വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാറും സാമൂഹിക സുരക്ഷ സംബന്ധിച്ച കരാറും പ്രാബല്യത്തിൽ

प्रविष्टि तिथि: 15 JUL 2026 7:54PM by PIB Thiruvananthpuram
ഇന്ത്യ-യുണൈറ്റഡ് കിംഗ്ഡം സമഗ്ര സാമ്പത്തിക, വ്യാപാര കരാറും (CETA),  ഡബിൾ കോൺട്രിബ്യുഷൻ കൺവെൻഷൻ (DCC) എന്നറിയപ്പെടുന്ന സാമൂഹിക സുരക്ഷ സംബന്ധിച്ച കരാറും ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിലെ സുപ്രധാന നാഴികക്കല്ലായി കരാർ മാറും.

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാറിന്റെ (CETA) ഔപചാരിക ഉദ്ഘാടന പരിപാടി ന്യൂഡൽഹിയിലെ വാണിജ്യ ഭവനിൽ നടന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ലിൻഡി കാമറൂൺ, വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ, വിദേശ വ്യാപാര ഡയറക്ടർ ജനറൽ എന്നിവരെ കൂടാതെ വ്യവസായ കയറ്റുമതി പ്രോത്സാഹന കൗൺസിലുകൾ, വ്യാവസായിക അസോസിയേഷനുകൾ, വിവിധ കയറ്റുമതി സ്ഥാപങ്ങൾ അടക്കമുള്ളവയുടെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.  

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാറും (CETA) സാമൂഹിക സുരക്ഷാ കരാറും പ്രാബല്യത്തിൽ വരുന്നത് ഇന്ത്യ-യുകെ ബന്ധത്തിൽ നിർണായക നാഴികക്കല്ലായി മാറുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ഒരു എക്‌സ് പോസ്റ്റിൽ പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് കരാറുകൾ പ്രാബല്യത്തിൽ വന്നത്. തത്ഫലമായി, യുകെയിലേക്ക് കയറ്റുമതി ചെയ്യുന്ന വ്യാപാര മൂല്യത്തിന്റെ ഏകദേശം 100 ശതമാനം ഉൾക്കൊള്ളുന്ന 99% ഇന്ത്യൻ ഉത്പന്നങ്ങൾക്കും ഇറക്കുമതി തീരുവകളില്ലാതെ (താരിഫ്) വിപണി പ്രവേശനം ലഭിക്കും. .

തുണിത്തരങ്ങൾ, തുകൽ, രത്നങ്ങൾ, ആഭരണങ്ങൾ, എഞ്ചിനീയറിംഗ് ഉത്പന്നങ്ങൾ, സമുദ്രോത്പന്നങ്ങൾ, രാസവസ്തുക്കൾ, സംസ്കരിച്ച ഭക്ഷ്യസാധനങ്ങൾ എന്നിവയുൾപ്പെടെയുള്ള മേഖലകൾക്ക് കരാർ അഭൂതപൂർവമായ അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ, കർഷകർ, ഉത്പാദകർ അടക്കമുള്ളവർക്ക് പ്രയോജനം ലഭിക്കുമെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും വൈദഗ്ധ്യമുള്ള ഇന്ത്യൻ പ്രൊഫഷണലുകൾക്ക് യുകെയിൽ ജോലി ചെയ്യാനും സേവനങ്ങൾ നൽകാനും അവസരമൊരുക്കുന്നതിലൂടെയും ഇന്ത്യയുടെ ഐടി, പ്രൊഫഷണൽ, സാമ്പത്തിക, വിദ്യാഭ്യാസ, ബിസിനസ് സേവന മേഖലകൾക്ക് വൻതോതിലുള്ള മുന്നേറ്റമുണ്ടാക്കാൻ  കരാർ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

യുകെയിൽ താത്ക്കാലികമായി ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഇന്ത്യയിലും യുകെയിലും അഞ്ച് വർഷം വരെ സാമൂഹിക സുരക്ഷാ സംഭാവനകൾ നൽകേണ്ടതില്ലെന്ന് ഉറപ്പാക്കുന്നതിലൂടെ, സാമൂഹിക സുരക്ഷാ കരാർ ഇന്ത്യ-യുകെ പങ്കാളിത്തത്തെ കൂടുതൽ ദൃഢമാക്കുന്നതായി ശ്രീ പിയൂഷ് ഗോയൽ പറഞ്ഞു. ഇത് സാമ്പത്തിക ഭാരം കുറയ്ക്കുകയും ഇന്ത്യയുടെ തൊഴിൽ ശക്തിയുടെ ആഗോള മത്സരശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. പരിവർത്തനാത്മകമായ കരാർ യാഥാർത്ഥ്യമാക്കുന്നതിനായി കഠിനാധ്വാനം ചെയ്ത യുകെ സഹമന്ത്രിക്കും ഇരു രാജ്യങ്ങളിലെയും പ്രതിനിധി സംഘങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.  നൂതനാശയങ്ങൾ, നിക്ഷേപം, സാമ്പത്തിക വളർച്ച, ഇരു രാജ്യങ്ങളുടെയും സമൃദ്ധി എന്നിവയെ അടിസ്ഥാനമാക്കി ശക്തമായ ഒരു പങ്കാളിത്തം കെട്ടിപ്പടുക്കാൻ ഇന്ത്യയും യുകെയും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ (CETA) പ്രാബല്യത്തിൽ വരുന്നത് ഒരു പ്രധാന നാഴികക്കല്ലാണെന്ന് ചടങ്ങിൽ സംസാരിച്ച വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു. വാണിജ്യ വകുപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നായി കരാറിനെ അദ്ദേഹം വിശേഷിപ്പിച്ചു. യുകെയുമായി ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനത്തെ കരാർ നിർലോഭം പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വ്യാപാര ചർച്ചകൾ വിജയകരമായി പൂർത്തീകരിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തെ അദ്ദേഹം പ്രശംസിച്ചു.

വ്യാപാര ചർച്ചകൾ സങ്കീർണ്ണവും വിപുലവും  വെല്ലുവിളി നിറഞ്ഞതുമായിരുന്നെന്ന് വാണിജ്യ സെക്രട്ടറി വിശദീകരിച്ചു. കരാർ അന്തിമമാക്കുന്നതിന് മുമ്പ്, ഇന്ത്യയിലെയും യുകെയിലെയും ഉദ്യോഗസ്ഥർ 14 ഔദ്യോഗിക ചർച്ചകളിലായി 800-ലധികം സാങ്കേതിക യോഗങ്ങൾ ചേർന്നതായി അദ്ദേഹം പറഞ്ഞു. കരാർ വിജയകരമായി പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് ഇരുരാജ്യങ്ങളിലെയും പ്രതിനിധി സംഘങ്ങൾ  നിരവധി വർഷങ്ങളായി നടത്തിവന്ന നിരന്തര പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

രണ്ട് സുപ്രധാന, പരസ്പരപൂരക സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ളതാണ് ഈ കരാർ എന്ന് ശ്രീ രാജേഷ് അഗർവാൾ പറഞ്ഞു.  വ്യാപ്തിയിലും വിശദാംശങ്ങളിലും ഇത് ഇന്ത്യയുടെ മുൻ സ്വതന്ത്ര വ്യാപാര കരാറുകളേക്കാൾ സമഗ്രമാണ്. ചരക്ക് വ്യാപാരത്തിൽ ഗണ്യമായ വിപണി പ്രവേശന അവസരങ്ങൾ സൃഷ്ടിക്കുന്ന കരാർ , സേവന വ്യാപാരത്തിലും ഗണ്യമായ നേട്ടങ്ങൾ പ്രദാനം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ ജിഡിപിയുടെ 50%-ത്തിലധികവും യുകെയുടെ ജിഡിപിയുടെ 70%-ത്തിലധികവും സംഭാവന ചെയ്യുന്നത് സേവന മേഖലയായതിനാൽ, കരാറിലെ വ്യക്തമായ പ്രതിബദ്ധതകളും സ്ഥിരതയാർന്ന  വ്യവസ്ഥകളും വരും വർഷങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിന്റെ ഗതിവേഗം കൂട്ടുമെന്ന്  അദ്ദേഹം പറഞ്ഞു.

കരാർ കൃത്യമായി നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ശ്രീ അഗർവാൾ, തൊഴിലവസരങ്ങൾ, ഉപജീവനമാർഗ്ഗങ്ങൾ, സാമ്പത്തിക അവസരങ്ങൾ എന്നിവ സൃഷ്ടിക്കുന്നതിലൂടെ ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെ അടിസ്ഥാനമാക്കിയായിരിക്കും കരാറിന്റെ യഥാർത്ഥ വിജയം അളക്കുകയെന്ന് വ്യക്തമാക്കി. കരാർ നൽകുന്ന അവസരങ്ങൾ പൂർണ്ണമായി പ്രയോജനപ്പെടുത്താനും അവയെ പ്രായോഗികതലത്തിൽ ബിസിനസ്സ് അവസരങ്ങളാക്കി മാറ്റാനും അദ്ദേഹം ബിസിനസുകളെയും കയറ്റുമതിക്കാരോടും വ്യവസായ ഗ്രൂപ്പുകളോടും ആഹ്വാനം ചെയ്തു. വിവിധ മേഖലകളിലും പ്രദേശങ്ങളിലും ഉത്പന്നങ്ങൾക്കും കരാറിന്റെ നേട്ടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി വാണിജ്യ വകുപ്പ് ഇന്ത്യയിലുടനീളമുള്ള കയറ്റുമതി പ്രമോഷൻ കൗൺസിലുകളുമായും വ്യവസായ ക്ലസ്റ്ററുകളുമായും സഹകരിച്ച് പ്രവർത്തിക്കുമെന്നും, അതിലൂടെ കൂടുതൽ ബിസിനസ് സ്ഥാപനങ്ങൾക്ക് ഇത് പ്രയോജനപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ഒരു മാസം മുമ്പ് ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ഇരു രാജ്യങ്ങളിലെയും നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിൽ 2026 ജൂലൈ 15-ന് കരാർ പ്രാബല്യത്തിൽ കൊണ്ടുവരാൻ ഇന്ത്യയിലെയും യുകെയിലെയും നേതാക്കൾ തീരുമാനിച്ചതായി വാണിജ്യ സെക്രട്ടറി പറഞ്ഞു. തീർപ്പുകൽപ്പിക്കാത്ത എല്ലാ പ്രശ്നങ്ങളും നിശ്ചിത സമയപരിധിക്കുള്ളിൽ  പരിഹരിക്കാൻ കഴിഞ്ഞതായും ഇരു രാജ്യങ്ങളും ആവശ്യമായ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഔദ്യോഗികമായി പരസ്പരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും മറ്റ് ബിസിനസുകൾക്കും കരാർ പ്രാബല്യത്തിൽ വന്ന ആദ്യ ദിനം മുതൽ തന്നെ അതിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി, ഉത്ഭവ നിയമ സർട്ടിഫിക്കേഷൻ, കസ്റ്റംസ് തയ്യാറെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളും ആവശ്യമായ വ്യാപാര സൗകര്യ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ (CETA)  നടപ്പിലാക്കിയ ആദ്യ ദിനം തന്നെ ഇന്ത്യയിൽ നിന്ന് യുകെയിലേക്ക് 140 മില്യൺ യുഎസ് ഡോളറിലധികം മൂല്യമുള്ള സാധനങ്ങൾ കയറ്റുമതി ചെയ്തതായും കരാർ തുടർച്ചയായി പ്രയോജനപ്പെടുത്തുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വർദ്ധിപ്പിക്കുമെന്നും ഭാവിയിലെ വ്യാപാര  സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇന്ത്യ–യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ (CETA) പ്രാബല്യത്തിൽ വന്നതിന്റെ ആഘോഷസൂചകമായി, കരാറിന്റെ മുൻഗണനാ താരിഫ് ആനുകൂല്യങ്ങൾ പ്രകാരമുള്ള ആദ്യ കയറ്റുമതിയുടെ ഔപചാരിക  ഫ്ലാഗ് ഓഫ് വേളയിൽ ഇന്ത്യയിലുടനീളം പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. ആദ്യ ദിവസം, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോകൾ (ICDs), പ്രത്യേക സാമ്പത്തിക മേഖലകൾ (SEZs), രാജ്യത്തുടനീളമുള്ള ഫാക്ടറികൾ എന്നിവയുൾപ്പെടെ 20-ലധികം കേന്ദ്രങ്ങളിൽ നിന്ന് 140 മില്യൺ യുഎസ് ഡോളറിൽ കൂടുതൽ മൂല്യമുള്ള 50 ലധികം ഉത്പന്നങ്ങൾ കയറ്റി അയച്ചു. ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, ഔഷധങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ വിവിധ ചരക്കുകൾ ഈ കയറ്റുമതികളിൽ ഉൾപ്പെടുന്നു. മുന്ദ്ര, നവ ഷെവ, ചെന്നൈ തുറമുഖങ്ങളിലൂടെയും മുംബൈ, കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലെ എയർ കാർഗോ കേന്ദ്രങ്ങളിലൂടെയുമായിരുന്നു കയറ്റുമതി.

യുകെയും ഇന്ത്യയും തമ്മിലുള്ള ശക്തവും വളർന്നുവരുന്നതുമായ ഉഭയകക്ഷി ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന ഒരു ചരിത്ര നേട്ടമായാണ് കരാർ പ്രാബല്യത്തിൽ വന്നതെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ശ്രീമതി ലിൻഡി കാമറൂൺ പറഞ്ഞു.

ഉഭയകക്ഷി ബന്ധങ്ങളിലെ ദൃഢത ചൂണ്ടിക്കാണിച്ചുകൊണ്ട്, 2025-ൽ തന്നെ ഇന്ത്യ യുണൈറ്റഡ് കിംഗ്ഡത്തിന്റെ പതിനൊന്നാമത്തെ വലിയ വ്യാപാര പങ്കാളിയായി മാറിയിട്ടുണ്ടെന്നും, പ്രതിവർഷം £48 ബില്യൺ മൂല്യമുള്ള ഉഭയകക്ഷി വ്യാപാരം നടന്നു വരുന്നതായും അവർ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ പങ്കാളിത്തം 700,000-ത്തിലധികം തൊഴിലവസരങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും അവർ നിരീക്ഷിച്ചു.

ഇന്ത്യയിലും യുകെയിലുമുള്ള ബിസിനസുകൾക്ക് വ്യാപാരം, നിക്ഷേപം, നൂതനാശയങ്ങൾ, വളർച്ച എന്നിവ വർദ്ധിപ്പിക്കാൻ കരാർ സഹായിക്കുമെന്ന് ശ്രീമതി കാമറൂൺ പറഞ്ഞു. ഇരു രാജ്യങ്ങൾക്കുമിടയിൽ ശക്തവും, അഭിലാഷപൂർണ്ണവും, ഭാവിസജ്ജവുമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്ന് അവർ വിശേഷിപ്പിച്ചു.

ദീർഘകാല സാമ്പത്തിക ഗുണഫലങ്ങളെക്കുറിച്ച് പരാമർശിക്കവേ, കരാറിലൂടെ ഉഭയകക്ഷി വ്യാപാരം പ്രതിവർഷം 25 ബില്യൺ പൗണ്ടിലധികം വർദ്ധിക്കുമെന്നും യുകെ ജിഡിപിയിലേക്കും ഇന്ത്യൻ ജിഡിപിയിലേക്കും പ്രതിവർഷം ഏകദേശം 5 ബില്യൺ പൗണ്ടിന്റെ സംഭാവന നൽകുമെന്നും അവർ വ്യക്തമാക്കി. കരാർ ഇരു രാജ്യങ്ങളിലെയും ബിസിനസുകളെ സംബന്ധിച്ചിടത്തോളം വ്യാപാരം ലളിതവും വേഗതയേറിയതും ചെലവ് കുറഞ്ഞതുമാക്കുമെന്ന് അവർ പറഞ്ഞു.
 
ഇറക്കുമതി തീരുവയില്ലാതെ മിക്കവാറും എല്ലാ ഉത്പന്നങ്ങളും യുകെയിലേക്ക് കയറ്റുമതി ചെയ്യാൻ ഇന്ത്യൻ ബിസിനസുകളെ അനുവദിക്കുന്ന ഈ കരാർ, ഇന്ത്യയിലേക്കുള്ള കയറ്റുമതിയുടെ തീരുവ കുറയ്ക്കുന്നതിലൂടെയും നീക്കം ചെയ്യുന്നതിലൂടെയും യുകെ ബിസിനസുകൾക്കും പ്രയോജനം നൽകുന്നതായി അവർ പറഞ്ഞു. ഇന്ത്യൻ ബിസിനസുകൾക്ക്  ഏകദേശം 99 ശതമാനം ഉത്പന്നങ്ങൾക്കും തീരുവ രഹിത പ്രവേശനം ഈ കരാർ ഉറപ്പാക്കും. വ്യത്യസ്ത ഉൽപ്പത്പന്ന വിഭാഗങ്ങളുടെ 90 ശതമാനത്തിനും ഇന്ത്യയിലേക്കുള്ള യുകെയുടെ നിലവിലെ കയറ്റുമതിയുടെ 92 ശതമാനത്തിനും കുറഞ്ഞ താരിഫുകൾ പ്രയോജനപ്പെടും.

ചരക്ക് വ്യാപാരത്തിൽ മാത്രം ഒതുങ്ങുന്നതല്ല കരാർ എന്നും കസ്റ്റംസ് നടപടിക്രമങ്ങൾ, ഡിജിറ്റൽ വ്യാപാരം, സാമ്പത്തിക സേവനങ്ങൾ, വാർത്താവിനിമയം, ബൗദ്ധിക സ്വത്തവകാശം, പ്രൊഫഷണൽ സേവനങ്ങൾ, സുതാര്യത, നിയന്ത്രണങ്ങൾ തുടങ്ങിയ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുമെന്നും ഹൈക്കമ്മീഷണർ വിശദീകരിച്ചു. നൂതന ഉത്പാദനം, ഭക്ഷ്യ പാനീയങ്ങൾ, ആരോഗ്യ സംരക്ഷണം, ജീവശാസ്ത്രം, ഊർജ്ജം, ഉപഭോക്തൃ ഉത്പന്നങ്ങൾ, തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, എഞ്ചിനീയറിംഗ് ഉത്പന്നങ്ങൾ, സമുദ്രവിഭവങ്ങൾ, രാസവസ്തുക്കൾ എന്നിവയുൾപ്പെടെ നിരവധി മേഖലകളിലെ വ്യവസായങ്ങൾക്ക് കരാർ പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് അവർ പറഞ്ഞു.

ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും ഉപഭോക്താക്കൾക്കുമുള്ള നേട്ടങ്ങൾ അവർ വിശദീകരിച്ചു, ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാനുള്ള കൂടുതൽ അവസരങ്ങൾ, ശക്തമായ മത്സരം, മികച്ച മൂല്യം എന്നിവ വാഗ്ദാനം ചെയ്യുന്നതിലൂടെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കാൻ കരാർ സഹായിക്കുമെന്ന് പറഞ്ഞു.

ചർച്ചകളുടെയും ഒപ്പുവെക്കലിന്റെയും ഘട്ടങ്ങളിൽ നിന്ന് നിർവ്വഹണ ഘട്ടത്തിലേക്ക് കരാർ പുരോഗമിച്ചിട്ടുണ്ടെന്ന് ശ്രീമതി കാമറൂൺ വിശദീകരിച്ചു.പുതിയ ചട്ടക്കൂടിന് കീഴിൽ ഇന്ത്യയ്ക്കും യുകെയ്ക്കും ഇടയിൽ ചരക്ക് നീക്കം തുടങ്ങിയിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളിലെയും ബിസിനസുകൾ, തൊഴിലാളികൾ, ഉപഭോക്താക്കൾ എന്നിവർക്ക് പരമാവധി ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശരിയായ നിർവ്വഹണം അനിവാര്യമാണെന്നും അവർ പറഞ്ഞു.

 ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ (CETA) പ്രാബല്യത്തിൽ വന്നതോടെ, കരാറിന് കീഴിലുള്ള ആദ്യത്തെ ഒറിജിൻ സർട്ടിഫിക്കറ്റുകൾ കയറ്റുമതിക്കാർക്ക് ലഭിച്ചു. സ്വയം സർട്ടിഫിക്കേഷൻ അടിസ്ഥാനത്തിൽ eCoO 2.0 പ്ലാറ്റ്‌ഫോം മുഖേനയാണ്  ഈ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലായി നൽകിയത്, കയറ്റുമതി പ്രക്രിയ കൂടുതൽ സുഗമമാക്കാൻ ഇത് സഹായകമാകും. ആദ്യ ദിനം മുതൽ തന്നെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ ഒറിജിൻ സർട്ടിഫിക്കറ്റുകൾ നൽകുന്നത് കടലാസ് രേഖകൾ, അനുവർത്തന  ബുദ്ധിമുട്ടുകൾ, ചെലവുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു,  സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSMEs) ഇത് വിശിഷ്യാ പ്രയോജനം ചെയ്യും.

വ്യവസായ സംഘടനകളുടെയും കയറ്റുമതി പ്രമോഷൻ കൗൺസിലുകളുടെയും കയറ്റുമതിക്കാരുടെയും പ്രതിനിധികൾ കരാർ പ്രാബല്യത്തിൽ വന്നതിനെ സ്വാഗതം ചെയ്തു. നികുതി രഹിത പ്രവേശനവും  ലളിതമായ സർട്ടിഫിക്കേഷൻ നടപടിക്രമങ്ങളും ബിസിനസ് സൗഹൃദ ഉത്ഭവ നിയമങ്ങളും യുകെ വിപണിയിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ മത്സരശേഷി ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.

ലോകത്തിലെ ഏറ്റവും വികസിത വിപണികളിലൊന്നിലേക്ക് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് സുഗമമായ പ്രവേശനം ഉറപ്പാക്കുന്നതിലൂടെ,  വികസിത ഇന്ത്യ (വികസിത ഭാരതം) കെട്ടിപ്പടുക്കുക എന്ന ദർശനത്തിന് കരാർ അർത്ഥവത്തായ സംഭാവന നൽകുമെന്ന് വ്യവസായ പ്രതിനിധികൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ബിസിനസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ കയറ്റുമതിക്കാരെ തുല്യനിലയിൽ മത്സരിക്കാൻ  കരാർ സഹായിക്കുമെന്നും ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുമെന്നും അവർ അഭിപ്രായപ്പെട്ടു.

തൊഴിൽ പ്രാധാന്യമുള്ള മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, വനിതാ സംരംഭകർ, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (MSMEs), യുവാക്കൾ, വിദ്യാർത്ഥികൾ എന്നിവർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും തദ്വാരാ ഗുണമേന്മയുള്ള തൊഴിൽശക്തിയെ വാർത്തെടുക്കാനും എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയെ പിന്തുണയ്ക്കാനും കരാർ സഹായിക്കുമെന്ന് വ്യവസായ പ്രമുഖർ എടുത്തുപറഞ്ഞു.

മുംബൈയിൽ, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തിൽ ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാറിന്റെ (CETA) ഔപചാരിക ഉദ്ഘാടനം മഹാരാഷ്ട്ര സർക്കാർ സംഘടിപ്പിച്ചു. പുതിയ കരാറിന് കീഴിലുള്ള വ്യാപാരത്തിന്റെ തുടക്കം കുറിക്കുന്നതിന്, ട്രോളികളിൽ സ്ഥാപിച്ചിരുന്ന പ്രത്യേകം തയ്യാറാക്കിയ ഉത്പന്നങ്ങളുടെ പെട്ടികൾ അവർ കൈമാറി. ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും തമ്മിൽ വ്യാപാരം ചെയ്യുന്ന വസ്തുക്കളുടെ തരങ്ങളെ പ്രതിനിധീകരിക്കുന്ന ഉത്പന്നങ്ങളാണ്  പെട്ടികളിൽ അടങ്ങിയിരുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാമ്പത്തിക, വ്യാപാര പങ്കാളിത്തം വിളിച്ചോതുന്നതായിരുന്നു  ഉദ്ഘാടന  ചടങ്ങ്.
 
*****

(रिलीज़ आईडी: 2285221) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Tamil , Telugu