ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ദി വോയ്‌സ് ഓഫ് ജസ്റ്റിസ്: ജസ്റ്റിസ് ഗവായ് സ്പീക്‌സ്” എന്ന പുസ്തകം ഉപരാഷ്ട്രപതി ശ്രീ. സി. പി. രാധാകൃഷ്ണൻ പ്രകാശനം ചെയ്തു

प्रविष्टि तिथि: 14 JUL 2026 6:43PM by PIB Thiruvananthpuram

“ദി വോയ്‌സ് ഓഫ് ജസ്റ്റിസ്: ജസ്റ്റിസ് ഗവായ് സ്പീക്‌സ്” എന്ന പുസ്തകം ഉപരാഷ്ട്രപതി ശ്രീ. സി. പി. രാധാകൃഷ്ണൻ ഇന്ന് ഉപരാഷ്ട്രപതി ഭവനിൽ പ്രകാശനം ചെയ്തു. പ്രൊഫ. (ഡോ.) എസ്. ശിവകുമാർ എഡിറ്റ് ചെയ്ത ഈ പുസ്തകം കോമൺവെൽത്ത് ലീഗൽ എജ്യുക്കേഷൻ അസോസിയേഷനുമായി ചേർന്ന് തോംസൺ റോയിട്ടേഴ്‌സാണ് പ്രസിദ്ധീകരിച്ചത്. മുൻ ഇന്ത്യൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ പ്രസംഗങ്ങളും പ്രഭാഷണങ്ങളും ചിന്തകളും ക്രോഡീകരിച്ചതാണ് പുസ്തകം.

അനുഭവസമ്പത്തിലൂടെയും ഭരണഘടനാപരമായ അച്ചടക്കത്തിലൂടെയും സാമൂഹ്യ ഉത്തരവാദിത്തത്തിലൂടെയും  രൂപപ്പെട്ട നീതിന്യായ ചിന്തകളെ പ്രതിഫലിപ്പിക്കുന്ന സുപ്രധാന ഭരണഘടനാ രേഖയെന്നാണ് ചടങ്ങിൽ ഉപരാഷ്ട്രപതി പുസ്തകത്തെ  വിശേഷിപ്പിച്ചത്. ഭരണഘടനാ തത്വങ്ങൾ, നിയമവാഴ്ച, സാമൂഹ്യനീതി, ജനാധിപത്യ ഭരണം എന്നിവയെക്കുറിച്ച് വിലയേറിയ ഉൾക്കാഴ്ചകൾ  നൽകുന്ന പുസ്തകം  രാജ്യത്തെ ഭരണഘടനാപരമായ ചർച്ചകളെയും നിയമപഠനങ്ങളെയും ശക്തിപ്പെടുത്തുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.

 

കഴിഞ്ഞ 75 വർഷമായി തുടർച്ചയും മാറ്റവും തമ്മിലും അധികാരവും ഉത്തരവാദിത്തവും തമ്മിലും അവകാശങ്ങളും കടമകളും തമ്മിലും സന്തുലിതാവസ്ഥ നിലനിർത്തുന്ന സജീവവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ രേഖയായി ഇന്ത്യൻ ഭരണഘടനയെ  പുസ്തകം കൃത്യമായി അവതരിപ്പിക്കുന്നുണ്ടെന്ന് ഭരണഘടന സംബന്ധിച്ച പുസ്തകത്തിലെ ചിന്തകളെ പരാമർശിച്ച  ശ്രീ. സി. പി. രാധാകൃഷ്ണൻ പറഞ്ഞു. ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെൻ്റിൻ്റെ അധികാരം മാറിക്കൊണ്ടിരിക്കുന്ന കാലത്തിൻ്റെ ആവശ്യങ്ങൾ നിറവേറ്റാൻ രാജ്യത്തെ പ്രാപ്തമാക്കുമ്പോഴും  ജനാധിപത്യ സുസ്ഥിരതയുടെയും ദേശീയ ഐക്യത്തിൻ്റെയും അടിത്തറയായി ഭരണഘടന നിലകൊള്ളുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചു.

 

ഭരണഘടനാപരമായ ഭരണം നിലനിർത്തുന്നതിലും നിയമവാഴ്ചയിലെ പൗരന്മാരുടെ വിശ്വാസം സംരക്ഷിക്കുന്നതിലും നീതിന്യായ വ്യവസ്ഥയ്ക്ക് സുപ്രധാന സ്ഥാനമുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.  ഭരണഘടനാധിഷ്ഠിത ജനാധിപത്യത്തിൽ അധികാരത്തോളം തന്നെ നിയന്ത്രണവും പ്രധാനമാണെന്നും കരുത്തുറ്റ സ്ഥാപനങ്ങളും നീതിയും നിലനിൽക്കുന്നത് സ്ഥാപനപരമായ സമഗ്രത, ഭരണഘടനാപരമായ അച്ചടക്കം, പൊതുവിശ്വാസം, ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധത എന്നിവയിലൂടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

ഭരണഘടനാപരമായ ഭരണം സാധാരണ പൗരന്മാരുടെ ആഗ്രഹങ്ങളോടും മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യ യാഥാർത്ഥ്യങ്ങളോടും പ്രതികരിക്കുന്നതാകണമെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.  പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ശാക്തീകരിക്കേണ്ടത് ഓരോ വ്യക്തിയുടെയും അന്തസ്സും അവസരവും പ്രതീക്ഷയും ഉറപ്പാക്കാൻ അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  നീതിന്യായ വ്യവസ്ഥയ്ക്ക് ജസ്റ്റിസ് ബി.ആർ. ഗവായ് നൽകിയ സംഭാവനകളെ പ്രശംസിച്ച ഉപരാഷ്ട്രപതി നീതിന്യായ മേഖലയിലെ അദ്ദേഹത്തിൻ്റെ യാത്ര ഭരണഘടനാ മൂല്യങ്ങളോടും സ്ഥാപനപരമായ സന്തുലിതാവസ്ഥയോടും നീതി ലഭ്യമാക്കുന്നതിനോടും പുലര്‍ത്തിയ അചഞ്ചലമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു.  

 

നീതി എല്ലാവർക്കും പ്രാപ്യമാകുന്നതിന്  സമൂഹത്തിലെ അതിദരിദ്രര്‍ക്കുവേണ്ടി കൃത്യമായ ഇടവേളകളിൽ സൗജന്യ നിയമസഹായം നൽകാൻ മുന്നോട്ട് വരണമെന്ന് അഭിസംബോധന അവസാനിപ്പിക്കവെ നിയമമേഖലയിലുള്ളവരോട് ഉപരാഷ്ട്രപതി  അഭ്യർത്ഥിച്ചു.

 

ചീഫ് ജസ്റ്റിസ് ജ: സൂര്യകാന്ത്, സുപ്രീം കോടതി ജഡ്ജി ജ:വിക്രം നാഥ്, മുൻ ചീഫ് ജസ്റ്റിസ് ജ: ബി.ആർ. ഗവായ്, കോമൺവെൽത്ത് ലീഗൽ എജ്യുക്കേഷൻ അസോസിയേഷൻ  പ്രസിഡൻ്റും എഡിറ്ററുമായ പ്രൊഫ. (ഡോ.) എസ്. ശിവകുമാർ, തോംസൺ റോയിട്ടേഴ്‌സ് പബ്ലിഷർ ശ്രീ. ഗൗരി ശങ്കർ നടേശൻ എന്നിവരും നിയമമേഖലയിലെ പ്രമുഖരും ചടങ്ങിൽ  പങ്കെടുത്തു.

****


(रिलीज़ आईडी: 2284675) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: Tamil , Telugu , English , Urdu , हिन्दी , Marathi