ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
azadi ka amrit mahotsav

കൈത്തറി മേഖലയിൽ നൂതനാശയങ്ങളും സാങ്കേതികവിദ്യയിലധിഷ്ഠിതമായ പോംവഴികളും പ്രോത്സാഹിപ്പിക്കുന്നതിന് 'ഹാൻഡ്‌ലൂം ഹാക്കത്തോൺ 2026' ആരംഭിച്ചു

प्रविष्टि तिथि: 08 JUL 2026 11:07AM by PIB Thiruvananthpuram
ഇന്ത്യയിലെ കൈത്തറി മേഖലയെ ശക്തിപ്പെടുത്തുന്നതിനായി സാങ്കേതികവിദ്യ, രൂപകൽപ്പന, സംരംഭകത്വം, സുസ്ഥിര പരിഹാരങ്ങൾ എന്നിവ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന് കീഴിലുള്ള വികസന കമ്മീഷണറുടെ (കൈത്തറി) ഓഫീസ് 'ഹാൻഡ്‌ലൂം ഹാക്കത്തോൺ 2026 - നൂതനാശയങ്ങൾ നെയ്യുന്നു' എന്ന പേരിൽ ദേശീയ നൂതനാശയ ചലഞ്ച് ആരംഭിച്ചു. 2026-ലെ ദേശീയ കൈത്തറി ദിനാഘോഷങ്ങളുടെ ഭാഗമായാണ് ഈ സംരംഭം സംഘടിപ്പിക്കുന്നത്.
 
ഹാക്കത്തോണിൻ്റെ ഗ്രാൻഡ് ഫിനാലെ 2026 ഓഗസ്റ്റ് 1-ന് ഐഐടി ഡൽഹിയിലെ 'ഫൗണ്ടേഷൻ ഫോർ ഇന്നൊവേഷൻ ആൻഡ് ടെക്നോളജി ട്രാൻസ്ഫറിൽ' (FITT) നടക്കും. തിരഞ്ഞെടുക്കപ്പെട്ട ടീമുകൾ തങ്ങളുടെ ആശയങ്ങൾ അക്കാദമിക്, വ്യവസായം, ഡിസൈൻ, സാങ്കേതികവിദ്യ, കൈത്തറി മേഖല എന്നിവയിലെ വിദഗ്ധർ അടങ്ങുന്ന ജൂറിക്ക് മുന്നിൽ അവതരിപ്പിക്കും. 
ഈ സംരംഭത്തെക്കുറിച്ച് കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിലെ വികസന കമ്മീഷണർ (കൈത്തറി) ഡോ. എം. ബീന  ഇങ്ങനെ പറഞ്ഞു:
 
 "ഹാൻഡ്‌ലൂം ഹാക്കത്തോൺ 2026, ഇന്ത്യയിലെ യുവാക്കളുടെ സർഗ്ഗാത്മകതയെ കൈത്തറി മേഖലയുടെ സമ്പന്നമായ പാരമ്പര്യവുമായി കൂട്ടിയോജിപ്പിക്കാൻ ലക്ഷ്യമിടുന്നു. നെയ്ത്തുകാർ, വിദ്യാർത്ഥികൾ, ഡിസൈനർമാർ, സാങ്കേതിക വിദഗ്ധർ, സംരംഭകർ, നവീന ആശയങ്ങളുള്ളവർ എന്നിവർക്കായി ഒരു സഹകരണ പ്ലാറ്റ്‌ഫോം ഒരുക്കുന്നതിലൂടെ, പ്രധാന വെല്ലുവിളികൾ പരിഹരിക്കാനും മത്സരക്ഷമത വർദ്ധിപ്പിക്കാനും കൈത്തറി മേഖലയുടെ സുസ്ഥിര വളർച്ചയ്ക്ക് സംഭാവന നൽകാനും ഉതകുന്ന പ്രായോഗികവും വിപുലീകരിക്കാൻ കഴിയുന്നതുമായ പരിഹാരങ്ങൾ കണ്ടെത്തുകയാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം."
 
ഉൽപ്പന്ന, രൂപകൽപ്പന നൂതനാശയങ്ങൾ, സുസ്ഥിരതയും പുനരുപയോഗവും, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, വിപണി ലഭ്യത, ബ്രാൻഡിംഗ്, വിതരണ ശൃംഖലയുടെ കാര്യക്ഷമത, ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കൽ, ബിസിനസ്സ് വികസനം, സാമൂഹിക സ്വാധീനം എന്നിവയുൾപ്പെടെയുള്ള വിവിധ മേഖലകളിലെ നൂതന പോംവഴികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഹാക്കത്തോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
 
കൈത്തറി മേഖലയും ഇന്ത്യയിലെ നൂതനാശയ സ്റ്റാർട്ടപ്പ് മേഖലയും തമ്മിൽ  അടുത്ത സഹകരണം വളർത്തിയെടുക്കാനും, വിവിധ ശാഖകളെ കൂട്ടിയോജിപ്പിച്ച് പ്രശ്നപരിഹാര രീതികളെ പ്രോത്സാഹിപ്പിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.
 
ടെക്സ്റ്റൈൽസ്, ഫാഷൻ, ഡിസൈൻ, എഞ്ചിനീയറിംഗ്, മാനേജ്മെൻ്റ്, ടെക്നോളജി എന്നിവയിൽ ഉന്നതവിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികൾക്കും കൈത്തറി നെയ്ത്തുകാർ, കരകൗശല വിദഗ്ധർ, ഗവേഷകർ, സ്റ്റാർട്ടപ്പുകൾ, സംരംഭകർ, നവീന ആശയങ്ങളുള്ളവർ, പ്രൊഫഷണലുകൾ എന്നിവർക്കും ഇതിൽ പങ്കെടുക്കാം.
മികച്ച ആശയങ്ങളെ അംഗീകരിക്കുന്നതിനപ്പുറം, പങ്കാളിത്ത സ്ഥാപനങ്ങളുമായി സഹകരിച്ച് മെൻ്ററിംഗ്, ഇൻകുബേഷൻ, തുടർവികസനം എന്നിവയ്ക്കായി പരിഗണിക്കാൻ സാധ്യതയുള്ളതും പ്രായോഗികവുമായ പരിഹാരങ്ങളെ കണ്ടെത്താനും ഈ ഹാക്കത്തോൺ ലക്ഷ്യമിടുന്നു. കൈത്തറി മേഖലയുടെ ആധുനികവൽക്കരണം, മത്സരക്ഷമത, ദീർഘകാല സുസ്ഥിരത എന്നിവയ്ക്ക് സംഭാവന നൽകുന്ന നവീകരണങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഈ സംരംഭം ശ്രമിക്കുന്നു.
 
ഓൺലൈൻ രജിസ്ട്രേഷനുകൾ 2026 ജൂലൈ 20 വരെ ലഭ്യമാണ്. വിദ്യാർത്ഥികൾ, ഗവേഷകർ, ഡിസൈനർമാർ, സംരംഭകർ, സ്റ്റാർട്ടപ്പുകൾ, കൈത്തറി തൊഴിലാളികൾ എന്നിവർക്ക് www.youthideathon.in/handloom എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാനും ആശയങ്ങൾ സമർപ്പിക്കാനും കഴിയും.
സാങ്കേതികവിദ്യയിൽ അധിഷ്ഠിതവും സുസ്ഥിരവും ആഗോളതലത്തിൽ മത്സരശേഷിയുള്ളതുമായ ഇന്ത്യൻ കൈത്തറി മേഖലയ്ക്കായി നൂതന പരിഹാരങ്ങൾ വികസിപ്പിക്കുന്നതിൽ പങ്കാളികളാകാൻ രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾ, ഡിസൈനർമാർ, സംരംഭകർ, ഗവേഷകർ, സ്റ്റാർട്ടപ്പുകൾ, കൈത്തറി തൊഴിലാളികൾ എന്നിവരെ വികസന കമ്മീഷണറുടെ (കൈത്തറി) ഓഫീസ് ക്ഷണിക്കുന്നു.
 
കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന് കീഴിലുള്ള വികസന കമ്മീഷണറുടെ (കൈത്തറി) ഓഫീസ്, കൈത്തറി മേഖലയുടെ പ്രോത്സാഹനം, വികസനം, ക്ഷേമം എന്നിവയ്ക്കായുള്ള ഉന്നത സംഘടനയാണ്. നയപരമായ ഇടപെടലുകൾ, വികസന പരിപാടികൾ, വിപണി പ്രോത്സാഹന സംരംഭങ്ങൾ, സ്ഥാപനപരമായ പിന്തുണ എന്നിവയിലൂടെ ഇന്ത്യൻ കൈത്തറിയുടെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും നെയ്ത്തുകാരുടെ ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുന്നതിനും ഇന്ത്യയുടെ സമ്പന്നമായ നെയ്ത്ത് പാരമ്പര്യവും സാംസ്കാരിക പൈതൃകവും സംരക്ഷിക്കുന്നതിനും ഈ ഓഫീസ് പ്രവർത്തിക്കുന്നു.

***


(रिलीज़ आईडी: 2282501) आगंतुक पटल : 17
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Assamese , Gujarati , Tamil , Telugu , Kannada