസ് കമ്മീഷന്റെ (CAC49) നാൽപ്പത്തിയൊൻപതാമത് സമ്മേളനത്തിൽ വലിയ ഏലം, മല്ലി, വാനില എന്നിവയ്ക്ക് മൂന്ന് കോഡെക്സ് മാനദണ്ഡങ്ങൾ അംഗീകരിച്ചതോടെ അന്താരാഷ്ട്ര ഭക്ഷ്യ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിൽ ഇന്ത്യ ചരിത്രപരമായ നേട്ടം കൈവരിച്ചു. പുതിയ ഭക്ഷ്യോത്പന്നങ്ങളുടെ ഗുണമേന്മ പരിശോധന നടത്തുന്നതിനായി പുതുതായി രൂപീകരിച്ച ഇലക്ട്രോണിക് വർക്കിംഗ് ഗ്രൂപ്പിന്റെ (EWG) സഹ അധ്യക്ഷ സ്ഥാനം വഹിക്കാനുള്ള ഇന്ത്യയുടെ അഭ്യർത്ഥനയും കമ്മീഷൻ അംഗീകരിച്ചു. അന്താരാഷ്ട്ര ഭക്ഷ്യ മാനദണ്ഡങ്ങൾ വികസിപ്പിക്കുന്നതിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന നേതൃത്വപാടവത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യവ്യാപാരത്തിൽ ന്യായമായ രീതികൾ ഉറപ്പാക്കുന്നതിനുമായി ശാസ്ത്രീയമായ ഭക്ഷ്യസുരക്ഷാ-ഗുണനിലവാര മാനദണ്ഡങ്ങൾ വികസിപ്പിക്കുന്നതിന് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനും (FAO) ലോകാരോഗ്യ സംഘടനയും (WHO) സംയുക്തമായി രൂപീകരിച്ച അന്താരാഷ്ട്ര സ്ഥാപനമാണ് കോഡെക്സ് അലിമെന്റാരിയസ് കമ്മീഷൻ (CAC).
അഞ്ച് കോഡെക്സ് ഉത്പന്ന കമ്മിറ്റികളിലൊന്നായ 'കോഡെക്സ് കമ്മിറ്റി ഓൺ സ്പൈസസ് ആൻഡ് കളിനറി ഹെർബ്സ്' (CCSCH) ന് ആതിഥേയത്വം വഹിച്ചുകൊണ്ട് കോഡെക്സ് പ്രവർത്തനങ്ങളിൽ ഇന്ത്യ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. സ്പൈസസ് ബോർഡാണ് ഇതിന്റെ സെക്രട്ടേറിയറ്റ് ആയി പ്രവർത്തിക്കുന്നത്. വലിയ ഏലം, മല്ലി, വാനില എന്നിവയ്ക്കുള്ള മാനദണ്ഡങ്ങൾക്ക് രൂപം നൽകിയത് 2025 ഒക്ടോബറിൽ ഗുവാഹത്തിയിൽ നടന്ന CCSCH-ന്റെ എട്ടാം സമ്മേളനത്തിലാണ്. കമ്മീഷൻ ഇവ അംഗീകരിക്കുന്നതിന് മുൻപ്, ഈ മാനദണ്ഡങ്ങൾ അതത് മേഖലകളിലെ കോഡെക്സ് കമ്മിറ്റി ഓൺ മെത്തേഡ്സ് ഓഫ് അനാലിസിസ് ആൻഡ് സാംപ്ലിംഗ് (CCMAS), കോഡെക്സ് കമ്മിറ്റി ഓൺ ഫുഡ് അഡിറ്റീവ്സ് (CCFA), കോഡെക്സ് കമ്മിറ്റി ഓൺ ഫുഡ് ലേബലിംഗ് (CCFL) എന്നിവയും പരിശോധിച്ച് അംഗീകരിച്ചിരുന്നു.
പുതുതായി അംഗീകരിച്ച മാനദണ്ഡങ്ങൾ ഈ സുഗന്ധവ്യഞ്ജനങ്ങൾക്കായി ഏകീകൃത അന്താരാഷ്ട്ര ഗുണനിലവാര മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നു. ഇത് ആഗോള വിപണികളിലുടനീളം ഗുണനിലവാര ആവശ്യകതകളിൽ സ്ഥിരത ഉറപ്പാക്കിക്കൊണ്ട് സുഗമമായ വ്യാപാരം സാധ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ ഏലത്തിന്റെയും മല്ലിയുടെയും ലോകത്തിലെ പ്രമുഖ ഉത്പാദകരും കയറ്റുമതിക്കാരുമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഈ പുതിയ മാനദണ്ഡങ്ങൾ വിപണി പ്രവേശനം മെച്ചപ്പെടുത്താനും ന്യായമായ വ്യാപാര രീതികൾ പ്രോത്സാഹിപ്പിക്കാനും കയറ്റുമതി മത്സരശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.
വലിയ ഏലത്തിന്റെ കോഡെക്സ് മാനദണ്ഡം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. കാരണം ഈ വിള ഇന്ത്യയിലെ വടക്കു-കിഴക്കൻ ഹിമാലയൻ മേഖലയിൽ മാത്രം കാണപ്പെടുന്ന സവിശേഷമായ ഒന്നാണ്. മല്ലിയുടെ ഉത്പാദനത്തിലും കയറ്റുമതിയിലും ലോകത്തെ മുൻനിര രാജ്യങ്ങളിലൊന്നായതിനാൽ മല്ലിക്കുള്ള കോഡെക്സ് മാനദണ്ഡവും ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. നിലവിൽ ഇന്ത്യ ആവശ്യമുള്ള വാനിലയുടെ ഗണ്യമായൊരു ഭാഗം ഇറക്കുമതി ചെയ്യുകയാണെങ്കിലും, വാനിലയ്ക്കുള്ള കോഡെക്സ് മാനദണ്ഡം അന്താരാഷ്ട്ര വ്യാപാരത്തിൽ സ്ഥിരത നിലനിർത്താനും ഉപഭോക്തൃ വിശ്വാസം വർദ്ധിപ്പിക്കാനും സഹായിക്കുന്ന ഒരു ഗുണനിലവാര ചട്ടക്കൂട് നൽകും.
സമ്മേളനത്തിൽ, പുതിയ ഭക്ഷ്യോത്പന്നങ്ങളുടെ ഗുണനിലവാര പരിശോധനയ്ക്ക് നയപരമായ മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിനായി യൂറോപ്യൻ യൂണിയന്റെ അധ്യക്ഷതയിൽ ഒരു ഇലക്ട്രോണിക് വർക്കിംഗ് ഗ്രൂപ്പ് (EWG) കമ്മീഷൻ രൂപീകരിച്ചു. ഈ ഇ.ഡബ്ല്യു.ജിയുടെ സഹ അധ്യക്ഷ പദവി വഹിക്കാനുള്ള ഇന്ത്യയുടെ അഭ്യർത്ഥന അംഗീകരിക്കപ്പെട്ടു. ഇത് ഇന്ത്യയുടെ സാങ്കേതിക വൈദഗ്ധ്യത്തെയും അന്താരാഷ്ട്ര ഭക്ഷ്യ മാനദണ്ഡങ്ങൾ വികസിപ്പിക്കുന്നതിലെ സജീവമായ പങ്കാളിത്തത്തെയുമാണ് കാണിക്കുന്നത്.
ശാസ്ത്രീയ അടിത്തറയുള്ള അന്താരാഷ്ട്ര ഭക്ഷ്യ മാനദണ്ഡങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, ന്യായമായ വ്യാപാരം ഉറപ്പാക്കുന്നതിനും, ഉപഭോക്തൃ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഒപ്പം ഇന്ത്യൻ കാർഷിക-ഭക്ഷ്യ ഉത്പന്നങ്ങളുടെ ആഗോള മത്സരശേഷി വർദ്ധിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെ ഈ മുന്നേറ്റം സാക്ഷ്യപ്പെടുത്തുന്നു.
***
(रिलीज़ आईडी: 2285588)
आगंतुक पटल : 3