വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
ഇന്ത്യയുടെ ടെലികോം, പ്രക്ഷേപണ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് ടെലികമ്യൂണിക്കേഷന്‍സ് വകുപ്പിൻ്റെ സാങ്കേതിക വിഭാഗമായ TEC-യും BECIL-ഉം തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു
प्रविष्टि तिथि:
08 JUL 2026 7:29PM by PIB Thiruvananthpuram
കേന്ദ്ര കമ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിന് കീഴിലെ ടെലികമ്യൂണിക്കേഷൻ വകുപ്പിൻ്റെ സാങ്കേതിക വിഭാഗമായ ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് സെൻ്റർ (TEC) കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ മിനിരത്ന കേന്ദ്ര പൊതുമേഖലാ സംരംഭമായ ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടൻ്റ്സ് ഇന്ത്യ ലിമിറ്റഡുമായി (BECIL) ധാരണാപത്രം ഒപ്പുവെച്ചു. സാങ്കേതിക സംയോജനം, പ്രക്ഷേപണ സാങ്കേതികവിദ്യ എന്നീ മേഖലകളിലെ സംയുക്ത പഠനങ്ങൾക്കും സാങ്കേതിക സംഭാവനകൾക്കും മാനദണ്ഡങ്ങളുടെ ഏകീകരണത്തിനും സഹകരിച്ച് പ്രവർത്തിക്കുകയാണ് ലക്ഷ്യം.
സാങ്കേതിക സംയോജന-പ്രക്ഷേപണ സാങ്കേതികവിദ്യകളിലെ ഏകീകരണത്തിനും നൂതനാശയങ്ങള്‍ക്കുമായി ദേശീയതലത്തില്‍ ശേഷി വികസനത്തിനൊപ്പം ഡിജിറ്റൽ ഇന്ത്യ, ആത്മനിർഭർ ഭാരത് തുടങ്ങിയ ദേശീയ സംരംഭങ്ങൾക്ക് പിന്തുണ നൽകാനും സഹകരണം ലക്ഷ്യമിടുന്നു.

ഇന്ത്യയ്ക്ക് അനുയോജ്യമായ മാനദണ്ഡങ്ങളും പരിശോധനാ ചട്ടക്കൂടുകളും വികസിപ്പിക്കുക, അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പഠിക്കുക, ആഗോളതലത്തില്‍ മാനദണ്ഡങ്ങള്‍ രൂപീകരിക്കുന്ന സമിതികൾക്ക് സാങ്കേതിക സംഭാവനകൾ നൽകുക, സാങ്കേതിക സംയോജന - പ്രക്ഷേപണ സാങ്കേതികവിദ്യകളിലെ ഉയർന്നുവരുന്ന പുത്തൻ പ്രവണതകൾ തിരിച്ചറിയുക എന്നിവയിലാണ് പങ്കാളിത്തം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ന്യൂഡൽഹിയിലെ TEC ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ TEC ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ശ്രീ ദേവേന്ദ്ര സിങ്, BECIL ഡെപ്യൂട്ടി ജനറൽ മാനേജർ (പ്രോജക്ട്സ്) ശ്രീ രമിത് ലാല എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. TEC സീനിയർ DDG-യും മേധാവിയുമായ ശ്രീ സയ്യിദ് തൗസിഫ് അബ്ബാസ് ചടങ്ങിൽ സന്നിഹിതനായിരുന്നു.
അത്യാധുനിക സാങ്കേതിക സംയോജന - പ്രക്ഷേപണ സാങ്കേതികവിദ്യകളില്‍ സംയുക്തമായി പഠനങ്ങളും സാങ്കേതിക സംഭാവനകളും ഗവേഷണ പ്രവർത്തനങ്ങളും നടത്തുന്നതിന് BECIL-നൊപ്പം ചേർന്ന് പ്രവർത്തിക്കാൻ പങ്കാളിത്തം TEC-യ്ക്ക് ഔദ്യോഗിക ചട്ടക്കൂടൊരുക്കുന്നു.
പ്രധാന സഹകരണ മേഖലകൾ:
-
ഡയറക്ട്-ടു-മൊബൈൽ (D2M), 5G ബ്രോഡ്കാസ്റ്റ്: ഡയറക്ട്-ടു-മൊബൈൽ (D2M), 5G ബ്രോഡ്കാസ്റ്റ് സാങ്കേതികവിദ്യകളിൽ സംയുക്ത പഠനങ്ങളും സാങ്കേതിക സംഭാവനകളും.
-
ഡിജിറ്റൽ അവകാശ നിര്‍വഹണം: ഐപിടിവി, മറ്റ് വിതരണ പ്ലാറ്റ്‌ഫോം സേവന ദാതാക്കൾ എന്നിവർക്ക് ഡിജിറ്റൽ അവകാശ നിര്‍വഹണ സംവിധാനങ്ങളിൽ സംയുക്ത പഠനങ്ങളും സാങ്കേതിക സംഭാവനകളും.
-
ഡിജിറ്റൽ സൗണ്ട് പ്രക്ഷേപണം: ഡിജിറ്റൽ സൗണ്ട് പ്രക്ഷേപണ സാങ്കേതികവിദ്യകളെക്കുറിച്ച് സഹകരണ പഠനങ്ങൾ.
-
കണ്ടീഷണൽ ആക്സസ് സിസ്റ്റം (CAS), സബ്‌സ്‌ക്രൈബർ മാനേജ്‌മെൻ്റ് സിസ്റ്റം (SMS): ടെലിവിഷൻ ചാനൽ വിതരണക്കാർക്ക് CAS, SMS സംവിധാനങ്ങളിൽ സംയുക്ത പഠനങ്ങളും സാങ്കേതിക സംഭാവനകളും.
-
ഭാവി പ്രക്ഷേപണ, നെറ്റ്‌വർക്ക് സാങ്കേതികവിദ്യകള്‍: ഫർദർ ഇവോൾവ്ഡ് മൾട്ടിമീഡിയ ബ്രോഡ്കാസ്റ്റ് മൾട്ടികാസ്റ്റ് സർവീസ് (FeMBMS) പോലുള്ള മൾട്ടിമീഡിയ സംവിധാനങ്ങളും സേവനങ്ങളും ഉൾപ്പെടെ ഭാവി പ്രക്ഷേപണ-നെറ്റ്‌വർക്ക് സാങ്കേതികവിദ്യകളുടെ പര്യവേക്ഷണം, ഡിജിറ്റൽ സേവനങ്ങൾ എല്ലാവരിലും എത്തിക്കുന്നതിനായി ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നത് എളുപ്പമാക്കൽ, സേവനങ്ങളിലെ സ്മാർട്ട് യൂസർ ഇൻ്റർഫേസുകൾ മനുഷ്യർക്ക് കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കൽ, സംയോജിത ബ്രോഡ്ബാൻഡ് കേബിൾ നെറ്റ്‌വർക്കുകളിലെ നിര്‍മ്മിതബുദ്ധി അധിഷ്ഠിത സേവനങ്ങള്‍.
-
വിദഗ്ധ നിർദേശങ്ങളും ശിപാർശകളും നൽകുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, ടെലികമ്യൂണിക്കേഷൻ വകുപ്പ്, ട്രായ് എന്നിവർ നിർദേശിക്കുന്ന കാര്യങ്ങളിൽ ആവശ്യാനുസരണം സാങ്കേതിക ചർച്ചകൾ.
സംയുക്ത സാങ്കേതിക പഠനങ്ങളിലൂടെയും ITU-T, ITU-R, 3GPP ഉൾപ്പെടെ ആഗോള മാനദണ്ഡ വികസന സംഘടനകളിലേക്ക് നല്‍കുന്ന സംഭാവനകളിലൂടെയും അന്താരാഷ്ട്ര ഏകീകരണ പ്രവർത്തനങ്ങളിൽ ഇന്ത്യയുടെ പങ്കാളിത്തം ശക്തിപ്പെടുത്താന്‍ ഈ സഹകരണം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാങ്കേതിക സംയോജനം, പ്രക്ഷേപണം എന്നീ സാങ്കേതികവിദ്യകളിൽ ഇന്ത്യയ്ക്ക് മാത്രമായ മാനദണ്ഡങ്ങളും തദ്ദേശീയ സാങ്കേതിക ശേഷിയും വികസിപ്പിക്കുന്നതിന് പിന്തുണ നൽകുന്നതിലൂടെ ഈ സഹകരണം ആത്മനിർഭർ ഭാരത്, ഡിജിറ്റൽ ഇന്ത്യ എന്നീ കാഴ്ചപ്പാടുകളിലേക്ക് സംഭാവന നൽകുകയും ചെയ്യും.
TEC- യെക്കുറിച്ച്
കേന്ദ്ര ടെലികമ്യൂണിക്കേഷൻസ് വകുപ്പിൻ്റെ സാങ്കേതിക വിഭാഗമാണ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് സെൻ്റർ (TEC). ടെലികമ്യൂണിക്കേഷനുമായി ബന്ധപ്പെട്ട സാങ്കേതിക മാനദണ്ഡങ്ങൾ, സാങ്കേതിക സവിശേഷതകള്‍, അടിസ്ഥാന സാങ്കേതിക പദ്ധതികൾ എന്നിവ രൂപീകരിക്കുന്നത് TEC-യുടെ ഉത്തരവാദിത്തമാണ്. ടെലികോം ഉപകരണങ്ങളും സേവനങ്ങളും പരസ്പരം കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും മികച്ച ഗുണനിലവാരമുള്ളതാണെന്നും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ ജനറിക് റിക്വയർമെൻ്റ്സ് (GRs), ഇൻ്റർഫേസ് റിക്വയർമെൻ്റ്സ് (IRs), സർവീസ് റിക്വയർമെൻ്റ്സ് (SRs) എന്നിവയുടെ മാനദണ്ഡങ്ങൾ TEC പുറപ്പെടുവിക്കുന്നു. കൂടാതെ, ടെലികമ്യൂണിക്കേഷന്‍സ് വകുപ്പിന് സാങ്കേതിക പിന്തുണയും ട്രായ്ക്ക് സാങ്കേതിക ഉപദേശവും TEC നൽകുന്നു, സാങ്കേതിക വികാസങ്ങളിൽ സി-ഡോട്ടുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന TEC ഐടിയു, എപിടി, ഇടിഎസ്ഐ തുടങ്ങിയ അന്താരാഷ്ട്ര ഏകീകരണ ഫോറങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ആഗോള ടെലികോം മാനദണ്ഡങ്ങളുടെ വികസനത്തിന് സംഭാവന നൽകുന്നു.
BECIL- നെക്കുറിച്ച്
കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ ഒരു മിനിരത്ന കേന്ദ്ര പൊതുമേഖലാ സംരംഭമാണ് ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടൻ്റ്സ് ഇന്ത്യ ലിമിറ്റഡ് (BECIL). 1995-ൽ സ്ഥാപിതമായ BECIL പ്രക്ഷേപണം, വിവര വിനിമയ സാങ്കേതികവിദ്യ, ഇലക്ട്രോണിക് നിരീക്ഷണം, ഡിജിറ്റൽ മാധ്യമങ്ങള്‍, സൈബർ സുരക്ഷ, സ്മാർട്ട് സിറ്റി പദ്ധതികള്‍, നിർണായക വിവര അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലുടനീളം കൺസൾട്ടൻസി സേവനങ്ങളും സമ്പൂര്‍ണ പരിഹാരങ്ങളും നൽകുന്നു. കൺസൾട്ടൻസി, എൻജിനീയറിങ്, സംഭരണം, പദ്ധതിനിര്‍വഹണം, പ്രവര്‍ത്തനവും പരിപാലനവും, ഗവേഷണ-വികസന പ്രവർത്തനങ്ങൾ, മനുഷ്യവിഭവശേഷി സേവനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സമ്പൂര്‍ണ പരിഹാരങ്ങള്‍ നല്‍കുന്നതിന് പരമ്പരാഗത പ്രക്ഷേപണ എൻജിനീയറിങ് സാങ്കേതികവിദ്യകള്‍ക്കപ്പുറം കമ്പനി വികസിച്ചിട്ടുണ്ട്. വിപുലമായ സാങ്കേതിക വൈദഗ്ധ്യവും രാജ്യവ്യാപക സാന്നിധ്യവും പ്രയോജനപ്പെടുത്തി പ്രക്ഷേപണ രംഗത്തും അനുബന്ധ മേഖലകളിലും സാങ്കേതിക പരിഹാരങ്ങൾ നൽകുന്നതിനൊപ്പം ഡിജിറ്റൽ ഇന്ത്യ, സ്മാർട്ട് സിറ്റി, മേക്ക് ഇൻ ഇന്ത്യ ഉൾപ്പെടെ പ്രധാന ദേശീയ സംരംഭങ്ങളെയും BECIL പിന്തുണയ്ക്കുന്നു.
Follow DoT handles for more: -
X - https://x.com/DoT_India
Insta- https://www.instagram.com/department_of_telecom?igsh=MXUxbHFjd3llZTU0YQ==
Fb - https://www.facebook.com/DoTIndia
Youtube: https://youtube.com/@departmentoftelecom?si=DALnhYkt89U5jAaa
***
(रिलीज़ आईडी: 2282639)
आगंतुक पटल : 9