തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

മാധ്യമ-വാർത്താ വിനിമയ ഓഫീസർമാർക്കായി മൂന്നാമത് ഏകദിന സമ്മേളനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംഘടിപ്പിച്ചു

प्रविष्टि तिथि: 08 JUL 2026 7:08PM by PIB Thiruvananthpuram
1. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ (ECI) മാധ്യമ-വാർത്താവിനിമയ ഓഫീസർമാർക്കായി മൂന്നാമത് ഏകദിന സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനത്തിൽ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മാധ്യമ നോഡൽ ഓഫീസർമാർ (MNOs), സാമൂഹ്യ മാധ്യമ നോഡൽ ഓഫീസർമാർ (SMNOs), സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പുകളിലെ (DPRs) മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
 
2. പത്ത് സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നായി മാധ്യമ നോഡൽ ഓഫീസർമാർ, സോഷ്യൽ മീഡിയ നോഡൽ ഓഫീസർമാർ, ജില്ലാ മാധ്യമ നോഡൽ ഓഫീസർമാർ/ജില്ലാ പി.ആർ.ഒമാർ, അതാത് സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ഇരുന്നൂറോളം മാധ്യമ-വാർത്താ വിനിമയ ഓഫീസർമാരാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
 
 3. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർ ഡോ. വിവേക് ജോഷി എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു.
 
4. കമ്മീഷൻ്റെ എല്ലാ നടപടികളും ഇന്ത്യൻ ഭരണഘടന, തെരഞ്ഞെടുപ്പ് നിയമങ്ങൾ, കൃത്യമായ ഇടവേളകളിൽ സുതാര്യമായി പുറപ്പെടുവിക്കുന്ന രേഖാമൂലമുള്ള നിർദ്ദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് രൂപീകരിച്ചിട്ടുള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ ഗ്യാനേഷ് കുമാർ വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വിവരങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയ സി.ഇ.സി, തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാൻ ഉദ്യോഗസ്ഥർ സജീവമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയത്, ഇന്ത്യൻ വോട്ടർമാർക്ക് രാജ്യത്തെ തെരഞ്ഞെടുപ്പ് വ്യവസ്ഥയിലുള്ള വിശ്വാസത്തിൻ്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
5. ഇന്നത്തെ ഡിജിറ്റൽ ലോകത്ത് നിർമ്മിത ബുദ്ധി (എഐ), ഡീപ്‌ഫേക്കുകൾ, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വ്യാജ ഉള്ളടക്കങ്ങൾ, സ്ഥാപനങ്ങളിലുള്ള വിശ്വാസം തകർക്കാൻ ബോധപൂർവ്വം ചമയ്ക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ എന്നിവ ചില തല്പരകക്ഷികൾ നിർമ്മിക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷണർ ഡോ. വിവേക് ജോഷി പറഞ്ഞു. കമ്മീഷൻ്റെ ചട്ടങ്ങളും നിർദ്ദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ച് ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കാൻ അദ്ദേഹം മാധ്യമ-വാർത്താ വിനിമയ ഓഫീസർമാരോട് ആഹ്വാനം ചെയ്തു.
 
6. വോട്ടർപട്ടിക തയ്യാറാക്കുന്നത് മുതൽ തെരഞ്ഞെടുപ്പ് നടത്തിപ്പ് വരെയുള്ള കമ്മീഷൻ്റെ ആശയവിനിമയ തന്ത്രങ്ങൾ, ഇസിനെറ്റ് (ECINET), പ്രധാന ഭരണഘടനാ വ്യവസ്ഥകൾ, മാധ്യമങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ എന്നിവയെക്കുറിച്ചുള്ള വിപുലമായ അവലോകനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്.
 
 7. വാർത്താക്കുറിപ്പുകൾ ആസൂത്രണം ചെയ്യൽ, അവ മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും ജനങ്ങളിലേക്ക് എത്തിക്കൽ, തെറ്റായ വിവരങ്ങളെയും പ്രചാരണങ്ങളെയും പ്രതിരോധിക്കൽ, തിരഞ്ഞെടുപ്പ് സാക്ഷരത ക്ലബ്ബുകൾ (ELCs) വഴി യുവ വോട്ടർമാരെ പങ്കാളികളാക്കൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പദ്ധതികൾ പൊതുജനങ്ങളിലേക്ക് എത്തിക്കൽ എന്നിവ സംബന്ധിച്ച പ്രായോഗിക പരിശീലന സെഷനുകളും സമ്മേളനത്തിൽ സംഘടിപ്പിച്ചു.
 
8. പരിപാടിയുടെ ഭാഗമായി പങ്കെടുത്തവരെ ഗ്രൂപ്പുകളായി തിരിച്ച് വോട്ടർപട്ടിക തയ്യാറാക്കൽ, പോളിംഗ് പ്രക്രിയ, വോട്ടെണ്ണൽ പ്രക്രിയ എന്നിവയുടെ പ്രദർശനം അവതരിപ്പിച്ചു. തുടർന്ന് എക്സിബിഷനും മീഡിയ കോർണറും സന്ദർശിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.
 
9. സെഷനുകൾക്ക് ശേഷം പങ്കെടുത്ത ഉദ്യോഗസ്ഥരും കമ്മീഷനും തമ്മിലുള്ള ചോദ്യോത്തര സെഷനും നടന്നു.
 
***

(रिलीज़ आईडी: 2282638) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Gujarati , Tamil