വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

വ്യാപാര-നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്താന്‍ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയലിന്റെ നേതൃത്വത്തില്‍ ഉന്നതതല പ്രതിനിധി സംഘം ഫിൻലൻഡില്‍

प्रविष्टि तिथि: 16 JUL 2026 6:59PM by PIB Thiruvananthpuram

ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, വ്യാവസായിക സഹകരണം എന്നിവ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയലിന്റെ നേതൃത്വത്തിൽ പ്രമുഖ വ്യവസായ പ്രമുഖരും ഗവണ്മെന്റ് ഉദ്യോഗസ്ഥരുമടങ്ങുന്ന ഉന്നതതല ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ഔദ്യോഗിക ഫിൻലൻഡ് സന്ദർശനത്തിന് തുടക്കം കുറിച്ചു. സന്ദർശന വേളയിൽ സ്ഥാപനപരമായ രണ്ട് ധാരണാപത്രങ്ങളിൽ ഒപ്പുവെക്കുകയും മന്ത്രിതല ചർച്ചകൾ സംഘടിപ്പിക്കുകയും ഇന്ത്യയിലെയും ഫിന്‍ലന്‍ഡിലെയും പ്രധാന മേഖലകളിലെ വ്യവസായ പ്രതിനിധികൾ തമ്മിൽ വിപുലമായ കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്തു.

 

2026 മാർച്ചിൽ ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ് ഇന്ത്യ സന്ദർശിച്ച വേളയിൽ ഡിജിറ്റല്‍വല്‍ക്കരണം, സുസ്ഥിരത എന്നീ മേഖലകളിലെ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ഉയർത്തിയതിന്റെയും 2026 ജനുവരി 27-ന് ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെച്ചതിന്റെയും പശ്ചാത്തലത്തിലാണ് സന്ദർശനം.

 

സന്ദർശനത്തിന്റെ ആദ്യദിനം ഫിൻലൻഡ് സാമ്പത്തികകാര്യ മന്ത്രി ഡോ. സകാരി പ്യൂസ്റ്റോയുമായി ശ്രീ പീയൂഷ് ഗോയൽ ഉഭയകക്ഷി ചർച്ചകൾ നടത്തി. സാമ്പത്തിക വിപണി, നൂതനാശയങ്ങള്‍, സംരംഭക ധനസഹായം എന്നിവയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിലും ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വിപുലീകരിക്കുന്നതിലുമാണ് ചർച്ചകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.

 

ഹെൽസിങ്കിയിലെ ഹൗസ് ഓഫ് ദി എസ്റ്റേറ്റ്സിൽ സംഘടിപ്പിച്ച ഇന്ത്യ-ഫിൻലൻഡ് ബിസിനസ് ഫോറത്തെയും ശ്രീ പീയൂഷ് ഗോയൽ അഭിസംബോധന ചെയ്തു. ഫോറത്തിൽ ഡോ. സകാരി പ്യൂസ്റ്റോയും ശ്രീ പീയൂഷ് ഗോയലും മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി വ്യാപാര നയ സമിതി ചെയർമാൻ ശ്രീ നാരായണൻ സേതുരാമൻ, ബിസിനസ് ഫിൻലൻഡ് ഡയറക്ടർ ജനറൽ ശ്രീ ലാസ്സി നോപോണൻ എന്നിവർ സംസാരിച്ചു.

 

ബിസിനസ് ഫോറത്തിന്റെ ഭാഗമായി ബിസിനസ് ഫിൻലൻഡുമായും കോൺഫെഡറേഷൻ ഓഫ് ഫിന്നിഷ് ഇൻഡസ്ട്രീസുമായും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി രണ്ട് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. ഇരുരാജ്യങ്ങളും തമ്മിലെ വ്യാവസായിക സഹകരണം പ്രോത്സാഹിപ്പിക്കാനും വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ സുഗമമാക്കാനും സ്ഥാപനപരമായ പുതിയ സംവിധാനങ്ങളൊരുക്കുന്നതാണ് ധാരണാപത്രങ്ങള്‍.  

 

അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകൾ, ബഹിരാകാശം, സംശുദ്ധ ഊർജം, ജൈവ സമ്പദ്‍വ്യവസ്ഥ, ചാക്രിക സമ്പദ്‍വ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങൾ, അത്യാധുനിക ഉല്പാദനം തുടങ്ങിയ മേഖലകളെ അടിസ്ഥാനമാക്കി വിവിധ ചർച്ചകളിൽ പങ്കെടുത്ത ഇന്ത്യയിലെയും ഫിന്‍ലന്‍ഡിലെയും കമ്പനികൾ സഹകരണത്തിനും നിക്ഷേപത്തിനും സാങ്കേതിക പങ്കാളിത്തത്തിനും അവസരങ്ങൾ തേടി.  

 

2030-ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാന്‍ ഇന്ത്യയും ഫിൻലൻഡും മുന്നോട്ടുവെയ്ക്കുന്ന പങ്കാളിത്ത ലക്ഷ്യം ശ്രീ പീയൂഷ് ഗോയൽ അഭിസംബോധനയില്‍ വ്യക്തമാക്കി. വ്യാപാരം, നിക്ഷേപം, ഉല്പാദനം, നൂതനാശയ പങ്കാളിത്തം എന്നിവ വിപുലീകരിക്കാന്‍ ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാർ സൃഷ്ടിക്കുന്ന അവസരങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.  

 

ഇരുരാജ്യങ്ങളിലെയും വ്യവസായ പ്രമുഖർക്കും നയരൂപകർത്താക്കൾക്കും മറ്റ് പങ്കാളികൾക്കും സ്ഥാപനപരവും വാണിജ്യപരവുമായ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താന്‍ അവസരമൊരുക്കി ഹെൽസിങ്കിയിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച സൗഹൃദ വിരുന്നോടെയാണ് ആദ്യദിവസത്തെ കൂടിക്കാഴ്ചകൾ സമാപിച്ചത്.  

 

ഇന്ത്യ-ഫിൻലൻഡ് സാമ്പത്തിക ബന്ധങ്ങളുടെ വളർച്ച അടയാളപ്പെടുത്തുന്നതായിരുന്നു സന്ദർശനത്തിന്റെ ഭാഗമായി ആദ്യ ദിവസം നടത്തിയ കൂടിക്കാഴ്ചകൾ. ഒപ്പം പ്രതിരോധശേഷിയാര്‍ന്നതും നൂതനാശയങ്ങളിലൂന്നിയതും ഭാവിസജ്ജവുമായ കരുത്തുറ്റ പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഇരുരാജ്യങ്ങളും പുലര്‍ത്തുന്ന പ്രതിബദ്ധത സന്ദര്‍ശനത്തിലുടനീളം പ്രതിഫലിച്ചു.  

 

****


(रिलीज़ आईडी: 2285528) आगंतुक पटल : 3
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Gujarati , Tamil