വിദ്യാഭ്യാസ മന്ത്രാലയം
ഐഐഎം ബാംഗ്ലൂർ ഇന്തോനേഷ്യയിൽ ക്യാമ്പസ് സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രഖ്യാപിച്ചു; ആസിയാൻ (ASEAN) മേഖലയിലുടനീളമുള്ള യുവജനങ്ങൾക്ക് ഈ ക്യാമ്പസ് വലിയ രീതിയിൽ പ്രയോജനം ചെയ്യുമെന്ന് പ്രധാനമന്ത്രി
प्रविष्टि तिथि:
07 JUL 2026 1:30PM by PIB Thiruvananthpuram
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് ബാംഗ്ലൂർ (ഐഐഎംബി) ഇന്തോനേഷ്യയിൽ ക്യാമ്പസ് സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചു. ഈ ക്യാമ്പസ്, മുഴുവൻ ആസിയാൻ (ASEAN) മേഖലയിലേയും യുവജനങ്ങൾക്ക് വലിയ രീതിയിൽ പ്രയോജനം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യ സന്ദർശനത്തിനിടെ, ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോയുമായി നടത്തിയ സംയുക്ത വാർത്താ പ്രസ്താവനയിലാണ് ഈ പ്രഖ്യാപനമുണ്ടായത്. ഇന്തോനേഷ്യയിലെ മലാങ്ങിലുള്ള സിംഗസാരി പ്രത്യേക സാമ്പത്തിക മേഖലയിലാണ് (SEZ) നിർദ്ദിഷ്ട ക്യാമ്പസ് സ്ഥാപിക്കുന്നത്. ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിത്.

ഇന്ത്യയിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഗോളതലത്തിലുള്ള വിപുലീകരണത്തിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് ഈ പ്രഖ്യാപനം അടയാളപ്പെടുത്തുന്നത്. ഐഐഎം അഹമ്മദാബാദ് ദുബായിലും, ഐഐടി ഡൽഹി അബുദാബിയിലും, ഐഐടി മദ്രാസ് സാൻസിബാറിലും വിജയകരമായി വിദേശ ക്യാമ്പസുകൾ സ്ഥാപിച്ചതിന് പിന്നാലെ, വിദ്യാഭ്യാസം, ഗവേഷണം, നൂതനാശയങ്ങൾ എന്നിവയിൽ ആഗോളതലത്തിൽ മികവ് പുലർത്താൻ പ്രതിജ്ഞാബദ്ധമായ ഒരു വിശ്വസ്ത ആഗോള വിജ്ഞാന പങ്കാളിയെന്ന നിലയിലുള്ള ഇന്ത്യയുടെ വളർന്നുവരുന്ന പദവിയെ ഇത് അടിവരയിടുന്നു.

ഇന്തോനേഷ്യയിലെ ഈ നിർദ്ദിഷ്ട ക്യാമ്പസ് ഐഐഎം ബാംഗ്ലൂരിൻ്റെ ആദ്യത്തെ അന്താരാഷ്ട്ര ക്യാമ്പസായിരിക്കും. ഇത് ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള വളർന്നുവരുന്ന തന്ത്രപ്രധാനമായ പങ്കാളിത്തത്തേയും, ഉയർന്ന ഗുണനിലവാരമുള്ളതും ചെലവുകുറഞ്ഞതുമായ വിദ്യാഭ്യാസം ആഗോളതലത്തിൽ നൽകുന്ന രാജ്യമെന്ന നിലയിലുള്ള ഇന്ത്യയുടെ മുന്നേറ്റത്തേയുമാണ് അടിവരയിടുന്നത്. ഇൻഡോ-പസഫിക് മേഖലയിലുടനീളം അക്കാദമിക സഹകരണം, മാനവവിഭവശേഷി വികസനം, വിജ്ഞാന പങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടേയും ഇന്തോനേഷ്യയുടേയും പങ്കിട്ട പ്രതിബദ്ധതയെ ഈ സംരംഭം പ്രതിഫലിപ്പിക്കുന്നു.
ദേശീയ വിദ്യാഭ്യാസ നയം (NEP) 2020-ൻ്റെ കാഴ്ചപ്പാടുകൾ മുന്നോട്ട് കൊണ്ടുപോകുന്നതിലെ ഒരു സുപ്രധാന നാഴികക്കല്ല് കൂടിയാണ് ഈ ക്യാമ്പസിൻ്റെ സ്ഥാപനം അടയാളപ്പെടുത്തുന്നത്. ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ സാന്നിധ്യം ഉറപ്പാക്കാനും ലോകോത്തര വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം വ്യാപിപ്പിക്കാനും പ്രോത്സാഹനം നൽകുന്നതാണ് ഈ നയം.
മാറിക്കൊണ്ടിരിക്കുന്ന ബിസിനസ്സ് രംഗത്തെ അഞ്ച് പ്രധാന ഘടകങ്ങളായ ആഗോള വിതരണ ശൃംഖലകൾ, ഡിജിറ്റൽ പരിവർത്തനം, നിർമ്മിതബുദ്ധി, കാലാവസ്ഥയും സുസ്ഥിരതയും, ആരോഗ്യ പരിപാലന മാനേജ്‌മെൻ്റ് എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് ഈ ക്യാമ്പസിനായി രൂപകൽപ്പന ചെയ്തിട്ടുള്ള പാഠ്യപദ്ധതി ഭാവി വെല്ലുവിളികളെ നേരിടാൻ പ്രാപ്തരായ പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിന് വഴിയൊരുക്കും. വ്യവസായ മേഖലയിലെ പ്രമുഖരായ നേതാക്കൾ, പ്രശസ്തരായ അക്കാദമിക് വിദഗ്ധർ, ആഗോളതലത്തിൽ ശ്രദ്ധേയരായ പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവരുമായുള്ള സംവാദങ്ങളിലൂടെ ഓരോ പ്രോഗ്രാമും കൂടുതൽ മികവുറ്റതാക്കും.
ഐഐഎം ബാംഗ്ലൂർ വിഭാവനം ചെയ്തിട്ടുള്ള പ്രോഗ്രാമുകൾ രണ്ട് ഘട്ടങ്ങളായാണ് നടപ്പിലാക്കുക. സീനിയർ എക്സിക്യൂട്ടീവുകൾ, ബിസിനസ്സ് നായകർ, പൊതുമേഖലാ പ്രൊഫഷണലുകൾ എന്നിവരെ ലക്ഷ്യമിട്ടുള്ള ഉയർന്ന ഗുണനിലവാരമുള്ള എക്സിക്യൂട്ടീവ് എഡ്യൂക്കേഷൻ പ്രോഗ്രാമുകളോടെ ഒന്നാം ഘട്ടം ആരംഭിക്കും. ആദ്യ രണ്ട് വർഷങ്ങളിലെ ഒന്നാം ഘട്ടത്തിൻ്റെ വിജയകരമായ നടത്തിപ്പിന് വിധേയമായി, രണ്ടാം ഘട്ടത്തിൽ ബിരുദം നൽകുന്ന മാനേജ്‌മെൻ്റ് പ്രോഗ്രാമുകൾ ആരംഭിക്കും. സിംഹസാരി പ്രത്യേക സാമ്പത്തിക മേഖലയുടെ മാനേജിംഗ് ആൻഡ് ഡെവലപ്‌മെൻ്റ് സ്ഥാപനമായ പി.ടി. ഇൻ്റലിജെൻസിയ ഗ്രഹതാമയും (PT IGT) ഐഐഎം ബാംഗ്ലൂരും തമ്മിലുള്ള ധാരണാപത്രത്തിലൂടെയാണ് ഈ പ്രോഗ്രാം നടപ്പിലാക്കുന്നത്.
ഈ ക്യാമ്പസ് പ്രധാനമായും ഇന്തോനേഷ്യൻ പൗരന്മാർക്ക് വേണ്ടിയാണ് വിഭാവനം ചെയ്തിട്ടുള്ളതെങ്കിലും, തൊട്ടടുത്തുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളേയും ഇത് ആകർഷിക്കും. ഇന്തോനേഷ്യയിലെ പഠിതാക്കൾക്ക് ബെംഗളൂരു ക്യാമ്പസിലേക്ക് ഹ്രസ്വകാല അക്കാദമിക സന്ദർശനങ്ങൾ നടത്താൻ അവസരമുണ്ടാകും. ഇത് ഇന്ത്യയിലെ നൂതനാശയ ആവാസവ്യവസ്ഥ, വ്യവസായ-വാണിജ്യ രംഗം എന്നിവയെക്കുറിച്ച് നേരിട്ടറിയാൻ അവർക്ക് അവസരമൊരുക്കും.
ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ദീർഘകാല ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ഈ സംരംഭം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം, മികച്ച മാനേജ്‌മെൻ്റ് വിദ്യാഭ്യാസത്തിനുള്ള ഒരു പ്രധാന പ്രാദേശിക കേന്ദ്രമായി ഇന്തോനേഷ്യയെ മാറ്റാനും ഇത് വഴിയൊരുക്കും. ലോകോത്തര വിദ്യാഭ്യാസം, നേതൃത്വ വികസനം , നൂതനാശയങ്ങൾ എന്നിവയുടെ പ്രധാന കേന്ദ്രമായി ഗ്ലോബൽ സൗത്തിനെ മാറ്റാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ഇത് ശക്തിപ്പെടുത്തുകയും ചെയ്യും.
*****
(रिलीज़ आईडी: 2282038)
आगंतुक पटल : 17