റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷതയിൽ, മന്ത്രിതല പ്രഖ്യാപനത്തിന് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ചേര്‍ന്ന മൂന്നാമത് ബ്രിക്സ് ഗതാഗത മന്ത്രിമാരുടെ യോഗത്തിൽ അംഗീകാരം

प्रविष्टि तिथि: 12 JUL 2026 5:40PM by PIB Thiruvananthpuram

ഇന്ത്യയുടെ 2026-ലെ ബ്രിക്സ് അധ്യക്ഷതയ്ക്ക് കീഴിൽ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ചേര്‍ന്ന മൂന്നാമത് ബ്രിക്സ് ഗതാഗത മന്ത്രിമാരുടെ യോഗം സമാപിച്ചു.  ബ്രിക്സ് അംഗരാജ്യങ്ങൾക്കിടയിലെ ഗതാഗത സഹകരണം ആഴത്തിലാക്കുന്നതിൽ സുപ്രധാന നാഴികക്കല്ലായി യോഗം മാറി. 2026 ജൂലൈ 11-ന് ചേര്‍ന്ന മന്ത്രിതല യോഗത്തിന് മുന്നോടിയായി ജൂലൈ 9, 10 തീയതികളിൽ മൂന്നാമത് ബ്രിക്സ് ഗതാഗത പ്രവര്‍ത്തക സമിതിയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ്   അജണ്ടയിലെ തീരുമാനങ്ങൾക്കും മന്ത്രിമാർ അംഗീകരിക്കേണ്ട മന്ത്രിതല പ്രഖ്യാപനത്തിനും  അന്തിമരൂപം നൽകിയത്.

 

അടിസ്ഥാന സൗകര്യ വികസനത്തിലെ വിഭവ പുനരുപയോഗം,  സുസ്ഥിര വ്യോമ ഇന്ധനം, ഗതാഗത മേഖലയിലെ കാർബൺ മലിനീകരണം ഒഴിവാക്കൽ, നഗര ഗതാഗത കേന്ദ്രങ്ങള്‍,  ലോജിസ്റ്റിക്സ് വിതരണ ശൃംഖലയിലെ സഹകരണം, ബ്രിക്സ് റെയിൽവേ ഗവേഷണ ശൃംഖല എന്നിവയിലെ സഹകരണത്തിന് സംയുക്ത ആശയങ്ങളും ചട്ടക്കൂടും വ്യക്തമാക്കുന്ന മന്ത്രിതല പ്രഖ്യാപനം യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു.

 

എല്ലാ മുൻഗണനാ മേഖലകളിലും  കൂട്ടായ പ്രതിബദ്ധത ഉൾക്കൊള്ളുന്ന പ്രഖ്യാപനത്തിൽ പൊതുവായ യോജിപ്പോടെയും പങ്കാളിത്ത സമീപനത്തോടെയും അന്തിമ തീരുമാനത്തിലെത്താൻ ഗതാഗത മന്ത്രിമാർക്കും പ്രതിനിധി സംഘത്തലവന്മാർക്കും സാധിച്ചു. പരസ്പര ബഹുമാനം, സമത്വം, പൊതുസമ്മതി എന്നീ ബ്രിക്സിൻ്റെ യഥാർത്ഥ മനോഭാവം പ്രതിഫലിപ്പിക്കുന്നതായിരുന്നു ചർച്ചകൾ.

 

മന്ത്രിതല യോഗം വിജയകരമാക്കുന്നതില്‍ പിന്തുണ നൽകിയ പ്രതിനിധി സംഘത്തിലെ ഓരോ അംഗത്തിനും കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രി ശ്രീ. നിതിൻ ഗഡ്കരി നന്ദി അറിയിച്ചു.

 

യോഗം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സഹായിച്ച എല്ലാ ബ്രിക്സ് അംഗരാജ്യങ്ങളുടെയും ഫലപ്രദമായ ഇടപെടലുകൾക്കും വിലയേറിയ സംഭാവനകൾക്കും ഇന്ത്യ നന്ദി രേഖപ്പെടുത്തി. തുടർന്ന് വരുന്ന ബ്രിക്സ് അധ്യക്ഷ പദവിയിലേക്ക് ഈ സംരംഭങ്ങൾ സുഗമമായി കൈമാറുന്നുവെന്ന് ഉറപ്പാക്കുന്നതിലെ പ്രതിബദ്ധതയും ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കി.

 

ബ്രിക്സ് അംഗരാജ്യങ്ങളിലെ  ഗതാഗത മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും  യോഗത്തിൽ ഒത്തുചേർന്നു. മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം, ഗതാഗത മന്ത്രിമാരുടെ യോഗം, ഉഭയകക്ഷി ചർച്ചകൾ എന്നിവയുൾപ്പെടെ നാല് ദിവസത്തെ പരിപാടിയിൽ ബ്രിക്സ് രാജ്യങ്ങളുടെ സമ്പന്ന വൈവിധ്യം വിളിച്ചോതുന്ന സാംസ്കാരിക പരിപാടികളും അരങ്ങേറി. പങ്കെടുത്ത പ്രതിനിധികൾക്കിടയിൽ പരസ്പര ധാരണ ആഴത്തിലാക്കാനും ജനങ്ങൾ തമ്മിലെ ബന്ധം വളർത്താനും വ്യക്തിപരവും സ്ഥാപനപരവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്താനും യോഗം വിലപ്പെട്ട വേദിയൊരുക്കി.

 

***


(रिलीज़ आईडी: 2283941) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Gujarati , Tamil