റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

സുസ്ഥിരവും അതിജീവനശേഷിയുള്ളതും ഭാവി സജ്ജവുമായ ഗതാഗത സംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നതിനായി ബ്രിക്‌സ് രാജ്യങ്ങളുടെ കരുത്തുറ്റ സഹകരണത്തിന് ആഹ്വാനം ചെയ്ത് കേന്ദ്രമന്ത്രി ശ്രീ. നിതിൻ ഗഡ്കരി

प्रविष्टि तिथि: 11 JUL 2026 2:17PM by PIB Thiruvananthpuram

സുസ്ഥിരവും, അതിജീവനശേഷിയുള്ളതും, സമഗ്രവും, ഭാവി സജ്ജവുമായ ഗതാഗത സംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നതിനായി ബ്രിക്‌സ് രാജ്യങ്ങൾക്കിടയിൽ കൂടുതൽ ആഴത്തിലുള്ള സഹകരണത്തിന് കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രി ശ്രീ. നിതിൻ ഗഡ്കരി ഇന്ന് ആഹ്വാനം ചെയ്തു. നൂതനാശയങ്ങൾ, പങ്കാളിത്തം, പൊതുവായ ഉത്തരവാദിത്തം എന്നിവയിലൂടെ ആഗോള ഗതാഗത സംവിധാനങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതിന് ഈ കൂട്ടായ്മയുടെ ഒത്തൊരുമിച്ചുള്ള കരുത്ത് ഒരു സവിശേഷാവസരം നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.



ഇന്ത്യയുടെ ബ്രിക്സ് സമ്മേളന അധ്യക്ഷതയ്ക്ക് കീഴിൽ നടന്ന ബ്രിക്സ് രാജ്യങ്ങളിലെ ഗതാഗത മന്ത്രിമാരുടെ മൂന്നാമത്തെ യോഗത്തിൽ ഉദ്ഘാടന പ്രസംഗം നടത്തിയ ശ്രീ. ഗഡ്കരി, ഗതാഗത മന്ത്രിമാർ, പ്രതിനിധി സംഘത്തലവന്മാർ, മുതിർന്ന ഉദ്യോഗസ്ഥർ, ബ്രിക്സ് അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവരെ നാഗ്പൂരിലേക്ക് സ്വാഗതം ചെയ്തു. വളർന്നുവരുന്ന സമ്പദ് വ്യവസ്ഥകൾക്കിടയിലുള്ള ഗതാഗത സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായി ഈ യോഗത്തെ അദ്ദേഹം വിശേഷിപ്പിച്ചു.



'അതിജീവനശേഷി, നൂതനത്വം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായുള്ള നിർമ്മിതി' എന്ന പ്രമേയത്തെ ആസ്പദമാക്കിയുള്ള ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷ പദവി, 'വസുധൈവ കുടുംബകം' - ലോകം ഒരു കുടുംബമാണ്'  എന്ന കാലാതീതമായ തത്ത്വചിന്തയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ജനകേന്ദ്രീകൃതമായ 'മനുഷ്യത്വം ആദ്യം' എന്ന സമീപനത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ലോക ജനസംഖ്യയുടെ പകുതിയോളം വരുന്ന ബ്രിക്സ്, സുസ്ഥിര സാമ്പത്തിക വളർച്ചയും പ്രാദേശികമായ സമ്പർക്ക സൗകര്യവും മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം, മലിനീകരണ മുക്തവും സുരക്ഷിതവും മികച്ചതും കൂടുതൽ കാര്യക്ഷമവുമായ ഗതാഗത സംവിധാനങ്ങളുടെ വികസനത്തിന് നേതൃത്വം നൽകുന്നതിൽ സവിശേഷമായ സ്ഥാനത്താണെന്ന് അദ്ദേഹം പറഞ്ഞു.

 



 

സാമ്പത്തിക വികസനത്തിൻ്റെ നട്ടെല്ലാണ് ഗതാഗതമെന്ന് ഊന്നിപ്പറഞ്ഞ ശ്രീ. ഗഡ്കരി, റോഡ്, റെയിൽ, സമുദ്ര, വ്യോമയാന മേഖലകളിലുടനീളം ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പരിവർത്തനത്തെ ഉയർത്തിക്കാട്ടി. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റോഡ് ശൃംഖല വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും, അതോടൊപ്പം നിയന്ത്രിത പ്രവേശനമുള്ള അതിവേഗ പാതകളും, ബഹുമാതൃകാ ഗതാഗത സംവിധാനങ്ങളും ഗണ്യമായി വികസിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴി, സോനാമാർഗ് തുരങ്കം, 10,000 കിലോമീറ്ററിലധികം വരുന്ന നവനിർമ്മിത അതിവേഗപാതകൾ തുടങ്ങിയ പദ്ധതികളെക്കുറിച്ച് പരാമർശിക്കവെ, അടിസ്ഥാന സൗകര്യ വികസനത്തെ പരിസ്ഥിതി സുസ്ഥിരത, സാങ്കേതിക നൂതനത്വം എന്നിവയുമായി സംയോജിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് ഈ സംരംഭങ്ങൾ പ്രകടമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളിൽ സ്വകാര്യ നിക്ഷേപം സമാഹരിക്കുന്നതിനുള്ള വിജയകരമായ ചട്ടക്കൂടായി പൊതു, സ്വകാര്യ പങ്കാളിത്തമുള്ള മിശ്രിത ധനവിനിയോഗ മാതൃകയെ അദ്ദേഹം ഉയർത്തിക്കാട്ടി.

ബ്രോഡ്-ഗേജ് ശൃംഖലയുടെ ഏതാണ്ട് പൂർണ്ണമായ വൈദ്യുതീകരണം, വന്ദേ ഭാരത് സർവീസുകളുടെ വിപുലീകരണം, മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയിലെ പുരോഗതി, പുതിയ പാമ്പൻ പാലം പോലുള്ള നിർണായക എഞ്ചിനീയറിംഗ് നേട്ടങ്ങൾ എന്നിവയിലൂടെ ഇന്ത്യയിലെ റെയിൽവേ അഭൂതപൂർവമായ ആധുനികവത്കരണത്തിന് വിധേയമായിട്ടുണ്ടെന്ന് ശ്രീ. ഗഡ്കരി പറഞ്ഞു. സമുദ്ര ഗതാഗത അടിസ്ഥാന സൗകര്യങ്ങളും ചരക്കുനീക്ക കാര്യക്ഷമതയും ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന ചുവടുവയ്പ്പുകളായ മാരിടൈം അമൃത് കാൽ വിഷൻ 2047, ഇ-നാവിക്, ഇ-സമുദ്ര എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ സംരംഭങ്ങൾ, ഹരിത കപ്പൽ ഗതാഗത പദ്ധതി എന്നിവയെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.

സുസ്ഥിര ഗതാഗത സംവിധാനങ്ങൾക്കായുള്ള ഇന്ത്യയുടെ പ്രതിബദ്ധത എടുത്തുപറഞ്ഞ ശ്രീ. ഗഡ്കരി, ഇലക്ട്രിക് ബസുകളുടെ വിന്യാസം, ഹരിത നഗര ഗതാഗത സംവിധാന പദ്ധതി, പ്രാദേശിക വ്യോമഗതാഗതം മെച്ചപ്പെടുത്തുന്നതിൽ ഉഡാൻ സംരംഭത്തിൻ്റെ വിജയം എന്നിവയെക്കുറിച്ച് പരാമർശിച്ചു. സംയോജിതമായ ബഹുവിധ വികസനത്തിലൂടെയും ചരക്കുനീക്ക ചെലവുകൾ കുറയ്ക്കുന്നതിലൂടെയും പദ്ധതി നിർവ്വഹണം ത്വരിതപ്പെടുത്തുന്നതിലൂടെയും പി.എം ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാൻ അടിസ്ഥാന സൗകര്യ ആസൂത്രണത്തിൽ പരിവർത്തനം വരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഗതാഗത കാര്യനയത്തിൻ്റെ കേന്ദ്രബിന്ദു സുരക്ഷയും സുസ്ഥിരതയുമാണെന്ന് കേന്ദ്രമന്ത്രി അടിവരയിട്ടു. റോഡപകടത്തിൽപ്പെട്ടവരെ പണരഹിതമായി ചികിത്സിക്കുന്നതിനുള്ള പി.എം-രാഹത് പദ്ധതിയും പുനരുപയോഗ പ്ലാസ്റ്റിക് മാലിന്യങ്ങൾ, നഗര മാലിന്യങ്ങൾ, ചാരപ്പൊടി, ഇരുമ്പ് മാലിന്യങ്ങൾ, മുള കൊണ്ടുള്ള സുരക്ഷാവേലികൾ, ഉപയോഗശൂന്യമായ ടയറുകൾ എന്നിവയുടെ റോഡ് നിർമ്മാണത്തിലെ ഉപയോഗം തുടങ്ങിയ സംരംഭങ്ങളും പാരിസ്ഥിതിക ഉത്തരവാദിത്തമുള്ള അടിസ്ഥാന സൗകര്യ വികസനത്തിൻ്റെ ഉദാഹരണങ്ങളായി അദ്ദേഹം എടുത്തുപറഞ്ഞു.

 



 

ബ്രിക്സ് സഹകരണം ശക്തിപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത ശ്രീ. ഗഡ്കരി, അടിസ്ഥാന സൗകര്യ ധനസഹായം, ഗതാഗതക്കുരുക്ക്, മലിനീകരണം, റോഡ് സുരക്ഷ, അവസാനഘട്ടം വരെയുള്ള യാത്രാസൗകര്യം എന്നിവയുമായി ബന്ധപ്പെട്ട പൊതുവായ വെല്ലുവിളികൾക്ക് കൂട്ടായ പരിഹാരങ്ങൾ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. ഹരിത ഹൈഡ്രജൻ, ഇലക്ട്രിക് വാഹന ഗതാഗതം, ബദൽ ഇന്ധനങ്ങൾ, ഡിജിറ്റൽ ഗതാഗത സംവിധാനങ്ങൾ, സുസ്ഥിര ബഹുവിധ അടിസ്ഥാനസൗകര്യം എന്നിവയിൽ അറിവ് പങ്കിടൽ, കാര്യക്ഷമതാ നിർമ്മിതി, സാങ്കേതിക സഹകരണം, സംയുക്ത ഗവേഷണം എന്നിവയിലൂടെ സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി.

യോഗത്തിൻ്റെ പരിണതഫലങ്ങളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച ശ്രീ. ഗഡ്കരി, ചർച്ചകൾ ബ്രിക്സ് രാജ്യങ്ങളുടെ ഗതാഗത സഹകരണത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രായോഗികവും നൂതനവും ജനകേന്ദ്രീകൃതവുമായ ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പരിഹാരങ്ങൾക്ക് സംഭാവനയേകുമെന്നും പറഞ്ഞു. സമഗ്രമായ വളർച്ച പ്രോത്സാഹിപ്പിക്കുന്ന, പ്രാദേശിക സമ്പർക്കസൗകര്യം ശക്തിപ്പെടുത്തുന്ന, പരിസ്ഥിതി സംരക്ഷിക്കുന്ന, എല്ലാവർക്കും കൂടുതൽ സുസ്ഥിരവും സമൃദ്ധവുമായ ഭാവിക്ക് സംഭാവനയേകുന്ന ഗതാഗത സംവിധാനങ്ങൾ നിർമ്മിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ അദ്ദേഹം ബ്രിക്‌സ് രാജ്യങ്ങളോട് ആഹ്വാനം ചെയ്തു.

 

 

****


(रिलीज़ आईडी: 2283775) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Gujarati , Tamil