നൈപുണ്യ വികസന, സംരംഭക മന്ത്രാലയം
azadi ka amrit mahotsav

നവാചാർ മന്ത്ര പദ്ധതിയ്ക്കായി രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി 2026 ജൂലൈ 15 വരെ നീട്ടി നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയം (MSDE)

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഉത്കർഷേച്ഛയുള്ള സംരംഭകരുടെയും നൂതനാശയക്കാരുടെയും പങ്കാളിത്തം ഉറപ്പാക്കാനാണ് അധിക സമയം അനുവദിച്ചത്

प्रविष्टि तिथि: 05 JUL 2026 6:56PM by PIB Thiruvananthpuram

രാജ്യത്തുടനീളമുള്ള സംരംഭകരുടെയും നൂതനാശയക്കാരുടെയും വർദ്ധിത താത്പര്യം കണക്കിലെടുത്ത്, നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയത്തിന്റെ (MSDE) ആഭിമുഖ്യത്തിലുള്ള പ്രമുഖ ദേശീയ നൂതനാശയ പ്ലാറ്റ്‌ഫോമായ നവാചാർ മന്ത്ര പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി 2026 ജൂലൈ 15 വരെ നീട്ടി. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഉത്കർഷേച്ഛയുള്ള സംരംഭകരുടെയും നൂതനാശയക്കാരുടെയും പങ്കാളിത്തം ഉറപ്പാക്കാനും ക്രിയാത്മക ആശയങ്ങൾ വികസിപ്പിക്കാനും അവയെ വിജയകരമായ ബിസിനസുകളോ സ്റ്റാർട്ടപ്പുകളോ ആക്കി മാറ്റാനും നടപടി സഹായകമാകും.

ഔദ്യോഗിക നവാചാർ മന്ത്ര രജിസ്ട്രേഷൻ പോർട്ടൽ മുഖേന ആയിരക്കണക്കിന് സംരംഭകരും നൂതനാശയക്കാരും ഇതിനോടകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു. രജിസ്ട്രേഷനുള്ള സമയപരിധി നീട്ടുന്നതോടെ കൂടുതൽ അപേക്ഷകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും  രാജ്യത്തിന്റെ വ്യത്യസ്ത മേഖലകളിൽ നിന്ന് നിരവധി നൂതനാശയ സംരംഭകരെ പ്രധാന്യത്തോടെ ഉയർത്തിക്കൊണ്ടുവരാനും ഇത് സഹായിക്കും.
 
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ആൻഡ് സ്മോൾ ബിസിനസ് ഡെവലപ്‌മെന്റ് (NIESBUD) ആണ് നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച നവാചാർ മന്ത്ര,  നടപ്പിലാക്കുന്നത്, ഫൗണ്ടേഷൻ ഫോർ ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജി ട്രാൻസ്ഫർ (FITT), ഐഐടി ഡൽഹി, നോളജ് പാർട്ണർ ആയി പ്രവർത്തിക്കുന്നു. ഘടനാപരമായ മാർഗനിർദേശം, വിദഗ്ദ്ധ മാർഗ്ഗനിർദ്ദേശം, വ്യവസായ ബന്ധം, വിപണി പ്രവേശനം എന്നിവയിലൂടെ ഉയർന്ന സാധ്യതയുള്ള സംരംഭക ആശയങ്ങൾ തിരിച്ചറിയാനും പരിപോഷിപ്പിക്കാനും ത്വരിതപ്പെടുത്താനും ഈ സംരംഭം ശ്രമിക്കുന്നു.

നൂതനാശയങ്ങളാൽ നയിക്കപ്പെടുന്ന സംരംഭകത്വത്തിനായുള്ള ഒരു സമ്പൂർണ്ണ പ്ലാറ്റ്‌ഫോമായാണ് നവാചാർ മന്ത്ര രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിദഗ്ധരിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശം, ഇൻകുബേഷൻ പിന്തുണ, വ്യവസായ പങ്കാളികളുമായും നിക്ഷേപകരുമായും ഉള്ള ബന്ധങ്ങൾ, സ്ഥാപനപരമായ സഹായം എന്നിവ ഇത്  വാഗ്ദാനം ചെയ്യുന്നു. നൂതനാശയക്കാരെ അവരുടെ ആശയങ്ങൾ മെച്ചപ്പെടുത്താനും പരീക്ഷിക്കാനും വികസിപ്പിക്കാനും  ഈ പരിപാടി സഹായിക്കുന്നു, അതുവഴി യഥാർത്ഥ വിപണി മൂല്യമുള്ള വിജയകരവും സുസ്ഥിരവുമായ ബിസിനസുകളാക്കി അവയെ മാറ്റാനും രാജ്യമെമ്പാടും സംരംഭകത്വത്തിന് അനുഗുണമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു.

നൂതന ആശയങ്ങളെ യഥാർത്ഥ ബിസിനസ് അവസരങ്ങളുമായി ബന്ധിപ്പിക്കുന്നതിനായാണ് നവാചാർ മന്ത്ര സൃഷ്ടിച്ചിരിക്കുന്നത്. നൂതനാശയാധിഷ്ഠിത വളർച്ച പ്രോത്സാഹിപ്പിക്കുക, ആളുകളെ തൊഴിൽ സ്രഷ്ടാക്കളാകാൻ പ്രോത്സാഹിപ്പിക്കുക, ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്നിങ്ങനെയുള്ള സർക്കാർ ലക്ഷ്യങ്ങളെ ഇത് പിന്തുണയ്ക്കുന്നു. ടയർ-II, ടയർ-III പട്ടണങ്ങളിൽ നിന്നും ഗ്രാമപ്രദേശങ്ങളിൽ നിന്നുമുള്ളവർ ഉൾപ്പെടെ വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പുകൾ, പ്രൊഫഷണലുകൾ, പ്രാദേശിക നൂതനാശയ  സംരംഭകർ അടക്കമുള്ളവരുടെ  പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള സംരംഭകത്വ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഇതിലൂടെ ശ്രമിക്കുന്നു.

അർഹരായ നൂതന സംരംഭകർക്ക് പ്രോഗ്രാമിൽ പങ്കെടുക്കാനും അതിന്റെ വിശാലമായ പിന്തുണാ സേവനങ്ങൾ ഉപയോഗപ്പെടുത്താനും മതിയായ സമയം നൽകുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് രജിസ്ട്രേഷനുള്ള സമയപരിധി നീട്ടാൻ കാരണം. നൂതനാശയങ്ങളുടെ വികസനവും സംരംഭകത്വവും, പ്രാപ്യവും സർവ്വാശ്ലേഷിയുമാക്കാനുള്ള നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയത്തിന്റെ ഉദ്യമങ്ങളെ  ഇത് ശക്തിപ്പെടുത്തുന്നു, ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ  നിന്നും  പശ്ചാത്തലങ്ങളിൽ നിന്നുമുള്ള വൈവിധ്യമാർന്ന പ്രതിഭാ സഞ്ചയത്തിന്റെ പ്രാതിനിധ്യം ഇത് ഉറപ്പാക്കുന്നു.

വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പുകൾ, പ്രൊഫഷണലുകൾ, പ്രാദേശിക തലത്തിലുള്ള നൂതനാശയക്കാർ അടക്കം ഇന്ത്യയിലുടനീളം സംരംഭകനാകാൻ ആഗ്രഹിക്കുന്ന ഏതൊരാളും ഈ അധിക സമയം വിവേകപൂർവ്വം ഉപയോഗിക്കാനും സ്വന്തം ആശയങ്ങൾ വിജയകരവും അർത്ഥവത്തായതുമായ ബിസിനസുകളാക്കി മാറ്റാനും മന്ത്രാലയം അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: https://nm.fitt-iitd.in/ സന്ദർശിക്കുക

 അപേക്ഷ സമർപ്പിക്കാൻ: https://accubate.fitt-iitd.in/ext/form/23520/1/apply?source=Print&medium=പോസ്റ്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

 

***

 


(रिलीज़ आईडी: 2281491) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Tamil