രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

കാർഗിൽ വിജയ് ദിവസ് 2026: ദേശീയ യുദ്ധസ്മാരകത്തിൽ നിന്ന് കാർഗിൽ യുദ്ധസ്മാരകത്തിലേക്കുള്ള മോട്ടോർ സൈക്കിൾ പര്യടനം രക്ഷാമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

प्रविष्टि तिथि: 14 JUL 2026 1:00PM by PIB Thiruvananthpuram

കാർഗിൽ വിജയ് ദിവസ്-2026 രാജ്യവ്യാപകമായി ആചരിക്കുന്നതിൻ്റെ   ഭാഗമായി, 13 ദിവസം നീണ്ടുനിൽക്കുന്ന ‘ശൗര്യ വിജയ് യാത്ര’ രക്ഷാമന്ത്രി ശ്രീ. രാജ്‌നാഥ് സിംഗ് 2026 ജൂലൈ 14-ന് ഫ്ലാഗ് ഓഫ് ചെയ്തു. ന്യൂഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ നിന്ന് ലഡാക്കിലെ ദ്രാസിലുള്ള കാർഗിൽ യുദ്ധസ്മാരകം വരെയുള്ള ഈ അനുസ്മരണ മോട്ടോർ സൈക്കിൾ പര്യടനത്തിൽ സർവീസിലുള്ളവരും വിരമിച്ചവരുമായ പ്രതിരോധ സേനാംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 28 റൈഡർമാർ പങ്കെടുക്കുന്നുണ്ട്. 1999-ലെ കാർഗിൽ യുദ്ധത്തിൽ വിജയം ഉറപ്പാക്കിയ ഇന്ത്യയുടെ വീരസൈനികരുടെ ധീരതയ്ക്കും ദൃഢനിശ്ചയത്തിനും പരമോന്നതമായ ത്യാഗത്തിനും ആദരവർപ്പിക്കുന്നതിനായി, വടക്കൻ ഹിമാലയത്തിലെ ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെ 1,900 കിലോമീറ്റർ ദൂരമാണ് ഈ സംഘം സഞ്ചരിക്കുക. ‘ഒരു യാത്ര, ഒരു രാജ്യം, ഒരു പ്രണാമം' എന്നതാണ് ഈ പര്യടനത്തിൻ്റെ   മുദ്രാവാക്യം.


ചടങ്ങിൽ സംസാരിച്ച രക്ഷാമന്ത്രി, ധീരരായ ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. നമ്മുടെ സൈനികർ എഴുതിച്ചേർത്ത ധീരതയുടെയും ക്ഷമയുടെയും അച്ചടക്കത്തിൻ്റെയും അനുപമമായ രാജ്യസ്നേഹത്തിൻ്റെയും സുവർണ്ണ ലിഖിതങ്ങൾ ലോകമെമ്പാടുമുള്ള സൈന്യങ്ങൾ ഇന്നും ബഹുമാനത്തോടെ വീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. “ഏകദേശം 20,000 അടി ഉയരത്തിലും, മൈനസ് 40 ഡിഗ്രി സെൽഷ്യസ് താപനിലയിലും നമ്മുടെ സൈനികർ ധീരതയോടും സഹിഷ്ണുതയോടും കൂടി ലക്ഷ്യങ്ങൾ കൈവരിച്ചു. എല്ലാ മലനിരകളും ബങ്കറുകളും അവർ ശത്രുക്കളുടെ നിയന്ത്രണത്തിൽ നിന്ന് തിരിച്ചുപിടിക്കുകയും ത്രിവർണ്ണ പതാകയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുകയും ചെയ്തു. നമ്മുടെ ഭൂമി, വ്യക്തിത്വo, അന്തസ് എന്നിവയുടെ നേരെയുണ്ടാകുന്ന ഏതൊരു ശത്രുതാപരമായ നീക്കത്തിനും പൂർണ്ണ ശക്തിയോടെ മറുപടി നൽകാനുള്ള ഇന്ത്യയുടെ ശാശ്വത ദൃഢനിശ്ചയത്തെയാണ് ഈ വിജയം പ്രതിനിധീകരിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധത്തിൽ വിജയം ഉറപ്പാക്കുന്നതിൽ വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ പരംവീർ ചക്ര ജേതാക്കളായ ക്യാപ്റ്റൻ വിക്രം ബത്ര, ലെഫ്റ്റനൻ്റ്  മനോജ് കുമാർ പാണ്ഡെ, സുബേദാർ മേജർ (ഹോണററി ക്യാപ്റ്റൻ) യോഗേന്ദ്ര സിംഗ് യാദവ് (റിട്ട.), സുബേദാർ മേജർ (ഹോണററി ക്യാപ്റ്റൻ) സഞ്ജയ് കുമാർ (റിട്ട.) ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യൻ യോദ്ധാക്കൾക്കും ശ്രീ. രാജ്‌നാഥ് സിംഗ് അഗാധ കൃതജ്ഞത രേഖപ്പെടുത്തി. ഈ ധീരരായ സൈനികർ യുവാക്കൾക്ക് പ്രചോദനമാണെന്നും ഭാവി തലമുറകളെ അവർ തുടർന്നും പ്രചോദിപ്പിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

യാത്രയ്ക്കിടയിൽ റൈഡർമാർ ചണ്ഡിമന്ദിർ യുദ്ധസ്മാരകം, റെസാങ് ലാ യുദ്ധസ്മാരകം, ലേ യുദ്ധസ്മാരകം എന്നിവയുൾപ്പെടെയുള്ള പ്രമുഖ സൈനിക സ്മാരകങ്ങളിൽ ആദരാഞ്ജലി അർപ്പിക്കും. വീരനാരിമാരുമായി സംവദിക്കുകയും അവരുടെ ധീരതയെയും സഹിഷ്ണുതയെയും ആദരിക്കുകയും ചെയ്യും.2026 ജൂലൈ 26-ന് കാർഗിൽ വിജയ് ദിവസ് ദിനത്തിൽ ഈ പര്യടനം കാർഗിൽ യുദ്ധസ്മാരകത്തിൽ സമാപിക്കും.

പര്യടനത്തിനിടയിൽ, റൈഡർമാർ ദേശീയ യുദ്ധസ്മാരകത്തിലെ പവിത്രമായ മണ്ണ് അടങ്ങിയ ഒരു കലശം കൈയ്യിൽ കരുതും. ഇത് കാർഗിലിൽ രാജ്യത്തിനായി ജീവൻ വെടിഞ്ഞ വീരന്മാരുടെ സ്മരണയ്ക്കായി സമർപ്പിക്കും. “ഇവിടുത്തെ മണ്ണ് കാർഗിലിലെ മണ്ണുമായി ചേരുമ്പോൾ, അത് രാജ്യത്തെ ഇന്നത്തെ തലമുറയുടെ ആദരവിൻ്റെയും രാജ്യത്തിൻ്റെ   യോദ്ധാക്കളുടെ ധീരതയുടെയും സംഗമത്തെ പ്രതീകപ്പെടുത്തും,” രക്ഷാമന്ത്രി പ്രസ്താവിച്ചു.

ശൗര്യ വിജയ് യാത്രയുടെ പ്രധാന സവിശേഷത എടുത്തുപറഞ്ഞ ശ്രീ. രാജ്‌നാഥ് സിംഗ്, ഈ പര്യടനം രാജ്യത്തിൻ്റെ   വിവിധ ഭാഗങ്ങളിൽ നിന്നുള്ള സേനാ ഉദ്യോഗസ്ഥരെയും മുൻ സൈനികരെയും സിവിലിയന്മാരെയും ഒന്നിപ്പിക്കുന്നുവെന്ന് പറഞ്ഞു. “വ്യത്യസ്തമായ പശ്ചാത്തലങ്ങൾ, ഭാഷകൾ, പാരമ്പര്യങ്ങൾ, എങ്കിലും ഒരു ത്രിവർണ്ണ പതാക, ഒരു രാജ്യം, നമ്മുടെ നായകന്മാരോടുള്ള ആദരവ് - ഇതാണ് നമ്മുടെ രാജ്യത്തിൻ്റെ   യഥാർത്ഥ വ്യക്തിത്വം,” അദ്ദേഹം പറഞ്ഞു.

 നാഷണൽ കേഡറ്റ് കോർപ്സ് കേഡറ്റുകൾ പങ്കെടുത്ത ഫ്ലാഗ് ഓഫ് ചടങ്ങിൽ, ഈ പര്യടനം ജനങ്ങളിൽ, പ്രത്യേകിച്ച് യുവാക്കളിൽ രാജ്യസ്‌നേഹത്തിൻ്റെ   ഒരു പുതിയ ഉണർവ് ഉണ്ടാക്കുമെന്ന് രക്ഷാമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാജ്യത്തിൻ്റെ   സ്വാതന്ത്ര്യവും അന്തസും അതിർത്തികളിൽ മാത്രമല്ല, നമ്മുടെ ഓർമ്മകളിലും മൂല്യങ്ങളിലും കൂടിയാണ് സംരക്ഷിക്കപ്പെടേണ്ടത് എന്ന സന്ദേശം ഇത് ഭാവി തലമുറകൾക്ക് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ എൻ.എസ്. രാജ സുബ്രമണി, ചീഫ് ഓഫ് ദി ആർമി സ്റ്റാഫ് ജനറൽ ധീരജ് സേഥ് എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. 'ഓപ്പറേഷൻ വിജയ്' കാലത്ത് കാണിച്ച മൂല്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള ഇന്ത്യൻ സൈന്യത്തിൻ്റെ    പ്രതിജ്ഞാബദ്ധതയാണ് ശൗര്യ വിജയ് യാത്ര പ്രതിഫലിപ്പിക്കുന്നത്.
 ധീരതയുടെ ഈ യാത്ര പുനരാവിഷ്കരിക്കുന്നതിലൂടെ, കർത്തവ്യം, അന്തസ്സ്, നിസ്വാർത്ഥ സേവനം എന്നിവ ഉയർത്തിപ്പിടിക്കാൻ ഭാവി തലമുറയെ പ്രചോദിപ്പിക്കാൻ ഈ പര്യടനം ലക്ഷ്യമിടുന്നു.

***


(रिलीज़ आईडी: 2284484) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Bengali-TR , Punjabi , Gujarati , Tamil , Telugu