വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
ഇന്ത്യയിലെ ടെലികോം ശൃംഖലയുടെ ഗ്രാമീണതല പ്രകടനം സംബന്ധിച്ച ഏറ്റവും വലിയ സർവേ നടത്തുന്നതിനായി തപാൽ വകുപ്പും ട്രായിയും (TRAI) കൈകോർക്കുന്നു
प्रविष्टि तिथि:
10 JUL 2026 6:54PM by PIB Thiruvananthpuram
ഡിജിറ്റൽ ഇന്ത്യ ശക്തിപ്പെടുത്തുന്നതിനും ഗ്രാമീണ ടെലികോം സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പായി, രാജ്യത്തുടനീളമുള്ള 5.68 ലക്ഷത്തിലധികം ഗ്രാമങ്ങളിലെ ടെലികോം സേവന ദാതാക്കളുടെ (ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ, ബി.എസ്.എൻ.എൽ) മൊബൈൽ നെറ്റ്‌വർക്ക് പ്രകടനം വിലയിരുത്തുന്നതിനായി ഒരു ആപ്പ് അധിഷ്ഠിത സർവേ നടത്തുന്നതിന് തപാൽ വകുപ്പും (DoP), ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും (TRAI) ന്യൂഡൽഹിയിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കേന്ദ്ര വാർത്താവിനിമയ, വടക്കുകിഴക്കൻ മേഖല വികസന മന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യയുടെ നേതൃത്വത്തിലാണ് ഈ സംരംഭം ഏറ്റെടുത്തിരിക്കുന്നത്. ഇത് ഡിജിറ്റൽ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റൽ ഇന്ത്യ എന്ന കാഴ്ചപ്പാട് വേഗത്തിലാക്കുന്നതിനുമുള്ള ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ച് സ്ഥിരീകരിക്കുന്നു.
(രാജ്യവ്യാപക മൊബൈൽ നെറ്റ്‌വർക്ക് പ്രകടന സർവേയ്ക്കുള്ള ധാരണാപത്രം തപാൽ വകുപ്പും ട്രായിയും തമ്മിൽ കൈമാറുന്നു.)
തപാൽ വകുപ്പിലെ ജനറൽ മാനേജർ ( പൗര കേന്ദ്രീകൃത സേവനങ്ങളും & ഗ്രാമീണ സേവനവും ) ശ്രീമതി .മനീഷ ബൻസാൽ ബാദലും ട്രായിയിലെ ജോയിന്റ് അഡ്വൈസർ (ബ്രോഡ്‌ബാൻഡ് & പോളിസി അനാലിസിസ്) ശ്രീ. എസ്. എം. കെ. ചന്ദ്രയും ഇരു സ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
തപാൽ വകുപ്പിന്റെ 1.40 ലക്ഷത്തിലധികം വരുന്ന ഗ്രാമീണ ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളുടെ വിപുലമായ ശൃംഖല പ്രയോജനപ്പെടുത്തിക്കൊണ്ട്, ട്രായ് പ്രത്യേകം വികസിപ്പിച്ചെടുത്ത ആൻഡ്രോയിഡ് അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഗ്രാമീൺ ഡാക് സേവക്മാർ (GDS) അവരുടെ പതിവ് വിതരണ ജോലികൾക്കിടയിലാണ് ഈ സർവേ നടത്തുക. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗ്രാമങ്ങളെ ഉൾപ്പെടുത്തി നടത്തുന്ന ഈ സംരംഭം, കണക്റ്റിവിറ്റിയിലെ കുറവുകൾ കണ്ടെത്താനും ടെലികോം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഗ്രാമീണ ഇന്ത്യയിലുടനീളം ഡിജിറ്റൽ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനുള്ള തെളിവ് അധിഷ്ഠിത നയപരമായ തീരുമാനങ്ങളെ പിന്തുണയ്ക്കാനും സഹായിക്കുന്ന ഫീൽഡ്-തല വിവരങ്ങൾ ലഭ്യമാക്കും.
ചടങ്ങിൽ സംസാരിച്ച തപാൽ വകുപ്പ് ജനറൽ മാനേജർ (CCS & RB) ശ്രീമതി മനീഷ ബൻസാൽ ബാദൽ ഇങ്ങനെ പറഞ്ഞു:
" തപാൽ വകുപ്പിന്റെ രാജ്യത്തുടനീളമുള്ള സമാനതകളില്ലാത്ത വ്യാപ്തിയും വിശ്വസനീയമായ സാന്നിധ്യവും പ്രയോജനപ്പെടുത്തി പൗരകേന്ദ്രീകൃത സേവനങ്ങൾ നൽകുന്നതിന് വിവിധ ഗവൺമെന്റ് സ്ഥാപനങ്ങളുമായി തപാൽ വകുപ്പ് നിരന്തരം പങ്കാളികളാകാറുണ്ട്. ട്രായിയുമായുള്ള ഈ സഹകരണം വിശ്വസനീയമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യം സൃഷ്ടിക്കുന്നതിനെ പിന്തുണച്ചുകൊണ്ട് ഡിജിറ്റൽ ഇന്ത്യയോടുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ഗ്രാമീണ ഇന്ത്യയിലെ പൗരന്മാർക്കായി ടെലികോം സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് വിശ്വസനീയമായ ഫീൽഡ്-തല വിവരങ്ങൾ ശേഖരിക്കുന്നതിൽ ഞങ്ങളുടെ തപാൽ ജീവനക്കാർ സുപ്രധാന പങ്ക് വഹിക്കും."
ട്രായ് പ്രിൻസിപ്പൽ അഡ്വൈസർ (NSL) ശ്രീ അരുൺ അഗർവാൾ ചടങ്ങിൽ സംസാരിക്കവെ ഇങ്ങനെ കൂട്ടിച്ചേർത്തു:
"തപാൽ വകുപ്പുമായുള്ള ഈ സഹകരണം അടിസ്ഥാന തലത്തിൽ ടെലികോം ശൃംഖലയുടെ പ്രകടനം വിലയിരുത്താനുള്ള ട്രായിയുടെ ശേഷി ഗണ്യമായി വർദ്ധിപ്പിക്കും. വകുപ്പിന്റെ വിപുലമായ ഫീൽഡ് പ്രവർത്തനം, മൊബൈൽ ശൃംഖലയുടെ പ്രകടനത്തെക്കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങൾ വ്യവസ്ഥാപിതമായി ശേഖരിക്കാൻ പ്രാപ്തമാക്കും. ഇത് കൃത്യമായ നിയന്ത്രണ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട ടെലികോം സേവനങ്ങൾ ഉറപ്പാക്കുന്നതിനും പിന്തുണ നൽകും."
ധാരണാപത്രം അനുസരിച്ച്, തപാൽ വകുപ്പ് രാജ്യവ്യാപകമായ തപാൽ ശൃംഖലയിലൂടെ ഫീൽഡ് സർവേ പ്രവർത്തനങ്ങൾ നടത്തും, അതേസമയം സർവേയ്ക്കായുള്ള ആപ്ലിക്കേഷൻ, സാങ്കേതിക പിന്തുണ, പരിശീലനം, കേന്ദ്രീകൃത നിരീക്ഷണം എന്നിവ ട്രായ് നൽകും. ഒരു വർഷത്തെ ഈ പങ്കാളിത്തം ടെലികോം സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റൽ കണക്റ്റിവിറ്റിയിലെ കുറവുകൾ നികത്തുന്നതിനും ഡിജിറ്റൽ ശാക്തീകരണമുള്ളതും ഏവരെയും ഉൾക്കൊള്ളുന്നതുമായ ഒരു ഇന്ത്യ എന്ന കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
***
(रिलीज़ आईडी: 2283475)
आगंतुक पटल : 7